സമീപകാലത്ത് സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുന്ന ഒരു സംഗതിയുണ്ട്. അതിലെ നെല്ലു പതിരും വേർതിരിച്ചെടുക്കുമ്പോൾ, കഥയറിയാതെ ആട്ടം കാണുന്നവരാണ് പലരും എന്നു തോന്നിപ്പോകും. സിനിമയുടെ അണിയറയിലെ പല സംഭവ വികാസങ്ങളെ സംബന്ധിച്ചും വേണ്ടത്ര അവഗാഹമില്ലാതെ ഇവർ വാക്‌പോരുകളും പരസ്പരമുളള ഏറ്റുമുട്ടലുകളും കൊണ്ട് അന്തരീക്ഷം

സമീപകാലത്ത് സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുന്ന ഒരു സംഗതിയുണ്ട്. അതിലെ നെല്ലു പതിരും വേർതിരിച്ചെടുക്കുമ്പോൾ, കഥയറിയാതെ ആട്ടം കാണുന്നവരാണ് പലരും എന്നു തോന്നിപ്പോകും. സിനിമയുടെ അണിയറയിലെ പല സംഭവ വികാസങ്ങളെ സംബന്ധിച്ചും വേണ്ടത്ര അവഗാഹമില്ലാതെ ഇവർ വാക്‌പോരുകളും പരസ്പരമുളള ഏറ്റുമുട്ടലുകളും കൊണ്ട് അന്തരീക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്ത് സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുന്ന ഒരു സംഗതിയുണ്ട്. അതിലെ നെല്ലു പതിരും വേർതിരിച്ചെടുക്കുമ്പോൾ, കഥയറിയാതെ ആട്ടം കാണുന്നവരാണ് പലരും എന്നു തോന്നിപ്പോകും. സിനിമയുടെ അണിയറയിലെ പല സംഭവ വികാസങ്ങളെ സംബന്ധിച്ചും വേണ്ടത്ര അവഗാഹമില്ലാതെ ഇവർ വാക്‌പോരുകളും പരസ്പരമുളള ഏറ്റുമുട്ടലുകളും കൊണ്ട് അന്തരീക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്ത് സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുന്ന ഒരു സംഗതിയുണ്ട്. അതിലെ നെല്ലു പതിരും വേർതിരിച്ചെടുക്കുമ്പോൾ, കഥയറിയാതെ ആട്ടം കാണുന്നവരാണ് പലരും എന്നു തോന്നിപ്പോകും. സിനിമയുടെ അണിയറയിലെ പല സംഭവ വികാസങ്ങളെ സംബന്ധിച്ചും വേണ്ടത്ര അവഗാഹമില്ലാതെ ഇവർ വാക്‌പോരുകളും പരസ്പരമുളള ഏറ്റുമുട്ടലുകളും കൊണ്ട് അന്തരീക്ഷം വിഷലിപ്തമാക്കുന്നു. ചേരി തിരിഞ്ഞ്, തങ്ങൾക്ക് അനഭിമതരായ താരങ്ങളെ ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. അതിൽ ഏറ്റവും അപലപനീയമായ സമകാലിക പ്രവണത നടൻ മോഹൻലാൽ നേരിടുന്ന സൈബർ ആക്രമണമാണ്. അഭിനയിക്കുന്ന സിനിമകളുടെ കഥ തിരഞ്ഞെടുക്കുന്നതിലും സംവിധായകരെ നിശ്ചയിക്കുന്നതിലും ലാലിന് ചെറിയ തെറ്റുകൾ സംഭവിച്ചുവെന്നാണ് അഭിനവ സിനിമാ പണ്ഡിതർ ചമയുന്ന ചിലരുടെ ഭാഷ്യം. ഇതിന്റെ നിജസ്ഥിതി പരിശോധിക്കേണ്ടതു തന്നെയാണ്. 
 

