വിശ്വ വിഖ്യാത ചലച്ചിത്ര സംവിധായകൻ ആന്ദ്രേ താര്‍ക്കോവസ്കിയുടെ അവസാന സിനിമയാണ് ‘സാക്രിഫൈസ്’. റഷ്യ വിട്ടതിനു ശേഷം താര്‍ക്കോവസ്കി സംവിധാനം ചെയ്ത ‘നൊസ്റ്റാൾജി’യയ്ക്കും ‘വോയേജ് ഇൻ ടൈം’ എന്ന ഡോക്യുമെന്ററിക്കും ശേഷം അദ്ദേഹം സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് ‘സാക്രിഫൈസ് ‘. കാന്‍സർ ബാധിതനായിരുന്ന അദ്ദേഹം

വിശ്വ വിഖ്യാത ചലച്ചിത്ര സംവിധായകൻ ആന്ദ്രേ താര്‍ക്കോവസ്കിയുടെ അവസാന സിനിമയാണ് ‘സാക്രിഫൈസ്’. റഷ്യ വിട്ടതിനു ശേഷം താര്‍ക്കോവസ്കി സംവിധാനം ചെയ്ത ‘നൊസ്റ്റാൾജി’യയ്ക്കും ‘വോയേജ് ഇൻ ടൈം’ എന്ന ഡോക്യുമെന്ററിക്കും ശേഷം അദ്ദേഹം സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് ‘സാക്രിഫൈസ് ‘. കാന്‍സർ ബാധിതനായിരുന്ന അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്വ വിഖ്യാത ചലച്ചിത്ര സംവിധായകൻ ആന്ദ്രേ താര്‍ക്കോവസ്കിയുടെ അവസാന സിനിമയാണ് ‘സാക്രിഫൈസ്’. റഷ്യ വിട്ടതിനു ശേഷം താര്‍ക്കോവസ്കി സംവിധാനം ചെയ്ത ‘നൊസ്റ്റാൾജി’യയ്ക്കും ‘വോയേജ് ഇൻ ടൈം’ എന്ന ഡോക്യുമെന്ററിക്കും ശേഷം അദ്ദേഹം സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് ‘സാക്രിഫൈസ് ‘. കാന്‍സർ ബാധിതനായിരുന്ന അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്വ വിഖ്യാത ചലച്ചിത്ര സംവിധായകൻ ആന്ദ്രേ താര്‍ക്കോവസ്കിയുടെ അവസാന സിനിമയാണ് ‘സാക്രിഫൈസ്’. റഷ്യ വിട്ടതിനു ശേഷം താര്‍ക്കോവസ്കി സംവിധാനം ചെയ്ത ‘നൊസ്റ്റാൾജി’യയ്ക്കും ‘വോയേജ് ഇൻ ടൈം’ എന്ന ഡോക്യുമെന്ററിക്കും ശേഷം അദ്ദേഹം സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് ‘സാക്രിഫൈസ് ‘. കാന്‍സർ ബാധിതനായിരുന്ന അദ്ദേഹം  സിനിമ പൂർത്തിയായതിന് തൊട്ടുപിന്നാലെ  അന്തരിച്ചു. അസുഖം കാരണം കാൻ ഫിലിം ഫെസ്റ്റിവലിൽ സിനിമയുടെ പ്രദര്‍ശനത്തിൽ  പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 

സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ചലച്ചിത്ര സംവിധായകനാണ് താര്‍ക്കോവസ്കി. “താര്‍ക്കോവസ്കിയുടെ ‘മിറര്‍’ എന്ന സിനിമ കണ്ടിട്ടുണ്ടോ? ഞാന്‍ ഹിപ്നോട്ടൈസ് ചെയ്യപ്പെട്ടതുപോലെ ആയിരുന്നു. ഞാന്‍ ഈ സിനിമ ഇരുപതോളം തവണ കണ്ടിട്ടുണ്ട്...വര്‍ഷങ്ങളായി ഞാൻ താര്‍ക്കോവസ്കിയിൽ നിന്ന് ധാരാളം മോഷ്ടിച്ചിട്ടുണ്ട്. ഇതിന് അറസ്റ്റ്ചെയ്യാതിരിക്കാനായി  ഞാന്‍ എന്റെ ‘ആന്റിക്രൈസ്റ്റ് ‘ അദ്ദേഹത്തിന് സമര്‍പ്പിച്ചു” എന്ന് ലാസ് വോണ്‍ ട്രയര്‍. “അസാധാരണമായ സംവേക്ഷമത, ആഴത്തിലുള്ളതും, വിസ്മയിപ്പിക്കുന്നതും. ഇത് നിയന്ത്രണാതീതമായ ഭാവനയിൽ  നിന്ന് ഉത്ഭൂതമായ തീവ്രതയിൽ എത്തുന്നു. ഒരു പക്ഷേ, ഇന്ന് ജീവിച്ചിരിക്കുന്ന സിനിമാ സംവിധായകരിൽ ഇതുപോലൊരാൾ വേറെയില്ല” എന്ന് അകിര കുറൊസാവ. 

ADVERTISEMENT

ചിന്തയിലും സിനിമാ സങ്കല്‍പ്പങ്ങളിലും തന്റെ പൂര്‍വികരിൽ  നിന്ന്  തീര്‍ത്തും വ്യത്യസ്തമായ വഴികളിലൂടെയാണ്‌ അദ്ദേഹം സഞ്ചരിച്ചത്.  കേവലം ഏഴ് ഫീച്ചർ സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും സിനിമാട്ടോഗ്രാഫിയുടെ (താര്‍ക്കോവസ്കിക്ക് ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്ര സംവിധായകൻ റോബര്‍ട്ട് ബ്രസ്സോയുടെ സിനിമാട്ടോഗ്രാഫിയെ കുറിച്ചുള്ള ആശയം ഇവിടെ ഓര്‍ക്കാവുന്നതാണ്) സാധ്യതകള്‍ ആരാഞ്ഞ് സിനിമയിൽ തനതായ,  അതുല്യമായ ഒരു ലോകം സൃഷ്ടിച്ചു അദ്ദേഹം.  ആത്മീയതയും, തത്വചിന്തയും, അസ്തിത്വ പ്രശ്നങ്ങളും, ഈ പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനവും,  വൈകാരിക ആഘാതങ്ങളും, ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങളും, ഏകാന്തതയും, ഗൃഹാതുരത്വവും ഒപ്പം മറ്റു  കലകളും അദ്ദേഹം നിരന്തരം തന്റെ സിനിമകളില്‍ അവതരിപ്പിച്ചു. 

