വെറും 3 മാസം; 500 കോടി വാരി മലയാള സിനിമ: തിയറ്ററിൽ ആളില്ലെന്ന് ഇനിയാരും പറയില്ല !
2024ന്റെ ആദ്യപാദത്തില്‍ കേവലം മൂന്നു മാസം കൊണ്ട് മലയാള സിനിമ ആഗോള വിപണിയില്‍ നിന്നും വാരിക്കൂട്ടിയത് 500 കോടിയില്‍ അധികം. ചലച്ചിത്രവ്യവസായത്തിന് ആകമാനം ഉണര്‍വ് നല്‍കുന്ന ഈ പ്രവണതയ്ക്കു പിന്‍ഗാമിയായി ‘ആടുജീവിതം’ കൂടി വരുന്നതോടെ കോടികൾ ഇനിയും കിലുങ്ങും. പൃഥ്വിരാജിന്റെ ലൈഫ്‌ടൈം ബെസ്റ്റ് എന്ന് തന്നെ
2024ന്റെ ആദ്യപാദത്തില്‍ കേവലം മൂന്നു മാസം കൊണ്ട് മലയാള സിനിമ ആഗോള വിപണിയില്‍ നിന്നും വാരിക്കൂട്ടിയത് 500 കോടിയില്‍ അധികം. ചലച്ചിത്രവ്യവസായത്തിന് ആകമാനം ഉണര്‍വ് നല്‍കുന്ന ഈ പ്രവണതയ്ക്കു പിന്‍ഗാമിയായി ‘ആടുജീവിതം’ കൂടി വരുന്നതോടെ കോടികൾ ഇനിയും കിലുങ്ങും. പൃഥ്വിരാജിന്റെ ലൈഫ്‌ടൈം ബെസ്റ്റ് എന്ന് തന്നെ
2024ന്റെ ആദ്യപാദത്തില്‍ കേവലം മൂന്നു മാസം കൊണ്ട് മലയാള സിനിമ ആഗോള വിപണിയില്‍ നിന്നും വാരിക്കൂട്ടിയത് 500 കോടിയില്‍ അധികം. ചലച്ചിത്രവ്യവസായത്തിന് ആകമാനം ഉണര്‍വ് നല്‍കുന്ന ഈ പ്രവണതയ്ക്കു പിന്‍ഗാമിയായി ‘ആടുജീവിതം’ കൂടി വരുന്നതോടെ കോടികൾ ഇനിയും കിലുങ്ങും. പൃഥ്വിരാജിന്റെ ലൈഫ്‌ടൈം ബെസ്റ്റ് എന്ന് തന്നെ
2024 ന്റെ ആദ്യപാദത്തില്‍ കേവലം മൂന്നു മാസം കൊണ്ട് മലയാള സിനിമ ആഗോള വിപണിയില്‍നിന്നു വാരിക്കൂട്ടിയത് 500 കോടിയിലേറെ രൂപ. ചലച്ചിത്രവ്യവസായത്തിന് ആകമാനം ഉണര്‍വ് നല്‍കുന്ന ഈ പ്രവണതയ്ക്കു പിന്‍ഗാമിയായി ‘ആടുജീവിതം’ കൂടി വരുന്നതോടെ കോടികൾ ഇനിയും കിലുങ്ങും. പൃഥ്വിരാജിന്റെ ലൈഫ്‌ടൈം ബെസ്റ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആടുജീവിതം മലയാളത്തിൽ പുതു ചരിത്രം കുറിക്കുമെന്നു കരുതപ്പെടുന്നു.
