‘ആന്റണി എങ്ങനെ ബിസിനസ് പാർട്ണർ ആയി’; ഞൊടിയിടയിൽ മോഹൻലാലിന്റെ ഉത്തരം
മോഹന്‍ലാലിന്റെ ജീവിതവും ഇഷ്ടാനിഷ്ടങ്ങളും സിനിമകളും കഥാപാത്രങ്ങളും അതിന്റെ സൂക്ഷ്മചലനങ്ങള്‍ പോലും മലയാളിക്ക് മനഃപാഠമാണ്. അത്രമേല്‍ തീവ്രമായി മലയാളി ജീവിതത്തെ സ്വാധീനിച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് മോഹൻലാല്‍. സമാനതകളില്ലാത്ത അഭിനയമികവ് കൊണ്ടു മാത്രമാണ് മോഹൻലാല്‍ അനന്യമായ ഉയരങ്ങളിലേക്ക് നടന്നു കയറിയത്.
മോഹന്‍ലാലിന്റെ ജീവിതവും ഇഷ്ടാനിഷ്ടങ്ങളും സിനിമകളും കഥാപാത്രങ്ങളും അതിന്റെ സൂക്ഷ്മചലനങ്ങള്‍ പോലും മലയാളിക്ക് മനഃപാഠമാണ്. അത്രമേല്‍ തീവ്രമായി മലയാളി ജീവിതത്തെ സ്വാധീനിച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് മോഹൻലാല്‍. സമാനതകളില്ലാത്ത അഭിനയമികവ് കൊണ്ടു മാത്രമാണ് മോഹൻലാല്‍ അനന്യമായ ഉയരങ്ങളിലേക്ക് നടന്നു കയറിയത്.
മോഹന്‍ലാലിന്റെ ജീവിതവും ഇഷ്ടാനിഷ്ടങ്ങളും സിനിമകളും കഥാപാത്രങ്ങളും അതിന്റെ സൂക്ഷ്മചലനങ്ങള്‍ പോലും മലയാളിക്ക് മനഃപാഠമാണ്. അത്രമേല്‍ തീവ്രമായി മലയാളി ജീവിതത്തെ സ്വാധീനിച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് മോഹൻലാല്‍. സമാനതകളില്ലാത്ത അഭിനയമികവ് കൊണ്ടു മാത്രമാണ് മോഹൻലാല്‍ അനന്യമായ ഉയരങ്ങളിലേക്ക് നടന്നു കയറിയത്.
മോഹന്‍ലാലിന്റെ ജീവിതവും ഇഷ്ടാനിഷ്ടങ്ങളും സിനിമകളും കഥാപാത്രങ്ങളും അതിന്റെ സൂക്ഷ്മചലനങ്ങള്‍ പോലും മലയാളിക്ക് മനഃപാഠമാണ്. അത്രമേല്‍ തീവ്രമായി മലയാളി ജീവിതത്തെ സ്വാധീനിച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് മോഹൻലാല്‍. സമാനതകളില്ലാത്ത അഭിനയമികവ് കൊണ്ടു മാത്രമാണ് മോഹൻലാല്‍ അനന്യമായ ഉയരങ്ങളിലേക്ക് നടന്നു കയറിയത്. പരിചയപ്പെടുന്നതിന് മുന്‍പും പിന്‍പും മോഹൻലാലിനെക്കുറിച്ച് മനസില്‍ സ്വരൂപിച്ച ചില ചിത്രങ്ങളുണ്ട്. അതിലൊക്കെ കാണാന്‍ സാധിക്കുന്നത് ഒന്നിനൊന്നു വ്യത്യസ്തമായ ലാല്‍മാരെയാണ്. അങ്ങനെ പല ഭാവങ്ങളും പല തരം മാനസികാവസ്ഥകളുമുളള ഒരുപാട് ലാലുമാര്‍ ചേര്‍ന്നതാണ് ഒരു വലിയ മോഹന്‍ലാല്‍.
അഭിനയത്തിനപ്പുറം കടന്ന് ഒരു വ്യക്തിത്വം
പല നടന്‍മാരും അഭിനയത്തില്‍ മാത്രം ആത്മസംതൃപ്തി കണ്ടെത്തുമ്പോള്‍ അതിനപ്പുറമുളള ഒരു ലോകത്തിന്റെ വൈവിധ്യങ്ങള്‍ കൂടി മോഹന്‍ലാലിനെ മോഹിപ്പിക്കുന്നുണ്ട്. പലര്‍ക്കും അറിയാത്ത ഒന്നുണ്ട്. വളരെ സ്വകാര്യമായി ചില കുട്ടിക്കഥകള്‍ കുത്തിക്കുറിക്കുന്ന ലാല്‍ രേഖാചിത്രങ്ങളും വരയ്ക്കാറുണ്ട്. അതൊക്കെ സ്വയം ചെയ്യുന്നു എന്നതിനപ്പുറം അത്തരം കാര്യങ്ങളില്‍ പ്രാഗത്ഭ്യമുളളവരെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മോഹൻലാലില്‍ ഒരു ആസ്വാദക മനസ്സു കൂടിയുണ്ട്. നമ്പൂതിരി ചിത്രങ്ങള്‍ അദ്ദേഹത്തിനു വലിയ ഹരമായിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെക്കൊണ്ട് അദ്ദേഹം നിര്‍ബന്ധിച്ച് തനിക്കായി ചിത്രങ്ങള്‍ വരപ്പിച്ചിരുന്നു. അതൊക്കെ വീട്ടിലെ ചുമരില്‍ ഫ്രെയിം ചെയ്ത് വലിയ പ്രാധാന്യത്തോടെ സൂക്ഷിച്ചിരുന്നു. അചിന്ത്യമായ തിരക്കുകള്‍ക്കിടയിലും അദ്ദേഹം നമ്പൂതിരിയുടെ വീട്ടില്‍ അതിഥിയായി പോകുമായിരുന്നു. കലയെയും കലാകാരന്‍മാരെയും വിസ്മയം നിറഞ്ഞ കണ്ണുകള്‍ കൊണ്ടാണ് അദ്ദേഹം എന്നും നോക്കി കണ്ടിരുന്നത്.