താര്‍ക്കോവസ്കിയുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ  ഇംഗ്മർ  ബർഗ്‌മാൻ  താമസിക്കുകയും സിനിമകള്‍ ചിത്രീകരിക്കുകയും ചെയ്ത  സ്വീഡനിലെ ഫാരോ ദ്വീപിലേക്ക് മിലിട്ടറി പ്രവേശനം നിഷേധിച്ചതിനാല്‍ അടുത്തുള്ള ദ്വീപായ ഗോട്ട്‌ലാന്റിലെ നർഷോൾമിലാണ്  താര്‍ക്കൊവസ്കി  ‘സാക്രിഫൈസ് ‘ ചിത്രീകരിച്ചത്. (ബർഗ്‌മാന് ഏറ്റവും ഇഷ്ടപ്പെട്ട ചലച്ചിത്രകാരൻ  താര്‍ക്കോവസ്കിയായിരുന്നു). സ്വീഡിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് സിനിമ നിർമ്മിച്ചത്.  ബർഗ്‌മാന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ചവരായിരുന്നു സിനിമയില്‍ പ്രവര്‍ത്തിച്ച പലരും.  ബർഗ്‌മാൻ  സിനിമകളിൽ   അഭിനയിക്കുന്ന എർലാൻഡ് ജോസഫ്സൺ, ബർഗ്‌മാന്റെ  പ്രിയപ്പെട്ട സിനിമാട്ടോഗ്രാഫർ    സ്വെൻ നിക്വിസ്റ്റ് എന്നിവർസിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോസഫ്സൺ താര്‍ക്കോവസ്കിയുടെ മുന്‍ സിനിമയായ ‘നൊസ്റ്റാള്‍ജിയ’യിലും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമ ഇറ്റലിയിലാണ് ചിത്രീകരിച്ചത്. ബർഗ്‌മാൻ സിനിമകളിലെ  പ്രൊഡക്ഷന്‍ ഡിസൈനറും, കലാ സംവിധായികയും ഈ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ബർഗ്‌മാന്റെ മകന്‍ ദാനിയേല്‍  ക്യാമറാ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രമായ അലക്സാണ്ടർ പത്രപ്രവർത്തകനായും നിരൂപകനായും സൗന്ദര്യശാസ്ത്രത്തിൽ ലെക്ച്ചററായും  പ്രവർത്തിക്കാനായി  നാടകവേദി ഉപേക്ഷിച്ച  നടനാണ് . തന്റെ നടിയായ ഭാര്യ അഡ്‌ലെയ്‌ഡ്, ആദ്യ ഭാര്യയിലെ മകള്‍  മാർത്ത, തൊണ്ടയിലെ ഓപ്പറേഷൻ മൂലം  താൽകാലികമായി സംസാരശേഷി നഷ്ടപ്പെട്ട ഇളയ മകൻ "ലിറ്റിൽ മാൻ" എന്നിവരോടൊപ്പം മനോഹരമായ ഒരു വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്.  ഒരു ദിവസം അലക്സാണ്ടറിന്റെ സുഹൃത്ത്  ഓട്ടോ എന്ന പോസ്റ്റ്മാൻ വന്ന് അലക്സാണ്ടർക്ക് ജന്മദിന കാര്‍ഡ് നല്‍കുന്നു. തുടര്‍ന്ന്  അവർ തത്വചിന്താപരമായ പല കാര്യങ്ങളും സംസാരിക്കുന്നു. 

പിന്നീട് വീട്ടില്‍ നടക്കുന്ന ഒരു അത്താഴ വിരുന്നിൽ ഓട്ടോയും അലക്സാണ്ടറുടെ കുടുംബ  ഡോക്ടറായ വിക്ടറും  ഒത്തുചേരുന്നു.  (ലിറ്റിൽമാനെ ചികിത്സിക്കുന്ന ഈ ഡോക്ടറുമായി അഡ്‌ലെയ്‌ഡിന് ബന്ധമുണ്ടെന്ന സൂചന സിനിമയിലുണ്ട്). വീടിനുള്ളിൽ എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നു.   അത്താഴം ഏതാണ്ട് തയ്യാറാകുമ്പോൾ, താഴ്ന്നു പറക്കുന്ന ജെറ്റ് യുദ്ധവിമാനങ്ങളുടെ മുഴങ്ങുന്ന ശബ്ദം അവരെ തടസ്സപ്പെടുത്തുന്നു. അപ്പോള്‍ ടിവിയിൽ നിന്ന് അത് മൂന്നാം ലോകയുദ്ധമാണെന്നും  ഒരുപക്ഷെ ന്യൂക്ലിയർ ഹോളോകോസ്റ്റിന്റെ  ആരംഭമാണെന്നും അവര്‍ മനസ്സിലാക്കുന്നു. “നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കുക. ഒരിടവും  സുരക്ഷിതമല്ല!" – ഈ ടിവി അനൌണ്‍സ്മെന്റ് കേള്‍ക്കുന്നതോടെ  അലക്സാണ്ടറുടെ ഭാര്യ മാനസിക വിഭ്രാന്തിക്ക് അടിപ്പെടുന്നു.  എല്ലാം  സര്‍വനാശത്തിലേക്ക് നീങ്ങുന്നതുപോലെ.   മരണം എല്ലാവരെയും  കാത്തിരിക്കുന്നു. ഒന്നിനും ഉറപ്പില്ല. അഗാധമായ നിരാശയും വിഷാദവും ശക്തിയില്ലായ്മയും അനുഭവിക്കുന്ന  അലക്സാണ്ടർ ദൈവത്തോട് പ്രതിജ്ഞ ചെയ്യുന്നു: ആസന്നമായ ഈ ദുരന്തം ഒഴിവായാല്‍  താൻ സ്നേഹിക്കുന്നതെല്ലാം, തന്റെ ചെറിയ മകനെ പോലും ത്യജിക്കും. എന്നാല്‍, ഓട്ടോ പറയുന്നത് അലക്സാണ്ടറുടെ വേലക്കാരി മറിയ ഒരു ദുര്‍മന്ത്രവാദിനിയാണെന്നും ആ രാത്രി അവളുടെ കൂടെ ചിലവഴിച്ചാൽ ദുരന്തം ഒഴിവാകും എന്നാണ്.  

ADVERTISEMENT

അലക്‌സാണ്ടർ ആദ്യം ഓട്ടോയുടെ നിര്‍ദ്ദേശം കേള്‍ക്കാൻ കൂട്ടാക്കുന്നില്ലെങ്കിലും പിന്നീട് വീട്ടിൽ നിന്ന് രക്ഷപ്പെട്ട് ഓട്ടോയുടെ സൈക്കിളിൽ  മറിയയുടെ  വീട്ടിലേക്ക് പോകുന്നു. വീട്ടില്‍ എത്തിയ അയാള്‍ മറിയയെ ലൈംഗിക ചിന്തയോടെ സമീപിക്കുമ്പോൾ അവൾ അന്ധാളിച്ചുപോയി. ആ സമയത്ത് ജെറ്റ് ഫൈറ്ററുകളുടെ മുഴക്കം തിരിച്ചുവന്നു.  അപ്പോള്‍  അവൾ അയാളെ ആശ്വസിപ്പിക്കുകയും അവര്‍ ആലിംഗനബദ്ധരാവുകയും ചെയ്യുന്നു. പിറ്റേന്ന് രാവിലെ തന്റെ കിടക്കയില്‍ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ,  എല്ലാം സാധാരണ പോലെ അലക്സാണ്ടർക്ക്  അനുഭവപ്പെട്ടു. എന്നിരുന്നാലും, അലക്സാണ്ടർ താൻ ഇഷ്ടപ്പെടുന്നതും തനിക്ക് സ്വന്തമായതും എല്ലാം ഉപേക്ഷിക്കാൻ തയ്യാറാവുന്നു.  അയാള്‍  വീടിന് തീയിടുന്നു. തീപിടിത്തത്തിൽ പരിഭ്രാന്തരായ കുടുംബംഗങ്ങളോട് താനാണ് വീടിന് തീയിട്ടതെന്ന് അയാൾ സമ്മതിക്കുകയും സമനിലതെറ്റിയ പോലെ ദൂരേക്ക് ഓടുകയും ചെയ്യുന്നു. അതുവരെ കാണാതിരുന്ന മറിയ അപ്പോൾ  പ്രത്യക്ഷപ്പെടുന്നു; അലക്സാണ്ടർ അവളെ സമീപിക്കാൻ ശ്രമിക്കുന്നു, പക്ഷേ മറ്റുള്ളവർ അയാളെ തടയുന്നു.  ഒരു ആംബുലൻസ് പ്രത്യക്ഷപ്പെടുന്നു. രണ്ട് ജോലിക്കാര്‍  നിയന്ത്രണം നഷ്ടപ്പെട്ടതായി തോന്നുന്ന അലക്സാണ്ടറെ പിന്തുടര്‍ന്ന് പിടികൂടി ആംബുലന്‍സിൽ കയറ്റി കൊണ്ടുപോവുന്നു.  മറിയ സൈക്കിളോടിച്ച് അകലേക്ക് പോവുന്നു. 

