‘ആടുജീവിതം’ കൊണ്ട് പൃഥ്വിരാജ് എന്ന നടന് അതിരിടാനാവില്ല: എം. പത്മകുമാർ പറയുന്നു
‘ആടുജീവിതം’ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ എം. പത്മകുമാർ. എഴുത്തിന്റെയും സംവിധായക മികവിനോടൊപ്പം തന്നെ പൃഥ്വിരാജിന്റെ അസാമാന്യമായ, അനിതരസാധാരണമായ പരകായപ്രവേശമാണ് സിനിമയിലൂടെ കാണാനായതെന്ന് പത്മകുമാർ പറയുന്നു. ‘‘പൃഥ്വിരാജ് സുകുമാരൻ എന്ന രാജുവിനെ ഞാനാദ്യം കാണുന്നത്
‘ആടുജീവിതം’ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ എം. പത്മകുമാർ. എഴുത്തിന്റെയും സംവിധായക മികവിനോടൊപ്പം തന്നെ പൃഥ്വിരാജിന്റെ അസാമാന്യമായ, അനിതരസാധാരണമായ പരകായപ്രവേശമാണ് സിനിമയിലൂടെ കാണാനായതെന്ന് പത്മകുമാർ പറയുന്നു. ‘‘പൃഥ്വിരാജ് സുകുമാരൻ എന്ന രാജുവിനെ ഞാനാദ്യം കാണുന്നത്
‘ആടുജീവിതം’ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ എം. പത്മകുമാർ. എഴുത്തിന്റെയും സംവിധായക മികവിനോടൊപ്പം തന്നെ പൃഥ്വിരാജിന്റെ അസാമാന്യമായ, അനിതരസാധാരണമായ പരകായപ്രവേശമാണ് സിനിമയിലൂടെ കാണാനായതെന്ന് പത്മകുമാർ പറയുന്നു. ‘‘പൃഥ്വിരാജ് സുകുമാരൻ എന്ന രാജുവിനെ ഞാനാദ്യം കാണുന്നത്
‘ആടുജീവിതം’ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ എം. പത്മകുമാർ. എഴുത്തിന്റെയും സംവിധായക മികവിനോടൊപ്പം തന്നെ പൃഥ്വിരാജിന്റെ അസാമാന്യമായ, അനിതരസാധാരണമായ പരകായപ്രവേശമാണ് സിനിമയിലൂടെ കാണാനായതെന്ന് പത്മകുമാർ പറയുന്നു.
‘‘പൃഥ്വിരാജ് സുകുമാരൻ എന്ന രാജുവിനെ ഞാനാദ്യം കാണുന്നത് കോഴിക്കോട് ചുള്ളിയോട് റോഡിലെ സംവിധായകൻ രഞ്ജിത്തിന്റെ ഫ്ലാറ്റിൽ വച്ചാണ്. ‘രാവണപ്രഭു’വിനു ശേഷം രഞ്ജി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയ്ക്ക് ഒരു പുതുമുഖ നായകനെ വേണം. സംവിധായകൻ ഫാസിൽ സാറാണ് സുകുവേട്ടന്റെ രണ്ടാമത്തെ മകൻ പൃഥ്വിരാജിനെ കുറിച്ച് രഞ്ജിയോട് പറയുന്നത്. അങ്ങനെയാണ് പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ ‘നന്ദനം’ എന്ന സിനിമയിലൂടെ മലയാളസിനിമയിൽ അവതരിക്കുന്നത്.