കോവിഡ് കാലത്തിന് മുന്‍പ് തുടങ്ങിയ മാന്ദ്യം കോവിഡില്‍ മൂർധന്യാവസ്ഥയില്‍ എത്തുകയും സിനിമാക്കാഴ്ച ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ചുരുങ്ങുകയും ചെയ്തപ്പോൾ, തിയറ്ററുകള്‍ ഇനി പഴങ്കഥയാവുമെന്ന് പലരും പ്രവചിച്ചു. പല തിയറ്ററുകളും കല്യാണമണ്ഡപങ്ങളായി പരിവര്‍ത്തിച്ചതോടെ അതിന് യാഥാർഥ്യത്തിന്റെ നിറം കൈവന്നു. 2023 വരെ മലയാളത്തില്‍ ഇതായിരുന്നു സ്ഥിതി. ആ വര്‍ഷം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത് ആകെ അഞ്ചോ ആറോ സിനിമകള്‍. അതില്‍ തന്നെ 2023 ഡിസംബര്‍ 21 ന് റിലീസായ നേര് 2024 ലേക്ക് കൂടി പടര്‍ന്നു കിടക്കുന്ന സിനിമയാണ്. 50 കോടിക്കും 100 കോടിക്കുമിടയില്‍ ബിസിനസ് കരസ്ഥമാക്കിയ നേരിന് മുടക്കുമുതല്‍ 12 കോടിയാണെങ്കില്‍ വേള്‍ഡ് വൈഡ് ഗ്രോസ് കലക്‌ഷന്‍ 81 കോടിയായിരുന്നൂ. സാറ്റലൈറ്റ്-ഒടിടി-ഓവര്‍സീസ് അവകാശങ്ങള്‍ അടക്കം കണക്കാക്കുമ്പോള്‍ 100 കോടി ക്ലബ്ബ് ചിത്രം തന്നെയാണ് നേര്.
മഞ്ഞുമ്മൽ ബോയ്സ് ഇരുന്നൂറും പ്രേമലു നൂറും ഭ്രമയുഗവും അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾ 50 കോടിയും വീതം നേടിയതോടെ ഫെബ്രുവരിയിൽ മാത്രം മലയാളം വാരിയത് 400 കോടി. ജനുവരിയില്‍ വന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനും ജയറാമിന്റെ ഓസ്‌ലറും തിയറ്ററിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.
വിജയകഥകള്‍ മാത്രം പറഞ്ഞ് 2024
വാലിബനിലൂടെയും ഏബ്രഹാം ഓസ്‍ലറിലൂടെയും 2024 അതിന്റെ തേരോട്ടം ആരംഭിക്കുകയായിരുന്നു. ആദ്യദിനം വാലിബന്‍ വാരിയത് 5 കോടിയാണ്. പിന്നീട് ഈ സിനിമ തിയറ്ററുകളില്‍ അധികം ചലനമുണ്ടാക്കിയില്ല. പിന്നീട് വന്ന ഓസ്‌ലർ കാര്യങ്ങൾ മാറ്റിമറിച്ചു. തിയറ്ററുകളില്‍ നിന്ന് മാത്രം 40 കോടിയിലധികം വാരിയ ഓസ്‌ലറിന്റെ മറ്റ് വിറ്റുവരവുകള്‍ വേറെ.
പിന്നാലെ വന്ന അന്വേഷിപ്പിന്‍ കണ്ടെത്തും, ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകള്‍ തുടര്‍ച്ചയായി ഹിറ്റായപ്പോള്‍ സിനിമാ ലോകം മാത്രമല്ല പ്രേക്ഷകരും അമ്പരന്നു. മലയാള സിനിമ ഗുണമേന്മയുളള സിനിമകളുടെ ചാകര തന്നെ സൃഷ്ടിച്ചു. വ്യാവസായിക വിജയത്തിനപ്പുറം സൗന്ദര്യപരമായും മികച്ച സിനിമകള്‍ തന്നെയായിരുന്നു ഓരോന്നും. വ്യത്യസ്ത ജോണറുകളിലുളള പടങ്ങള്‍ ഒരേസമയം തിയറ്ററുകള്‍ ജനസമുദ്രമാക്കുന്ന കാഴ്ച കണ്ട് ഇന്ത്യന്‍ സിനിമാ ലോകം അമ്പരന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് ചരിത്രത്തിലെ അത്യപൂര്‍വതകളില്‍ ഒന്നായി. ആഗോള വിപണിയില്‍ നിന്ന് പടം വാരിക്കൂട്ടിയത് 200 കോടിയില്‍ അധികം രൂപ. സൂപ്പര്‍താര സാന്നിധ്യമില്ലാത്ത ഒരു മലയാള സിനിമയ്ക്ക് ഇത്രയധികം കലക്‌ഷന്‍ ലഭിക്കുന്നതും അത് സര്‍വകാലറെക്കോര്‍ഡിലേക്ക് കുതിക്കുന്നതും പഠനാര്‍ഹമാണ്. ഏതെങ്കിലു ഒരു പ്രത്യേക താരത്തിന്റെ സാന്നിധ്യമായിരുന്നില്ല ആ സിനിമയുടെ വിജയം. ആബാലവൃദ്ധര്‍ക്കും രുചിക്കും പാകത്തില്‍ ഇഞ്ചോടിഞ്ച് ആകാംക്ഷ നിലനിര്‍ത്തി മുന്നേറിയ ഒരു സര്‍വൈവല്‍ ത്രില്ലര്‍.