താര്‍ക്കോവസ്കിയെ വളരെയധികം സ്വാധീനിച്ച ഒരു എഴുത്തുകാരനാണ്‌ ദസ്തയേവസ്കി.  1970 ഏപ്രിൽ 30-ന് എഴുതിയ ഒരു ഡയറിക്കുറിപ്പിൽ തർക്കോവ്‌സ്‌കി ദസ്തയേവസ്കിയോടുള്ള തന്റെ    ദാർശനിക കടപ്പാട് ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു: “സിനിമയിൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ മുഴുവൻ ഉറവിടം ദസ്തയേവസ്കിയാകാം”. ദസ്തയേവസ്കിയുടെ പ്രധാന നോവലുകളിലും തർക്കോവസ്കിയുടെ സിനിമകളിലും വിശ്വാസവും ആത്മീയതയും പ്രധാന വിഷയങ്ങളായിരുന്നു. 

ദസ്തയേവസ്കിയുടെ ‘ദി ഇഡിയറ്റ് ‘ എന്ന നോവലിനെ ആധാരമാക്കി താർക്കോവസ്കി ഒരു സിനിമ ആസൂത്രണം ചെയ്തിരുന്നു. ഈ പദ്ധതി നടന്നില്ലെങ്കിലും നോവലിനെ അടിസ്ഥാനമാക്കി ഒരു നാടകം അവതരിപ്പിക്കുകയുണ്ടായി. താർക്കോവസ്കിയുടെ പല കഥാപാത്രങ്ങള്‍ക്കും ദസ്തയേവസ്കിയുടെ കഥാപാത്രങ്ങളുടെ ഛായയുണ്ട്. പല സിനിമകളിലും ദസ്തയേവസ്കി നോവലുകളുടെ -  ‘സാക്രിഫൈസി’ല്‍ ‘ഇഡിയറ്റി’ന്റെയും, ‘മിറർ’ എന്ന സിനിമയില്‍  ‘ഡെമോണ്‍സി’ന്റെയും പരാമര്‍ശമുണ്ട്.  ‘സൊളാരിസ് ‘ എന്ന സിനിമയില്‍  ‘ക്രൈം ആന്‍ഡ് പണിഷ്മെന്റി’ന്റെ    സ്വാധീനം കാണാം.  സിനിമയ്ക്ക് അടിസ്ഥാനമായ പുസ്‌തകത്തിന്റെ രചയിതാവ് സ്റ്റാനിസ്ലാവ് ലെം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്, എന്നാല്‍ ഇതൊരു പോരായ്മയായാണ് അദ്ദേഹം കണ്ടത്. (സിനിമ തന്റെ നോവലിന്റെ അനുകല്‍പനമല്ലെന്നും അതൊരു സയന്‍സ് ഫിക്ഷൻ  ‘ക്രൈം ആന്‍ഡ് പണിഷ്മെന്റ് ‘  ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു). ‘ക്രൈം ആന്‍ഡ് പണിഷ്മെന്റി’നെയും  സിനിമയാക്കാന്‍ താര്‍ക്കോവസ്കി ആഗ്രഹിച്ചിരുന്നു, എന്നാല്‍ അതും നടന്നില്ല.  

നീഷേയുടെ വലിയ സ്വാധീനവും താര്‍ക്കോവസ്കിയിൽ കാണാം. അതിലൊന്നാണ് ദൈവത്തിന്റെ മരണം എന്ന ആശയം.  സിനിമയുടെ തുടക്കത്തിൽ കടൽത്തീരത്ത് ഓട്ടോയുമായി സംസാരിക്കുമ്പോൾ ‘ദൈവവുമായുള്ള തന്റെ ബന്ധം നിലവിലില്ലെന്ന് ‘ അലക്സാണ്ടർ  പറയുന്നുണ്ട്.  സ്കൂളില്‍ ചരിത്രാധ്യാപകനായി ജോലി ചെയ്തിരുന്ന ഓട്ടോ വിരമിച്ചതിനു ശേഷം പാര്‍ട്ട് ടൈം പോസ്റ്റ്മാനായി ജോലിചെയ്യുകയാണ്. ഇവരുടെ സംസാരം നീഷേയുടെ ദാര്‍ശനിക ആശയങ്ങളെ കുറിച്ചുള്ള ചര്‍ച്ചയായി മാറുന്നു: പ്രപഞ്ചം ഒരു ചാക്രിക പരിണാമത്തിൽ സ്വയം ആവർത്തിക്കാൻ ബാധ്യസ്ഥനാണ്, അതിനാൽ മനുഷ്യർക്ക് അനന്തമായ സംഭവങ്ങൾ വീണ്ടും വീണ്ടും അനുഭവപ്പെടും. ഞാൻ ഒരു നീഷേ വിദഗ്ദ്ധനല്ലെന്ന് ഓട്ടോ അവകാശപ്പെടുന്നു, അദ്ദേഹത്തില്‍ താൽപ്പര്യമുള്ള ഒരാൾ മാത്രം.  "എന്റെ തലയിൽ ‘നിത്യ ആവര്‍ത്തനങ്ങൾ ‘ പോലുള്ള നിസ്സാരമായ കാര്യങ്ങള്‍ കടന്നുവരുന്നു. തുടര്‍ന്ന് അദ്ദേഹം നീഷേയെ ഉദ്ധരിക്കുന്നു:  നാം ജീവിക്കുന്നു; നമുക്ക്  ഉയർച്ചയും താഴ്ചയും ഉണ്ട്. നാം  പ്രതീക്ഷിക്കുന്നു. നാം  എന്തിനോ വേണ്ടി കാത്തിരിക്കുന്നു. നാം  പ്രതീക്ഷിക്കുന്നു; നമുക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നു; നാം മരണത്തിലേക്ക് അടുക്കുന്നു. ഒടുവിൽ നമ്മൾ മരിക്കുന്നു... വീണ്ടും ജനിക്കുന്നു. പക്ഷേ നാം ഒന്നും ഓർക്കുന്നില്ല. എല്ലാം ആദ്യം മുതൽ വീണ്ടും ആരംഭിക്കുന്നു. അക്ഷരാർത്ഥത്തിൽ ഒരേ വഴിയല്ല, ഒരു ചെറിയ  വ്യത്യാസം, പക്ഷേ അത് എപ്പോഴും നിരാശാജനകമാണ്, എന്തുകൊണ്ടെന്ന് ഞങ്ങൾക്ക് അറിയില്ല. അതെ... ഇല്ല, ഞാൻ ഉദ്ദേശിക്കുന്നത്: ശരിക്കും, ഇത് തികച്ചും സമാനമാണ്, അക്ഷരാർത്ഥത്തിൽ സമാനമാണ്. 

ADVERTISEMENT

സിനിമ താര്‍ക്കോവസ്കിയെ സംബന്ധിച്ച് കാലബദ്ധമാണ്.  കാലത്തെ കുറിച്ച് പല സങ്കല്‍പ്പങ്ങളും ഉണ്ട്. ഇന്ത്യന്‍ സങ്കല്‍പ്പത്തിൽ കാലം ചാക്രികമാണ്. തുടക്കമോ ഒടുക്കമോ ഇല്ലാതെ അനന്തമായി ഒഴുകുന്ന കാലം എന്ന സങ്കല്‍പ്പം. അതേസമയം പാശ്ചാത്യരുടെ കാല സങ്കല്‍പ്പം രേഖീയമാണ്, ഒരു പ്രത്യേക ബിന്ദുവില്‍ നിന്ന് തുടങ്ങി സഞ്ചരിച്ച് മറ്റൊരു ബിന്ദുവിൽ   അവസാനിക്കുന്ന സങ്കല്‍പ്പം. എന്നാല്‍ ഐന്‍സ്റ്റീനിനെ സംബന്ധിച്ച് കാലം ചാക്രീകാമോ രേഖീയമോ അല്ല. അത് സ്ഥലത്തോടൊപ്പം കെട്ടുപിണഞ്ഞു കിടക്കുന്നു. സ്ഥലത്തില്‍ നിന്ന് വ്യത്യസ്തമായ കാലമില്ല, കാലത്തില്‍ നിന്ന് വ്യത്യസ്തമായ സ്ഥലവുമില്ല. കാലം എന്നാല്‍ മനുഷ്യ മനസ്സിന്റെ നിര്‍മ്മിതിയാണ്‌ എന്നാണ് ഓഷോ പറയുന്നത്.  ഫ്രഞ്ച് ചിന്തകനായ ഹെന്‍റി ബര്‍ഗ്സൻ കാലത്തെ ശുദ്ധ കാലമെന്നും ഗണിത കാലമെന്നും രണ്ടായിത്തിരിക്കുന്നു. ശുദ്ധ കാലമെന്നത്  യഥാര്‍ത്ഥമായ കാല ദൈര്‍ഘ്യമാണ് (Duration). ഇത് നൈരന്തര്യമുള്ളതാണ്. വിഘടിക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍ ഗണിത സമയത്തെ സെക്കന്റുകള്‍, മിനിട്ടുകള്‍, മണിക്കൂറുകള്‍ എന്നിങ്ങനെ ചെറിയ യൂണിറ്റുകളായി വിഭജിക്കാം. 