ഞാൻ ‘നന്ദന’ത്തിന്റെ അസ്സോഷ്യേറ്റ് ഡയറക്ടറായിരുന്നു. വളരെയധികം ഇൻട്രൊവേർട്ട് ആയ, അയത്നലളിതമായി തന്റെ ഭാഗം അഭിനയിച്ചു തീർത്ത് ഹോട്ടൽ മുറിക്കകത്തെ സ്വന്തം മുറിയിൽ ആർക്കും മുഖം കൊടുക്കാനിഷ്ടപ്പെടാതെ തന്റേതായ ഒരു ലോകത്ത് ഒതുങ്ങിക്കഴിയാൻ മാത്രം ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരൻ. ഷൂട്ടിങിനു ശേഷം തിരുവനന്തപുരം ചിത്രാഞ്ജലിയിൽ ‘നന്ദന’ത്തിന്റെ ഡബ്ബിങ് തുടങ്ങിയപ്പോൾ തന്റെ പരരൂപമായ മനുവിനെ കാണാനും ശബ്ദം നൽകാനുമായി രാജു വന്നതും ഒട്ടും ആത്മവിശ്വാസമില്ലാതെ തുടങ്ങിയ ശബ്ദലേഖനം പിന്നെപ്പിന്നെ ഒരു ആവേശമായി മാറിയതും (ഡബ്ബിങ് പൂർത്തിയാകുന്നതു വരെ ഞാനുണ്ടായിരുന്നില്ല) ഞാൻ കണ്ടു. ‘നന്ദനം’ ആണ് ആദ്യം പൂർത്തിയായതെങ്കിലും രാജുവിന്റെ രണ്ടോ മൂന്നോ സിനിമകൾ പുറത്തു വന്നതിനു ശേഷമാണ് ‘നന്ദനം’ റിലീസ് ചെയ്യപ്പെടുന്നത്.
പക്ഷേ ഒരു പെർഫക്ട് ആക്ടർ എന്ന നിലയിൽ പൃഥ്വിരാജ് സ്റ്റാംപ് ചെയ്യപ്പെടുന്നത് ‘നന്ദനം’ എന്ന സിനിമയിലൂടെ ആണ് എന്നത് പച്ചയായ യാഥാർഥ്യമാണ്. അതിനു ശേഷം ഞാൻ, എം. പത്മകുമാർ എന്ന സംവിധായകൻ ജനിച്ച ആദ്യസിനിമ, ‘അമ്മക്കിളിക്കൂടി’ലെ നായകൻ പൃഥ്വിരാജ് ആവണം എന്നത് ഒരു നിയോഗമായിരുന്നു. അതിനു ശേഷം 'അമ്മക്കിളിക്കൂടി'നു നേർ വിപരീതമായിരിക്കണം എന്റെ അടുത്ത സിനിമ എന്ന് ചിന്തിക്കുമ്പോഴും എനിക്ക് സങ്കൽപ്പിക്കാൻ മറ്റൊരു നായകനുണ്ടായിരുന്നില്ല, പൃഥ്വിരാജ് അല്ലാതെ. അങ്ങനെയാണ് ‘വർഗം’ എന്ന സിനിമ ഉണ്ടാവുന്നത്. മറക്കാൻ കഴിയുന്നതല്ല, ആ സിനിമയുടെ ചിത്രീകരണത്തിന്റെ ഓരോ ദിവസങ്ങളും ആ ദിവസങ്ങളിൽ ഞങ്ങളനുഭവിച്ച പിരിമുറുക്കങ്ങളും അതിനു പിന്നിൽ ഉറച്ചു നിന്നു കൊണ്ട് പൃഥ്വിരാജ് എന്ന നായകൻ നൽകിയ കൈത്താങ്ങുകളും.
നന്ദി രാജു, നിങ്ങളല്ലായിരുന്നു നായകൻ എങ്കിൽ ഒരു പക്ഷേ ആ സിനിമ റിലീസ് ചെയ്യപ്പെടുക പോലുമില്ലായിരുന്നു. അതിനുശേഷമായിരുന്നു ‘വാസ്തവം’ എന്ന സിനിമ. പൃഥ്വിരാജ് എന്ന കലാകാരനെ ആ വർഷത്തെ മികച്ച നടൻ എന്ന ബഹുമതി നൽകി കേരളം ആദരിച്ച സിനിമ. അവിടന്നങ്ങോട്ട് പൃഥ്വിരാജ് എന്ന നടന്റെ, കലാകാരന്റെ, കഠിനാദ്ധ്വാനിയായ ചെറുപ്പക്കാരന്റെ വളർച്ച കുറച്ചു മാറിനിന്നുകൊണ്ട്, മലയാള സിനിമയുടെ ഒരു ഭാഗമായിനിന്നുകൊണ്ടുതന്നെ ഞാൻ കണ്ടു. അതിനിടയിൽ രാജു നിർമാതാവായി, സംവിധായകനായി, പാൻ ഇന്ത്യൻ നടനായി... ഏറ്റവും ഒടുവിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് 'ഗുരുവായൂരമ്പലനടയിൽ' എന്ന സിനിമയുടെ ലൊക്കേഷനിൽ കാണുമ്പോഴും രാജുവിന് വന്നു കൊണ്ടിരിക്കുന്ന/വരാനിരിക്കുന്ന സിനിമകളെ കുറിച്ചു മാത്രമേ സംസാരിക്കാനുണ്ടായിരുന്നുള്ളു.