രസകരവും ഉദ്വേഗജനകവുമായ മുഹൂര്‍ത്തങ്ങളിലൂടെ സൗഹൃദത്തിന്റെ നിറക്കൂട്ടുകളില്‍ ചാലിച്ച് ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് പല തലങ്ങളില്‍ നേട്ടമുണ്ടാക്കി. സാധാരണ ഗതിയില്‍ ഒരു മലയാള സിനിമ അന്യഭാഷകളില്‍ അമ്പരപ്പിക്കുന്ന കലക്‌ഷന്‍ ഉണ്ടാക്കുക പതിവില്ല. ഒന്നുകില്‍ സിനിമ റീമേക്ക് ചെയ്യണം. അല്ലെങ്കില്‍ ഡബ്ബ് ചെയ്യണം. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ പടങ്ങള്‍ തമിഴ്-തെലുങ്ക് ഡബ്ബ്ഡ് വേര്‍ഷന്‍ റിലീസ് ചെയ്യും മുന്‍പേ അന്യസംസ്ഥാനങ്ങളില്‍ ഓളമുണ്ടാക്കി. മുന്‍കാലങ്ങളില്‍ അതത് ഭാഷ സംസാരിക്കുന്നവരായിരുന്നു ഇത്തരം സിനിമകള്‍ കാണാന്‍ തിയറ്ററുകളില്‍ എത്തിയിരുന്നതെങ്കില്‍ മലയാളികളേക്കാള്‍ കുടുതല്‍ തമിഴരും തെലുങ്കരും ഇരച്ചു കയറിയ സിനിമയായി മാറി മഞ്ഞുമ്മലും പ്രേമലുവും. പിന്നീട് ഡബ്ബിങ് പതിപ്പ് കൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ഉഷാറായി.
പ്രേമലു ഇതുവരെ കൊയ്തത് 120 കോടിയില്‍ അധികം. നസ്‌ലിനെ പോലൊരു കുഞ്ഞുതാരവും മമിതാ ബൈജുവിനെ പോലെ അത്ര ക്രൗഡ് പുളളര്‍ അല്ലാത്ത നായികയും മാത്രമായിരുന്നു സിനിമയിലെ ഏക താരസാന്നിധ്യം. എന്നാല്‍ താരങ്ങളല്ല, സിനിമയുടെ ആകത്തുകയും ആസ്വാദനക്ഷമതയുമാണ് മുഖ്യം എന്ന് സിനിമകള്‍ തെളിയിച്ചു.
സംഭാഷണങ്ങള്‍ കൊണ്ട് കഥ പറയാതെ സിനിമയുടെ ദൃശ്യഭാഷ കൊണ്ട് എങ്ങനെ കാലദേശാതീതമായി ആളുകളെ സ്വാധീനിക്കും വിധം കഥാകഥനം നിര്‍വഹിക്കാം എന്നത് സംബന്ധിച്ച സഫലമായ അന്വേഷണമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ലോകമാകമാനം പ്രേക്ഷകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു. ഭാഷയ്ക്കതീതമായ സംവേദനശേഷിയായിരുന്നു ഈ സിനിമ സമ്മാനിച്ചത്. വിഷ്വല്‍സും ഇമോഷന്‍സും ഉപയോഗിച്ച് ഭാഷാപരമായ പരിമിതികളെ മറികടന്ന മഞ്ഞുമ്മല്‍ ഡബ്ബ്ഡ് പതിപ്പുകള്‍ കൂടി വന്നതോടെ തിയറ്ററുകളില്‍ ഉത്സവപ്രതീതി പകര്‍ന്നു.
