ആ പഞ്ച് ഡയലോഗിന് ഉടമ ഒരു മന്ത്രി; ആ ഡയലോഗുകൾ വന്ന വഴി; നെഞ്ചിടിക്കും പഞ്ച്!
ഓരോ രജനീകാന്ത് സിനിമ ഇറങ്ങുമ്പോഴും ഇന്ത്യൻ സിനിമയ്ക്ക് ഒരു പഞ്ച് ലൈൻ കൂടി ലഭിക്കും. ‘‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’’ പോലെ. ‘ഹുക്കും, ടൈഗർ കാ ഹുക്കും’ (ഉത്തരവ്, ടൈഗറിന്റെ ഉത്തരവ്) എന്ന മറ്റൊരു രജനി പഞ്ചുകൂടി ജയിലർ സമ്മാനിച്ചു. മിക്ക ചിത്രങ്ങളിലും രജനീകാന്തിനു മാത്രമായാണ് ഈ പഞ്ച് ലൈൻ എങ്കിൽ
ഓരോ രജനീകാന്ത് സിനിമ ഇറങ്ങുമ്പോഴും ഇന്ത്യൻ സിനിമയ്ക്ക് ഒരു പഞ്ച് ലൈൻ കൂടി ലഭിക്കും. ‘‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’’ പോലെ. ‘ഹുക്കും, ടൈഗർ കാ ഹുക്കും’ (ഉത്തരവ്, ടൈഗറിന്റെ ഉത്തരവ്) എന്ന മറ്റൊരു രജനി പഞ്ചുകൂടി ജയിലർ സമ്മാനിച്ചു. മിക്ക ചിത്രങ്ങളിലും രജനീകാന്തിനു മാത്രമായാണ് ഈ പഞ്ച് ലൈൻ എങ്കിൽ
ഓരോ രജനീകാന്ത് സിനിമ ഇറങ്ങുമ്പോഴും ഇന്ത്യൻ സിനിമയ്ക്ക് ഒരു പഞ്ച് ലൈൻ കൂടി ലഭിക്കും. ‘‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’’ പോലെ. ‘ഹുക്കും, ടൈഗർ കാ ഹുക്കും’ (ഉത്തരവ്, ടൈഗറിന്റെ ഉത്തരവ്) എന്ന മറ്റൊരു രജനി പഞ്ചുകൂടി ജയിലർ സമ്മാനിച്ചു. മിക്ക ചിത്രങ്ങളിലും രജനീകാന്തിനു മാത്രമായാണ് ഈ പഞ്ച് ലൈൻ എങ്കിൽ
ഓരോ രജനീകാന്ത് സിനിമ ഇറങ്ങുമ്പോഴും ഇന്ത്യൻ സിനിമയ്ക്ക് ഒരു പഞ്ച് ലൈൻ കൂടി ലഭിക്കും. ‘‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’’ പോലെ. ‘ഹുക്കും, ടൈഗർ കാ ഹുക്കും’ (ഉത്തരവ്, ടൈഗറിന്റെ ഉത്തരവ്) എന്ന മറ്റൊരു രജനി പഞ്ചുകൂടി ജയിലർ സമ്മാനിച്ചു. മിക്ക ചിത്രങ്ങളിലും രജനീകാന്തിനു മാത്രമായാണ് ഈ പഞ്ച് ലൈൻ എങ്കിൽ പുതിയ ചിത്രമായ ജയിലറിൽ മലയാളിയായ വിനായകനും അത്തരം ഒരു ഡയലോഗുണ്ട്. അതും ശുദ്ധ മലയാളത്തിൽ ‘‘മനസ്സിലായോ സാറേ’’. ഒരു സൂപ്പർതാര തമിഴ് ചിത്രത്തിൽ ആദ്യമാകും ഇങ്ങനെയൊരു മലയാളം പഞ്ച് ലൈൻ. 1977ൽ പുറത്തിറങ്ങിയ ‘‘പതിനാറു വയതിനിലെ’’എന്ന ചിത്രത്തിലാണ് രജനീകാന്തിന്റെ ആദ്യ പഞ്ച് ലൈൻ തമിഴ് മക്കൾ കേൾക്കുന്നത്. ‘‘ഇത് എപ്പടി ഇറുക്ക്’’ എന്ന് ആവർത്തിച്ചു പറയുന്ന വില്ലൻ അന്ന് കൗതുകമായിരുന്നു. നായകനോളം തന്നെ വില്ലനെയും പ്രേക്ഷകർ നെഞ്ചേറ്റിയ വേഷം. പിന്നീട് ‘‘മുരട്ടുക്കാളൈ’’ എന്ന ചിത്രത്തിൽ ‘‘സീവിടുവേൻ’’ (അരിഞ്ഞുകളയും ഞാൻ) എന്ന ഡയലോഗും അണ്ണൻ സ്റ്റൈലും ചേർന്നപ്പോൾ അതും തമിഴ്നാടിന് ആഘോഷമായി. 1982ൽ പുറത്തിറങ്ങിയ മൂൻട്രുമുഖത്തിലുമുണ്ട് വളരെ രസകരമായ ഒരു പഞ്ച് ലൈൻ.
