ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഷോമാന്‍മാരിലൊരാളായ ശങ്കറിന്റെ പുതിയ ചിത്രം ഇന്ത്യന്‍ 2 കമല്‍ഹാസനെ പോലെ ഒരു വലിയ താരസാന്നിധ്യമുണ്ടായിട്ടും തിയറ്ററുകളിൽ അടിപതറുകയാണ്. മേക്കിങ്ങിലെ ഗിമ്മിക്കുകളും കനത്ത ബജറ്റുമല്ല ശക്തമായ തിരക്കഥ തന്നെയാണ് സിനിമയില്‍ സൂപ്പര്‍താരം എന്നത് അടിവരയിട്ട് ഉറപ്പിക്കുന്നു

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഷോമാന്‍മാരിലൊരാളായ ശങ്കറിന്റെ പുതിയ ചിത്രം ഇന്ത്യന്‍ 2 കമല്‍ഹാസനെ പോലെ ഒരു വലിയ താരസാന്നിധ്യമുണ്ടായിട്ടും തിയറ്ററുകളിൽ അടിപതറുകയാണ്. മേക്കിങ്ങിലെ ഗിമ്മിക്കുകളും കനത്ത ബജറ്റുമല്ല ശക്തമായ തിരക്കഥ തന്നെയാണ് സിനിമയില്‍ സൂപ്പര്‍താരം എന്നത് അടിവരയിട്ട് ഉറപ്പിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഷോമാന്‍മാരിലൊരാളായ ശങ്കറിന്റെ പുതിയ ചിത്രം ഇന്ത്യന്‍ 2 കമല്‍ഹാസനെ പോലെ ഒരു വലിയ താരസാന്നിധ്യമുണ്ടായിട്ടും തിയറ്ററുകളിൽ അടിപതറുകയാണ്. മേക്കിങ്ങിലെ ഗിമ്മിക്കുകളും കനത്ത ബജറ്റുമല്ല ശക്തമായ തിരക്കഥ തന്നെയാണ് സിനിമയില്‍ സൂപ്പര്‍താരം എന്നത് അടിവരയിട്ട് ഉറപ്പിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഷോമാന്‍മാരിലൊരാളായ ശങ്കറിന്റെ  പുതിയ ചിത്രം ഇന്ത്യന്‍ 2 കമല്‍ഹാസനെ പോലെ ഒരു വലിയ താരസാന്നിധ്യമുണ്ടായിട്ടും തിയറ്ററുകളിൽ അടിപതറുകയാണ്. മേക്കിങ്ങിലെ ഗിമ്മിക്കുകളും കനത്ത ബജറ്റുമല്ല ശക്തമായ തിരക്കഥ തന്നെയാണ് സിനിമയില്‍ സൂപ്പര്‍താരം എന്നത് അടിവരയിട്ട് ഉറപ്പിക്കുന്നു ഇന്ത്യന്‍ 2 വിന്റെ വീഴ്ച. സത്യത്തില്‍ എവിടെയാണ് ശങ്കറിന് കാലിടറിയത്?

വെളുപ്പിന് ആറ് മണിക്ക് ഉറക്കമിളച്ചിരുന്ന് ഇന്ത്യന്‍ 2 വിന്റെ ആദ്യഷോ കാണുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നതായിരുന്നു. അത്രമേല്‍ വിശ്വസിക്കാവുന്ന ഒരു ബ്രാന്‍ഡായിരുന്നു ശങ്കര്‍. താരമൂല്യമില്ലാതിരുന്ന അര്‍ജുന്‍ സര്‍ജയെയും ആരുമല്ലാതിരുന്ന പ്രഭുദേവയെയും ഒരു സുപ്രഭാതത്തില്‍ മെഗാസ്റ്റാറാക്കി വളര്‍ത്തിയ സംവിധായകന്‍. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സിനിമയായിരുന്നു 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഇന്ത്യന്‍. എവര്‍ഗ്രീന്‍ ഹിറ്റായ ആ സിനിമ ഇന്ന് കണ്ടാലും പുതുമ മാറാത്ത ഒരു ദൃശ്യാനുഭവമാണ്. ആ സിനിമ നല്‍കിയ സവിശേഷമായ അനുഭവത്തിന്റെ ലഹരിയിലാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ തിയറ്ററിലേക്ക് മാര്‍ച്ച് ചെയ്തത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് കടുത്ത നിരാശയിലാഴ്ന്ന ശങ്കര്‍ ആരാധകരും ഉലകനായകന്‍ കമല്‍ഹാസന്‍ ഫാന്‍സും ഒരുപോലെ സിനിമയെ തളളിപ്പറയുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുളള ചിത്രം ഉടനീളം കനത്ത ലാഗാണെന്നും യാതൊരു വിധത്തിലും രസകരമായ അനുഭവം സമ്മാനിക്കാന്‍ സിനിമയ്ക്ക് കഴിയുന്നില്ലെന്നും അവര്‍ പറയുന്നു.എവിടെയാണ് ശങ്കറിന് പാളിച്ച സംഭവിച്ചത് എന്ന അന്വേഷണം സിനിമയിലെ ചില ഉളളുകളളികളിലേക്ക് വെളിച്ചം വീഴ്ത്തുന്ന ഒന്ന് കൂടിയാണ്.