അദ്ദേഹത്തിന്റെ ചില സിനിമകൾ പ്രതീക്ഷിച്ചത്ര പ്രേക്ഷക പ്രീതി നേടിയില്ല എന്നതുകൊണ്ട് അദ്ദേഹം സെൻസിബിലിറ്റി ഇല്ലാത്ത ഒരാളാണെന്ന തൽപരകക്ഷികളുടെ വാദം അസ്ഥാനത്താണ്. എന്തടിസ്ഥാനത്തിലാണ് ഇത് പറയുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടി കുറച്ചു പിന്നോട്ട് സഞ്ചരിക്കേണ്ടി വരും. മലയാള സിനിമാ ചരിത്രം സൂക്ഷ്മമായി പരിശോധിക്കുന്ന ഏതൊരാൾക്കും വളരെ അനായാസം മനസ്സിലാക്കാവുന്നതേയുളളൂ ഇത്. 

ADVERTISEMENT

Read More...‘ഭ്രമയുഗം’ വിറ്റത് 30 കോടിക്കോ?; വിശദീകരണവുമായി നിര്‍മാതാവ്

സത്യൻ അന്തിക്കാട് വിജയപരമ്പരകൾ ആവർത്തിച്ചപ്പോൾ അതിലെല്ലാം നായകസ്ഥാനത്ത് മോഹൻലാലായിരുന്നു. സിബി മലയിലിന്റെ സിനിമാ കരിയറിലും വിജയങ്ങളുടെ തോഴനായിരുന്നു ലാൽ. അന്നൊന്നും അദ്ദേഹത്തിന്റെ സബ്ജക്ട് സിലക്‌ഷൻ മോശമാണെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. ഏതാണ്ട് നാല് ദശകക്കാലം മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായി നിന്ന മോഹൻലാലിന്റെ സെൻസിബിലിറ്റിയെ ചോദ്യം ചെയ്യുന്നവർ മനസ്സിലാക്കാത്ത പല കാര്യങ്ങളുണ്ട്. 

കഥകൾ തിരഞ്ഞെടുക്കാൻ അറിയാത്ത ഒരാൾ എങ്ങനെ മലയാളത്തിലെ കൾട്ട് ക്ലാസിക്കുകളുടെ ഭാഗമാകും? ആ സിനിമകളൊക്കെത്തന്നെ വാണിജ്യവിജയം കൈവരിച്ചവയുമാണ്. പ്രദർശനശാലകളെ ഉത്സവപ്പറമ്പാക്കിയ ദേവാസുരം, നരസിംഹം, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, മണിച്ചിത്രത്താഴ്, നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്നിങ്ങനെ മെഗാഹിറ്റുകളുടെ പരമ്പര തന്നെയുണ്ട് ലാലിന്റെ കരിയറിൽ. റിലീസ് ചെയ്ത് 35 വർഷത്തിന് ശേഷവും ആഘോഷിക്കപ്പെടുന്ന തൂവാനത്തുമ്പികൾ പോലെ ഒരു എവർടൈം ക്ലാസിക്കിലും മോഹൻലാലായിരുന്നു നായകൻ. വൻ ബോക്‌സ്ഓഫിസ് ഹിറ്റുകളായ കിലുക്കം, ചിത്രം, തേന്മാവിൻ കൊമ്പത്ത്, അഭിമന്യൂ, ആര്യൻ, അദ്വൈതം, വെളളാനകളുടെ നാട് എന്നിങ്ങനെ പ്രധാനപ്പെട്ട എല്ലാ പ്രിയദർശൻ ചിത്രങ്ങളിലും ജോഷിയുടെ വമ്പൻ ഹിറ്റുകളായ നാടുവാഴികൾ, ജനുവരി ഒരു ഓർമ, നരൻ എന്നിങ്ങനെ ഒട്ടനവധി സിനിമകളിലും ഇതേ മോഹൻലാൽ തന്നെ ഹീറോ. കഥകൾ തിരഞ്ഞെടുക്കാൻ അറിയാത്ത ഒരാൾക്ക് ഇത്രയധികം വിജയചിത്രങ്ങളുടെ ഭാഗമാകാൻ കഴിയുമോ?