‘‘തീപ്പെട്ടിക്ക് രണ്ടു പക്കം ഉരസിനാ താൻ തീ പുടിക്കും.
ആനാ, ഇന്ത അലക്സ് പാണ്ട്യനുക്ക് എന്തപ്പക്കം ഉരസിനാലും തീപുടിക്കും’’
അപ്പോഴേക്കും രജനിയുടെ സ്റ്റൈലും നടത്തവും ചിരിയും തമിഴ് ജീവിതത്തിന്റെ തന്നെ ഭാഗമായിത്തുടങ്ങിയിരുന്നു. പിന്നീട്, ദളപതി, അണ്ണാമലൈ, മന്നൻ, ഉഴൈപ്പാളി, അരുണാചലം തുടങ്ങിയ ചിത്രങ്ങളിലൂടെ രജനി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലകൂടിയ താരമായി. രജനിയുടെ എല്ലാ ചിത്രങ്ങളിലും പഞ്ച് ലൈൻ എഴുതേണ്ടത് തിരക്കഥാകൃത്തുക്കളുടെ കടമയോ ബാധ്യതയോ ആയി. രജനിയുടെ എക്കാലത്തെയും വലിയ താരാഘോഷ ചിത്രമായ ബാഷ 1995ൽ പുറത്തിറങ്ങുമ്പോൾ കൂടെ സിനിമാപ്രേമികൾക്ക് ഏറ്റു ചൊല്ലാൻ ഒരു ഡയലോഗ് കൂടി പിറവികൊണ്ടു. ‘‘നാൻ ഒരു തടവ സൊന്നാ അത് നൂറ് തടവ സൊന്നമാതിരി’’. രജനീകാന്തിന്റെ ഒരു ചിത്രമെന്നാൽ നൂറു സിനിമയ്ക്കു തുല്യം. അതായിരുന്നു ബാഷ. ‘ഏൻ വഴി, തനീ വഴി’ എന്ന് പടയപ്പയിലും ‘കൂൾ’ എന്ന് ശിവാജിയിലും വളരെ സിംപിളായി പഞ്ച് ലൈൻ പറഞ്ഞ് കയ്യടി നേടി.
എന്നാൽ, ജയിലറിൽ പഴയ പ്രതാപമോ ആഘോഷമോ ഇല്ലാതെയാണു രജനിയുടെ വരവ്. അതുകൊണ്ടുതന്നെ വിനായകന്റെ വർമൻ എന്ന വില്ലൻ കഥാപാത്രത്തിനും തുല്യ പ്രാധാന്യം കൈവന്നു. എന്നാൽ, രണ്ടാം പകുതിയിൽ സൂപ്പർ താരം തന്റെ തനിസ്വരൂപം പുറത്തെടുക്കും. ക്ലൈമാക്സിൽ വില്ലന്റെ മുഖത്തോടു മുഖം നോക്കി അവന്റെ പഞ്ച് ലൈൻ തിരിച്ചടിക്കുന്ന ഒരു രംഗമുണ്ട്. ‘‘മനസ്സിലായോ സാറേ’’ തമിഴ് ചുവയിൽ രജനീകാന്ത് മലയാളം പറയുമ്പോൾ കേരളത്തിലും തമിഴ്നാട്ടിലും തിയറ്റർ ഇളകി മറിയുകയായിരുന്നു.