ബര്‍ഗ്സന്റെ ശുദ്ധകാലം എന്ന ആശയത്തിൽ നിന്നാണ്,  ഘടികാര കാലത്തിന്റെ വിമര്‍ശനത്തിൽ നിന്നാണ് മറ്റൊരു ഫ്രഞ്ച് തത്വചിന്തകനായ ഗില്‍സ് ദെല്യൂസ്  സിനിമയെക്കുറിച്ചുള്ള ആശയങ്ങള്‍ വികസിപ്പിച്ചത്. അദ്ദേഹവും യഥാര്‍ത്ഥ കാലത്തിന്റെ നൈരന്തര്യത്തെയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഘടികാരത്തില്‍  കാലത്തിലെ  ഓരോ നിമിഷത്തിനും  മറ്റുള്ളതില്‍ നിന്ന് വേറിട്ട സ്വയം പൂര്‍ണ്ണമായ അസ്ഥിത്വമാണ് നാം കാണുന്നത്.  ആലങ്കാരികമായി വിശദീകരിച്ചാല്‍, ഒരു ചരടില്‍ കോര്‍ത്ത മുത്തുകൾ പോലെ. ഓരോ മുത്തും ഓരോ നിമിഷമായി കണ്ടാല്‍, ഘടികാരത്തിന്റെ ഓരോ ടിക്കിലും നാം ഒരു മുത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു. തുടര്‍ന്ന് ദെല്യൂസ് ക്രിസ്റ്റൽ ഇമേജ് എന്ന സങ്കല്‍പ്പം അവതരിപ്പിക്കുന്നു. ഇതില്‍ ചിത്രീകരിച്ച സംഭവത്തിന്റെ ഭൂതകാലവും അതിന്റെ കാഴ്ച്ചയുടെ വര്‍ത്തമാനവും സമന്വയിക്കുന്നു.  ഒരേ ഷോട്ടില്‍ ഭൂതവും, വര്‍ത്തമാനവും, ഭാവിയും, സ്വപ്നങ്ങളും, ഓര്‍മ്മകളും കൂടിക്കുഴയുന്നു. താര്‍ക്കോവസ്കിയുടെ സിനിമകളിൽ  ഇതിന് ധാരാളം ഉദാഹരണങ്ങളുണ്ട്.  താര്‍ക്കോവസ്കി സിനിമകളിലെ കാലത്തെ കുറിച്ച് സിസേക് ഇപ്രകാരം പറയുന്നു: All of a sudden we are made to feel this inertia, drabness of time. Time is not just a neutral, light medium within which things happen. We feel the density of time itself. 

ചെറിയ ഷോട്ടുകൾ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ സൃഷ്ടിക്കുന്ന താളത്തിനല്ല താര്‍ക്കൊവസ്കി  പ്രാധാന്യം കൊടുക്കുന്നത്. (ഇവിടെയാണ് അദ്ദേഹത്തിന്റെ മൊണ്ടാഷ് വിമര്‍ശനം പ്രസക്തമാവുന്നത്). ഷോട്ടിന്റെ ഞരമ്പുകളിലൂടെ നിര്‍ബാധം ഒഴുക്കുന്ന കാലം എന്ന സങ്കല്‍പ്പമാണ് താര്‍ക്കോവസ്കിയുടെത്. ഷോട്ടുകളുടെ എതിര്‍നിര്‍ത്തലിലൂടെ സൃഷ്ടിക്കപ്പെടുന്ന കാലമല്ല, മറിച്ച് ഓരോ ഷോട്ടിലും അന്തര്‍ഹിതമായ കാലമാണ് പ്രധാനം.  കാലത്തിന്റെ പലതരത്തിലുള്ള മര്‍ദ്ദത്തെ പരസ്പരം ഇണക്കുകയാണ് വേണ്ടത്.  അദ്ദേഹത്തിന്റെ സിനിമാ-കലാ സങ്കല്പങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ ശീര്‍ഷകം – ‘സ്കള്‍പ്റ്റിങ് ഇന്‍ ടൈം ‘ – ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളുടെ സമാഹാരത്തിന്റെ പേര് ‘ടൈം വിത്തിന്‍ ടൈം’ എന്നാണ്.  

താര്‍ക്കോവസ്കി സിനിമകളിലെ ഒരു പ്രധാന വിഷയമാണ് വിശ്വാസവും ബലിയും. മനുഷ്യകുലത്തെ നശിപ്പിക്കുന്ന തരത്തിലുള്ള  നാഗരികതയും പുരോഗതിയുമാണ്  നാം സൃഷ്ടിച്ചിരിക്കുന്നത്.  ആത്മീയതയും ഭൌതികതയും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചിരിക്കുന്നു.  രൂക്ഷവും വിചിത്രവുമായ സാഹചര്യം. ഈ അവസ്ഥയിൽ മനുഷ്യന്‍ വിശ്വാസരാഹിത്യത്തിലേക്ക് വീണിരിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നു എന്നു പറയുന്നവർ യഥാര്‍ത്ഥ വിശ്വാസികളല്ല. രാഷ്ട്രീയവും അതുപോലെത്തന്നെയായി മാറി. വിശ്വാസ രാഹിത്യം മനുഷ്യന്റെ ഉള്ള്  പൊള്ളയാക്കുന്നു. വ്യക്തി അവനവനിലേക്ക്‌ ചുരുങ്ങിയ ഇക്കാലത്ത്, സ്വാര്‍ത്ഥത ലോകനീതി ആവുമ്പോൾ, മറ്റുള്ളവര്‍ക്കായി സ്വയം  കത്തിയെരിയുന്ന സൂര്യനാവാന്‍ എത്രപേരുണ്ട്? പ്രായോഗികവാദികളായ ആധുനിക മനുഷ്യര്‍ക്ക് നഷ്ടമാവുന്നത് ഈ ത്യാഗ സന്നദ്ധതയാണ്. എന്നാല്‍, താര്‍ക്കോവസ്കിയുടെ കഥാപാത്രങ്ങള്‍ തങ്ങളുടെ വിശ്വാസത്തിനായി, മറ്റുള്ളവര്‍ക്കായി, ലോക നന്മയ്ക്കായി എല്ലാം ത്യജിക്കുന്നവരാണ്.

തർക്കോവസ്കിയുടെ തത്ത്വചിന്തയുടെ പ്രധാന ആശയം "ആത്മത്യാഗം" ആണ്, ഇത് അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ത്യാഗത്തിന്റെ, സമര്‍പ്പണത്തിന്റെ, ബലിയുടെ രൂപകം മാത്രമല്ല, അദ്ദേഹത്തിന്റെ ഡയറികളിലും ലേഖനങ്ങളിലും അഭിമുഖങ്ങളിലും ഈ വിഷയത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങൾ കാണാം. ആത്മത്യാഗത്തിന്റെ ആദിരൂപം പുരാതന കാലം മുതൽ ലോകത്തിലെ പല സംസ്കാരങ്ങളിലും നിലനിന്നിരുന്നു. ത്യാഗത്തിന്റെ ഈ രീതിയിലുള്ള ആരാധനാക്രമങ്ങൾ നമുക്കിടയിൽ ഇന്നും കാണാം.  ക്രിസ്തുമതം ആത്മത്യാഗത്തിന്റെ ദിവ്യ പ്രാധാന്യം ഉയർത്തി, അത് മനുഷ്യരക്ഷയുടെ മോക്ഷത്തിന്റെ മാര്‍ഗമായി കണ്ടു. ബൈബിള്‍ കഥയില്‍ അബ്രഹാം തന്റെ മകൻ  ഐസക്കിനെ ബലികൊടുക്കുന്നുണ്ട്. ദൈവം ഇപ്രകാരം ആവശ്യപ്പെടുന്നത് അബ്രഹാമിന് തന്നിലുള്ള വിശ്വാസം മനസ്സിലാക്കാനാണ്.