പിന്നെ ഞാൻ കാണുന്നത് 'ആടുജീവിത'മാണ്. സിനിമയുടെ അകവും പുറവും അടുത്തറിയാവുന്ന ഒരാൾ എന്ന നിലയിൽ എന്നെ ഇമോഷനൽ ആക്കാൻ കഴിയുന്ന സിനിമകൾ വളരെ വളരെ വിരളമാണ്. പക്ഷേ ‘ആടുജീവിതം' കണ്ട് ഞാൻ തേങ്ങിപ്പോയെങ്കിൽ, ഒരു കരച്ചിൽ എന്റെ തൊണ്ടക്കയ്കത്തു കുരുങ്ങിപ്പോയെങ്കിൽ, സിനിമ അവസാനിച്ചിട്ടു പോലും എനിക്കാ കസേരവിട്ട് എഴുന്നേൽക്കാൻ കഴിയാതെ പോയെങ്കിൽ അതാ എഴുത്തിന്റെ, സംവിധായകന്റെ മികവിനോടൊപ്പം തന്നെ എന്റെ പ്രിയപ്പെട്ട രാജുവിന്റെ അസാമാന്യമായ, അനിതരസാധാരണമായ ആ പരകായപ്രവേശം കൂടി കാരണമാണ്. ഞാൻ അഭിമാനിക്കുന്നു, കുറച്ചെങ്കിലും അഹങ്കരിക്കുന്നു… 'നന്ദന'ത്തിൽ നിന്നു തുടങ്ങിയ ആ ജൈത്രയാത്രയുടെ ഒന്നു രണ്ട് വഴിത്തിരിവുകളിൽ എങ്കിലും, ആരും കണ്ടിട്ടോ ശ്രദ്ധിച്ചിട്ടോ ഇല്ല എങ്കിൽ പ്പോലും ഞാനും ഉണ്ടായിരുന്നു.
പ്രിയപ്പെട്ട രാജു, ‘ആടുജീവിതം’ കണ്ടതിനു ശേഷം ഞാൻ രാജുവിനെ വിളിക്കാതിരുന്നത്, ലോകമെമ്പാടു നിന്നും ഉള്ള അഭിനന്ദനപ്രവാഹങ്ങൾക്കിടയിൽ ഈ ചെറിയ ശബ്ദം നിങ്ങൾ കേൾക്കാതെ പോയെങ്കിലോ എന്നു സംശയിച്ചിട്ടാണ്… ഒന്നു മാത്രം എനിക്കറിയാം. ‘ആടുജീവിതം’ കൊണ്ട് പൃഥ്വിരാജ് എന്ന നടന് അതിരിടാനാവില്ല. അതിനപ്പുറം ഒരുപാടൊരുപാട് മികവാർന്ന കഥയും കഥാപാത്രങ്ങളും നിങ്ങൾക്കായി ജനിക്കാനിരിക്കുന്നു; അതു കാണാനും കണ്ടാനന്ദിക്കാനും ആശീർവദിക്കാനും ഞാൻ ഉൾപ്പെടെയുള്ള അനേകമനേകം ആരാധകരും സ്നേഹിതരും അഭ്യുദയകാംക്ഷികളും കാത്തിരിക്കുന്നു. ആശംസകൾ.’’–പത്മകുമാറിന്റെ വാക്കുകൾ.