മലയാളത്തിൽ ഏറ്റവും കൂടുതൽ പഞ്ച് ലൈൻ പറഞ്ഞിട്ടുള്ള താരം മോഹൻലാൽ തന്നെയാണ്. ‘മൈ നമ്പർ ഈസ് 2255 ’എന്ന രാജാവിന്റെ മകനിലെ ഡയലോഗ് യുവാക്കൾ ആഘോഷമാക്കിയെങ്കിലും അത് ഒരു പഞ്ച് ലൈൻ എന്ന രീതിയിലല്ല ഡെന്നിസ് ജോസഫ് ചിത്രത്തിൽ എഴുതി ചേർത്തത്. സിനിമയിൽ ഒരിടത്ത് പറയുന്ന ഒരു സാധാരണ ഡയലോഗായിരുന്നു അത്. എന്നാൽ, അത് അസാധാരണമാംവിധം ജനപ്രിയമായത് ചരിത്രം. 1990ൽ പുറത്തിറങ്ങിയ വേണു നാഗവള്ളിയുടെ ലാൽസലാമിലാണ് ലാൽ ആദ്യമായി ലക്ഷണമൊത്ത ഒരു പഞ്ച് ലൈൻ പറയുന്നത്. ‘‘എന്നോടു കളിക്കരുതേ, ഞാൻ നിന്നെ കളി പഠിപ്പിക്കുമേ’’ എന്ന നെട്ടൂരാൻ സ്റ്റീഫന്റെ ഡയലോഗ് ലാൽ ആരാധകർക്ക് അന്ന് ആവേശമായിരുന്നു.
യഥാർഥത്തിൽ ഈ ഡയലോഗ് നെട്ടൂരാൻ സ്റ്റീഫന്റേത് അല്ലായിരുന്നു എന്നതാണ് ലാൽ സലാമിന്റെ കഥാകൃത്തായ ചെറിയാൻ കൽപകവാടി പറയുന്നത്. മന്ത്രിയായിരുന്ന ടി.വി.തോമസിന്റെ ഡയലോഗായിരുന്നു ഇത്. അദ്ദേഹം ജീവിതത്തിൽ പലപ്പോഴും പറഞ്ഞിട്ടുള്ള പഞ്ച് ലൈൻ. പക്ഷേ, സിനിമയിൽ അതെഴുതിയത് മന്ത്രിയായ ഡി.കെ.ആന്റണിക്കു (മുരളി) വേണ്ടിയല്ല, മോഹൻലാലിന്റെ നെട്ടൂരാൻ സ്റ്റീഫനുവേണ്ടിയാണെന്നു മാത്രം.
പിന്നീട് 1993ൽ പുറത്തിറങ്ങിയ സംഗീത് ശിവന്റെ യോദ്ധയിലാണു ലാലിന്റെ അടുത്ത പഞ്ച് ലൈൻ. ഓതിരിം, കടകം, ഒഴിവ്, കടകത്തിലൊഴിവ്, പിന്നശോകനും എന്ന ഡയലോഗിനു ശേഷമായിരുന്നു ഫൈറ്റ്. എന്നാൽ, 1997ൽ ആറാം തമ്പരാനിലെ ‘ശംഭോ മഹാദേവ’ പറയുന്നതോടെ ലാലിന്റെ മാസ് ചിത്രങ്ങളിൽ ഇത്തരം പഞ്ച് ലൈനുകളും ഒരു അത്യാവശ്യഘടകമായി.