വിശ്വാസത്തകര്‍ച്ചയെയും ആത്മീയതയുടെ അഭാവത്തെയും തുടര്‍ന്ന് അധോഗതിയിൽ  എത്തിയ മനുഷ്യര്‍  പ്രതിബന്ധങ്ങളെയും പ്രയാസങ്ങളെയും മറികടക്കുന്നത് വിശ്വാസത്തിലൂടെയാണ്, സമര്‍പ്പണത്തിലൂടെയാണ്.  ‘സ്റ്റോക്കർ‘ എന്ന സിനിമയിലെ  പ്രധാന കഥാപാത്രം  വിജനമായ ഒരു പ്രദേശത്തിലൂടെ  സോണിലേക്ക് ആളുകളെ നയിക്കുക എന്ന പ്രവര്‍ത്തിയിൽ ഏര്‍പ്പെട്ട ആളാണ്‌. സോണിലെ മുറിയില്‍ കാലുകുത്തുന്നവര്‍ക്ക് ആഗ്രഹം നിറവേറ്റപ്പെടും എന്ന് അയാൾ  വിശ്വസിക്കുന്നു. തന്റെ വിശ്വാസം തകരുമ്പോഴൊക്കെ അയാള്‍ നിരാശനാവുന്നുണ്ട്. അയാളുടെ പ്രവര്‍ത്തിയെ ഭാര്യ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, ഓരോ തവണയും അയാള്‍ പുതുക്കിയ വിശ്വാസവുമായി  പ്രതീക്ഷ നഷ്ടപ്പെട്ട മനുഷ്യരെ സഹായിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നു. ‘നൊസ്റ്റാള്‍ജിയ’ എന്ന സിനിമയിലെ  ഡൊമനിക്കോ  എന്ന കഥാപാത്രത്തിന് തന്റെ വിശ്വാസത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കാൻ കഴിയാത്ത കര്‍മ്മത്തെ, കത്തിച്ച മെഴുകുതിരി അണയാതെ സ്പായുടെ അക്കരെ എത്തുക എന്ന പ്രവര്‍ത്തിയെ, അയാള്‍ ഈ പ്രവര്‍ത്തി ഏല്‍പ്പിക്കുന്ന ആന്ദ്രി എന്ന കഥാപാത്രം പ്രാവര്‍ത്തികമാക്കുന്നു. ഇതേ സിനിമയില്‍ ഡൊമനിക്കോ അവസാനം തന്റെ വിശ്വാസത്തിന്റെ ഭാഗമായി ഒരു ചത്വരത്തില്‍ സ്വയത്തെ അഗ്നിക്ക് ഇരയാക്കുന്നു. അത്തരത്തിലുള്ള ഒരു ബലിയാണ്  ‘സാക്രിഫൈസി’ല്‍ അലക്സാണ്ടറും നടത്തുന്നത്.  അത് മുഴുവന്‍ മാനവരാശിക്ക് വേണ്ടിയാണ്.  തന്റെ ഈ കര്‍മ്മത്തിലൂടെ  ഡൊമനിക്കോയെ പോലെ അയാളും മാനവ രാശിയെ വീണ്ടെടുക്കുകയാണ്. 

പ്രതീക്ഷയറ്റ ഒരു ലോകമാണ് താര്‍ക്കൊവസ്കി അവതരിപ്പിക്കുന്നതെങ്കിലും അണയാത്ത മെഴുകുതിരി നാളം പോലെ അദ്ദേഹം പ്രതീക്ഷ ബാക്കിവെക്കുന്നുണ്ട്. ജീവിതം അത്രമാത്രം ആശയറ്റതല്ല, ജീവിതം എപ്പോഴും പ്ലസ്സിലാണ്.  നൊസ്റ്റാള്‍ജിയയുടെ അവസാനം ആന്ദ്രി മെഴുതിരി അണയാതെ സ്പായുടെ മറുകര എത്തുകയാണ്. ‘സാക്രിഫിസി’ന്റെ തുടക്കത്തില്‍ അലക്സാണ്ടറും മകനും നട്ട ഉണങ്ങിയ ചെടിയെ സിനിമയുടെ അവസാനം മകൻ ബക്കറ്റില്‍ കൊണ്ടുവന്ന വെള്ളം കൊണ്ട് നനക്കുകയാണ്. തുടര്‍ന്ന് വൃക്ഷച്ചുവട്ടിൽ മലര്‍ന്നു കിടന്നുകൊണ്ട് അവൻ വൃക്ഷത്തെ നോക്കുകയാണ്. ഇത് പ്രതീക്ഷയുടെ സൂചനതന്നെയാണ്. Tree of life,  which is in the midst of paradise എന്നാണ് ബൈബിളില്‍ പറയുന്നത്. സിനിമയുടെ അവസാനംവരെ കണ്ഠത്തിൽ   ഒപ്പറേഷന്‍ ചെയ്തതിനാൽ അലക്സാണ്ടറുടെ മകൻ സംസാരിക്കുന്നില്ല. വൃക്ഷച്ചുവട്ടില്‍ കിടക്കുന്ന അവന്‍ ആദ്യമായി സംസാരിക്കുന്നു: ആദിയില്‍ വചനമായിരുന്നു, എന്തുകൊണ്ടാണ് അച്ഛാ? ‘സ്റ്റോക്കര്‍’ എന്ന സിനിമയുടെ അവസാനം സ്റ്റോക്കറിന്റെ മകൾ മേശമേല്‍ തലവച്ച് ഇരിക്കുന്നത് കാണാം. അവള്‍ മേശപ്പുറത്തെ കുറച്ചു ഭാഗം നിറഞ്ഞിരിക്കുന്ന  ഗ്ലാസ്സിനെ സൂക്ഷിച്ചു നോക്കുമ്പോൾ  ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ഗ്ലാസ് മെല്ലെ ക്യാമറയിലേക്ക് നീങ്ങിത്തുടങ്ങുന്നു. മേശയുടെ മറ്റേ അറ്റത്തേക്ക് നീങ്ങിയ ഗ്ലാസ് നിശ്ചലമാവുന്നു. അവള്‍ അടുത്ത ഗ്ലാസ്സിലേക്ക്‌ നോക്കുമ്പോൾ  അതും അതുപോലെ നീങ്ങുന്നു. തുടര്‍ന്ന് ഗ്ലാസ് മെല്ലെ താഴേക്ക് വീഴുന്നു. ഈ സീന്‍ അവസാനിക്കുമ്പോൾ ബീഥോവന്റെ Ode to Joy എന്ന സംഗീത ശകലം കേള്‍ക്കാം. 