മകള്‍ വിസ്മയ ഇംഗ്ലിഷില്‍ എഴുതിയ കവിതകള്‍ പെന്‍ഗ്വിന്‍ പുസ്തകരൂപത്തിലാക്കിയപ്പോള്‍ മോഹന്‍ലാല്‍ അതു വലിയ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. അക്കാലത്ത് വീട്ടില്‍ അതിഥികളായി വന്ന അടുപ്പക്കാരെയൊക്കെ അദ്ദേഹം മായയുടെ കവിതകള്‍ എന്നു പറഞ്ഞ് ഈ പുസ്തകം കൊണ്ടു വന്നു കാണിക്കുമായിരുന്നെന്ന് ഒരു കുടുംബസുഹൃത്ത് വെളിപ്പെടുത്തുകയുണ്ടായി. കഥകളി നടന്‍മാരോടും സമാനമായ ആദരവും ആരാധനയും എന്നും മോഹൻലാലിനുണ്ട്. വാനപ്രസ്ഥം എന്ന സിനിമ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മഹാനടനും ആഗോളപ്രശസ്തനുമായ അദ്ദേഹം ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ തങ്ങളോട് ഇടപെഴുകിയതിനെക്കുറിച്ച് പല കഥകളി കലാകാരന്‍മാരും പിന്നീടു തുറന്നു പറഞ്ഞിട്ടുണ്ട്.
കഥകളി കലാകാരന്‍മാരുടെ ജീവിതം പ്രതിപാദിക്കുന്ന വാനപ്രസ്ഥം എന്ന സിനിമ നിര്‍മിക്കാന്‍ വാണിജ്യ താത്പര്യമുളള ഒരു നിര്‍മാതാവ് തയാറാവില്ല. എന്നാല്‍ മോഹൻലാല്‍ അതു സധൈര്യം ഏറ്റെടുത്തു. അക്കാലത്ത് ഈ ചിത്രത്തിനായി അദ്ദേഹം കോടികള്‍ മുതല്‍മുടക്കിയിരുന്നു. സിനിമ സാമ്പത്തികമായി പരാജയപ്പെട്ടതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു. 'പണത്തേക്കാള്‍ പ്രധാനമായ മറ്റു പലതുമുണ്ട്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ ദേശീയ പതാക പാറി പറന്നത് വാനപ്രസ്ഥം അവിടെ പ്രദര്‍ശിപ്പിക്കുന്നു എന്നതിന്റെ പേരിലാണ്. അപ്പോള്‍ ലഭിച്ച സന്തോഷത്തേക്കാള്‍ വലുതല്ല കുറെ പണം നഷ്ടപ്പെട്ടു എന്നത്. ഞാന്‍ സിനിമകളില്‍ നിക്ഷേപിക്കുന്ന പണം സിനിമയില്‍ നിന്നു തന്നെ ഉണ്ടാക്കിയതാണ്. നല്ല സിനിമകള്‍ക്ക് വേണ്ടി അതു നഷ്ടപ്പെട്ടാലും എനിക്കു വിഷമമില്ല'! ഇങ്ങനെ പറയാന്‍ അക്കാലത്ത് ഒരു മോഹന്‍ലാല്‍ മാത്രമേ ഉണ്ടായിരുന്നുളളു.
വാനപ്രസ്ഥത്തില്‍ കഥകളിയും കമലദളത്തില്‍ ഭരതനാട്യവും ആടുന്ന മോഹൻലാലിനെ കണ്ട് അത്ഭുതപ്പെട്ട കഥ നര്‍ത്തകിയായ വാണി ഗണപതി പങ്കു വച്ചിട്ടുണ്ട്. പതിറ്റാണ്ടുകളോളം നിരന്തര പരിശീലനം സിദ്ധിച്ചവര്‍ക്കു പോലും സാധിക്കാത്ത അത്ര കൃത്യതയോടെ അനര്‍ഗളമായും അനായാസമായും മുദ്രകള്‍ അവതരിപ്പിക്കാന്‍ മോഹൻലാലിന് കഴിയുന്നു എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. അടിസ്ഥാനപരമായി കലാകാരനായ ജന്മസിദ്ധ പ്രതിഭയുളള ഒരാള്‍ക്ക് ഏതു കലയും വഴങ്ങും എന്ന സത്യത്തെ സാധൂകരിക്കുന്നു പലപ്പോഴും മോഹന്‍ലാല്‍. സംഗീതം പഠിച്ചിട്ടില്ലാത്ത, സാധന ചെയ്തിട്ടില്ലാത്ത മോഹൻലാല്‍ എത്രയോ സിനിമകള്‍ക്കു വേണ്ടി മനോഹരമായി പിന്നണി പാടി. എത്രയോ സ്‌റ്റേജ് ഷോകളിലും പാടി.