ഇതു സംവിധായകൻ ഷാജി കൈലാസിന്റെ ഒരു സുഹൃത്തിന്റെ സംഭാവനയാണെന്നു പറയാം. അദ്ദേഹം ഫോൺ എടുക്കുമ്പോൾ ഹലോ എന്നല്ല, ശംഭോ മഹാദേവാ എന്നാണു പറയുന്നത്. ഇതു ശ്രദ്ധിച്ച ഷാജി കൈലാസ് മോഹൻലാലിനു വേണ്ടി അതെടുത്ത് പ്രയോഗിക്കുകയായിരുന്നു. അതും വൻ ഹിറ്റായി. കോഴിക്കോട്ടെ പ്രമുഖനും രഞ്ജിത്തിന്റെ പരിചയക്കാരനുമായ ഒരാളിൽനിന്നാണ് അടുത്ത പഞ്ച് ലൈൻ ഉണ്ടാവുന്നത്. ഇദ്ദേഹം ചില സന്ദർഭങ്ങളിൽ ആരെയും പേരുവിളിക്കാറില്ല. പകരം ദിനേശാ എന്നു വിളിക്കും. ‘‘മോനേ ദിനേശാ, ഒരു ചായ’’ ‘‘മോനേ ദിനേശാ, ഒരു സിഗരറ്റ്’’ എന്ന രീതിയിൽ. ഇതാണ് മലയാള സിനിമ പതിറ്റാണ്ടുകൾ ഏറ്റുപാടിയ നരസിംഹത്തിലെ ‘‘നീ പോ മോനേ ദിനേശാ’’ ആയി മാറിയത്.
പിന്നീട് രഞ്ജിത്ത് മോഹൻലാലിനുവേണ്ടി എഴുതിയ എല്ലാ ജനപ്രിയ ചിത്രങ്ങളിലും തന്നെ ഒരു ഹുക്ക് ലൈനും ഉണ്ടായിരുന്നു. രാവണപ്രഭുവിൽ ‘സവാരി ഗിരിഗിരി’, ചന്ദ്രോത്സവത്തിൽ ‘‘ബെസ്റ്റ് കണ്ണാ, ബെസ്റ്റ്’’ അങ്ങനെ. ഇതിൽ ചിലത് വിജയിക്കാതെയും പോയി. രഞ്ജിത്ത് കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ പഞ്ച് ലൈൻ എഴുതിയിട്ടുള്ള തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് ആയിരിക്കും. ‘‘എവൻ പുലിയാണ് കേട്ടാ’’ എന്ന രാജമാണിക്യത്തിലെ ഡയലോഗ് സൂപ്പർ ഹിറ്റ്. ‘‘നിനക്കൊന്നുമറിയില്ല, കാരണം നീയൊരു കുട്ടിയാണ്’’ (നാട്ടുരാജാവ്), ‘‘അപ്പോ എങ്ങനാ, ഇവിടൊക്ക തന്നെ കാണുമല്ലോ’’ (ബാലേട്ടൻ), ‘‘ബേജാറാക്കല്ലേ കോയാ, ഞമ്മളും കോഴിക്കോട്ടങ്ങാടീന്നാ’’ (അലിഭായ്), ‘‘വടക്കൻ വീട്ടിൽ കൊച്ചൂഞ്ഞിനോട് ഒടക്കാൻ നിൽക്കല്ലേ, ഒടച്ച് കയ്യീത്തരും’’(താന്തോന്നി) എന്നിങ്ങനെ വിജയിച്ചതും വിജയിക്കാത്തതുമായി ചില പഞ്ച് ലൈനുകൾ നൽകിയാണ് ഷാഹിദ് വിടപറഞ്ഞത്. ‘വല്യേട്ട’നിൽ ‘ഇട്ടിക്കണ്ടപ്പൻ ’എന്നൊരു പ്രയോഗമുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ പ്രേക്ഷകർ അത് ഏറ്റെടുത്തില്ല. വേഷം എന്ന സിനിമയിൽ ‘ദൈവം കാവലുണ്ടാവും’ എന്നൊരു സോഫ്റ്റ് ലൈൻ തിരക്കഥാകൃത്തായ റസാഖ് മമ്മൂട്ടിക്കുവേണ്ടി എഴുതിയിരുന്നു.