സത്യൻ അന്തിക്കാട്, മോഹൻലാൽ

മറ്റു താരങ്ങൾ ഒഴിവാക്കിയ പല കഥകളും സ്വീകരിച്ച് ഹിറ്റാക്കിയ ചരിത്രമുണ്ട് മോഹൻലാലിന്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ, മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബ് സിനിമയായി മാറിയ ജീത്തു ജോസഫിന്റെ ദൃശ്യം എന്നിവയെല്ലാം ആദ്യം ലാലിനെ മനസ്സിൽ കണ്ട് ഒരുക്കിയ കഥകളല്ല. മോഹൻലാലിന്റെ ബോക്സ് ഓഫീസ് ഹിറ്റുകൾ തകർക്കാൻ ഇപ്പോൾ മലയാളസിനിമയിലെ ആർക്കും കഴിഞ്ഞിട്ടില്ല. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വാലിഭൻ. കേരളത്തിൽ നിന്നു 5.8 കോടി രൂപയാണ് വാലിഭന് ആദ്യദിനം തന്നെ ലഭിച്ചത്.

ADVERTISEMENT

നവപ്രതിഭകളിൽ വിശ്വാസം അർപ്പിക്കാത്ത നടൻമാരിൽനിന്ന് ഏറെ വ്യത്യസ്തനാണ് മമ്മുട്ടി. അറുപതോളം നവാഗത സംവിധായകർക്ക് ആദ്യ സിനിമാ അവസരം നൽകിയ നടനാണ് അദ്ദേഹം. സ്വന്തം നിലനിൽപ്പിന് കോട്ടം തട്ടുമോയെന്ന് ഭയന്ന് വേണമെങ്കിൽ  സുരക്ഷിത വലയത്തിൽ കയറിയിരുന്ന് ലബ്ധപ്രതിഷ്ഠരായ സംവിധായകരുടെ മാത്രം സിനിമകൾ ചെയ്യാമായിരുന്നു മമ്മൂട്ടിക്ക്. എന്നാൽ ഹിറ്റ്‌മേക്കർമാർ അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തുകെട്ടി നിൽക്കുന്ന കാലത്ത് തന്റെ അടുത്ത് കഥ പറയാൻ എത്തുന്ന നവാഗതർ പറയുന്ന പ്രമേയവും അതു പറയുന്ന രീതിയും മനസ്സിലാക്കി അവരെ സംവിധായക കസേരയിൽ ഇരുത്തുക എന്ന റിസ്‌ക് ഏറ്റെടുക്കാനുളള അദ്ദേഹത്തിന്റെ ചങ്കൂറ്റം ഏറെ പ്രസിദ്ധമാണ്. ലോഹിതദാസിന്റെ ആദ്യതിരക്കഥയ്ക്കും (തനിയാവർത്തനം) ആദ്യസംവിധാന സംരംഭത്തിനും (ഭൂതക്കണ്ണാടി) ഒപ്പം നിന്നത് മമ്മൂട്ടിയാണ്. ഡെന്നീസ് ജോസഫ് ആദ്യം തിരക്കഥ എഴുതിയ ഈറൻസന്ധ്യയിലും ആദ്യം സംവിധാനം ചെയ്ത മനു അങ്കിളിനും ഒരു വൈമുഖ്യവും കൂടാതെ അദ്ദേഹം ഡേറ്റ് നൽകി.

ബ്ലസി (കാഴ്ച), ലാൽജോസ് (മറവത്തൂർ കനവ്), അമൽനീരദ് (ബിഗ് ബി), അൻവർ റഷീദ് (രാജമാണിക്യം), വൈശാഖ് (പോക്കിരിരാജ), രതീന (പുഴു), മാർത്താണ്ഡൻ (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്), മാർട്ടിൻ പ്രക്കാട്ട് (ബെസ്റ്റ് ആക്ടർ) എന്നിങ്ങനെ മമ്മൂട്ടിയുടെ കൈപിടിച്ച് സംവിധായകന്റെ മെഗാഫോൺ കയ്യിലേന്തിയവരുടെ നിര വളരെ വലുതാണ്. ഏറ്റവും ഒടുവിൽ കലൂർ ഡെന്നീസിന്റെ പുത്രൻ ഡിനു ഡെന്നീസിന്റെ ബസുക്ക ഉൾപ്പെടെ വരാനിരിക്കുന്ന സിനിമകൾ വേറെ.