മഞ്ജു വാരിയരും സുജാതയും അടക്കമുളളവര്‍ക്കൊപ്പം കട്ടയ്ക്കു നിന്നു പാടുന്ന ലാലിനെ കണ്ട് അദ്ഭുതപ്പെട്ടവര്‍ ഏറെ.
മാജിക്കും സംസ്‌കൃത നാടകവും
ജീവിതം എന്നും ഒരേ ദിക്കിലേക്ക് തുഴയാന്‍ വൈവിധ്യങ്ങളെ സ്‌നേഹിക്കുന്ന മോഹൻലാല്‍ മനസ് ഒരു കാലത്തും അനുവദിച്ചിരുന്നില്ല. നൂറുകണക്കിന് സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന തിരക്കിനിടയിലും പുതുമയാര്‍ന്ന ദൗത്യങ്ങള്‍ക്കായി ആ മനസ് സദാ വെമ്പിക്കൊണ്ടിരുന്നു. മുതുകാടിനൊപ്പം ചേര്‍ന്നു മാജിക് പഠിക്കാനിറങ്ങിയതും പൊതുവേദിയില്‍ മാജിക് ഷോ അവതരിപ്പിച്ചതും മറ്റും വേറിട്ട ഒരു ദൗത്യം ചെയ്തു വിജയിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മാത്രം ലക്ഷ്യമിട്ടായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പുരാവസ്തുക്കള്‍ എവിടെ കണ്ടാലും എന്തു വില കൊടുത്തും വാങ്ങൂന്ന മോഹന്‍ലാലിന്റെ വീട്ടില്‍ അത്തരം വസ്തുക്കളുടെ വലിയ കലക്ഷന്‍ തന്നെയുണ്ട്.
കര്‍ണ്ണഭാരം എന്ന സംസ്‌കൃത നാടകത്തിനും അതിന്റെ റിഹേഴ്‌സലിനും അവതരണത്തിനും മറ്റുമായി കോടികള്‍ മൂല്യമുളള മോഹന്‍ലാല്‍ എന്ന നടന്‍ എത്രയോ ദിവസങ്ങളാണ് മാറ്റി വച്ചത്. സാമ്പത്തികമായി ഒരു പ്രയോജനവും ലഭിക്കാനിടയില്ലാത്ത ഒരു ദൗത്യം വലിയ ആവേശത്തോടെ ഏറ്റെടുക്കുകയും സമര്‍പ്പിത ബുദ്ധിയോടെ പ്രവര്‍ത്തിച്ചു പൂര്‍ത്തിയാക്കുകയും ചെയ്തു അദ്ദേഹം. ഏറെ ക്ലേശകരമായ ഒരു കര്‍മ്മമായിരുന്നു സംസ്‌കൃതം അറിയാത്ത അദ്ദേഹം അത്തരമൊരു സംരംഭത്തിലേക്ക് എത്തിപ്പെട്ടു എന്നത്. എന്നാല്‍ വേറിട്ട ഒരു സംരംഭത്തോടുളള മോഹൻലാലിന്റെ ആസക്തിക്ക് മുന്നില്‍ മറ്റു തടസങ്ങളെല്ലാം വഴിമാറി. നാടകം വന്‍ വിജയമായിത്തീരുകയും ചെയ്തു.
ബിഗ് ബോസ് എന്ന ഷോയില്‍ സഹകരിച്ചതിനെ പലരും വിമര്‍ശിക്കുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ ഇതിലേക്കെല്ലാം എത്തിപ്പെടുന്നതിനു പിന്നില്‍ ഒരു മനഃശാസ്ത്രമേയുളളു. ഒരു ലൈവ് ടെലിവിഷന്‍ ഷോ അവതാരകന്‍ എന്ന നിലയില്‍ താന്‍ എങ്ങിനെയായിരിക്കും എന്നറിയാനുളള കൊതിയും കൗതുകവും. സാമ്പത്തിക നേട്ടങ്ങള്‍ക്കായി മാത്രം ഇത്തരമൊരു ഷോ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ല. കാരണം ദിവസങ്ങള്‍ക്കു ലക്ഷങ്ങള്‍ വിലയുള്ള അദ്ദേഹമാണ് ഇന്നും മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്‍.
നടന്‍മാരില്‍ പലരും സംവിധായകരാവുകയും വിജയിക്കുകയും ചെയ്ത ചരിത്രമുണ്ട്. വേണു നാഗവളളി മുതല്‍ കൊച്ചിന്‍ ഹനീഫ വരെ നീളുന്ന ആ പട്ടിക ഇന്നും അവിരാമമായി തുടരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഒരു സാധാരണ സിനിമയെടുത്ത് തന്റെ ആഗ്രഹസഫലീകരണം നിര്‍വഹിക്കാനല്ല ശ്രമിച്ചത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം പ്രമേയം കൊണ്ടും ബഡ്ജറ്റ് കൊണ്ടും ആഖ്യാനരീതി കൊണ്ടും സാങ്കേതിക മേന്മ കൊണ്ടും ഒരു ഹോളിവുഡ് സിനിമയോടു കിടപിടിക്കുന്ന തലത്തില്‍ രൂപപ്പെടുത്തുന്ന ഒന്നാണ്.
എല്ലാവരും സഞ്ചരിക്കുന്ന വഴികള്‍ ഒരു കാലത്തും മോഹന്‍ലാലിന്റെ ആന്തരവ്യക്തിത്വത്തെ തൃപ്തിപ്പെടുത്തിയിരുന്നില്ല. ആരും സഞ്ചരിക്കാത്ത വഴികളാണ് എന്നും അദ്ദേഹത്തെ മോഹിപ്പിച്ചത്. ഈ മാനസികാവസ്ഥയുടെ ഉപോല്‍പ്പന്നമാണ് ഗുരു മുതൽ ദൃശ്യം സിനിമ വരെ. നാലാം ക്ലാസുകാരനായ ജോസൂട്ടി, ഐ.പി.എസുകാര്‍ അടങ്ങുന്ന പോലീസ് ഡിപ്പാര്‍ട്ടുമെന്റിനെ സമര്‍ത്ഥമായി കബളിപ്പിച്ചു രക്ഷപ്പെടുന്ന കഥയ്ക്ക് യുക്തിയില്ലെന്നു പറഞ്ഞു പല നായകനടന്‍മാരും തിരസ്‌കരിച്ചപ്പോള്‍ അതു സാര്‍വലൗകിക പ്രസക്തിയുളള മലയാള ചിത്രമായിരിക്കുമെന്നു മൂന്‍കൂട്ടി കണ്ടു മോഹന്‍ലാല്‍. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമ ചൈനീസ്- കൊറിയന്‍ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുക മാത്രമല്ല ഇംഗ്ലിഷ് സബ്‌ടൈറ്റിലോടെയുളള ഒറിജിനല്‍ വേര്‍ഷന്‍ ഒടിടി റീലീസിലൂടെ ലോകമാകമാനം സ്വീകരിക്കപ്പെടുകയും ചെയ്തു.
ലെഫ്റ്റനന്റ് കേണല്‍
രാജ്യസ്‌നേഹത്തിനു സര്‍വപ്രാധാന്യം നല്‍കുന്ന നിരവധി പട്ടാള സിനിമകളില്‍ അഭിനയിച്ച മോഹന്‍ലാലിനെ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി രാഷ്ട്രം ആദരിച്ചപ്പോള്‍ അദ്ദേഹം അത് ഏറ്റെടുക്കേണ്ടിയിരുന്നോ എന്നു സംശയിച്ചവരില്‍ സഹപ്രവര്‍ത്തകരായിരുന്നു ഏറെയും. പുതുമകളെ സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന ആ മനസ് വര്‍ഷങ്ങളോളം ഒപ്പം കഴിഞ്ഞ പലര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞില്ല. അതുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കുമ്പോള്‍ ഇതുവരെ കാണാത്ത മറ്റൊരു മോഹന്‍ലാലിനെ തിരയുകയാവാം ആ മനസ്.
ആള്‍ദൈവങ്ങളുമായുളള മോഹന്‍ലാലിന്റെ ചങ്ങാത്തത്തെ പലരും വിമര്‍ശിക്കുമ്പോഴും പുഞ്ചിരി തൂകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 'മാതാ അമൃതാനന്ദമയിയെ ദൈവമായല്ല ഞാന്‍ കാണുന്നത്. മാതൃത്വത്തിന്റെ പരമകാഷ്ഠയിലുളള ഒരു മനസിന്റെ സ്‌നേഹപരിലാളനകള്‍... അവര്‍ നല്‍കുന്ന സാന്ത്വനം... അതു പകരം വയ്ക്കാനില്ലാത്തതാണ്. ഡിവൈന്‍ സോളാണ് അവരുടേത്!'
ആധ്യാത്മികതയോടുളള ലാലിന്റെ മമത അദ്ദേഹത്തിന്റെ വാക്കുകളിലും എഴുത്തിലും എല്ലാമുണ്ട്. ഓഷോയുടെ ദര്‍ശനങ്ങളോടുളള പ്രതിപത്തിയെക്കുറിച്ചും അദ്ദേഹം പലകുറി മനസ്സു തുറന്നിട്ടുണ്ട്. വിചിത്രവും വൈരുദ്ധ്യപൂര്‍ണ്ണവുമായ ഇഷ്ടങ്ങളുടെ തേരേറി സഞ്ചരിക്കുന്ന മോഹൻലാല്‍ ആറു മാസം പൂര്‍ണ്ണമായും മത്സ്യമാംസാദികളും മറ്റു ലഹരികളും ഉപേക്ഷിച്ച് ആയുര്‍വേദ ചികിത്സയ്ക്കായി തനിച്ചു കഴിയുന്നതു കാണാം. വീണ്ടും പഴയതു പോലെ ആഘോഷമയമായ ജീവിതത്തിലേക്ക് മടങ്ങുന്നതും കാണാം.
മോഹൻലാലിന്റെ അഭിനയത്തെയും വ്യക്തിത്വത്തെയും സംബന്ധിച്ച് അടുത്ത സുഹൃത്തുക്കളിലൊരാള്‍ നടത്തിയ കമന്റ് ശ്രദ്ധേയമാണ്. 'വെളളം പോലെയാണ് മോഹന്‍ലാല്‍. ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതി അനുസരിച്ചു രൂപം മാറും. പക്ഷെ ഗുണമേന്മയ്ക്ക് തെല്ലും മാറ്റം സംഭവിക്കില്ല!'
ലാല്‍ എന്ന ബിസിനസ് മാന്‍
ബിസിനസുകാരന്‍ എന്ന നിലയില്‍ താനൊരു മഹാവിജയമാണെന്ന അവകാശവാദമൊന്നും അദ്ദേഹത്തിനില്ല. ബിസിനസ് തന്റെ രക്തത്തിലില്ലെന്നും താനൊരു നടന്‍ മാത്രമാണെന്നും പല വേദികളിലും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു മോശം ബിസിനസുകാരനല്ല മോഹൻലാല്‍. അദ്ദേഹം നിര്‍മാണപങ്കാളിയായ ചിയേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച 'ഉണ്ണികളെ ഒരു കഥ പറയാം', കാസിനോയുടെ ബാനറില്‍ നിര്‍മ്മിച്ച 'ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്', 'നാടോടിക്കാറ്റ്' എന്നിവയെല്ലാം വിജയ ചിത്രങ്ങളായിരുന്നു. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ അദ്ദേഹം സ്വയം നിര്‍മിച്ച സിനിമകളില്‍ 'ഭരതം', 'കമലദളം', 'ഹിസ് ഹൈനസ് അബ്ദുള്ള' എന്നിവയെല്ലാം തന്നെ ഹിറ്റുകളായിരുന്നു എന്നതിനൊപ്പം മികച്ച ചിത്രങ്ങളുമായിരുന്നു. പിന്നീട് നരസിംഹം മുതല്‍ എത്രയോ വമ്പന്‍ സിനിമകള്‍ ആശീര്‍വാദ് സിനിമാസ് എന്ന പുതിയ ബാനറില്‍ വിജയം കൊയ്തു.
ആന്റണി പെരുമ്പാവൂര്‍ കൂടി ഒപ്പം ചേര്‍ന്നതോടെ മോഹൻലാലിന്റെ ബിസിനസ് സാമ്രാജ്യം കൂടുതല്‍ വിശാലമായി. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായ (ആകെ കലക്ഷന്‍ 72 കോടി) ദൃശ്യവും ആദ്യ 150 കോടി ചിത്രമായ പുലിമുരുകനും ലൂസിഫറും നിര്‍മ്മിച്ചത് ആശീര്‍വാദ് സിനിമാസാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് സിനിമയുമായി ബന്ധമില്ലാത്ത വേറെയും നിരവധി വിജയസംരംഭങ്ങളില്‍ അദ്ദേഹത്തിനു പങ്കാളിത്തമുണ്ട്.
ആവശ്യസമയത്ത് സഹായിക്കുന്ന മനസ്സ്
മറ്റുളളവര്‍ക്കു നന്മ ചെയ്താല്‍ അതു പരസ്യപ്പെടുത്തുന്നത് മോഹൻലാല്‍ ശൈലിയല്ല. പല സ്ഥാപനങ്ങളെയും വ്യക്തികളെയും പല ഘട്ടങ്ങളില്‍ അദ്ദേഹം സഹായിച്ച കഥകള്‍ ഇനിയും പുറത്തറിഞ്ഞിട്ടില്ല. അപൂര്‍വം ചിലത് ആ സഹായം ലഭിച്ചവര്‍ തന്നെ പുറത്തു വിട്ടിരുന്നു. നടന്‍ ക്യാപ്റ്റൻ രാജുവിന്റെ സഹോദരിയുടെ വിവാഹം നടക്കാനിരിക്കുന്ന സമയം. അദ്ദേഹത്തിനു കുറച്ചു പണത്തിന്റെ കുറവുണ്ട്. പലരോടും അദ്ദേഹം കടം ചോദിച്ചെങ്കിലും ഒന്നും വിചാരിച്ച സമയത്ത് യാഥാർഥ്യമായില്ല. ഇനി എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുന്ന സന്ദര്‍ഭം. മോഹന്‍ലാലും ക്യാപ്റ്റനും അടുത്ത സുഹൃത്തുക്കളാണ്. സിനിമയില്‍ വന്ന ആദ്യകാലങ്ങളില്‍ അവര്‍ ഒരുമിച്ചു ചെന്നൈയിലെ സ്വാമീസ് ലോഡ്ജില്‍ താമസിച്ചിട്ടുണ്ട്. പക്ഷെ ആ സന്ദര്‍ഭത്തില്‍ മോഹൻലാലിനോടു പണം ചോദിക്കുന്ന കാര്യം ക്യാപ്റ്റന്റെ മനസില്‍ വന്നതേയില്ല. എന്നാല്‍ ആരോ പറഞ്ഞു കേട്ടറിഞ്ഞ് മോഹൻലാല്‍ ക്യാപ്റ്റനെ വിളിച്ചു സംസാരിച്ചു. ആവശ്യമുളള പണം നല്‍കുകയും ചെയ്തു. കഴിയുന്നത്ര വേഗം ഇതു തിരിച്ചു തരുമെന്ന് ക്യാപ്റ്റൻ പറഞ്ഞപ്പോള്‍, തിരിച്ചു തരുന്ന കാര്യം ഞാന്‍ രാജുച്ചായനോട് ചോദിച്ചോ എന്നായിരുന്നു ലാലിന്റെ മറുപടി. അഭിമാനിയായ ക്യാപ്റ്റന്‍ അതു കൃത്യമായി തിരിച്ചുകൊടുക്കുകയും ചെയ്തു. മരണം വരെ ക്യാപ്റ്റൻ തന്റെ അടുപ്പക്കാരോട് ഈ കഥ പറയുമായിരുന്നു. ഒരാള്‍ക്ക് ഒരു അത്യാവശ്യം വരുമ്പോള്‍ അയാള്‍ ആവശ്യപ്പെടാതെ തന്നെ അറിഞ്ഞു സഹായിക്കുന്നവനാണ് യഥാർഥ സുഹൃത്ത് എന്നായിരുന്നു ക്യാപ്റ്റന്റെ ഭാഷ്യം. പണമുളളതു കൊണ്ടു മാത്രം ആരും സഹായിക്കണമെന്നില്ല. മനസ്സു കൂടിയുണ്ടാവണം. പല സന്ദര്‍ഭങ്ങളിലും ഈ തരത്തില്‍ പെരുമാറുന്ന ഒരു മോഹന്‍ലാലിനെ താന്‍ കണ്ടിട്ടുളളതായും അദ്ദേഹം പറഞ്ഞു.
ഗുരുത്വത്തിന്റെ അവസാന വാക്ക്
അന്തരിച്ച കവി ഒ.എന്‍.വി ഏറ്റവും അദ്ഭുതത്തോടെ നോക്കി കണ്ടിരുന്നത് മോഹൻലാലിലെ ഗുരുത്വമാണ്. അദ്ദേഹത്തിന്റെ ഒരു ലാല്‍ അനുഭവം ഇങ്ങനെ: "മോഹന്‍ലാലിന് വാസ്തവത്തില്‍ ഞാന്‍ ഗുരുസ്ഥാനീയനല്ല. അദ്ദേഹത്തെ ഞാന്‍ പഠിപ്പിച്ചിട്ടില്ല. ഏതെങ്കിലും തരത്തില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. എന്നിട്ടും സീനിയറായ ഒരാള്‍ എന്ന നിലയില്‍ എവിടെ വച്ചു കണ്ടാലും അദ്ദേഹം ഓടി അടുത്തുവരും. വലിയ ബഹുമാനത്തോടെ സംസാരിക്കും. ഒരു കൊച്ചുകുട്ടി അധ്യാപകന്റെ മുന്നില്‍ നില്‍ക്കും പോലെയാണ് ലാലിന്റെ ഭാവം. പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. ഒരിക്കല്‍ അദ്ദേഹവും ഞാനും പങ്കെടുക്കുന്ന ഒരു പൊതു ചടങ്ങില്‍ സദസിന്റെ മുന്‍നിരയില്‍ ഇരുന്ന എന്നെ കണ്ട് അദ്ദേഹം ഓടി അടുത്തു വന്നു നിലത്ത് കുനിഞ്ഞിരുന്നു കൊണ്ട് എന്റെ കാലുകളില്‍ പിടിച്ചു സംസാരിക്കുകയാണ്. എനിക്കു വല്ലാത്ത ജാള്യത തോന്നി. ലാല്‍ ചെറിയ വ്യക്തിയല്ല. ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന എന്നേക്കാള്‍ അറിയപ്പെടുന്ന ഒരാളാണ്. പക്ഷെ സംഭാഷണം അവസാനിക്കും വരെ അദ്ദേഹം ആ ഇരിപ്പ് തുടര്‍ന്നു. എനിക്കു തോന്നുന്നത് സമാനതകളില്ലാത്ത ഈ ഗുരുത്വമാണ് മോഹൻലാലിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ രഹസ്യം. പ്രകൃതി അദ്ദേഹത്തെ അറിഞ്ഞ് അനുഗ്രഹിക്കും പോലെ തോന്നും പലപ്പോഴും."
ആന്റണി എങ്ങനെ പ്രിയങ്കരനായി
മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ മോഹന്‍ലാല്‍ പിടി തരാതെ ഒഴിഞ്ഞു മാറി. അതിന് അദ്ദേഹം പറഞ്ഞ കാര്യം വസ്തുതാപരമായിരുന്നു. പല മാധ്യമപ്രവര്‍ത്തകരും വേണ്ടത്ര തയാറെടുപ്പുകളില്ലാതെയാണ് സമീപിക്കുന്നത്. പിന്നെ ബാലിശമായ ചോദ്യങ്ങളുടെ പ്രവാഹമായി. ഏതാണ് ആദ്യസിനിമ? ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം? സ്വപ്ന കഥാപാത്രം? ഇത്തരം ക്ലീഷെകള്‍ കേട്ടു കേട്ട് അഭിമുഖങ്ങള്‍ പോലും മടുത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ഇത് അങ്ങനെയല്ല, ഒരു തീം ബേസ്ഡ് ഇന്റര്‍വ്യൂ ആണെന്നു പറഞ്ഞപ്പോള്‍ അത് എന്തെന്ന് അറിയാനുളള ആകാംക്ഷയായി അദ്ദേഹത്തിന്. നവരസങ്ങളും മോഹന്‍ലാലും എന്ന വിഷയത്തെക്കുറിച്ചു പറഞ്ഞു. നവരസങ്ങളില്‍ പെടുന്ന ഭാവങ്ങള്‍ വികാരങ്ങള്‍ കൂടിയാണല്ലോ? അത് മോഹന്‍ലാലിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി സംസാരിക്കണം. ഉദാഹരണത്തിന് അദ്ദേഹത്തെ ഏറ്റവും ദുഃഖിപ്പിച്ച സന്ദര്‍ഭം. ചിരിയുണര്‍ത്തിയ സന്ദര്‍ഭം. ദേഷ്യം സൃഷ്ടിച്ച മുഹൂര്‍ത്തം, പ്രണയം തോന്നിയ സാഹചര്യം. ശൃംഗാരം, രൗദ്രം, ഭയാനകം, ഹാസ്യം, ഭീഭത്സം.. അങ്ങനെ ഒൻപതു വികാരങ്ങള്‍! കേട്ട മാത്രയില്‍ ആ മുഖം തെളിഞ്ഞു. 'എനിക്ക് ഒന്നു വിശദമായി ആലോചിക്കണം. രണ്ടു ദിവസം സമയം തരാമോ?' എന്നായി അദ്ദേഹം.
അന്ന് മഹാസമുദ്രം എന്ന ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കടല്‍ത്തീരത്താണ് മോഹന്‍ലാല്‍. 'കുറച്ചു വിശദമായി സംസാരിക്കേണ്ട വിഷയമാണ്. എന്തായാലും ലൊക്കേഷനിലെ തിരക്കില്‍ വേണ്ട. മറ്റന്നാള്‍ അച്ഛന്റെ പിറന്നാളാണ്. വീട്ടിലേക്ക് വരാമോ?' എന്ന് അദ്ദേഹം ചോദിച്ചു. പറഞ്ഞുറപ്പിച്ചതു പോലെ മുടവന്‍മുഗളിലെ വീട്ടില്‍ ചെല്ലുമ്പോള്‍ അതിഥികള്‍ വന്നു പോകുന്നതിനിടയിലും അദ്ദേഹം ക്ഷമയോടെ കാത്തിരുന്ന് എല്ലാറ്റിനും മറുപടി തന്നു. അഭിമുഖം തീര്‍ന്ന ശേഷവും പല വിഷയങ്ങളെക്കുറിച്ചും പൊതുവായി സംസാരിക്കാന്‍ സമയം കണ്ടെത്തി. വേറിട്ട പരിശ്രമങ്ങളില്‍ ത്രില്ലടിക്കുന്ന ഒരു മോഹന്‍ലാലിനെ ആദ്യമായാണ് നേരില്‍ കാണുന്നത്. സംഭാഷണത്തിനിടയില്‍ അമ്മ രണ്ട് കപ്പു പായസവുമായി വന്നു. അമ്മ മടങ്ങുകയും ചെയ്തു. ഞങ്ങള്‍ പായസം കുടിച്ച് ഒഴിഞ്ഞ കപ്പ് ടീപ്പോയിന്‍മേല്‍ വച്ചതും പെട്ടെന്ന് എണീക്കുന്ന മോഹന്‍ലാലിനെയാണ് കണ്ടത്. അദ്ദേഹം തന്നെ ആ കപ്പുകള്‍ എടുത്ത് അടുക്കളയിലേക്ക് പോയി അതേ വേഗത്തില്‍ മടങ്ങി വന്ന് വീണ്ടും സംസാരം തുടര്‍ന്നു.
ഒരുപാട് ആളുകള്‍ ചോദിക്കാന്‍ ആഗ്രഹിച്ച ഒരു സംശയവും അക്കൂട്ടത്തില്‍ ചോദിച്ചു. 'ഡ്രൈവറായി വന്ന ആന്റണി പെരുമ്പാവൂര്‍ എങ്ങനെ ബിസിനസ് പാര്‍ട്ണറായി?' ആലോചനകള്‍ക്കുളള ഇടവേളയില്ലാതെ ഞൊടിയിടക്കുളളില്‍ അദ്ദേഹം ഉത്തരം തന്നു; 'അയാള്‍ക്ക് അതിനുളള ക്വാളിറ്റിയുളളതു കൊണ്ട്!'
വിശദീകരണം പൂര്‍ണമല്ലെന്നു തോന്നിയതു കൊണ്ടാവാം അദ്ദേഹം തുടര്‍ന്നു. "ഇക്കാലത്തിനിടയില്‍ എത്രയോ ഡ്രൈവര്‍മാര്‍ എനിക്കൊപ്പം ജോലി ചെയ്തു. അവരിലാരും ആന്റണി പെരുമ്പാവൂരായില്ല. ചെറിയ ഒരു ഉദാഹരണം പറയാം. എന്റെ അച്ഛന്‍ പ്രായമായി ഇരിക്കുകയാണ്. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാളാണ്. പല തിരക്കുകള്‍ക്കിടയില്‍ സത്യത്തില്‍ ഞാന്‍ അക്കാര്യം മറന്നു പോയി. പക്ഷെ ആന്റണി അതു കൃത്യമായി ഓര്‍ത്തെടുത്ത് ദിവസങ്ങള്‍ക്ക് മുന്‍പേ എന്നോട് പറഞ്ഞു. 'സര്‍, അച്ഛന്‍ ഇനി എത്ര കാലം നമുക്കൊപ്പമുണ്ടാകുമെന്ന് അറിയില്ല. അതുകൊണ്ട് ഇത്തവണ എല്ലാവരെയും വിളിച്ചു കൂട്ടി പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കണം'. ഞാന്‍ സമ്മതിച്ചു. അദ്ദേഹം തന്നെ ക്ഷണക്കത്ത് അച്ചടിക്കുകയും ആളുകളെ ക്ഷണിക്കുകയും ഭക്ഷണം അടക്കം ആഘോഷത്തിനുളള മറ്റു കാര്യങ്ങള്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. അപ്പോള്‍ ആന്റണി എന്റെ സഹായിയോ ബിസിനസ് പാര്‍ട്ണറോ എന്നതിനപ്പുറം സഹോദരതുല്യമായ അവസ്ഥയിലേക്ക് മാറുകയാണ്. ആ മനസാണ് ആന്റണിയെ ഇന്നു കാണുന്ന അവസ്ഥയിലെത്തിച്ചത്."
തത്ത്വചിന്തകനായ ലാല്‍
കേവലം പരസ്യചിത്രങ്ങളിലാണെങ്കില്‍ പോലും നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം? വൈകിട്ട് എന്താ പരിപാടി? എന്നൊക്കെ ചോദിച്ച അതേ മോഹന്‍ലാലില്‍ തന്നെ വളരെ ഫിലോസഫിക്കലായ ഒരു മനസും കുടികൊളളുന്നുണ്ട്. മകന്‍ പ്രണവിന്റെ വ്യത്യസ്തമായ ജീവിത വീക്ഷണത്തെക്കുറിച്ചും ഏകാന്തയാത്രകളെക്കുറിച്ചും ഒരിക്കല്‍ ലാല്‍ പ്രതികരിച്ചത് ഇങ്ങനെ: 'പ്രണവില്‍ ഞാന്‍ കാണുന്നത് എന്നെത്തന്നെയാണ്. എനിക്ക് സാധിക്കാത്ത കാര്യങ്ങള്‍ അവന് കഴിയുന്നു!'
അവധൂതനെ പോലെ അലഞ്ഞു നടക്കാനും ജീവിതത്തിന്റെ അര്‍ത്ഥം തിരയാനുമൊക്കെ ഇഷ്ടപ്പെടുന്ന, എന്നാല്‍ സാഹചര്യവശാല്‍ അതിനു കഴിയാത്ത ഒരു മോഹന്‍ലാല്‍ കൂടി തന്റെയുളളിലുണ്ടെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. മോഹന്‍ലാലിന്റെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും പലപ്പോഴും സ്വകാര്യസംഭാഷണങ്ങളില്‍ പോലുമുണ്ട് തത്ത്വചിന്താപരതയുടെ അംശവും ധ്വനികളും. ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹം പങ്കു വച്ച ചില ജീവിതനിരീക്ഷണങ്ങളില്‍ ആ ലാല്‍മനസുണ്ട്.
വലിയ പ്രതിസന്ധികള്‍ക്കു മുന്നില്‍ പോലും ടെന്‍ഷനടിക്കാത്ത വ്യക്തിത്വത്തെ അദ്ദേഹം കാണുന്നത് ഇങ്ങനെ: ''നെഗറ്റീവായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനേക്കുറിച്ച് ഓര്‍ത്തു ടെന്‍ഷനടിച്ചാല്‍ മനസും ശരീരവും കേടായി കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോകും. വരാനുളളതു വന്നു. അത് എങ്ങനെ പരിഹരിക്കാം എന്നു മാത്രമാണ് ഞാന്‍ നോക്കുന്നത്'
വലിയ ഭാഗ്യവാനായ ഒരാളാണെന്നു പലരും വിലയിരുത്തുന്നതിനെക്കുറിച്ചും മോഹൻലാലിന് മറുപടിയുണ്ട്. "ലോകത്ത് ഏറ്റവും ഭാഗ്യവാന്‍ നടന്‍മാരാണെന്ന് ഓഷോ പറയുന്നു. കാരണം ജീവിതത്തില്‍ പലതുമാകാന്‍ നാം ആഗ്രഹിക്കുന്നു. പക്ഷേ, ഒന്നു തിരഞ്ഞെടുത്തേ തീരൂ. എന്നാൽ, നടന്‍മാര്‍ക്ക് ഡോക്ടറാവാം, പൊലീസ് ഓഫിസറാകാം, കലക്ടറാകാം, ബിസിനസുകാരനാവാം! എത്രയെത്ര വൈവിധ്യങ്ങള്‍! ഓരോ ദിവസവും പുതിയ പുതിയ ഉടുപ്പുകള്‍, ലൊക്കേഷന്‍സ്, സഹപ്രവര്‍ത്തകര്‍, വ്യത്യസ്ത രുചിയുളള ഭക്ഷണം. ഓരോ ദിവസവും പുതുമകള്‍ നിറഞ്ഞതാണ് നടന്റെ ജീവിതം.''
എല്ലാത്തരം സുഖാനുഭവങ്ങളിലുടെയും കടന്നു പോയിട്ടുളള മോഹൻലാലിന് ഏറ്റവും മനഃസുഖം നല്‍കുന്ന കാര്യമെന്ത് എന്ന ചോദ്യത്തിനുമുണ്ട് വേറിട്ട ഒരു ലാല്‍ ഉത്തരം. "മനസിനിണങ്ങിയ സുഹൃത്തുക്കളുമായി മണിക്കൂറുകളോളം സംസാരിച്ചിരിക്കുക!" ചിലപ്പോള്‍ നാളെ ഈ ഇഷ്ടങ്ങള്‍ മാറിമറിഞ്ഞെന്നു വരാം. അതാണ് മോഹന്‍ലാല്‍. വൈവിധ്യങ്ങളുടെ ചിറകിലേറി പറക്കുന്ന, എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തനായ നടനും മനുഷ്യനും!