ഷാജി കൈലാസിന്റെ ‘ചിന്താമണി കൊലക്കേസി’ൽ മാധവാ, മഹാദേവ എന്നൊരു പഞ്ച് സുരേഷ് ഗോപി പറയുന്നുണ്ട്. ശംഭോ മഹാദേവയുടെ ഓർമയിലാവണം അതും അത്ര ഹിറ്റായില്ല. എന്നാൽ, സുരേഷ് ഗോപിയുടെ സിനിമാഡയലോഗ് അദ്ദേഹത്തിന്റെതന്നെ പഞ്ച് ലൈനായി മാറിയത് ചരിത്രം. ‘കമ്മിഷണ’റിലെ ‘‘ഓർമയുണ്ടോ ഈ മുഖം’’. സമ്മർ ഇൻ ബേദ്‌ലഹേം, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിൽ പിന്നീട് ഇതൊരു പഞ്ച് ലൈനായി പ്രത്യക്ഷപ്പെടുന്നതും കാണാം. ഒരു സാധാരണ ഡയലോഗിന്റെ തുടക്കം എന്ന നിലയിൽ രൺജി പണിക്കർ എഴുതിയതാണ് ഓർമയുണ്ടോ ഈ മുഖം എന്നത്. സുരേഷ് ഗോപിയുടെ ഡയലോഗ് ഡെലിവറിയുടെ പ്രത്യേകത കൊണ്ടും ചിത്രത്തിലെ രംഗത്തിന്റെ ശക്തികൊണ്ടും അതങ്ങു ഹിറ്റായി. പിന്നീട് മിമിക്രിക്കാർ ഏറ്റെടുത്തതോടെ മലയാളിക്കു മറക്കാനാവാത്ത പഞ്ച് ലൈനായി അത്.
ഏകലവ്യനിലും കമ്മിഷണറിലും ഭരത് ചന്ദ്രനിലും ‘ഫ! പുല്ലേ’ എന്ന് സുരേഷ് ഗോപി ഗർജിക്കുമ്പോൾ അതും തിയറ്ററുകളിൽ ആവേശമായി. വില്ലൻ പറയുന്ന ചില പഞ്ചുകൾ നായകനെക്കൊണ്ട് തിരിച്ചുപറയിച്ച് കയ്യടി വാങ്ങുന്ന രീതിയുമുണ്ട് രൺജി പണിക്കർക്ക്. ‘ഏകലവ്യനി’ലെ ‘ആയുഷ്മാൻ ഭവ’, ‘ഭരത് ചന്ദ്രനി’ലെ ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ തുടങ്ങിയ പ്രയോഗങ്ങൾ അതിനുദാഹരണമാണ്. ‘ജർമനാ ഇല്യോടാ, എന്ന ലേലത്തിലെ സോമന്റെ ഡയലോഗ് രണ്ടാം പകുതിയിൽ സുരേഷ് ഗോപിയെക്കൊണ്ട് പറയിച്ചും രൺജി പണിക്കർ കയ്യടി നേടിയിട്ടുണ്ട്.‘‘ജസ്റ്റ് റിമംബർ ദാറ്റ്’’ എന്ന് ഒരിക്കൽക്കൂടി ഇന്റർവെൽ പഞ്ച് മുഴങ്ങിയാലും മലയാളി കയ്യടിക്കാൻ മറക്കുമെന്ന് തോന്നുന്നില്ല.
മുൻ തലമുറയിൽ ടി.ദാമോദരനും ഡെന്നിസ് ജോസഫുമായിരിക്കും ഡയലോഗ് അടിച്ച് കൂടുതൽ കയ്യടി നേടിയിട്ടുള്ള എഴുത്തുകാർ. ജയന്റെ കാലത്ത് ജനിച്ചിട്ടില്ലാത്തവർക്കു പോലും അങ്ങാടിയിലെ ജയന്റെ സംഭാഷണങ്ങൾ മനഃപാഠമാണ്.