ലിയനാർഡോ ഡാവിഞ്ചിയുടെ ‘ദി അഡോറേഷൻ ഓഫ് ദി മാഗി’ എന്ന ചിത്രത്തിന്‍റെ   വിശദാംശങ്ങളോടെയാണ്  ‘സാക്രിഫൈസ് ‘ ആരംഭിക്കുന്നത്.  ശിശുവായ യേശുവിനെ കൈകളിലേന്തിയ  മേരിക്ക് ചുറ്റും പ്രവാചകർ. അവർ ആദരവ് അർപ്പിക്കാനും സമ്മാനങ്ങൾ നൽകാനുമാണ് എത്തിയിരിക്കുന്നത്.  വിജയത്തെ പ്രതിനിധീകരിക്കുന്ന ‘ജീവന്റെ വൃക്ഷം’  (Tree of life) ചിത്രത്തിനെ  മധ്യഭാഗത്ത് കാണാം. അകമ്പടിയായി ബാക്കിന്റെ  ‘Erbarme Dich’ (Have Mercy) എന്ന സംഗീത ശകലം കേള്‍ക്കാം. സിനിമയുടെ തുടക്കത്തില്‍ അലക്സാണ്ടറും കൊച്ചു മകനും കടല്‍ക്കരയിൽ  ഇലകളില്ലാത്ത ഒരു വൃഷം നടുന്നുണ്ട്. സിനിമയുടെ അവസാന ഭാഗത്ത് ബക്കറ്റില്‍ വെള്ളവുമായി വന്ന് കൊച്ചു മകൻ  ഈ വൃക്ഷത്തെ നനയ്ക്കുന്നു.  ഒരു സാവധാനത്തിലുള്ള ടില്‍ട്ടിൽ നാം ആ മുഴുവന്‍ വൃക്ഷത്തേയും കാണുന്നു. ബാക്കിന്റെ സംഗീതം വീണ്ടും.  

അതിസൂക്ഷ്മ രീതിയിലുള്ള ശബ്ദ സന്നിവേശമാണ് താര്‍ക്കോവസ്കി സിനിമകളുടെ പ്രത്യേകത. ചിലപ്പോള്‍ പ്ലവന ദൃശ്യങ്ങളെ പോലെ ശബ്ദങ്ങളും ഒഴുകുന്നതായി അനുഭവപ്പെടുന്നു. ആസന്ന ദുരന്തത്തെ ഒഴിവാക്കാന്‍ അലക്സാണ്ടർ എല്ലാം ത്യജിക്കാൻ തയ്യാറായ ശേഷം അദ്ദേഹം  വിജനമായ ഒരു പ്രദേശത്ത്, ഉപേക്ഷിക്കപ്പെട്ട വീടുകൾക്കിടയിൽ നടക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളുണ്ട്. മറ്റു സിനിമകളിൽ എന്നപോലെ താര്‍ക്കോവസ്കി ഇവിടെയും  ഭൂമി, ചെളി, , മഞ്ഞ്, വീണു കിടക്കുന്ന ഇലകൾ എന്നിവയുടെ മുകളിലൂടെ ക്യാമറ പാൻ  ചെയ്യുന്നു.  നിശബ്ദതയെ ഇടമുറിച്ചുകൊണ്ട് അലക്‌സാണ്ടറുടെ ശ്വാസത്തിന്റെയും, ഇറ്റുന്ന ജലത്തിന്റെയും, പിന്നെ ഒഴുകുന്ന ജലത്തിന്റെയും, കാറ്റിന്റെയും ശബ്ദങ്ങള്‍ കേള്‍ക്കാം. ഗാനം പോലെ, ആരെയോ വിളിക്കുന്നതുപോലെ വിഷാദം നിറഞ്ഞ  സ്ത്രീ ശബ്ദവും ഉണ്ട്. സ്വപനമാണോ, യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. ശബ്ദങ്ങള്‍ വര്‍ത്തമാന കാലത്തിലാണോ, ഭൂതകാലത്തിലാണോ, കഥാപാത്രങ്ങളുടെ സ്വപ്നങ്ങളിലാണോ, തോന്നലിലാണോ സംഭവിക്കുന്നത്‌? ശബ്ദങ്ങള്‍  അടുത്തുള്ളതാണോ, ദൂരെയുള്ളതാണോ എന്ന് തിരിച്ചറിയാന്‍ പലപ്പോഴും കഴിയില്ല. 

മുകളില്‍ സൂചിപ്പിച്ച സ്ത്രീയുടെ ദുഖവും നിസ്സഹായതയും നിറഞ്ഞ ശബ്ദം സൃഷ്ടിച്ചതിനെക്കുറിച്ച് ശബ്ദ സംവിധാനം നിര്‍വഹിച്ച ഒവെ സ്വെൻസൺ (Owe Svensson) ഇപ്രകാരം പറയുന്നു: ചില സീക്വന്‍സിൽ ഉപയോഗിച്ചിരിക്കുന്ന ഈ സ്ത്രീശബ്ദത്തെക്കുറിച്ചുള്ള   ആശയം സൗണ്ട് എഡിറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു, മേയാന്‍ വിട്ടിരിക്കുന്ന പശുക്കളെ ഇടയന്മാര്‍ വിളിക്കുന്ന രീതിയിലുള്ള ഒരു ശബ്ദം. പശുക്കളെ വിളിക്കുന്ന ചില പഴയ റെക്കോർഡിംഗുകൾ കേൾക്കാൻ തർക്കോവ്സ്കി ആഗ്രഹിച്ചു.  ഇതിനായി സ്വീഡിഷ് റേഡിയോ ആര്‍ക്കൈവ് പരിശോധിച്ചു. അവസാനം തീരെ ഗുണനിലവാരമില്ലാത്ത ചല ശബ്ദങ്ങൾ കിട്ടി. എന്നാല്‍ അത് അത്ഭുതകരമായി താര്‍ക്കോവസ്കിക്ക് തോന്നി. സൌണ്ട്  ട്രാക്കിൽ, ഔട്ട്‌ഡോർ ശബ്ദങ്ങളുമായി  കലർത്തി, നിശ്ചിത അളവിലുള്ള പ്രതിധ്വനികളോടെ ഉപയോഗിച്ചു. മറ്റൊരു ശബ്ദ ഘടകം ജാപ്പനീസ് ഫ്ലൂട്ട് ആണ്. ഇത് ഒരു തരം നീളമുള്ള ട്യൂബ് ആണ്. വിചിത്രമെന്നു പറയട്ടെ, ജാപ്പനീസ് ഫ്ലൂട്ടുമായി  സ്ത്രീയുടെ ശബ്ദം സംയോജിപ്പിക്കണമെന്ന്  താര്‍ക്കോവക്സി  ആഗ്രഹിച്ചു, അത് വിജയിച്ചു”.  മാത്രവുമല്ല, സൂഫി സംഗീതം,  ഇന്ത്യന്‍ സംഗീതത്തിന്റെ മനോധര്‍മ്മ ശൈലി, വീണയിലൂടെ സൃഷ്ടിക്കപ്പെടുന്ന ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ശബ്ദ സവിശേഷതയും ഉപയോഗിക്കുകയുണ്ടായി. 

ശബ്ദങ്ങളുടെ ഈ രീതിയിലുള്ള ഉപയോഗം സിനിമയുടെ ധ്യാനാത്മകത ഉയര്‍ത്തുന്നു. അക്കാലത്ത് താര്‍ക്കോവസ്കി താവോയിസം, സെന്‍ ബുദ്ധിസം, യോഗ എന്നിവ പഠിക്കുന്നുണ്ടായിരുന്നു. ‘സ്റ്റോക്കര്‍’ എന്ന സിനിമയുടെ ശബ്ദ സംവിധായകനായ എഡ്വേർഡ് ആർട്ടെമിയേവ്  (Edward Artemiev) ഇക്കാര്യം വിശദമാക്കുന്നു: പൌരസ്ത്യ സംസ്കാരത്തിന്റെയും ചിന്തയുടെയും ഭാഗമായ ധ്യാനാത്മകമായ സവിശേഷതയെ സിനിമയുടെ സംഗീതം പ്രതിഫലിപ്പിക്കണം എന്ന താത്പര്യം താര്‍ക്കോവസ്കിക്ക് ഉണ്ടായിരുന്നു. ഇന്ത്യന്‍ സംഗീതത്തിലെ ശ്രുതിയെക്കുറിച്ച് അദ്ദേഹം ധാരാളം സംസാരിക്കുകയുണ്ടായി. ഈ രീതിയിലുള്ള പുസ്തകങ്ങൾ അദ്ദേഹം  ആർട്ടെമിയേവിനോട്‌ വായിക്കാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. 