മോഹൻലാൽ ഇക്കാര്യത്തിൽ കുറച്ച് പിന്നാക്കമാണെങ്കിലും ഉദയനാണ് താരത്തിലൂടെ റോഷൻ ആൻഡ്രൂസിനെയും ദൗത്യത്തിലുടെ അനിലിനെയും കൂടും തേടിയിലുടെ പോൾബാബുവിനെയും ഇട്ടിമാണിയിലുടെ ജിബി ജോജുവിനെയും മറ്റും പരിചയപ്പെടുത്തിയിട്ടുണ്ട്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മോഹൻലാലിനു തെറ്റുപറ്റുന്നുവെന്നു വാദിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. 

ഒരിക്കൽ ലോഹിതദാസ് പറഞ്ഞ അനുഭവം ഓർമ വരുന്നു. മോഹൻലാലിനോട് അദ്ദേഹം മൂന്ന് കഥകൾ പറഞ്ഞു. മോഹൻലാലിന്റെ സ്വന്തം പ്രൊഡക്‌ഷൻ ഹൗസായിരുന്ന പ്രണവം ആർട്‌സ് ഉൾപ്പെടെ രണ്ട് നിർമാണ കമ്പനികൾക്ക് നിർമിക്കാനുളള കഥകളാണ് പറഞ്ഞത്. ദശരഥം ഉൾപ്പെടെയുളള മൂന്നു കഥകളിൽനിന്നു പ്രണവത്തിനായി ലാൽ തിരഞ്ഞെടുത്തത് ഹിസ് ഹൈനസ് അബ്ദുളളയുടെ കഥയായിരുന്നു. ദശരഥം മികച്ച സിനിമയായിട്ട് പോലും ബോക്‌സ്ഓഫിസിൽ പരാജയം ഏറ്റുവാങ്ങിയപ്പോൾ ഹിസ് ഹൈനസ് അബ്ദുളള റെക്കോർഡ് ഹിറ്റായി.

ADVERTISEMENT

കഥകൾ തിരഞ്ഞെടുക്കാൻ അറിയാത്ത ആളല്ല അദ്ദേഹം എന്നതിന് തെളിവാണ് മലയാളത്തിൽ നൂറുകോടി ക്ലബ്ബ് എന്ന സങ്കൽപം യാഥാർഥ്യമാക്കിയ പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങൾ. നരസിംഹവും ദൃശ്യവും കിരീടവും ചെങ്കോലുമൊന്നും കഥ കേൾക്കാതെയല്ല അദ്ദേഹം സമ്മതം മൂളിയത്. മലയാള സിനിമയിൽ മോഹൻലാൽ ചിത്രങ്ങൾക്കു ലഭിക്കുന്ന ഇനീഷ്യൽ കലക്‌ഷനും പ്രധാന ഘടകമാണ്.  ലാലിന്റെ സിനിമകൾക്ക് വലിയ ഇനീഷ്യൽ പുൾ ലഭിക്കുന്നു. അത്രയധികം ബഹൃത്തായ ആരാധകവൃന്ദവും തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാനുളള സ്വാധീനശേഷിയും ഈ താരത്തിനുണ്ട്. മറ്റൊരു ഘടകം ഒടിടി, ടെലിവിഷൻ ചാനലുകളിൽ നിന്നും ഓവർസീസ്, ഡബ്ബിങ് റൈറ്റ് അടക്കമുളള ഇതര സോഴ്‌സുകളിൽ നിന്നും മോഹൻലാൽ സിനിമകൾക്ക്  ഉയർന്ന തുക ലഭിക്കുന്നു എന്നതാണ്. 

യൂത്ത് സെൻസേഷനായ യുവതാരങ്ങൾക്ക് പോലും ലാലിന്റെ സ്റ്റാർഡത്തെ സ്പർശിക്കാൻ കഴിയുന്നില്ല എന്നതും പഠനാർഹമായ വിഷയമാണ്. തമിഴിൽ രജനികാന്ത് ഇന്നും മുടിചുടാമന്നനായി നിൽക്കുമ്പോഴും വിജയ്, അജിത്ത്, വിജയകാന്ത്, ശരത്കുമാർ, കമലഹാസൻ ഇവരൊക്കെ കാലാകാലങ്ങളിൽ അദ്ദേഹത്തിന് വെല്ലുവിളികൾ ഉയർത്തുകയുണ്ടായി. എന്നാൽ മോഹൻലാൽ എക്കാലവും സമാനമായ പ്രഭാവത്തോടെ വിപണിമൂല്യം നിലനിർത്തുകയുണ്ടായി. ഒരു നടന്റെ വമ്പിച്ച സ്വീകാര്യതയുടെ സാക്ഷ്യപത്രമാണിത്. വിമർശനങ്ങൾക്കിടയിലും ദൃശ്യം 2, നേര് എന്നിങ്ങനെ ഇടയ്‌ക്കെങ്കിലും ഹിറ്റുകൾ നൽകിക്കൊണ്ട് അദ്ദേഹം തന്റെ വിപണിമൂല്യം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുമുണ്ട്. 

