ജീവിതത്തില്‍ മീശ വച്ച് അധികമാരും കണ്ടിട്ടില്ല; അതിനും ബുദ്ധിപരമായി മറുപടി നൽകിയ ഇന്നസന്റ്
ജീവിതം സ്വപ്നങ്ങള്‍ക്കപ്പുറത്തുളള ഒന്നാണെന്ന് അനുഭവം കൊണ്ട് തെളിയിച്ച ആളാണ് ഇന്നസന്റ്. ആദ്യം എട്ടാം ക്ലാസിലും പിന്നെ മുനിസിപ്പല്‍ ഇലക്‌ഷനിലും തോറ്റ് തീപ്പെട്ടിക്കമ്പനി നടത്തി പൊളിഞ്ഞ് മദ്രാസിന് തീവണ്ടി കയറി മാര്‍വാടികളില്‍ നിന്ന് പലിശയ്ക്ക് എടുത്ത പണം കൊണ്ട് സിനിമ നിർമിച്ച് അതില്‍ വിജയങ്ങളും
ജീവിതം സ്വപ്നങ്ങള്‍ക്കപ്പുറത്തുളള ഒന്നാണെന്ന് അനുഭവം കൊണ്ട് തെളിയിച്ച ആളാണ് ഇന്നസന്റ്. ആദ്യം എട്ടാം ക്ലാസിലും പിന്നെ മുനിസിപ്പല്‍ ഇലക്‌ഷനിലും തോറ്റ് തീപ്പെട്ടിക്കമ്പനി നടത്തി പൊളിഞ്ഞ് മദ്രാസിന് തീവണ്ടി കയറി മാര്‍വാടികളില്‍ നിന്ന് പലിശയ്ക്ക് എടുത്ത പണം കൊണ്ട് സിനിമ നിർമിച്ച് അതില്‍ വിജയങ്ങളും
ജീവിതം സ്വപ്നങ്ങള്‍ക്കപ്പുറത്തുളള ഒന്നാണെന്ന് അനുഭവം കൊണ്ട് തെളിയിച്ച ആളാണ് ഇന്നസന്റ്. ആദ്യം എട്ടാം ക്ലാസിലും പിന്നെ മുനിസിപ്പല്‍ ഇലക്‌ഷനിലും തോറ്റ് തീപ്പെട്ടിക്കമ്പനി നടത്തി പൊളിഞ്ഞ് മദ്രാസിന് തീവണ്ടി കയറി മാര്‍വാടികളില്‍ നിന്ന് പലിശയ്ക്ക് എടുത്ത പണം കൊണ്ട് സിനിമ നിർമിച്ച് അതില്‍ വിജയങ്ങളും
ജീവിതം സ്വപ്നങ്ങള്‍ക്കപ്പുറത്തുളള ഒന്നാണെന്ന് അനുഭവം കൊണ്ട് തെളിയിച്ച ആളാണ് ഇന്നസന്റ്. ആദ്യം എട്ടാം ക്ലാസിലും പിന്നെ മുനിസിപ്പല്‍ ഇലക്‌ഷനിലും തോറ്റ് തീപ്പെട്ടിക്കമ്പനി നടത്തി പൊളിഞ്ഞ് മദ്രാസിന് തീവണ്ടി കയറി മാര്‍വാടികളില്‍ നിന്ന് പലിശയ്ക്ക് എടുത്ത പണം കൊണ്ട് സിനിമ നിർമിച്ച് അതില്‍ വിജയങ്ങളും പരാജയങ്ങളും സൃഷ്ടിച്ച് ഒടുവില്‍ അതും അവസാനിപ്പിച്ച് കൊച്ചുകൊച്ചു വേഷങ്ങളില്‍ തലകാണിച്ച ഇന്നസന്റ് പിന്നീട് ഹാസ്യനടനും സഹനടനും സ്വഭാവനടനും നായകനും എല്ലാമായി മലയാള സിനിമയുടെ ഉയരത്തിനൊപ്പം നിന്നു.