ഇതെല്ലാം കൂടി മലയാള സിനിമയ്ക്ക് സമ്മാനിച്ച സാമ്പത്തിക നേട്ടം അവിശ്വസനീയമാണ്. മൂന്നു മാസത്തിനുളളില്‍ 500 കോടിയിലധികമാണ് കൈവിരലില്‍ എണ്ണാന്‍ പോലുമില്ലാത്ത ഈ സിനിമകളെല്ലാം കൂടി നേടിത്തന്നത്. അന്യഭാഷകളിലെ താരങ്ങളും സാങ്കേതിക വിദഗ്ധരും മലയാള സിനിമയെ അദ്ഭുതാദരങ്ങളോടെ വീണ്ടും നോക്കി കാണുന്നു. കമലഹാസനും അനുരാഗ് കാശ്യപും പോലെ സമാനതകളില്ലാത്ത പല പ്രതിഭകളും നമ്മെ വാഴ്ത്തുന്നു.
പ്രിയദര്‍ശനെ പോലൊരു അതികായന്റെ വാക്കുകളും ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയം. ‘‘ഇനി ഞാന്‍ സിനിമകള്‍ എടുക്കുകയല്ല. ഈ ചെറുപ്പക്കാരുടെ സിനിമകള്‍ കാണാനാണ് സമയം ചെലവഴിക്കുന്നത്?’’
എല്ലാ ജോണറിലുമുളള സിനിമകള്‍ ചെയ്ത് തിയറ്ററുകള്‍ നിറച്ച പ്രിയദര്‍ശന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. വിദേശ സിനിമകള്‍ മലയാള സിനിമയെ സാധീനിച്ചു എന്നു പറഞ്ഞിരുന്നവർ ഇന്ന് ലോകം മലയാളത്തെ ഉറ്റുനോക്കുന്നതു കണ്ട് അന്തം വിടുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമ ചൈനീസ്-കൊറിയന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഇപ്പോള്‍ അതേ സിനിമ ഹോളിവുഡിലേക്കും റീമേക്ക് ചെയ്യാന്‍ പോകുന്നു. ദൃശ്യത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
മുന്‍കാലങ്ങളില്‍ അന്യഭാഷകളെയും ദേശങ്ങളെയും മാതൃകയാക്കിയ മലയാള സിനിമ ഇപ്പോള്‍ പലര്‍ക്കും മാതൃകയാവുന്നു. മഞ്ഞുമ്മലും പ്രേമലുവും മൂന്നോട്ട് വയ്ക്കുന്ന ദിശാസൂചിക എന്തെന്ന് വിദശമായി പരിശോധിക്കേണ്ടതുണ്ട്. നിരവധി കോടികള്‍ പ്രതിഫലം പറ്റുന്ന വലിയ താരങ്ങളല്ല പ്രധാനം.കഥയിലും തിരക്കഥയിലും ആഖ്യാനരീതിയിലുമുളള രസകരമായ ഘടകങ്ങള്‍ തന്നെയാണ്. എല്ലാം മറന്ന് രണ്ടര മണിക്കുര്‍ തിയറ്ററില്‍ പിടിച്ചിരുത്തുക എന്നതിനപ്പുറം മറ്റൊന്നും സിനിമയില്‍ പ്രസക്തമല്ല. അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതും എഴുതുന്നതും ആര് എന്നതല്ല, അവര്‍ എന്ത് ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു, അത് എത്രത്തോളം കാണികള്‍ക്ക് രസകരമായി അനുഭവപ്പെടുന്നു എന്നതാണ് പ്രധാനം.