കാലത്തിനൊപ്പം മാറുന്ന മമ്മൂട്ടി
 

എന്നാൽ ചില കാര്യങ്ങളിൽ മമ്മൂട്ടി നടത്തുന്ന അസൂയാവഹമായ മുന്നേറ്റം ശ്രദ്ധേയവും ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. ഒന്ന് പുതുതലമുറ സംവിധായകരുടെ വേറിട്ട ചിന്താസരണിക്കൊപ്പം സഞ്ചരിക്കാനുളള മനസ്സ്. രണ്ട്  പ്രേക്ഷകരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യാത്ത നടനാണ് മമ്മൂട്ടി. ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി

‘കോവിഡ് കാലം മലയാളിയുടെ ചലച്ചിത്രസാക്ഷരതയിൽ ഗണ്യമായ വളർച്ചയാണുണ്ടാക്കിയത്. ഒടിടിയുടെയും യൂട്യൂബിന്റെയും മറ്റും വ്യാപക സ്വീകാര്യതയോടെ ലോകത്തെ എല്ലാ ഭാഷയിലുമുളള സിനിമകൾ ധാരാളമായി കാണാൻ പ്രേക്ഷകർക് അവസരം ലഭിച്ചു. ഈ തരത്തിൽ ചലച്ചിത്രാവബോധം അതിന്റെ ഔന്നത്യത്തിലെത്തിയ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമ്പോൾ നാം വളരെ സൂക്ഷിക്കേണ്ടതുണ്ട്. പുതിയ ചിന്തകളും ആവിഷ്‌കാര രീതികളും അവരിലേക്ക് പകരാൻ നാം ശ്രമിക്കേണ്ടതുണ്ട്.’’

വാസ്തവത്തിൽ ഇത് ഒരു നടന്റെ ഉത്തരവാദിത്തത്തിൽ പെട്ട കാര്യമല്ല. സംവിധായകനും തിരക്കഥാകൃത്തും അടങ്ങുന്ന ക്രിയേറ്റീവ് ടീമും നിർമാതാക്കളുമാണ് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത്. എന്നാൽ മമ്മൂട്ടി സിനിമയുടെ ആകെത്തുകയെക്കുറിച്ച് കൃത്യവും വ്യക്തവുമായ ബോധ്യം സൂക്ഷിക്കുന്ന നടനാണ്. കാതൽ എന്ന സിനിമയുടെ തിരക്കഥയിൽ അദ്ദേഹം നടത്തിയ ഗുണപരമായ ഇടപെടലുകളെക്കുറിച്ച് ചലച്ചിത്രകാരൻ ജിയോ ബേബി പറഞ്ഞിരുന്നു. സ്വവർഗാനുരാഗികളായ രണ്ട് പുരുഷൻമാർ തമ്മിൽ സിനിമയുടെ ഒരു സീനിലും ശാരീരികമായ അടുപ്പം പോയിട്ട് സംഭാഷണം കൊണ്ടോ നോട്ടം കൊണ്ടോ പോലും പ്രകടനപരമായ ഒന്നും പാടില്ലെന്ന് അദ്ദേഹം വാദിച്ചു. ആ കണ്ടെത്തൽ ശരിയായിരുന്നുവെന്ന് സംവിധായകനും തിരക്കഥാകൃത്തുക്കളും സർവാത്മനാ അംഗീകരിക്കുകയും ചെയ്തു.