ADVERTISEMENT

സുജാതയും ശങ്കറും

ജന്റില്‍മാന്‍ എന്ന സിനിമയിലുടെയാണ് ശങ്കര്‍ തന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിന്റെ കഥാതന്തു ശങ്കറിന്റേതായിരുന്നു. വിദ്യാഭ്യാസക്കച്ചവടക്കാരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളില്‍ പെട്ട് സ്വന്തം ജീവിതം നാമാവശേഷമാകുന്ന ഒരു യുവാവിന്റെയും പാവങ്ങളെ സഹായിക്കുന്ന നല്ലവനായ ഒരു കളളന്റെയും കഥ സമർഥമായി ബ്ലെന്‍ഡ് ചെയ്ത ഈ സിനിമയുടെ അണിയറക്കഥ രസകരമാണ്.

ശങ്കര്‍ വലിയ എഴുത്തുകാരനാണോ എന്ന് പറയാനാകില്ല, അഭിനയമോഹം കയറി സിനിമയില്‍ വന്ന് യാദൃച്ഛികമായി ഫിലിം മേക്കറായ അദ്ദേഹത്തിന് തികഞ്ഞ സാങ്കേതിക ബോധവും വിഷ്വല്‍ സെന്‍സുമുണ്ട്. തിന്മയെ ശക്തമായി എതിര്‍ക്കുകയും നന്മയ്ക്കായി നിലകൊളളുകയും ചെയ്യുന്ന ശക്തനായ നായകന്‍ എന്ന കോണ്‍സപ്റ്റിന് സിനിമയില്‍ എക്കാലവും വലിയ മാര്‍ക്കറ്റുണ്ടെന്ന് ശങ്കറിന് അറിയാം. ഈ കോര്‍ ഐഡിയയിലാണ് ആദ്യചിത്രം മുതല്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും രൂപം കൊണ്ടിട്ടുളളത്. എന്നാല്‍ ഒരു ആശയം ഒരിക്കലും നേരിട്ട് സിനിമയാവില്ല. അതിന് അതിശക്തമായ തിരക്കഥയുടെ പിന്‍ബലം വേണം. പ്രത്യേകിച്ചും ഇത്രയും രൂക്ഷമായ പ്രശ്‌നങ്ങള്‍ പ്രമേയമാകുമ്പോള്‍. പ്രായോഗിക ബുദ്ധിയുളള ശങ്കര്‍ ചെയ്തത് മറ്റൊന്നുമല്ല. 

സുജാത

തമിഴിലെ അതിപ്രശസ്തനായ എഴുത്തുകാരന്‍ സുജാതയെ അദ്ദേഹം സമർഥമായി കയ്യിലെടുത്തു. സുജാത ശങ്കറുമായി കൂട്ടുചേരും മുന്‍പ് തന്നെ നിരവധി സിനിമകളില്‍ സഹകരിച്ചിരുന്ന വ്യക്തിയാണ്. ശങ്കര്‍ തന്റെ മനസിലുളള പ്രമേയം സുജാതയോട് പറഞ്ഞു. സുജാത ഈ വിഷയത്തെ അവലംബമാക്കി ഭാവഭദ്രവും ഘടനാനിബദ്ധവുമായ ഒരു തിരക്കഥ രചിച്ചു. യമണ്ടന്‍  വിജയം കൊയ്ത ജന്റില്‍മാന്റെ ടൈറ്റില്‍ ക്രെഡിറ്റ് ശ്രദ്ധിച്ചാല്‍ കാണാം.

ADVERTISEMENT

കഥ: എസ്.ശങ്കര്‍

തിരക്കഥ: എസ്. ശങ്കര്‍

സംഭാഷണം: സുജാത

അഡീഷനല്‍ സ്‌ക്രീന്‍പ്ലേ: സുജാത.

ADVERTISEMENT

ശങ്കറിന്റെ സിനിമകള്‍ വന്‍ഹിറ്റാവുകയും അദ്ദേഹം വലിയ സംവിധായകനായി തീരുകയും ചെയ്തതോടെ ടൈറ്റിലില്‍ സുജാതയുടെ പ്രാധാന്യം വീണ്ടും കുറഞ്ഞു വന്നു. സംഭാഷണം: സുജാത എന്ന തലത്തിലേക്ക് അത് ഒതുങ്ങി. കരുത്തുറ്റ തിരക്കഥയില്‍ ശങ്കറിന്റെ ശക്തമായ മേക്കിങ് കൂടിയായപ്പോള്‍ സിനിമകള്‍ ഒന്നിന് പിറകെ മറ്റൊന്നായി മഹാവിജയം കൊയ്തു. എന്നാല്‍ ജന്റില്‍മാന്‍, ഇന്ത്യന്‍, അന്ന്യന്‍, മുതല്‍വന്‍, ബോയ്‌സ്, ശിവാജി ദ് ബോസ് എന്നിങ്ങനെ ശങ്കറിന്റെ ഏറ്റവും മികച്ച സിനിമകളുടെ എല്ലാം പിന്നില്‍ സുജാതയുടെ ഭാവനാ സമ്പന്നമായ മനസും കരങ്ങളുമുണ്ടായിരുന്നു. 2008 ല്‍ സുജാത ഈ ലോകം വെടിഞ്ഞതോടെ ശങ്കറിന്റെ പ്രഭാവം മെല്ലെ മങ്ങിത്തുടങ്ങി. 

വിഷ്വലൈസേഷനിലെ മിടുക്ക് നാള്‍ക്ക് നാള്‍ വളര്‍ത്തിക്കൊണ്ടു വന്ന ശങ്കറിലെ സംവിധായകന് മികച്ച തിരക്കഥ കണ്ടെത്താനോ എഴുതിക്കിട്ടിയ തിരക്കഥ ജഡ്ജ് ചെയ്യാനോ കഴിഞ്ഞില്ല. മാറിയ കാലത്തിന്റെ മനസും സ്പന്ദനങ്ങളും ഉള്‍ക്കൊളളാന്‍ കഴിയാതെ പഴയ വിജയ ഫോര്‍മുലകളുടെ ചുവട് പിടിച്ചു നീങ്ങുന്ന ഒരു പഴഞ്ചന്‍ മനുഷ്യനായി അദ്ദേഹം ചുരുങ്ങി. യന്തിരന്‍ 2.0 യില്‍  ജയമോഹനെ പോലെ ഒരു മികച്ച എഴുത്തുകാരനെ കൂട്ടുകിട്ടിയതു കൊണ്ട് മാത്രം കഷ്ടിച്ച് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. എന്നിട്ടും 2.0 വിജയിച്ചത് തിരക്കഥയുടെ മാജിക്കിനേക്കാള്‍ സാങ്കേതികവിദ്യയുടെ പിന്‍ബലവും രജനികാന്ത് എന്ന താരസാന്നിധ്യവും വിഷയത്തിന്റെ പ്രത്യേകതയും കൊണ്ട് മാത്രമായിരുന്നു. 

ബാലമുരുകന്‍ അടക്കം പല ജനുസില്‍ പെട്ട എഴുത്തുകാരെ കാലാകാലങ്ങളില്‍ ശങ്കര്‍ തന്റെ സിനിമകളില്‍ പ്രയോജനപ്പെടുത്തി. മണിരത്‌നം ഉള്‍പ്പെടെ തമിഴില്‍ അദ്ദേഹത്തിന്റെ സമകാലികരും പിന്‍ഗാമികളും മുന്‍ഗാമികളുമായ പല നല്ല സംവിധായകരും സ്വന്തമായി തിരക്കഥയെഴുതുന്നവരും അവര്‍ തന്നെ അത് നിര്‍വഹിക്കുന്നവരുമായിരുന്നു. എന്നാല്‍ ശങ്കറാവട്ടെ തന്റെ സിനിമകളില്‍ സംഭാഷണ രചയിതാവ് എന്ന തസ്തികയില്‍ ഒരാളെ നിയമിക്കുകയും തിരക്കഥയില്‍ അദ്ദേഹത്തെ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം മികച്ച എഴുത്തുകാരുടെ അഭാവം സംഭവിച്ചപ്പോഴൊക്കെ അദ്ദേഹം വീണു പോവുന്ന കാഴ്ചയാണ് നാം കണ്ടത്. ദൃശ്യസമ്പന്നത കൊണ്ടും താരബാഹുല്യം കൊണ്ടും മാത്രം സിനിമയെ രക്ഷിച്ചെടുക്കാനാവില്ലെന്നതിന്റെ എക്കാലത്തെയും വലിയ ഉദാഹരണമാണ് ഇന്ത്യന്‍ 2.

പ്രേക്ഷകനെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകവും ഈ സിനിമയില്‍ ഇല്ല. അടിസ്ഥാനപരമായ ഒരു കഥയോ മികച്ച കഥാസന്ദര്‍ഭങ്ങളോ മുഹൂര്‍ത്തങ്ങളോ കാച്ചിക്കുറുക്കിയ കുറിക്കു കൊളളുന്ന സംഭാഷണങ്ങളോ ഇല്ല. ഒരു മികച്ച സിനിമയുടെ നിര്‍മ്മിതിക്ക് ലക്ഷണമൊത്ത തിരക്കഥ എങ്ങനെ പിന്‍ബലമാവുന്നു എന്നറിയാന്‍ മറ്റ് റഫറന്‍സുകള്‍ ആവശ്യമില്ല. സുജാത രചന നിര്‍വഹിച്ച് ശങ്കര്‍ സംവിധാനം ചെയ്ത നാല് സിനിമകള്‍ മാത്രം പരിശോധിച്ചാല്‍ മതി. ജന്റില്‍മാന്‍, ഇന്ത്യന്‍, അന്ന്യന്‍, മുതല്‍വന്‍...

മാരകമായ വീഴ്ചയാണ് ഇന്ത്യന്‍ 2 ഓടെ ശങ്കറിന്റെ കരിയറില്‍ സംഭവിച്ചിരിക്കുന്നത്. വികലമായി സ്വയം അനുകരിക്കുന്ന ഒരു സംവിധായകനെ ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു. തിരക്കഥയെക്കുറിച്ചും സിനിമയുടെ ആകത്തുകയെക്കുറിച്ചും അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് നമ്മള്‍ കരുതിയ സമുന്നത ധാരണകള്‍ ശരിയായിരുന്നുവോ എന്ന് പോലും സംശയിക്കാന്‍ പ്രേരിപ്പിക്കുന്നു ഇന്ത്യന്‍ 2.എന്നാല്‍ ഈ പരാജയം കൊണ്ട് എഴുതി തളളാന്‍ കഴിയുന്നതല്ല മൂന്ന് ദശകങ്ങള്‍ നീണ്ട ശങ്കറിന്റെ കരിയര്‍ ഗ്രാഫ്. ഇല്ലവല്ലായ്മകള്‍ നിറഞ്ഞ ഇടത്തരം  സാഹചര്യങ്ങളില്‍ നിന്ന് 50 കോടിയിലധികം പ്രതിഫലം വാങ്ങുന്ന സംവിധായകനിലേക്ക് വളര്‍ന്ന ശങ്കറിന്റെ ജീവിതയാത്ര തീര്‍ച്ചയായും ആവേശോജ്ജ്വലവൂം പ്രചോദനാത്മകവുമാണ്. 

അഭിനിക്കാന്‍ മോഹിച്ചു. പക്ഷേ...

തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനിച്ചു വളര്‍ന്ന ശങ്കര്‍ പോളിടെക്‌നിക്കില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീറിങില്‍ ഡിപ്ലോമ നേടിയ ശേഷം ഒരു ടൈപ്പ് റൈറ്റര്‍ മാനുഫാക്ചറിങ് കമ്പനിയില്‍ ഉപജീവനാര്‍ഥം ക്വാളിറ്റി സൂപ്പര്‍വെസറായി ജോലിക്ക് കയറി. കടുത്ത സിനിമാഭിനിവേശമുളള ശങ്കറിന്റെ മനസില്‍ അക്കാലത്ത് ഒരു നടനാവുക എന്നതായിരുന്നു ആഗ്രഹം. ജോലിക്കൊപ്പം സമാന്തരമായി നാടകാഭിനയവും തുടര്‍ന്നു. ഒരു സ്‌റ്റേജ് ഷോയില്‍ വച്ച് ശങ്കറിന്റെ അഭിനയം കാണാനിടയായ ചലച്ചിത്ര സംവിധായകന്‍ എസ്.എ. ചന്ദ്രശേഖര്‍ (നടന്‍ വിജയ്‌യുടെ പിതാവ്) തന്റെ സിനിമയില്‍ ചെറുവേഷങ്ങളില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കി.  ശങ്കറില്‍ നടന്‍ എന്നതിലുപരി ഒരു മികച്ച സംവിധായകന്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ബോധ്യമായ  ചന്ദ്രശേഖര്‍ അദ്ദേഹത്തെ തന്റെ സഹസംവിധായകനാക്കി. തുടക്കത്തില്‍ ആ നീക്കം ശങ്കറിന് അത്ര ഇഷ്ടമായിരുന്നില്ല. ലൊക്കേഷന്‍ ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങിയ ശങ്കറിനെ സുഹൃത്തുക്കള്‍ പിന്‍തിരിപ്പിച്ചു.

‘തത്ക്കാലം കയ്യില്‍ കിട്ടിയ അവസരം ഉപേക്ഷിക്കരുത്. ഇതിലും വലിയ എന്തോ ഒന്ന് ദൈവം നിനക്കായ് കാത്തു വച്ചിട്ടുണ്ട്’,അങ്ങനെ ശങ്കര്‍ സംവിധാന സഹായിയുടെ റോളില്‍ തുടര്‍ന്നു. ക്രമേണ ശങ്കറും തന്റെയുളളിലെ യഥാര്‍ത്ഥ ഫയര്‍ എന്താണെന്ന് തിരിച്ചറിഞ്ഞു. അഭിനയത്തേക്കാള്‍ തനിക്ക് യോജിച്ച മേഖല സംവിധാനമാണെന്ന് മനസിലാക്കിയ ശങ്കര്‍ പഴയ മോഹം ഏതാണ്ട് ഉപേക്ഷിച്ചു.

ഏതാനും സിനിമകളില്‍ ചന്ദ്രശേഖറിനൊപ്പം നിന്ന് സിനിമ പഠിച്ച ശങ്കര്‍ അക്കാലത്ത് ഇടവേളകളില്ലാതെ ലോകസിനിമകള്‍ കാണുമായിരുന്നു. ഹോളിവുഡിലെ സകല പടങ്ങളും അതിലെ ഓരോ ഷോട്ടുകളും അദ്ദേഹത്തിന് മനപാഠമായിരുന്നു.  ഇന്ന് ഇന്ത്യന്‍ സിനിമ ഒന്നടങ്കം ആരാധിക്കുന്ന ശങ്കര്‍ എന്ന പേര് വന്നുപെട്ടതിന് പിന്നിലും ഒരു കഥയുണ്ട്. സിനിമാ പ്രേമിയായ അമ്മ മുത്തുലക്ഷ്മി ശിവാജി ഗണേശന്റെ കടുത്ത ആരാധികയായിരുന്നു. ശിവാജിയുടെ കുങ്കുമം എന്ന പടം കണ്ട് ഇഷ്ടമായ മുത്തുലക്ഷ്മി ഒരു മകന്‍ ജനിച്ചപ്പോള്‍ ആ സിനിമയിലെ ശിവാജിയുടെ കഥാപാത്രത്തിന്റെ പേര് അവന് നല്‍കി. ശങ്കര്‍...മകനെ ഗര്‍ഭിണിയായിരിക്കെ അമ്മ മുത്തുലക്ഷ്മി ആവേശപൂര്‍വം കണ്ട നിരവധി സിനിമകളാവാം ഒരുപക്ഷേ ശങ്കറിന്റെ ആദ്യത്തെ ചലച്ചിത്ര വിദ്യാഭ്യാസം.

സഹസംവിധായകനായി ജോലി ചെയ്യുന്ന കാലത്ത് പരിതാപകരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതസാഹചര്യം. അന്ന് ഇന്നത്തെ പോലെ വലിയ പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ല.  കോടമ്പാക്കത്തെ ഒരു ചെറിയ വീട്ടില്‍ പ്രാരാബ്ധങ്ങളുമായി കഴിഞ്ഞ ശങ്കര്‍ മലയാളിയായ കെ.ടി.കുഞ്ഞുമോന്‍ നിര്‍മ്മിച്ച സൂര്യന്‍ എന്ന പടത്തില്‍ സഹസംവിധായകനായി. ശങ്കറിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ ദീര്‍ഘവീക്ഷണമുളള കുഞ്ഞുമോന്‍ അദ്ദേഹത്തിന് ആദ്യ അവസരമൊരുക്കി. ചിത്രം: ജന്റില്‍മാന്‍. ചരിത്രവിജയമായി മാറിയ ജന്റില്‍മാന്‍ വെറുമൊരു മാസ് മസാലയായിരുന്നില്ല. ശില്‍പ്പഭദ്രമായ തിരക്കഥയും മേക്കിങിലെ മികവും ശങ്കറിനെ ഇന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയനാക്കി. അന്ന് ഇന്നത്തെ പോലെ പാന്‍ ഇന്ത്യന്‍ സിനിമാ സംസ്‌കാരം ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ജന്റില്‍മാന്‍ ഭാഷാഭേദമെന്യേ റിലീസ് ചെയ്തിടങ്ങളിലെല്ലാം ഹിറ്റായി. ആദ്യ സിനിമയിലുടെ തന്നെ ശങ്കറിന് മികച്ച സംവിധായകനുളള തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു. നിർമാണ സംരംഭമായ വെയിലിന് ദേശീയ പുരസ്‌കാരവും.പിന്നീട് എം.ജി.ആര്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റും നല്‍കി. 

ആദ്യസിനിമയില്‍ അന്നത്തെ സൂപ്രീംസ്റ്റാര്‍ ശരത്കുമാറിനെയും സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസനെയും അഭിനയിപ്പിക്കാന്‍ ശ്രമിച്ച ശങ്കറിന് ഡേറ്റ് ലഭിച്ചില്ല. ഒടുവില്‍ അന്ന് വലിയ താരമല്ലാതിരുന്ന അര്‍ജുന്‍ സര്‍ജയെ നായകനാക്കി അദ്ദേഹം ആദ്യസിനിമ ഒരുക്കി. പില്‍ക്കാലത്ത് രജനീകാന്ത്, കമലഹാസന്‍ എന്നിവരെ മുഖ്യവേഷത്തില്‍ അഭിനയിപ്പിച്ച് മൂന്ന് സിനിമകള്‍ വീതം ഒരുക്കാനുളള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. ശങ്കറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമെന്നാണ്  കമല്‍ പറഞ്ഞത്. അതെന്തായാലും കമലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു  ഇന്ത്യന്‍. മികച്ച നടനുളള ദേശീയ പുരസ്‌കാരവും ഈ സിനിമയിലുടെ അദ്ദേഹം സ്വന്തമാക്കി.

അനീതിക്കെതിരെ ഒരു പോരാട്ടം

അനീതിക്കെതിരെ പോരാടുന്ന നായകന്‍ എന്ന ആദിമകാല സങ്കല്‍പ്പത്തെ കാലോചിതമായ കഥാപരിസരങ്ങളില്‍ പ്രതിഷ്ഠിച്ചു കൊണ്ടാണ് ശങ്കര്‍ തന്റെ സിനിമകളില്‍ അധികവും ഒരുക്കിയിട്ടുളളത്. അല്ലെങ്കില്‍ സമ്പന്നരില്‍ നിന്നും പണം കൊളളയടിച്ച് പാവങ്ങളെ സഹായിക്കുന്ന നായകന്‍. കുറെക്കൂടി തെളിച്ചു പറഞ്ഞാല്‍ നമ്മുടെ കായംകുളം കൊച്ചുണ്ണിയുടെ മോഡേണ്‍ വേര്‍ഷന്‍. എക്കാലവും അതൊരു മികച്ച വിജയ ഫോര്‍മുലയാണ് എന്ന ധാരണ അദ്ദേഹത്തിനുണ്ട്. ജന്റില്‍മാനിലും ഇന്ത്യനിലും പരീക്ഷിച്ച ഈ സൂത്രവാക്യം എല്ലാ പ്രതീക്ഷകള്‍ക്കുമപ്പുറം വിജയം കണ്ടു. വെറുതെ ഒരു സ്‌റ്റോറി ലൈന്‍ പിന്‍തുടരുന്ന ആളല്ല ശങ്കര്‍. അദ്ദേഹം അടിസ്ഥാനപരമായി ഒരു മികച്ച തിരക്കഥാകൃത്താണ്. അതാത് കാലത്തിന് യോജിച്ച വിധത്തില്‍ നൂതനമായ ട്രീറ്റ്‌മെന്റിലൂടെ കോര്‍ ഐഡിയക്ക് ശക്തമായ ചിറകുകള്‍ നല്‍കേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിന് നന്നായറിയാം. അതിലുപരി അദ്ദേഹം മികച്ച സാങ്കേതിക വിദഗ്ധനുമാണ്. 

ഹോളിവുഡ് പരീക്ഷിക്കുന്ന അതിനൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ തന്റെ സിനിമകളില്‍ ഉപയോഗിക്കാൻ ശ്രമിക്കുന്ന ശങ്കര്‍ ഹോളിവുഡില്‍ നിന്നും സാങ്കേതിക വിദഗ്ധരെ ഇവിടേക്ക് എത്തിക്കാനും മടിക്കാറില്ല. ശങ്കറിന്റെ സിനിമകളില്‍ ഏറിയപങ്കും ആക്ഷന്‍ പാക്ക്ഡ് ത്രില്ലറുകളാണ്. എന്നാല്‍ ശക്തമായ ഇമോഷനല്‍ ബേസുളള സിനിമകള്‍ കൂടിയാണ്.ജന്റില്‍മാന്‍ എന്ന എക്കാലത്തെയും മികച്ച ഹിറ്റ് തന്നെ എടുക്കാം. 

അര്‍ജുന്‍ എന്ന ആക്ഷന്‍ഹീറോയുടെ പല മുന്‍കാല സിനിമകളില്‍ പലതും അടിക്ക് അടി വെടിക്ക് വെടി എന്ന ലെവലിലുളളതായിരുന്നു. ശങ്കര്‍ ഈ ഫോര്‍മുല പൊളിച്ചടുക്കി. ഒരു ക്രൈം ചെയ്യുന്നതിന് പിന്നില്‍ വ്യക്തമായ ഒരു കാരണം  ഉണ്ടായിരിക്കണമെന്നും മനസിനെ ആര്‍ദ്രമാക്കുന്ന അനുഭവം വേണമെന്നും അദ്ദേഹം കാണിച്ചു തന്നു. കേവലം ത്രില്ലറുകള്‍ എന്നതിനപ്പുറം സിനിമ ഉളളില്‍ തട്ടുന്ന അനുഭവമാകണം എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ട്. അക്രമവും കൊളളയും കാണിക്കുന്ന ഒരു നായകന്‍ നീതികരിക്കപ്പെടുകയും പ്രേക്ഷകര്‍ക്ക് അദ്ദേഹത്തോട് സിംപതി തോന്നുകയും ചെയ്യണമെങ്കില്‍ തക്കതായ ഒരു കാരണവും പശ്ചാത്തലവും ഉണ്ടാവണമെന്ന് തന്റെ സിനിമകളില്‍ അദ്ദേഹം തെളിയിച്ചു.

കോടികളുടെ ഫ്രെയിംസ്

ഇതൊക്കെയാണെങ്കിലും തമിഴിലെ മറ്റ് പല സംവിധായകരെയും പോലെ ആര്‍ട്ട്ഹൗസ് സിനിമകളോ പ്രകൃതിപ്പടങ്ങളോ അല്ല ശങ്കറിന്റെ തട്ടകം. ജീവിതഗന്ധിയായ കഥകള്‍ തികഞ്ഞ സ്വാഭാവികതയോടെ ചിത്രീകരിച്ച് ബഹുമതികളും നിരൂപക - മാധ്യമ പ്രശംസയും വാങ്ങാന്‍ വെമ്പി നില്‍ക്കുന്ന സംവിധായനല്ല അദ്ദേഹം .ഭീമന്‍ ബജറ്റില്‍ കോടികള്‍ വാരിവലിച്ചെറിഞ്ഞ് നിര്‍മ്മിക്കുന്ന തന്റെ സിനിമകള്‍ നിര്‍മ്മാതാവിന് മുടക്കു മുതലും ലാഭവും നേടികൊടുക്കണമെന്ന നിഷ്‌കര്‍ഷത അദ്ദേഹത്തിനുണ്ട്.  അതിന് പാകത്തില്‍ വാണിജ്യപരമമായ സാധ്യതകള്‍ ഉള്‍ക്കൊളളുന്ന ട്രീറ്റ്‌മെന്റും രസക്കൂട്ടുമാണ് ശങ്കര്‍ സ്വന്തം പടങ്ങളില്‍ പരീക്ഷിക്കുന്നത്. പണമെറിഞ്ഞ് പണം പിടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ തിയറി. 