വാലിബന്‍ വീണിടത്ത് വിജയിച്ചു കയറിയ സിനിമകള്‍ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. വാണിജ്യ സിനിമ വ്യക്തിഗതമല്ല. പഴ്‌സനല്‍ സിനിമകള്‍ നിര്‍മിക്കുന്ന ഫിലിം മേക്കേഴ്‌സിനെ പിന്‍തുടരേണ്ട ബാധ്യത 200 രൂപ മുടക്കി തിയറ്ററില്‍ പോകുന്ന പ്രേക്ഷകനില്ല. അവന് ആസ്വദിക്കാൻ കഴിയുന്ന, എന്റർടെയ്നിങ് ആയ സിനിമകള്‍ ഒരുക്കുക എന്നതിലാണ് ഇന്‍ഡസ്ട്രി ശ്രദ്ധിക്കേണ്ടത്. അതിന് പഴയ കാല തട്ടുപൊളിപ്പന്‍ ഫോര്‍മുലാ ചിത്രങ്ങളും ആവശ്യമില്ല. ഫ്രഷ്‌നസുളള കണ്ടന്റ, ഫ്രഷായ ട്രീറ്റ്‌മെന്റ് ഇത് രണ്ടും മുഖ്യമാണ്. പഴയ വിഷയങ്ങള്‍ പോലും പുതുതായി പറഞ്ഞാല്‍ ജനം ഏറ്റെടുക്കുമെന്ന് മഞ്ഞുമ്മല്‍ പറയുന്നു.
മലയാളത്തിന്റെ തലവര തിരുത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ്
ഗുണാ കേവ് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമല്ല. തമിഴ് സിനിമയിലുടെ യാണ് നമ്മള്‍ ആദ്യമായി അത് പരിചയപ്പെടുന്നത്. മാളൂട്ടി, ഹെലന്‍ എന്നീ സര്‍വൈവല്‍ ത്രില്ലറുകള്‍ എത്രയോ കാലം മുന്‍പ് കണ്ടവരാണ് മലയാളികള്‍. പുതിയ അനുഭവം സമ്മാനിക്കുക, അത് ആസ്വാദനക്ഷമമായി അവതരിപ്പിക്കുക എന്നത് മാത്രമാണ് ഇന്ന് സിനിമയുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്.
സൃഷ്ടിപ്രക്രിയയില്‍ സംവിധായകന്‍ അനുഭവിച്ച അനുഭൂതി അതേ തീവ്രതയോടെ പ്രേക്ഷകനിലേക്കും പകരുന്നതില്‍ ചിദംബരവും ഗിരീഷ് എ.ഡി.യും വിജയിച്ചിരിക്കുന്നു. ഇതേ നില തുടര്‍ന്നാല്‍ മലയാള സിനിമ നടന്നു കയറാനിടയുളള ഉയരങ്ങള്‍ക്ക് പരിധിയില്ല. ഒരു ദശകം മുന്‍പ് 50 കോടി ക്ലബ്ബ് എന്നത് നമുക്ക് ബോളിവുഡ് സിനിമയില്‍ മാത്രം സംഭവിക്കുന്ന ഒരു അദ്ഭുതമായിരുന്നു. ദൃശ്യമാണ് അത് മലയാള സിനിമയ്ക്ക് അപ്രാപ്യമല്ല എന്ന് തെളിയിച്ചത്. പിന്നാലെ വന്ന പുലി മുരുകന്‍ നുറുകോടി ക്ലബ്ബ് എന്ന സ്വപ്നം യാഥാർഥ്യമാക്കി. ലൂസിഫര്‍ ഏതാനും പടികള്‍ കൂടി മൂന്നോട്ട് പോയി. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് അതുക്കും മേലെ ഉയര്‍ന്ന് പറന്നു. മാളികപ്പുറവും 2018ഉം പോലെ ഒറ്റപ്പെട്ട അദ്ഭുതങ്ങള്‍ ഇടയ്ക്ക് സംഭവിച്ചെങ്കിലും അത് തുടര്‍ക്കഥയാകുന്നത് ഇതാദ്യം.
നിരന്തരം വന്‍ഹിറ്റുകള്‍.. അതും സൂപ്പര്‍താരങ്ങളുടെ പിന്‍ബലമില്ലാതെ... സിനിമയുടെ ഇനീഷ്യല്‍ പുളളും കലക്‌ഷന്‍ ഗ്രാഫും സ്റ്റാര്‍ഡവുമായി ബന്ധപ്പെട്ട് മാത്രം നില്‍ക്കുന്നു എന്ന പൊതുധാരണയെ സമര്‍ത്ഥമായി അട്ടിമറിക്കുന്നു 2024 നല്‍കിയ സിനിമകള്‍. സിനിമ അതിന്റെ തനത് അസ്തിത്വം കണ്ടെത്തിയിരിക്കുന്നു എന്നാണ് കാലം നമ്മോട് പറയുന്നത്.
ഗ്ലോബല്‍ അപ്പീലിങ് ആയ പ്രമേയവും ആവിഷ്‌കാരഭംഗിയും പൃഥ്വിരാജിനെ പോലെ ഒരു ക്രൗഡ്പുളളറും ഉണ്ടെങ്കില്‍ സിനിമ ഏതറ്റം വരെ പോകാം എന്നതിന്റെ മികച്ച ദൃഷ്ടാന്തമാവും 28 ന് റിലീസ് ചെയ്യാനിരിക്കുന്ന ആടുജീവിതമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ചിത്രത്തിന്റെ ടീസറുകള്‍ തന്നെ രാജ്യാന്തര നിലവാരം പുലർത്തുന്നു. ബന്യാമിന്‍, ബ്ലസി, പൃഥ്വിരാജ് എന്നിവരിലുളള വിശ്വാസം തന്നെയാണ് സിനിമയെക്കുറിച്ചുളള പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നത്.
മുടക്കുന്ന തുക തിരിച്ചുപിടിക്കുക
സിനിമ ഒരു കലാരൂപമെങ്കിലും അതോടൊപ്പം ഒരു വാണിജ്യഉൽപന്നവുമാണ് എന്നത് ഏവരും അംഗീകരിക്കുന്ന സത്യമാണ്. അനവധി കോടികളാണ് ഇന്ന് ഒരു ലോബജറ്റ് സിനിമയുടെ പോലും മൂലധനം. അതുകൊണ്ടുതന്നെ മുതല്‍മുടക്ക് തിരിച്ചുപിടിക്കുക എന്നതിന് ഏറെ പ്രാധാന്യമുണ്ട്. കലാപരത നഷ്ടപ്പെടാതെ തന്നെ അമ്പരപ്പിക്കുന്ന വിജയം കയ്യെത്തിപ്പിടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ചിദംബരം-സൗബിന്‍ ടീം.
ഇത് മലയാള സിനിമയ്ക്ക് ആകമാനം ഉണര്‍വ് നല്‍കുന്നു. വേറിട്ട പരീക്ഷണങ്ങള്‍ക്ക് പ്രേരണ നല്‍കുന്നു. താരത്തിനപ്പുറം വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ക്കും ആഖ്യാനരീതികള്‍ക്കും മുന്‍ഗണന ലഭിക്കുന്നു. സിനിമ താരങ്ങളുടെ കൈകളില്‍ നിന്ന് പ്രതിഭാശാലകളായ സംവിധായകരുടെ തലച്ചോറിലേക്ക് മടങ്ങുന്നു. അന്യദേശങ്ങളില്‍ മലയാള സിനിമ വീണ്ടും ആദരിക്കപ്പെടുന്നു. ഒപ്പം നിര്‍മാതാക്കളൂടെ കീശ നിറയുന്നു. തിയറ്റര്‍ ഉടമകളും സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരകണക്കിന് ആളുകളും സന്തുഷ്ടരാവുന്നു.
മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വര്‍ഷമായി 2024 മാറുമ്പോള്‍ ആടുജീവിതത്തിന് പിന്നാലെ നിരവധി മികച്ച പ്രോജക്ടുകള്‍ റിലീസിനായി കാത്തു നില്‍ക്കുന്നു.
200 കോടി പിന്നിട്ട മഞ്ഞുമ്മല്‍ ബോയ്‌സില്‍നിന്നും 1000 കോടിയുടെ വിജയകഥ പറഞ്ഞ പഠാനിലേക്കുളള യാത്രയും മലയാള സിനിമയെ സംബന്ധിച്ച് അപ്രാപ്യമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. രണ്ടാമൂഴം പോലുളള മോഹിപ്പിക്കുന്ന പ്രോജ്കടുകള്‍ യാഥാർഥ്യമായാല്‍ ഇതൊക്കെയും യാഥാർഥ്യമാകാവുന്നതേയുളളു.