സിദ്ദിഖ് ലാലിന്റെ ‘ഇൻ ഹരിഹർ നഗറി’ലെ ‘തോമസുകുട്ടീ വിട്ടോടാ’എന്നതാണ് മലയാളി ഏറ്റെടുത്ത മറ്റൊരു ഹിറ്റ് ലൈൻ. ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിലെ ‘നമുക്കു ചോദിച്ചു ചോദിച്ചു പോകാം’ എന്ന ഡയലോഗ് ഒരു പഞ്ച് ലൈൻ അല്ലെങ്കിലും മലയാളികളുടെ നാവിൻതുമ്പിൽ ഇന്നും അതുണ്ട്. സിനിമ വൻവിജയമായില്ലെങ്കിലും ഡയലോഗ് സൂപ്പർ ഹിറ്റായി എന്ന പ്രത്യേകതയും ഇതിനുണ്ട്.
ദിലീപിന്റെ ‘റൺവേ’ എന്ന ജോഷി ചിത്രത്തിൽ വില്ലനായ കലാശാല ബാബു ‘അടി സക്കേ’ എന്നൊരു പഞ്ച് ഡയലോഗ് പറയുന്നുണ്ട്. ‘സിഐഡി മൂസ’യിൽ ജഗതി ശ്രീകുമാർ ‘ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ്’ എന്ന് പറയുമ്പോൾ അതിലും പഞ്ച് ലൈന്റെ ഒരു നിഴൽ കാണാം. തമിഴിലേക്കു തിരിച്ചുപോയാൽ, വിജയ് ആണു രജനിയെപ്പോലെ പഞ്ച് ലൈൻ പറഞ്ഞ് കയ്യടി നേടാൻ ശ്രമിച്ചിട്ടുള്ള മറ്റൊരു നടൻ. തുപ്പാക്കിയിലെ ഇന്റർവെൽ പഞ്ച് ഡയലോഗായ ‘ഐആം വെയ്റ്റിങ്’ എന്നത് പിന്നീടുവന്ന വിജയ് പടങ്ങളുടെ സ്ഥിരം ഇന്റർവെൽ ആയതും തമിഴ് സിനിമയുടെ പ്രത്യേക.
ഇങ്ങനെയൊക്കെയാണെങ്കിലും, ഡയലോഗോ പഞ്ച് ലൈനോ അല്ല സിനിമയുടെ വിജയം തീരുമാനിക്കുന്നത് എന്ന അഭിപ്രായക്കാരാണ് മലയാളത്തിലെ മാസ് എഴുത്തുകാരെല്ലാം. ‘‘പഞ്ച് ഡയലോഗ്, പഞ്ച് ലൈൻ, ഇതൊക്കെ മലയാളത്തിലേക്കു വരുന്നത് തമിഴിൽനിന്നാണ്. 1990കളുടെ അവസാനവും 2000ത്തിന്റെ ആരംഭത്തിലും അത്തരം പടങ്ങൾ ഇവിടെയും വലിയ ട്രെൻഡ് സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. സാധാരണ ജനങ്ങളുടെ സംസാര ഭാഷയിലുള്ള ഡയലോഗുകൾക്കാണ് സ്വീകാര്യത. മാസ് പടങ്ങൾ എഴുതുന്നവർ പോലും അതിനാണ് ശ്രമിക്കുന്നത്. പിന്നെ സൂപ്പർ സ്റ്റാർഡം ഉള്ള സിനിമകളിൽ അവരുടെ കഥാപാത്രങ്ങളെ ബിംബവൽക്കരിക്കാനായി ചില പഞ്ചുകൾ വേണ്ടി വരും. ഭാഗ്യമുണ്ടെങ്കിൽ അത് ക്ലിക്കാവും. എന്നാലും കണ്ടന്റ് തന്നെയാണ് പ്രധാനം. പുതിയ കണ്ടന്റുകൾ കണ്ടെത്തുക എന്നതാണ് എഴുത്തുകാരന്റെ വെല്ലുവിളി.’’ മാസ് സിനിമകളുടെ എഴുത്തുകാരനായ ഉദയകൃഷ്ണ പറയുന്നു.