താരസംഘടനയുടെ സാരഥ്യത്തിലൊതുങ്ങാത്ത ആ വളര്‍ച്ച ചെന്നു നിന്നത് ഇന്ത്യന്‍ പാര്‍ലമെന്റിലാണ്. പരമോന്നത നിയമനിര്‍മാണസഭയില്‍ മലയാളം പറഞ്ഞ് വിസ്മയിപ്പിച്ച ഇന്നസന്റിന് മലയാളം ഉളളിടത്തോളം കാലം ജീവിക്കാന്‍ ഒറ്റ കഥാപാത്രം മതി. റാംജിറാവ് സ്പീക്കിങിലെ സാക്ഷാല്‍ മാന്നാര്‍ മത്തായി. ഒന്ന് പോരെന്നുണ്ടെങ്കില്‍ ദേവാസുരത്തിലെ വാരിയര്‍. അതും പോരെങ്കില്‍ ഗോഡ്ഫാദറിലെ സ്വാമിനാഥന്‍. തീര്‍ന്നില്ല കാബുളിവാലയിലെ കന്നാസ്....പറഞ്ഞു തുടങ്ങിയാല്‍ ഒരു എത്തും പിടിയും ഇല്ലാത്ത വിധം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചും പൊട്ടിക്കരയിച്ചും കടന്നു പോയ അഭിനയത്തികവിന്റെ പേരാണ് ഇന്നസന്റ്.അപ്പന്‍ ഇന്നസന്റിന് ആര്‍ക്കും ഇല്ലാത്ത ഒരു പേര് നല്‍കി. ഇന്നസന്റ് മലയാളിക്ക് ആരും കാഴ്ചവയ്ക്കാത്ത ഒരു അഭിനയ ശൈലി സമ്മാനിച്ചു. തൃശൂര്‍ ഭാഷ അതിന്റെ ജീവനാഡിയായിരുന്നു.വര്‍ഷങ്ങളെത്ര കഴിഞ്ഞാലും മറക്കാനാവാത്ത വിധം ഓര്‍മയുടെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന ആ മുഖഭാവവും സംഭാഷണങ്ങളും ഇപ്പോഴും നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. നടന്‍ എന്ന നിലയില്‍ പുലര്‍ത്തിയ തനത് വ്യക്തിത്വത്തിനൊപ്പം വ്യക്തിജീവിതത്തിലും വേറിട്ട ഒരു ഐറ്റം തന്നെയായിരുന്നു ഇന്നസന്റ്.
വികാരത്തെ വിവേകത്തിന് സമര്‍പ്പിച്ച ഇന്നസന്റ്
നടന്‍മാര്‍ പൊതുവെ വികാരജീവികളാണ്. സത്വരപ്രതികരണങ്ങളിലൂടെ കലഹങ്ങള്‍ സൃഷ്ടിച്ച പലരും നമുക്ക് മുന്നിലുണ്ട്. തിലകനും താരസംഘടനയായ അമ്മയും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ പോലും അടിസ്ഥാനകാരണം രണ്ട് താരങ്ങള്‍ക്കിടയിലെ ഈഗോയാണെന്നത് പരസ്യമായ രഹസ്യമാണ്. മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ തമ്മില്‍ ദീര്‍ഘകാലം കണ്ടാല്‍ മിണ്ടാതിരുന്ന കഥയും ചലച്ചിത്രവൃത്തങ്ങളില്‍ പാട്ടാണ്. ഇവിടെയാണ് ഇന്നസന്റ് എന്ന വ്യക്തിയുടെ പ്രസക്തി. തനിക്ക് അഹിതമായ സംസാരവും പെരുമാറ്റവും പല സന്ദര്‍ഭങ്ങളിലും പലരില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. എന്നാല്‍ അതൊന്നും തന്നോടായിരുന്നില്ലെന്നും മറ്റാരോടോ ആയിരുന്നുവെന്നും പറഞ്ഞ് മനസിനെ പാകപ്പെടുത്തുകയാണ് അത്തരം ഘട്ടങ്ങളില്‍ തന്റെ രീതിയെന്ന് ഇന്നസന്റ് പറഞ്ഞു. അവിടെയാണ് ആ നയചാതുരിയുടെ ഗുട്ടന്‍സ്.
Read more at: വിശപ്പറിഞ്ഞു; വിശന്നവരെ ഊട്ടി; എല്ലാ തെറ്റുകൾക്കും പ്രായശ്ചിത്തം ചെയ്തുപോയിരുന്ന ഇന്നസന്റ്...