ഒരു നടൻ എങ്ങനെ അഭിനയിക്കണം എന്നതിനപ്പുറം ഏത് തരം ട്രീറ്റ്‌മെന്റാണ് ആ സിനിമയ്ക്ക് യോജിക്കുക എന്നത് സംബന്ധിച്ച അവബോധവും മമ്മൂട്ടിക്കുണ്ട്. അതിലെല്ലാം ഉപരി മമ്മൂട്ടി ആദരിക്കപ്പെട്ടത് ഒരു നിലപാടിന്റെ പേരിലാണ്. സ്വവർഗാനുരാഗിയായ ഒരു കഥാപാത്രത്തെ മമ്മൂട്ടിയെ പോലൊരു നടൻ അവതരിപ്പിച്ചാൽ പ്രേക്ഷകർ എങ്ങിനെ സ്വീകരിക്കും എന്ന ആകുലത മറ്റുളളവരെ ബാധിച്ചപ്പോൾ പോലും മമ്മൂട്ടി ആ പ്രോജ്ക്ടിനെ ഹാർദമായി സ്വീകരിക്കുകയാണുണ്ടായത്. തന്നിൽനിന്നു പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രം സമ്മാനിക്കുന്നതിലെ പുതുമയാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. ആ കണക്കുകൂട്ടൽ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തു. സമീപകാലത്ത് മമ്മൂട്ടിക്ക് ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിച്ച കഥാപാത്രമായി മാറി കാതലിലെ മാത്യൂ ദേവസി.

മൃഗയയിലും വിധേയനിലും പാലേരിമാണിക്യത്തിലും ഭ്രമയുഗത്തിലും പുഴുവിലുമെല്ലാം ഇമേജിനെക്കുറിച്ചുളള ആശങ്കകൾ മാറ്റി വച്ച് നേഗറ്റീവ് ഷെയ്ഡുളള വേഷങ്ങൾ തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് തന്നിലെ നടനെ കൂടുതൽ തേച്ചു മിനുക്കിയെടുക്കാനുളള അദമ്യമായ ആഗ്രഹത്തിനൊപ്പം പുതുമയാർന്ന സമീപനങ്ങൾ പ്രേക്ഷകർ അംഗീകരിക്കുമെന്ന ഉറച്ച ബോധ്യം കൂടിയാണ്. 

വമ്പൻ പ്രൊജക്ടുകളുമായി മോഹൻലാൽ
 

മമ്മൂട്ടി ഈ നിലയിൽ മുന്നേറുമ്പോൾ മറുഭാഗത്ത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ, ജിത്തു ജോസഫിന്റെ റാം, സ്വയം സംവിധാനം ചെയ്യുന്ന ബറോസ് എന്നിങ്ങനെയുളള വമ്പൻ പ്രൊജക്ടുകളുടെ പണിപ്പുരയിലാണ് ലാൽ. 

എന്നാൽ ഇതൊന്നും പരിഗണിക്കാതെ ഇവരുടെ പേരിൽ സൈബറിടങ്ങളിൽ ഏറ്റുമുട്ടുകയാണ് ചില ആരാധക വേഷധാരികൾ. പുറത്ത് പ്രചരിപ്പിക്കപ്പെടും പോലെ വിരുദ്ധധ്രുവങ്ങളിൽനിന്ന് പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് പ്രതിയോഗികളല്ല മമ്മുട്ടിയും മോഹൻലാലും. അതേ സമയം കൂടുതൽ മെച്ചപ്പെട്ട കഥാപാത്രങ്ങളിലൂടെ സ്വയം നവീകരിക്കാനുളള ശ്രമങ്ങളിലാണ് രണ്ട് താരങ്ങളും. വാസ്തവത്തിൽ മറ്റ് താരങ്ങളോടെന്നതിനേക്കാൾ സ്വയം മത്സരിക്കാനാണ് ഈ അഭിനേതാക്കൾ എക്കാലവും ശ്രമിച്ചിട്ടുളളത്. മറിച്ച് എന്തെങ്കിലുമുണ്ടെങ്കിൽ തന്നെ അത് പരസ്പരം ആരോഗ്യകരമായ മത്സരം മാത്രമാണ്.