‘മിറര്‍’ എന്ന സിനിമയുമായി താരതമ്യപ്പെടുത്തുമ്പോൾ  ‘സാക്രിഫൈസ് ‘ ആഖ്യാനത്തില്‍ അത്ര ദുര്‍ഗ്രഹമായി അനുഭവപ്പെടില്ല. എന്നാല്‍ താര്‍ക്കോവസ്കി ട്രേഡ്മാര്‍ക്കായ പതിഞ്ഞ താളത്തിലുള്ള വളരെ ദൈര്‍ഘ്യമേറിയ ടേക്കുകളും, കാല മര്‍ദ്ദം എന്ന ആശയവും, നിറങ്ങളുടെ, പ്രത്യേകിച്ച് മോണോക്രോമിന്റെ ഉപയോഗവും ഈ സിനിമയിലും കാണാം. സാച്ചുറേറ്റഡും,  ഡീസാച്ചുറേറ്റഡും ആയ നിറങ്ങളുടെ ഉപയോഗം ശ്രദ്ധേയമാണ്. അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരു ട്രേഡ്മാര്‍ക്കായ  പ്ലവനാത്മക ദൃശ്യങ്ങളും ഈ സിനിമയിലും  ഉപയോഗിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അലക്സാണ്ടര്‍ മറിയയുമായി ബന്ധപ്പെടുന്ന സന്ദര്‍ഭത്തില്‍. താര്‍ക്കോവസ്കിയുടെ സിനിമകളില്‍ തുറന്ന രീതിയിലുള്ള ലൈംഗികത ഇല്ല. അദ്ദേഹം സ്നേഹത്തെ ലൈംഗികതയുമായി കൂട്ടിക്കുഴയ്ക്കുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളിൽ അദ്ദേഹം പ്ലവനാത്മക ദൃശ്യങ്ങളാണ്  കാവ്യാത്മകമായി ഉപയോഗിക്കുന്നത്. യഥാര്‍ത്ഥ സ്നേഹം ഗുരുത്വാകര്‍ഷണം ഇല്ലാതാക്കുന്നു. ‘സാക്രിഫൈസി’ല്‍ ആലിംഗനബദ്ധരായ അലക്സാണ്ടറുടെയും മറിയയുടെയും ശരീരങ്ങൾ  അന്തരീക്ഷത്തില്‍ താങ്ങില്ലാതെ പൊങ്ങിക്കിടക്കുന്നതാണ് കാണിക്കുന്നത്.  ‘സൊളാരിസ് ‘ എന്ന സിനിമയിലും സമാനമായ രംഗം ഉണ്ട്. ബഹിരാകാശ പേടകത്തിനുള്ളില്‍ ബ്രൂഗലിന്റെ Hunters in the snow എന്ന പെയിന്റിംഗിനു മുന്നില്‍  ആലിംഗനബദ്ധരായ ക്രിസ്സും പണ്ടെങ്ങോ മരിച്ചുപോയ അയാളുടെ ഭാര്യയും അന്തരീക്ഷത്തില്‍ ഒഴുകുന്നു. അപ്പോള്‍ ബാക്കിന്റെ സംഗീതം പശ്ചാത്തലത്തില്‍. അപ്പോള്‍ ഇന്ദ്രിയങ്ങളെ കവിഞ്ഞുപോവുന്ന അനുഭവം. (മറിയ എന്നാല്‍ മേരിയുടെ പ്രതിരൂപം).

അലക്സാണ്ടർ തീർച്ചയായും തനിക്ക് വളരെ പ്രധാനപ്പെട്ട നിരവധി കാര്യങ്ങൾ ദൈവത്തിന് വാഗ്ദാനം ചെയ്യുന്നു, എന്നാൽ അദ്ദേഹം  സ്വയത്തെ  വാഗ്ദാനം ചെയ്യുന്നതായി കാണുന്നില്ല. മറ്റുള്ളവര്‍ താമസിക്കുന്ന വീടാണ് അദ്ദേഹം കത്തിക്കുന്നത്. “ദൈവവുമായി  ഉടമ്പടി ചെയ്യുന്ന തന്റെ പ്രിയപ്പെട്ടവരുടെ വീട് കത്തിക്കുന്നത് എങ്ങനെയാണ് അലക്സാണ്ടറിന്റെ സ്വയം ത്യാഗമാവുന്നത്? ‘സാക്രിഫൈസിന്റെ’  അവലോകനത്തിൽ ഫിലിപ്പ് സ്‌ട്രിക്  (Philip Strick) ഇപ്രകാരം ചര്‍ച്ച ചെയ്തു:  “പ്രായശ്ചിത്തം ചെയ്യാനുള്ള ശ്രമത്തിൽ അലക്സാണ്ടർ തന്റെ (മറ്റുള്ളവരുടെയും) വീട് കത്തിക്കുന്നത് എന്തുകൊണ്ടാണ്? “.  "നിരപരാധികളെ പ്രതിക്കൂട്ടിലാക്കിയാൽ ത്യാഗം ത്യാഗമാകുമോ" എന്ന് ചോദിക്കുന്ന ലെ ഫാനുവും (Le Fanu) സമാനമായ നിരീക്ഷണം നടത്തിയിട്ടുണ്ട്. 

എന്നാൽ ഗിനോ മോളിറ്റെർനോ (Gino Moliterno) മറ്റൊരു വ്യാഖ്യാനം അവതരിപ്പിക്കുന്നു:  വീട് എന്നത് ഒരു പ്രതീകം മാത്രമല്ല, അത് ഒരാളുടെ ഭൂതകാലത്തെയും സൂചിപ്പിക്കുന്നു. വീട്ടിൽ ഭൂതകാലത്തിന്   ജീവിക്കാൻ കഴിയും. ഓർമ്മകൾ സജീവമായി സൂക്ഷിക്കപ്പെടുന്ന ഒരു സ്ഥലമാണിത്, പലതിനെയും ഇത് ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ, വീടിന് യഥാർത്ഥ ജീവിതത്തിൽ നിന്ന്  ഒരാള്‍ക്ക് ഒളിക്കാൻ കഴിയുന്ന ഒരു സ്ഥലമായി മാറാം. ‘സാക്രിഫൈസ് ‘ എന്ന സിനിമയിൽ  ത്യാഗത്തിൽ വീട് വഹിക്കുന്ന പങ്ക് ഇതാണ്. 

മറ്റൊരു വ്യാഖ്യാനം, അലക്‌സാണ്ടർ തന്റെ സ്വന്തം വീട് കത്തിച്ചുകളയുന്നതിലൂടെ, ഭൂതകാലത്തിന്റെ ഭാരത്തിൽ നിന്നും,  തന്നെ താഴേക്ക് വലിക്കുന്ന എല്ലാത്തിൽ നിന്നും, ഭൂതകാലത്തിൽ നങ്കൂരമിടുകയും വർത്തമാനകാലത്തിന്റെ സന്തോഷത്തെ മാരകമായി തകർക്കുകയും ചെയ്യുന്ന എല്ലാത്തിൽ നിന്നും സ്വയത്തെ മോചിപ്പിക്കുകയാണ്. ‘സാക്രിഫൈസി’ല്‍  സ്വയത്തെ ബലിയർപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അത് അലക്‌സാണ്ടറിന്റെ നിഹിലിസവും ഐഹിക ജീവിതം മടുത്ത അവസ്ഥയുമാണ്. ഇതൊരു പ്രതീകാത്മക പ്രവര്‍ത്തിയാണ്. (ഇവിടെയാണ് സിനിമയിലെ  നീഷേയുടെ കുപ്രസിദ്ധ കുള്ളന്റെ പരാമര്‍ശം പ്രസക്തമാവുന്നത്. Thus Spoke Zarathustra-യില്‍   സരതുസ്ത്ര മുകളിലേക്ക് പോകാൻ ആഗ്രഹിക്കുമ്പോൾ അയാളുടെ തോളിലിരുന്നു പിശാച് അയാളെ താഴേക്ക് തള്ളുന്നതിനെ കുറിച്ച് എഴുതിയിട്ടുണ്ട്. 

ദൈവവുമായി ഉടമ്പടിയിൽ ഏർപ്പെടുന്ന അലക്സാണ്ടർ, ദൈവവുമായി ഒരു ബന്ധവുമില്ലെന്ന് സിനിമയുടെ ആദ്യ സീനിൽത്തന്നെ സമ്മതിച്ചിരുന്നു. അങ്ങിനെയെങ്കില്‍, ഒരു ദുരന്തം വരുമ്പോള്‍ അതിനെ ഒഴിവാക്കാനായി അദ്ദേഹം എന്തുകൊണ്ടാണ് ദൈവത്തിലേക്ക് തിരിയുന്നത്? ഈ വശത്തെ കുറിച്ച് സ്ലാവോസ് സിസേക് വിശദമായി എഴുതിയിട്ടുണ്ട്. അലക്സാണ്ടറിന്റെ ത്യാഗപരമായ ചെയ്തിയെ  ‘വലിയ അപരന്റെ’  (Big Other) അസ്തിത്വം ഉറപ്പാക്കാനുള്ള ഒരു മാർഗമായി വ്യാഖ്യാനിക്കാം. സിസേക്കിന്റെ അഭിപ്രായത്തിൽ ദൈവത്തിന്റെ സാന്നിധ്യമാണ്  അലക്സാണ്ടറുടെ ത്യാഗത്തെ ന്യായീകരിക്കുന്നത്. എന്നാൽ ഈ വിഷയത്തിന് – ദൈവത്തിന്റെ അസ്തിത്വത്തിന് – സിനിമയിൽ വ്യക്തമായ ഉത്തരമില്ല. രാത്രിയില്‍  നടന്ന സംഭവങ്ങൾ മുഴുവന്‍ അലക്സാണ്ടറുടെ  സ്വപ്നമായിരുന്നോ? തോന്നലായിരുന്നോ?  (പിറ്റേന്ന് പ്രഭാതത്തില്‍ സാധാരണ പോലെ അയാൾ ഉറക്കമുണരുകയാണ്).  അല്ല, അലക്സാണ്ടറുടെ സംശയങ്ങളുടെ പ്രതിഫലനമാണോ? ദൈവവും ഒരു പ്രതീകം മാത്രമാണോ?  അതുകൊണ്ട് അലക്സാണ്ടറുടെ ത്യാഗം അവ്യക്തമായി തുടരുന്നു. അയാള്‍ ഒരു വിശുദ്ധനാണോ അതോ ഭ്രാന്തനാണോ എന്ന് തീരുമാനിക്കാൻ കഴിയില്ല.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി  പ്രേക്ഷകരെ സിനിമയിൽ ആമാഗ്നരാക്കുന്ന തരത്തിലുള്ള  ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യ ലഭ്യമാണ്.  ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും മൂന്നാം മാനത്തിലൂടെ പ്രേക്ഷകരെ സിനിമയില്‍ അങ്ങേയറ്റം ആമഗ്നരാക്കുന്നു. എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യ ലഭ്യമല്ലാത്ത കാലത്താണ് താര്‍ക്കോവസ്കി സിനിമയിൽ ഇത്തരം അനുഭവങ്ങള്‍ സൃഷ്ടിച്ചത്. അതേ സമയം സെല്ലുലോയ്ഡില്‍ സാധ്യമായിരുന്ന സാങ്കേതിക വിസ്മയങ്ങൾ പോലും  അദ്ദേഹം ഉപയോഗിക്കുന്നില്ല.  ‘സൊളാരിസ് ‘ എന്ന സയന്‍സ് ഫിക്ഷൻ ഗണത്തില്‍പ്പെടുന്ന സിനിമ ഇതിന് ഉദാഹരണമാണ്. ‘സാക്രിഫൈസി’ന്റെ അവസാന ഭാഗത്തുള്ള  വീട് കത്തിക്കുന്ന രംഗം മറ്റൊരുദാഹരണം. അതോടൊപ്പം അദ്ദേഹത്തിന്റെ കാലമര്‍ദ്ദം  എന്ന ആശയത്തിനും ഈ രംഗം ഉദാഹരണമാണ്.  ചിത്രീകരണത്തിന്റെ പ്രത്യേകത കാരണം ദ്വിമാന ചിത്രത്തിനകത്ത്  ത്രിമാനാനുഭവം സൃഷ്ടിക്കാന്‍ താര്‍ക്കോവസ്കിക്ക് കഴിയുന്നു.  

ചക്രവാളം വരെ പരന്നുകിടക്കുന്നതായി അനുഭവപ്പെടുന്ന ഫ്രെയിമിന്റെ ആഴം,  ക്യാമറയുടെയും കഥാപാത്രങ്ങളുടെയും പല രീതിയിലുള്ള ചലനങ്ങൾ. ചില ചലനങ്ങള്‍ ഫ്രെയിമിന്റെ പരപ്പ് കൂട്ടുന്നതായും, സ്ഥലത്തെ വലിച്ചുനീട്ടുന്നതായും അനുഭവപ്പെടുന്നു. ദൃശ്യത്തിന്റെ ത്രിമാനഭാവത്തെ പ്രേക്ഷകരുടെ ഭാവനയിലൂടെ വിശാലമാക്കാനുള്ള സാധ്യതകള്‍  താര്‍കോവസ്കി തുറന്നിടുന്നു. സാങ്കേതികവിദ്യ മാത്രമല്ലല്ലോ സിനിമ.  ഭാവനയുടെ,  സര്‍ഗ്ഗാത്മകതയുടെ  വലിയ ലോകം അതിനു പിന്നില്‍ ഉണ്ട്. 

താര്‍ക്കോവസ്കിയുടെ ഈ മാസ്മരിക സ്പര്‍ശമാണ് അദ്ദേഹത്തിന്റെ സിനിമകളിൽ ഗന്ധവും, കാറ്റും, സ്പര്‍ശവും,  ശരീരത്തില്‍ വീഴുന്ന സൂര്യരശ്മിയുടെ ചൂടും, കാറ്റിന്റെ തൊടലും , ജല സ്പര്‍ശവും, മഞ്ഞിന്റെ തണുപ്പും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നതായി തോന്നുന്നത്. സിനിമ കാഴ്ചയും കേള്‍വിയും മാത്രമല്ലെന്നും സിനിമാക്കാഴ്ച എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിച്ചുള്ള, ശരീരം കൂടി പങ്കെടുക്കുന്ന കാഴ്ചാനുഭവമാവുന്നു.    

‘സാക്രിഫൈസി’ന്റെ എഡിറ്റർ മൈക്കൽ ലെസ്സിലോവ്സ്കി (Michal Leszczylowski) താര്‍ക്കോവസ്കിയെ ഇപ്രകാരം ഓര്‍ക്കുന്നു: “പാരീസിലെ സെന്റ് അലക്‌സാണ്ടർ നെവ്‌സ്‌കി പള്ളിയിൽ അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങിൽ ഞങ്ങൾ കയ്യിൽ മെഴുകുതിരികളുമായി  ആ മഹാനായ കലാകാരനോട് വിടപറയുകയായിരുന്നു. പുരോഹിതൻ തന്റെ മെഴുകുതിരി കത്തിച്ച് അത് മുൻ നിരയിൽ നിൽക്കുന്ന ആളുകൾക്ക് കൈമാറി. അവർ അവരുടെ മെഴുകുതിരികൾ  കത്തിച്ച ശേഷം തീജ്വാല അടുത്ത നിരയിലേക്ക് കൈമാറി, അവസാനം അത് നൃത്തം ചെയ്യുന്ന ജ്വാലകൾ കൊണ്ട് കിരീടം ചൂടിയ മെഴുകുതിരികളുടെ ശൃംഖലയായി,  താര്‍ക്കോവസ്കിയെക്കുറിച്ചുള്ള  ഞങ്ങളുടെ ഓര്‍മ്മകളുടെ ശൃംഖല പോലെ”. താര്‍ക്കോവസ്കിയുടെ ശവകുടീരത്തിൽ  ഇപ്രകാരം ആലേഖനം ചെയ്തിട്ടുണ്ട്: മാലാഖമാരെ ദര്‍ശിച്ച കലാകാരന്‍. 

English Summary:

Tarkovsky’s final film, faith, and the mystery of sacrifice