ഇങ്ങനെ സംയമനം പാലിക്കാന്‍ ഇന്നസന്റിന് എങ്ങിനെ കഴിയുന്നു എന്ന് ചോദിച്ചപ്പോള്‍ അതിനും ചിരിച്ചുകൊണ്ട് കുസൃതി നിറഞ്ഞ മറുപടി നല്‍കി അദ്ദേഹം.'നമ്മളെന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളിലേക്കൊക്കെ ദൈവത്തെ വലിച്ചിഴക്കുന്നത്. മൂപ്പര്‍ക്ക് അല്ലാതെ തന്നെ എന്തോരം ജോലിയുളളതാ..'
തമാശ വിട്ട് കാര്യത്തിലേക്ക് വന്ന് ഇന്നസന്റ് തന്റെ വാദം സ്ഥിരീകരിച്ചു. ‘‘രണ്ട് മനുഷ്യര്‍ എവിടെ ഒന്നിച്ചിരുന്നാലും ചില്ലറ കലഹങ്ങളും സൗന്ദര്യപിണക്കങ്ങളുമൊക്കെയുണ്ടാവും. നിങ്ങള്‍ പറയുന്ന ദൈവം ഉണ്ടെങ്കില്‍ അദ്ദേഹം ആ തരത്തിലാണ് മനുഷ്യരെ രൂപപ്പെടുത്തിയിരിക്കുന്നത്. അതിനെ ഒരു മഹാകാര്യമായി മനസില്‍ പര്‍വതീകരിച്ച് പ്രശ്‌നം ഉണ്ടാക്കുമ്പോഴാണ് കാര്യങ്ങള്‍ വഷളാകുന്നത്. രണ്ട് കയ്യും കൂട്ടി അടിച്ചെങ്കിലേ ശബ്ദം ഉണ്ടാകൂ. എന്റെ കൈ അങ്ങനെ വിട്ടുകൊടുക്കാന്‍ തത്കാലം ഞാന്‍ ഉദ്ദേശിക്കുന്നില്ല.’’
ഇന്നസന്റിന്റെ ഈ പക്വതയും നയപരതയുമാണ് അദ്ദേഹത്തെ നാം കണ്ട ഉയരങ്ങളിലേക്ക് എത്തിച്ചത്. ഇന്നസന്റ് തന്റെ കരിയര്‍ ആരംഭിച്ച കാലത്ത് മലയാള സിനിമയില്‍ രണ്ട് ലോബികള്‍ ഉണ്ടായിരുന്നു. യഥാക്രമം തിരുവനന്തപുരം ലോബിയും എറണാകുളം ലോബിയും. രണ്ടുകൂട്ടത്തിലും സ്ഥിരം താരങ്ങളും സാങ്കേതിക വിദഗ്ധരും നിർമാതാക്കളുമുണ്ടായിരുന്നു. ഇരുകൂട്ടര്‍ക്കും ഒരു പോലെ പ്രിയങ്കരനും സ്വീകാര്യനുമായിരുന്നു ഇന്നസന്റ ്.
കൊച്ചിന്‍ ലോബിയില്‍ പെട്ട കലൂര്‍ ഡെന്നീസ്-പി.ജി.വിശ്വംഭരന്‍ ടീമിന്റെ ഗജകേസരിയോഗത്തിലുടെയാണ് മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കിയത്. അതേ ലോബിയില്‍ തന്നെയുളള ജോഷി-ഡെന്നീസ് ജോസഫ് ടീമിന്റെ നമ്പര്‍ 20 മദ്രാസ് മെയിലിലും പ്രിയദര്‍ശന്‍-വേണു നാഗവളളി ടീമിന്റെ കിലുക്കത്തിലും ഇന്നസന്റുണ്ട്. ഏതെങ്കിലും പക്ഷത്തു നില്‍ക്കാന്‍ ഒരിക്കലും അദ്ദേഹം താത്പര്യപ്പെട്ടില്ല. അദ്ദേഹം മുഖ്യവേഷത്തിലെത്തിയ റാംജീറാവ്‌സ്പീക്കിങ്, ഗോഡ്ഫാദര്‍, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ് എന്നീ ചിത്രങ്ങളെല്ലാം ബ്ലോക്ക് ബസ്റ്ററായപ്പോള്‍ അസൂയ മൂത്ത് അതിന്റെ സംവിധായകര്‍ക്ക് എതിരെ കരുനീക്കം നടത്തിയ ചിലരുണ്ടായിരുന്നു. അവരുടെ ചിത്രങ്ങളിലും ഇന്നസന്റിന് നിർണായക വേഷങ്ങള്‍ ലഭിച്ചു. ഇതേക്കുറിച്ച് ഒരു സിനിമാ സുഹൃത്ത് പറഞ്ഞ കമന്റാണ് ശ്രദ്ധേയം.
‘‘നമ്മുടെ രാഷ്ട്രീയക്കാരൊക്കെ സെക്കുലര്‍ എന്ന വാക്ക് ഒരു മന്ത്രം പോലെ ഉരുവിടുമെങ്കിലും രഹസ്യമായി വ്യക്തിതാത്പര്യങ്ങള്‍ ഉളളവരാണ്. എന്നാല്‍ ഇന്നസന്റ് യഥാർഥ സെക്കുലര്‍ ആയിരുന്നു. എല്ലാ ക്യാമ്പിലും അദ്ദേഹത്തിന് സുഹൃത്തുക്കളുണ്ട്.’’
വലിയ സംവിധായകരും നടന്മാരുമൊത്തുള്ള പിണക്കങ്ങള്‍ വരെ ഇന്നസന്റ് ഇടപെട്ട് തീർപ്പാക്കിയിട്ടുണ്ട്. ഈ തന്ത്രജ്ഞതയും നയപരതയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ഇന്നസന്റ ് പറഞ്ഞു.
‘‘നിങ്ങള് കരുതും പോലെ ഞാനത്ര വല്യ തന്ത്രശാലിയോ കൗശലക്കാരനോ ഒന്നുമല്ല. ആരെയും പിണക്കാതെ നിന്നാല്‍ എല്ലാവരുടെയും പടത്തില്‍ എനിക്ക് ചാന്‍സ് കിട്ടും. പടം മാത്രം പോര. പേരും വേണം. കാശും വേണം. എല്ലാരോടും വഴക്കിട്ടിരുന്നാല്‍ ഇത് വല്ലോം നടക്കുമോ?’’ തമാശയായി പറഞ്ഞതാണെങ്കിലും ഈ പ്രായോഗികബുദ്ധിയായിരുന്നു ഇന്നച്ചന്‍സ് സ്‌റ്റൈല്‍. എന്നാല്‍ ഒരിക്കലും അവസരങ്ങള്‍ക്ക് വേണ്ടി സ്‌നേഹബന്ധം സൂക്ഷിച്ചിരുന്ന ആളായിരുന്നില്ല ഇന്നസന്റ ് എന്നും അദ്ദേഹം ആരോടും വേഷങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കലര്‍പ്പില്ലാത്ത സൗഹൃദം മാത്രമായിരുന്നു ഇന്നസന്റ് ആഗ്രഹിച്ചിരുന്നതെന്നും അടുപ്പമുളളവര്‍ പറഞ്ഞിട്ടുണ്ട്.
‘അമ്മ’യുടെ അമരത്ത് ഒരു വ്യാഴവട്ടം
ബുദ്ധിപരമായി കാര്യങ്ങളെ നേരിടാനും ഏത് വിപരീതസാഹചര്യങ്ങളെയും അനുകൂലമാക്കി മാറ്റാനുമുളള കഴിവ് മുന്‍നിര്‍ത്തിയാണ് ദീര്‍ഘകാലം താരസംഘടനയായ അമ്മയുടെ അദ്ധ്യക്ഷസ്ഥാനത്ത് ഏകകണ്ഠമായി അദ്ദേഹം അവരോധിക്കപ്പെട്ടത്. സംഘടനയില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും ഒരു പോലെ പ്രിയപ്പെട്ട ആളായിരുന്നു ഇന്നസന്റ്. ആരെയും വേദനിപ്പിക്കാതെ സംസാരിക്കാനും പെരുമാറാനും നിലപാടുകള്‍ സ്വീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ യോജിച്ച ഒരു താരത്തെ വേണമെന്ന് ആ മുന്നണിയുടെ തലപ്പത്തുളളവര്‍ മമ്മൂട്ടിയോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ആദ്യം നിര്‍ദ്ദേശിച്ച പേര് ഇന്നസന്റിന്റേതായിരുന്നു.
നില്‍ക്കാന്‍ അറിയുന്ന ഒരാള്‍ എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. ഏത് പ്രതികൂലസന്ദര്‍ഭങ്ങളെയും മെരുക്കിയെടുക്കാനും മറ്റുളളവരുമായി യോജിച്ചു പോകാനുമുളള കഴിവുമാണ് വ്യംഗ്യം. വാസ്തവത്തില്‍ എവിടെയും നില്‍ക്കാന്‍ അറിയുന്ന ഒരാള്‍ ആയിരുന്നു ഇന്നസന്റ്. മറ്റുളളവരുടെ മനസും താത്പര്യങ്ങളും അറിഞ്ഞ് ഇടപെടാന്‍ ശ്രദ്ധിച്ചിരുന്നു. അതേസമയം തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളും തന്റെ അഭിപ്രായങ്ങളും നര്‍മ്മത്തിന്റെ മേമ്പൊടി തുകി അവതരിപ്പിക്കാനും ആരുടെയും മുഖത്ത് നോക്കി പറയാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഇന്നസന്റേട്ടനെ ഒരു ജ്യേഷ്ഠസഹോദരന്റെയോ പിതാവിന്റെയോ സ്ഥാനത്താണ് കാണുന്നതെന്ന് നടന്‍ ദിലീപ് പല സന്ദര്‍ഭങ്ങളിലും പറയുകയുണ്ടായി.സിനിമയില്‍ വിശ്വസിക്കാന്‍ കൊളളാവുന്ന അപൂര്‍വം സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഇന്നസന്റെന്ന് സത്യന്‍ അന്തിക്കാടും പലകുറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒപ്പം നില്‍ക്കുന്നവരെ വഞ്ചിക്കാതെ അവരോട് പരമാവധി സ്‌നേഹവും പ്രതിബദ്ധതയും പുലര്‍ത്താന്‍ ശ്രമിച്ച അദ്ദേഹം മരണം വരെയും ആ ശൈലി പിന്‍തുടര്‍ന്നു. നിർമാതാവായ കാലത്തും നടനായി തിളങ്ങിയ കാലത്തും ‘അമ്മ’യുടെ പ്രസിഡണ്ട് ആയപ്പോഴും പിന്നീട് പാര്‍ലമെന്റ ് അംഗമായപ്പോഴും ആ പ്രകൃതത്തില്‍ തരിമ്പും മാറ്റം വന്നില്ല. രോഗത്തെ പോലും തമാശയായി കാണാന്‍ കഴിയുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ പല കുറി ആക്രമിച്ചപ്പോഴൊക്കെ അദ്ദേഹം പറഞ്ഞു. ‘‘ലക്ഷകണക്കിന് രൂപയാണ് ചികിത്സയ്ക്കായി ചിലവായത്. അത് കൊടുത്ത് ചികിത്സിക്കാന്‍ സാധിച്ചത് ഞാനൊരു സിനിമാ നടനായതു കൊണ്ടാണ്. അല്ലായിരുന്നെങ്കില്‍ ഞാന്‍ എന്നേ പെട്ടിക്കുളളിലായേനെ’’
തമാശയില്‍ പൊതിഞ്ഞ യാഥാർഥ്യങ്ങളായിരുന്നു ഇന്നസന്റിന്റേത്. ഈ നാട്ടില്‍ പാവപ്പെട്ടവന് ഭീതിദമായ ഒരു അസുഖം വന്നാല്‍ എന്ത് ചെയ്യും എന്ന പറയാതെ പറച്ചിലുണ്ടായിരുന്നു ആ വാക്കുകളില്‍.
നാട്യങ്ങളില്ലാത്ത സ്‌നേഹം
സിനിമയില്‍ ഒഴികെ ജീവിതത്തില്‍ ഇന്നസന്റ് മീശ വച്ച് അധികമാരും കണ്ടിട്ടില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോഴും ഒട്ടും ആലോചിക്കാതെ മറുപടി വന്നു. ‘‘മീശ വച്ചാല്‍ ദിവസവും അത് ആദ്യം കറുത്തിരിക്കും. പിന്നെ നരച്ചിരിക്കും. ഇയാള്‍ക്ക് വയസ്സായെന്ന് പറഞ്ഞ് നാട്ടുകാര്‍ കളിയാക്കും. ഡൈ ചെയ്യാമെന്ന് വച്ചാല്‍ കുറെ കാശും പോയി കിട്ടും. അതിന്റെ അലര്‍ജിയും അനുബന്ധരോഗങ്ങള്‍ വേറെ’’, ഇങ്ങനെ ചെറിയ കാര്യങ്ങളെ പോലും പ്രായോഗികബുദ്ധിയോടെ സമീപിക്കാനും അതൊക്കെ തന്നെ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനും ഇന്നസന്റിന് മാത്രമേ കഴിയൂ.
തന്റെ പരിമിതികള്‍ തുറന്ന് പറയാന്‍ അദ്ദേഹം ഒരിക്കലും മടിച്ചില്ല. താന്‍ വെറും എട്ടാം ക്ലാസുകാരനായിരുന്നെന്നും വലിയ അറിവില്ലാത്ത ആളാണെന്നും മാര്‍വാടികളോട് പലിശയുടെ കാര്യം സംസാരിക്കാനുളള ഹിന്ദിയേ തനിക്കറിയൂ എന്നുമൊക്കെ നൂറ്റൊന്ന് തവണ ആവര്‍ത്തിച്ചിരുന്നു അദ്ദേഹം. സ്വന്തം കുറവുകളെ ഇങ്ങനെ എടുത്തു പറയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴും വന്നു ഉരുളക്കുപ്പേരി പോലെ മറുപടി.
‘‘സ്വന്തം കുറവുകളല്ലാതെ മറ്റുളളവരുടെ കുറവുകള്‍ പറയാന്‍ പാടുണ്ടോ? അത് മര്യാദയാണോ?’’, അതായിരുന്നു ഇന്നസന്റ്.
ദിലീപ് നടന്‍, നിർമാതാവ്, വിതരണക്കാരന്‍, തീയറ്റര്‍ ഉടമ... ഈ നിലകളിലൊക്കെ കത്തിജ്വലിച്ച് നില്‍ക്കുന്ന കാലത്ത് തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിക്കും മുന്‍പ് ഇന്നസന്റിനെ വിളിച്ച അനുഗ്രഹം തേടുമെന്ന് എവിടെയോ വായിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴും ഇന്നസന്റ് പറഞ്ഞു.
‘‘അത് ദിലീപിന്റെ മര്യാദ. പക്ഷെ എന്റെ അഭിപ്രായം കേട്ട് ഒരു കാര്യം ചെയ്യേണ്ട ആവശ്യം ദിലീപിനില്ല. എന്നേക്കാള്‍ പതിന്മടങ്ങ് ബുദ്ധിമാനും കഠിനാദ്ധ്വാനിയുമാണ് അവന്‍. മമ്മൂട്ടിക്ക് മോഹന്‍ലാലില്‍ ഒരു മകന്‍ ജനിച്ചാലെങ്ങനെയിരിക്കും. ഏതാണ്ട് അതുപോലെ.. കൂടുതലൊന്നും പറയേണ്ടതില്ലല്ലോ?’’
സെറ്റുകളില്‍ പല സുഹൃത്തുക്കളെയും കഥാപാത്രങ്ങളാക്കി തമാശക്കഥകള്‍ മെനയുന്ന ശീലമുണ്ടായിരുന്നു ഇന്നസന്റിന്. ഈ സ്വഭാവമുളള മറ്റൊരു നടനുമായി സഹപ്രവര്‍ത്തകരില്‍ ചിലര്‍ വഴക്കുണ്ടാക്കിയതായി കഥകള്‍ പരന്നപ്പോള്‍ ആ നടനുമായി പരസ്യമായി ഏറ്റുമുട്ടിയ ക്യാപ്ടന്‍ രാജുവിനോട് എന്തുകൊണ്ട് ഇന്നസന്റിനോട് ആരും പ്രതികരിക്കുന്നില്ല എന്ന് ആരാഞ്ഞു. അതിന് അദ്ദേഹം നല്‍കിയ മറുപടി ചിന്തോപദ്ദീപകമായിരുന്നു.
‘‘മറ്റൊരാള്‍ക്ക് ദോഷം വരുന്ന ഒന്നും ഇന്നസന്റ് പറയില്ല. ചെയ്യുകയുമില്ല’’,
പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പരാമര്‍ശിക്കപ്പെടുന്നവര്‍ക്കും വേദനിക്കുന്ന ഒന്നും ഇന്നസന്റിന്റെ കഥകളിലുണ്ടാവില്ല. എല്ലാവര്‍ക്കും ചിരിക്കാനുളള വക ഒളിപ്പിച്ച നിര്‍ദ്ദോഷമായ തമാശകള്‍ മാത്രമായിരുന്നു ഇന്നസന്റിന്റെ ലോകം. ഇന്നസന്റ് ഒരു തന്ത്രശാലിയാണെന്നും നയതന്ത്രജ്ഞനാണെന്നും അസൂയാലുക്കള്‍ പ്രചരിപ്പിച്ചപ്പോള്‍ അതിന്റെ നിജസ്ഥിതി അറിയാനുളള കൗതുകം കൊണ്ട് അദ്ദേഹത്തിന്റെ അടുപ്പക്കാരില്‍ ചിലരോട് തിരക്കി. അവരൊക്കെ ഏകകണ്ഠമായി പറഞ്ഞ ഒരു സത്യമുണ്ട്.
‘‘അതൊക്കെ ശരിയായിരിക്കാം. പക്ഷെ അതിനപ്പുറം ഒരു വലിയ ഗുണമുണ്ടായിരുന്നു ഇന്നസന്റിന്. കറതീര്‍ന്ന ആത്മാര്‍ത്ഥത’’, ഈ ആത്മാര്‍ഥതയും സൗഹൃദത്തിന് വിലകല്‍പ്പിക്കുന്ന മനോഭാവവുമാണ് അദ്ദേഹത്തെ വ്യാപകസ്വീകാര്യതയിലേക്ക് നയിച്ചത്.
ജീവിതം ഒരു നിര്‍ദോഷസഞ്ചാരമായിരിക്കണമെന്ന് സ്വയം നിഷ്‌കര്‍ഷിക്കുകയും മറ്റുളളവരെ ആ വഴി പിന്‍തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ആളാണ് ഇന്നസന്റ്. മലയാളത്തിലെ മറ്റൊരു ഹാസ്യനടനും മരിച്ചപ്പോള്‍ ഇത്രയധികം ജനങ്ങള്‍ ഒഴുകിയെത്തിയില്ല. സമൂഹത്തിന്റെ നാനാതുറകളിലും പെട്ട ഒട്ടനവധി ആളുകള്‍ ഇന്നസന്റിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തി.
മരണത്തിലും അറിഞ്ഞോ അറിയാതെയോ ഇന്നസന്റ് ടച്ച്-വേറിട്ട സമീപനം- നിലനിര്‍ത്താന്‍ വിധി കളമൊരുക്കി. അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകള്‍ കൊത്തിയ കല്ലറയിലാണ് ആ മഹാനടന്‍ അടക്കപ്പെട്ടത്. ഇപ്പോഴും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ജനലക്ഷങ്ങള്‍ ഇന്നസന്റിനെ സ്‌നേഹിക്കുന്നു. ടിവിയിലും ഒ.ടി.ടിയിലും മറ്റും വീണ്ടും വീണ്ടും കാണുന്നു.പൊട്ടിച്ചിരിക്കുന്നു. മാന്നാര്‍ മത്തായിക്ക് മരണമില്ല എന്ന് കാണികള്‍ പറയുമ്പോള്‍ തല ഒരു വശത്തേക്ക് ചരിച്ച് മുഖത്ത് നേരിയ ചമ്മല്‍ വരുത്തി സ്വര്‍ഗകവാടത്തിലിരുന്ന് സവിശേഷമായ ആ മോഡുലേഷനില്‍ ഇന്നച്ചന്‍ പറയും
‘‘...എന്റമ്മേ...ഈ മലയാളികള്‍ടെ ഒരു കാര്യം...? എന്നെ എന്തിനാ ഇങ്ങനെ പുകഴ്ത്തുന്നേ..?’’