അപ്പോഴും ആരോഗ്യകരമായ സൗഹൃദവും ഈ രണ്ട് താരങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്നു. സഹോദരങ്ങളല്ലാതെ, തന്നെ ഇച്ചാക്ക എന്ന് അഭിസംബോധന ചെയ്യുന്ന ഏകവ്യക്തി മോഹൻലാലാണെന്ന് മമ്മൂട്ടി പല വേദികളിലും പറഞ്ഞിട്ടുണ്ട്. അതുപോലെ മോഹൻലാൽ നായകനായ നരസിംഹത്തിലും നമ്പർ 20 മദ്രാസ് മെയിലിലും അതിഥിതാരമായി അഭിനയിക്കാനും മമ്മൂട്ടി മടിച്ചിട്ടില്ല. കരിയറിന്റെ സുവർണ കാലത്ത് കാസിനോ എന്ന പേരിൽ പങ്കാളിത്തമുളള സിനിമാ നിർമാണക്കമ്പനി നടത്തിയ ചരിത്രവും ഇവർക്കിടയിലുണ്ട്. നാടോടിക്കാറ്റ്,  ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്നിങ്ങനെ പല സൂപ്പർഹിറ്റ് സിനിമകളും ഈ ബാനറിൽ നിർമിച്ചവയാണ്.

നാൽപതോളം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഇവർ ഹരികൃഷ്ണൻസ്, ട്വന്റി ട്വന്റി എന്നീ സിനിമകളിൽ തുല്യ പ്രാധാന്യമുളള നായക വേഷത്തിൽ അഭിനയിച്ച് മറ്റൊരു റെക്കോർഡും സൃഷ്ടിച്ചു.

KOCHI 2019 MARCH 24 : Mohanlal and Mammootty in actor Prem Nazeer foundation book release function at Kochi @ Josekutty Panackal

എന്നാൽ ചില ആരാധകർ രണ്ട് ശത്രുക്കൾ എന്ന നിലയിൽ അവരെ സങ്കൽപിച്ച് അവരുടെ പേരും പറഞ്ഞ് തെരുവു യുദ്ധം നടത്തുന്നു. അവരാണ് മോഹൻലാലിനെ അകാരണമായി ഇകഴ്ത്തികാട്ടാനും  മമ്മൂട്ടിക്ക് നേരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്താനുമൊക്കെ പ്രേരിതരാവുന്നത്.

ഓരോരുത്തർക്കും അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഒരു നടനെ ആരാധിക്കാനും ആരാധിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ തങ്ങളുടെ ആരാധനാമൂർത്തിയോടുളള അതിരു കവിഞ്ഞ ഇഷ്ടത്തിന്റെ പേരിൽ അപരനെ ഇകഴ്ത്തി കാട്ടാനുളള ശ്രമം ഭൂഷണമല്ല. ഇതൊക്കെ ആരും പറയാതെ തന്നെ ഈ ചെയ്യുന്നവർക്ക് അറിയാമെങ്കിലും ആവർത്തിക്കുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ ഇതുകൊണ്ടൊന്നും ഇരുവരുടെയും പ്രാധാന്യമോ ഇടമോ വിവേചനശേഷിയുളള സിനിമാ പ്രേമികൾക്കിടയിൽ നഷ്ടപ്പെടുന്നതുമില്ല.

ഇന്ത്യൻ സിനിമയിൽ ഒരു താരത്തിനും തങ്ങളുടെ കരിയറിൽ ഇത്ര സുദീർഘകാലം ഒരേ പ്രഭാവത്തോടെ നിലനിൽക്കാൻ കഴിഞ്ഞിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും അത് സാധിച്ചെടുത്തത് കേവലം മാസ് നായകൻമാർ എന്നതിനപ്പുറം അനന്യമായ പ്രതിഭാവിലാസമുളള മികച്ച അഭിനേതാക്കൾ എന്നത് കൊണ്ടുകൂടിയാണ്. എക്കാലവും മലയാളത്തിന്റെ അഭിമാനസ്തംഭങ്ങളായി അവർ നിലനിൽക്കുമെന്ന് വിശ്വസിക്കാനാണ് നിഷ്പക്ഷമതികളായ ആസ്വാദക സമൂഹം ഇഷ്ടപ്പെടുന്നത്.

English Summary:

Mammootty, Mohanlal and their fans in cyberspace

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT