മധുവസന്തത്തിന് തൊണ്ണൂറിന്റെ താരത്തിളക്കം
ഈ സെപ്റ്റംബർ 23 ന് മലയാളത്തിന്റെ മഹാനടനായ മധു സാറിന് തൊണ്ണൂറ് വയസ്സ് തികയുന്നു എന്ന് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ആ സത്യം ഉൾക്കൊള്ളാനായില്ല. എന്റെ മനസ്സിലുള്ള അദ്ദേഹത്തിന്റെ രൂപവും ഭാവവുമൊക്കെ ഒരു അമ്പത്തഞ്ച് വയസുകാരന്റേതായിരുന്നു. നല്ല ഒത്ത ഉയരവും, വെളുത്തു തടിച്ച ശരീരവും ആഢ്യത്വമുള്ള മുഖവും
ഈ സെപ്റ്റംബർ 23 ന് മലയാളത്തിന്റെ മഹാനടനായ മധു സാറിന് തൊണ്ണൂറ് വയസ്സ് തികയുന്നു എന്ന് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ആ സത്യം ഉൾക്കൊള്ളാനായില്ല. എന്റെ മനസ്സിലുള്ള അദ്ദേഹത്തിന്റെ രൂപവും ഭാവവുമൊക്കെ ഒരു അമ്പത്തഞ്ച് വയസുകാരന്റേതായിരുന്നു. നല്ല ഒത്ത ഉയരവും, വെളുത്തു തടിച്ച ശരീരവും ആഢ്യത്വമുള്ള മുഖവും
ഈ സെപ്റ്റംബർ 23 ന് മലയാളത്തിന്റെ മഹാനടനായ മധു സാറിന് തൊണ്ണൂറ് വയസ്സ് തികയുന്നു എന്ന് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ആ സത്യം ഉൾക്കൊള്ളാനായില്ല. എന്റെ മനസ്സിലുള്ള അദ്ദേഹത്തിന്റെ രൂപവും ഭാവവുമൊക്കെ ഒരു അമ്പത്തഞ്ച് വയസുകാരന്റേതായിരുന്നു. നല്ല ഒത്ത ഉയരവും, വെളുത്തു തടിച്ച ശരീരവും ആഢ്യത്വമുള്ള മുഖവും
ഈ സെപ്റ്റംബർ 23 ന് മലയാളത്തിന്റെ മഹാനടനായ മധു സാറിന് തൊണ്ണൂറ് വയസ്സ് തികയുന്നു എന്ന് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ആ സത്യം ഉൾക്കൊള്ളാനായില്ല. എന്റെ മനസ്സിലുള്ള അദ്ദേഹത്തിന്റെ രൂപവും ഭാവവുമൊക്കെ ഒരു അമ്പത്തഞ്ച് വയസുകാരന്റേതായിരുന്നു. നല്ല ഒത്ത ഉയരവും, വെളുത്തു തടിച്ച ശരീരവും ആഢ്യത്വമുള്ള മുഖവും ചുണ്ടിൽ വിരിയാതെ വിരിയുന്ന മൃദുമന്ദഹാസവുമായി യാതൊരു അലങ്കാര കലർപ്പുമില്ലാതെ ഗുരുവായൂർ കേശവന്റെ തലയെടുപ്പോടെ മുണ്ടിന്റെ കോന്തലയും തെരുപ്പിടിച്ചുകൊണ്ട് നടന്നു വരുന്ന മധു സാറിനെ എങ്ങനെയാണ് ഒരു തൊണ്ണൂറു വയസ്സുകാരന്റെ പരിവേഷത്തിൽ എനിക്ക് കാണാനാവുക?
ഈയിടെ അദ്ദേഹത്തെ ടിവിയിൽ കണ്ടപ്പോഴാണ് ഞാൻ ആകെ വല്ലാതായത്. എന്റെ മനസ്സിലെ മധു വസന്തം വല്ലാതെ ക്ഷീണിച്ച് മുടിയും താടിയുമൊക്കെ നരച്ച് മറ്റൊരു രൂപമായി മാറിയിരിക്കുന്നു.
കാലം ഒരു മഹാമാന്ത്രികനെപ്പോലെയാണല്ലോ? പ്രപഞ്ചവും കാലവും മനുഷ്യ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വാരി വിതറുന്നത്. സിനിമയിലെ അതിശയങ്ങൾ പോലെ തന്നെയാണ് കാലത്തിന്റെ അതിശയങ്ങളെന്നും ഞാൻ അപ്പോഴാണ് ഓർത്തത്. ഞാൻ എഴുതിയ കഥകളിലും തിരക്കഥകളിലും നിറഞ്ഞാടിയ നായക സ്വരൂപമാണ് എപ്പോഴും എന്റെ മനസ്സിൽ ഉണ്ടായിരുന്നത്.
എന്റെ പഴയ ഓർമകളെ ഞാൻ ഒന്നു ചികഞ്ഞെടുക്കാൻ നോക്കുകയാണ്. എന്റെ കൗമാരകാലത്തു ഞാൻ കണ്ടിരുന്ന സിനിമകളിലെ നായകന്മാരായിരുന്ന സത്യന്റെയും നസീറിന്റെയും കാളിയരങ്ങിലേക്ക് മൂന്നാം സ്ഥാനക്കാരനായിട്ടാണ് തിരുവനന്തപുരത്ത് ഗൗരീശപട്ടം മാധവൻ നായർ എന്ന മധു കടന്നുവരുന്നത്. മൂന്നു തിരുവനന്തപുരം ജില്ലക്കാരുടെ സംഗമമായിരുന്നു അത്.
ഒരു സാധാരണക്കാരന്റെ നടപ്പു ശീലങ്ങളുമായി കടന്നു വന്ന സ്വാഭാവിക അഭിനയ ശൈലിയുടെ ഉടമയായ മധുവിനെ കണ്ടപ്പോൾ എന്റെ ആരാധനാ സങ്കൽപത്തിനു തന്നെ മാറ്റം വന്നു. ഭാർഗവീനിലയവും ചെമ്മീനും ഓളവും തീരവും കണ്ടപ്പോൾ ഞാൻ പെട്ടെന്നു തന്നെ കളംമാറ്റി ചവിട്ടാൻ തുടങ്ങി. മധു എന്ന ചെറുപ്പക്കാരൻ എന്റെ ആരാധകനാപാത്രമായി മാറാൻ അധിക സമയമൊന്നും വേണ്ടിവന്നില്ല. ഞാൻ മധു സാറിന്റെ സിനിമകളുടെ സ്ഥിരം കാഴ്ചക്കാരനായി മാറി. അതേപോലെ തന്നെ എന്റെ സുഹൃത്തുക്കളായ ജോൺപോൾ, സെബാസ്റ്റ്യൻ പോൾ, ആർട്ടിസ്റ്റ് കിത്തോ, ഈസ്റ്റ്മാൻ ആന്റണി, ആർ. കെ. ദാമോദരൻ, ഈരാളി, പീറ്റർ ലാൽ തുടങ്ങിയവും മധുവിന്റെ ആരാധകരായി മാറുകയായിരുന്നു.
അങ്ങനെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാനും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നു വന്നു. ഞാൻ സിനിമാ കഥാകാരനായി രംഗത്തു വന്നപ്പോൾ ആദ്യമായി എഴുതിയ സിനിമാ കഥയിൽ നായകനായി വന്നതും മധുസാറാണ് (ഐ.വി. ശശി സംവിധാനം ചെയ്ത അനുഭവങ്ങളെ നന്ദി). അതേത്തുടർന്ന് ഞാൻ എഴുതിയ അകലങ്ങളിൽ അഭയം, താറാവ്, സംഭവം, വിറ്റ്നസ്, ആയുധം, യുദ്ധം, രക്തം എന്നീ ചിത്രങ്ങളിലെല്ലാം മധുസാറായിരുന്നു നായകൻ.
മധുസാറിനെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഒരു മുഹൂർത്തമുണ്ട്. അതിന്റെ ചരിത്രപരമായ രേഖ ഇങ്ങനെയാണ്. ജഗൻ പിക്ചേഴ്സ് അപ്പച്ചൻ നിർമിച്ച് ജോഷി സംവിധാനം ചെയ്യുന്ന രക്തം എന്ന ചിത്രത്തിലേക്ക് രണ്ടു നായകന്മാരിൽ ഒരാളായി തീരുമാനിച്ചിരുന്നത് മധു സാറിനെയാണ്. അതിൽ വിശ്വനാഥൻ എന്ന കരുത്തുറ്റ കഥാപാത്രത്തെ മധുസാറിനല്ലാതെ മറ്റൊരു നായകനും അവതരിപ്പിച്ചു ഫലിപ്പിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നി. നസീർ സാറിനു ഇതിൽ ഒരു പൊലീസ് ഓഫിസറുടെ വേഷമായിരുന്നു.
സിനിമയിൽ അധികമാരും അറിയാത്ത ഒരു സത്യമുണ്ട്. മധു സാറിന്റെ സന്മനസ്സില്ലായിരുന്നുവെങ്കിൽ കലൂർ ഡെന്നിസ് എന്ന തിരക്കഥാകാരൻ മലയാള സിനിമയിൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല. മധു സാറും നസീർ സാറും സോമനും അഭിനയിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമായിരുന്നു ‘രക്തം’. ഞങ്ങൾ മധുസാറിനെ തിരുവനന്തപുരത്ത് പോയി കണ്ടു നേരത്തെ ബുക്ക് ചെയ്തിരുന്നു. പിന്നെ ഒന്നരമാസം കഴിഞ്ഞ് ചിത്രം തുടങ്ങുന്നതിനു മുൻപ് വീണ്ടും അദ്ദേഹത്തെ ഞങ്ങൾ കാണാൻ പോയി. പക്ഷെ സാറ് അപ്പോൾ ഈ ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിച്ചില്ല. കാരണങ്ങളൊന്നും പറയുന്നുമില്ല. ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് വല്ലാതെയായി.
"സാർ ഈ ചിത്രത്തിൽ അഭിനയിച്ചില്ലെങ്കിൽ ഈ പ്രോജക്റ്റ് നടക്കില്ല. എനിക്ക് ആദ്യമായി കിട്ടുന്ന ഒരു വൻ ബജറ്റ് ചിത്രമാണ്. പ്ലീസ് സാർ. "
എന്റെ റിക്വസ്റ്റ് കേട്ടപ്പോൾ അദ്ദേഹം നിമിഷ നേരം മൗനം പൂണ്ടിരുന്നതിനുശേഷം പറഞ്ഞു
‘‘ഞാൻ വരാം, ഡെന്നിസ് ധൈര്യമായിട്ടു പൊയ്ക്കോളൂ’’.
(അദ്ദേഹം ഈ സിനിമയിൽ അഭിനയിക്കില്ലെന്ന് പറയാൻ കാരണമായി പ്രത്യേകം ചില അനിഷ്ട സംഭാവങ്ങൾ ഉണ്ടായിരുന്നു അത് പിന്നീടാണ് ഞാൻ അറിഞ്ഞത്. അത് ഇവിടെ എഴുതുന്നില്ല.)
അങ്ങനെയാണ് ‘രക്തം’ സിനിമ ഉണ്ടാകുന്നത്. അത് വലിയ വിജയമായിരുന്നു. പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയ ചിത്രങ്ങൾ. 1992 ൽ എനിക്ക് സംസ്ഥാന അവാർഡ് നേടിത്തന്ന ജയരാജ് സംവിധാനം ചെയ്ത ‘കുടുംബസമേത’ത്തിലെ ആന വൈദ്യരുടെ ശക്തമായ കഥാപാത്രം ചെയ്തത് മധു സാറായിരുന്നു. കുടുംബസമേതത്തിലെ അഭിനയത്തിന് മധുസാറിന് പ്രത്യേക ജൂറി അവാർഡും ലഭിക്കുകയുണ്ടായി. അതോടൊപ്പം തന്നെ മറ്റൊരു സന്തോഷം കൂടി ഈ നവതിദിനത്തിൽ എന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നില്‍പുണ്ട്.
മധു സാറിനുവേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതിയിട്ടുള്ളത് ഒരുപക്ഷേ ഞാനായിരിക്കും. അദ്ദേഹത്തിനു വേണ്ടി അനുഭവങ്ങളേ നന്ദി, ഇടവേളക്ക് ശേഷം, അകലങ്ങളിൽ അഭയം, വിറ്റ്നസ്, സംഭവം, താറാവ്, ആയുധം, രക്തം, കർത്തവ്യം, ചക്കരയുമ്മ, യുദ്ധം, കഥ ഇതുവരെ, അലകടലിനക്കരെ, കുടുംബസമേതം, എഴുപുന്ന തരകൻ തുടങ്ങിയവയാണ് ആ ചിത്രങ്ങൾ.
അവാർഡുകൾ ജനിക്കുന്നതിനു മുൻപ് സിനിമാ നടനായ കലാകാരനാണ് മധുസാർ. അദ്ദേഹം അഭിനയിച്ച ആദ്യ കാല ചിത്രങ്ങൾ വിലയിരുത്തുമ്പോൾ ഓളവും തീരവും, ഉമ്മാച്ചു, യുദ്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് എത്രയെത്ര കേന്ദ്ര സംസ്ഥാന അവാർഡുകൾ ലഭിക്കേണ്ടതാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്രയധികം വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന് അർഹമായ അംഗീകാരവും ആദരവും നൽകാൻ ഇവിടത്തെ സർക്കാരുകളും ബുദ്ധിജീവി സാംസ്ക്കാരിക നായകന്മാരും തയ്യാറാകാഞ്ഞത്? അവാർഡിന് പുറകെ ശുപാർശയുമായി പോകാത്തവരെ നിഷ്കരുണം നിരസിക്കുന്ന ലോബിയിങ് സംസ്കാരത്തിന്റെ കൂടെ സഞ്ചരിക്കാത്തവർക്ക് എന്നും അവഗണനയുടെ ശരശയ്യയിൽ കിടക്കേണ്ടി വരുന്ന ഒരു നേർകാഴ്ചയുടെ ഉത്തമോദാഹരണമാണ് മധു സാർ. എന്നാൽ അദ്ദേഹത്തിന് ഈ അവാർഡുകളോടോ പുരസ്കാരങ്ങളോടോ ഒന്നും ഒട്ടും താല്‍പര്യവുമില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. പത്താം ക്ലാസുകാരൻ ഡിഗ്രി പരീക്ഷയുടെ പേപ്പർ നോക്കുന്നതുപോലെയാണ് അവാർഡുകളുടെ കാര്യം എന്ന് മധു സർ അവാർഡുകൾ കുറിച്ച് സംസാരിക്കുമ്പോൾ തമാശയായി പറയാറുണ്ട്
എന്തിന് പറയുന്നു അഭിനയകലയുടെ നിഘണ്ടുവായ തമിഴ് സിനിമയിലെ അഭിനയ ചക്രവർത്തിയായ ശിവാജി ഗണേശന് ഭരത് അവാർഡ് നൽകാതെ, അടിപിടിയും വാൾപയറ്റുമായി നടന്നിരുന്നു എം.ജി. ആറിന് ഭരത് അവാർഡു നൽകി ആദരിച്ചവരാണല്ലോ നമ്മുടെ അവാർഡ് കമ്മറ്റികാർ. എന്താണ് മികച്ച നടനുള്ളതിന്റെ മാനദണ്ഡം എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. പത്മാപുരസ്കാരത്തിന്റെ സ്ഥിതിയും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.
നീണ്ട അറുപതാണ്ടു കാലം സിനിമയുടെ സമസ്തമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മധു സാറിന് ഈ അടുത്താണ് കേന്ദ്ര സർക്കാർ പിശുക്കി പിശുക്കി ഒരു പത്മശ്രീ പുരസ്‌കാരം കൊടുക്കാൻ തയാറായത്. നേരത്തേ തന്നെ ഒരു പത്മഭൂഷണോ, പത്മവിഭൂഷണോ കൊടുത്ത് ആദരിക്കേണ്ട ആ വ്യക്തിത്വത്തിനോടു കാണിച്ച അനാദരവായിട്ടാണ് ഈ ‘പത്മശ്രീ’ യെ ഞാൻ കാണുന്നത്. മധുസാർ ഈ ‘പത്മശ്രീ’ പുരസ്കാരം ഒരിക്കലും വാങ്ങാൻ പാടില്ലെന്നുള്ള അഭിപ്രായക്കാനാണ് ഞാൻ. മധു സാറിന്റെ വലിയ മനസ്സിന്റെ വലുപ്പമാണ് പത്മശ്രീ വച്ചു നീട്ടിയപ്പോൾ യാതൊരു പ്രതികരണത്തിനും നിൽക്കാതെ അദ്ദേഹം പോയി വാങ്ങിച്ചത്.
എന്റെ സിനിമാജീവിതത്തിൽ ഞാൻ ഒത്തിരി നടന്മാരെ കാണുകയും അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്. വ്യക്തിപരമായി എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള അപൂർവം നടന്മാരിൽ പ്രഥമഗണനീയൻ മധുസാറാണ്. ഞാൻ പരിചയപ്പെട്ട കാലം മുതൽ ഇന്നു വരെ ഒരു മാറ്റവും വരാതെ ഒരേ സ്വഭാവവിശേഷം കാത്തു സൂക്ഷിച്ചു പോന്നിട്ടുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് മധുസാർ.
മധുസാറിനെക്കുറിച്ച് എനിക്ക് ഒന്നേ പറയാനുള്ളൂ. മലയാള സിനിമയിലെ ഏറ്റവും വലിയ ഭാഗ്യവാനാണ് മധുസാർ. മലയാള സിനിമ എണ്‍പത്തിയഞ്ചാം വയസ്സിലെത്തി നിൽക്കുമ്പോള്‍ അതിൽ അറുപതുവർഷക്കാലവും നിറസാന്നിധ്യമായി നിൽക്കാൻ കഴിയുക എന്നത് ദൈവം അറിഞ്ഞു അനുഗ്രഹിച്ച് നൽകിയ ഒരു വരദാനം തന്നെയാണ്.