മികച്ച ഷോമാനായ ശങ്കറിന്റെ ലക്ഷ്യം ആരെയും അമ്പരപ്പിക്കുന്ന വിഷ്വല്‍ ട്രീറ്റാണ്. ദൃശ്യാത്മകതയുടെ ധാരാളിത്തം കൊണ്ട് പ്രേക്ഷകന്റെ കണ്ണു മഞ്ചിക്കുന്ന ശങ്കര്‍ യന്തിരന്‍ പോലുളള സിനിമകളില്‍ തമിഴ്‌സിനിമയ്ക്ക് അചിന്ത്യമാം വിധം എല്ലാ അതിരുകളും ഭേദിച്ച് മുന്നേറി. സിനിമ ആഗോള തലത്തില്‍ തന്നെ മികച്ച വിജയം നേടുകയും ചെയ്തു. പരാജയങ്ങളുടെ രുചി അറിയാത്ത സംവിധായകന്‍ എന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ട ആ ചലച്ചിത്ര സപര്യ മൂന്നു പതിറ്റാണ്ടിന് ശേഷം ഇന്ത്യന്‍ 2 വിന്റെ കനത്ത പരാജയത്തില്‍ എത്തി നില്‍ക്കുന്നു.

പ്രേക്ഷകന്റെ പള്‍സ് അറിഞ്ഞ് കളിക്കാനുളള ഔചിത്യബോധമായിരുന്നു ശങ്കറിന്റെ പ്ലസ് പോയിന്റ്. കലാപരമായ നാട്യങ്ങള്‍ പാടെ മാറ്റി വച്ച് തമിഴ് ഫിലിം ഇന്‍ഡസ്ട്രിയുടെ സാധ്യതകള്‍ പരമാവധി ഉയരങ്ങളിലെത്തിക്കാന്‍ ശങ്കര്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ പടങ്ങള്‍ ഭാഷയ്ക്കും ദേശത്തിനും അതീതമായി എല്ലായിടങ്ങളിലും സ്വീകരിക്കപ്പെടുന്നു. കാരണം അതൊന്നും ഡയലോഗ് ഓറിയന്റഡല്ല. വിഷ്വല്‍ ലാംഗ്വേജിലുടെ കാണികളുമായി സംവദിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ദൃശ്യങ്ങള്‍ക്ക് ഭാഷയില്ലല്ലോ? അതിലുപരി ഭാഷയ്ക്കതീതമായ ഇമോഷന്‍സ് തന്റെ സിനിമകളിലുടെ നന്നായി വിനിമയം ചെയ്യാന്‍ അദ്ദേഹത്തിനറിയാം.

ജന്റില്‍മാനിലെ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ദുരന്തമൊക്കെ ഏത് ദേശത്തുളള കാഴ്ചക്കാരന്റെയും ഹൃദയത്തെ മഥിക്കും വിധത്തില്‍ ശങ്കര്‍ ആവിഷ്‌കരിച്ചിരുന്നു. ശക്തമായ കഥയുള്ള സിനിമകളാണ് അദ്ദേഹത്തിന്റേത്. തമിഴിലെ കളളനും പോലീസും അഥവാ നന്മ-തിന്മ ഫൈറ്റ് സിനിമകള്‍ക്ക് സ്വപ്നം കാണാനാവാത്ത അടരുകള്‍ ഒളിപ്പിച്ച ചിത്രമാണ് ഇന്ത്യന്‍. വിരുദ്ധ ധ്രുവങ്ങളിലുളള ഒരു പിതാവിനെയും പുത്രനെയും അവതരിപ്പിച്ചു കൊണ്ട് അനീതിയ്ക്ക് മേല്‍ നീതിബോധം അധീശത്വം നേടുന്നതൊക്കെ ശങ്കര്‍ മനോഹരമായി അവതരിപ്പിച്ചു. തിരക്കഥയുടെ കരുത്തും ശക്തിയും സാങ്കേതികതയുടെ കൃത്യമായ ഉപയോഗം, ലാഗ് തീര്‍ത്തും ഒഴിവാക്കി വേഗതയാര്‍ന്ന ആഖ്യാനം, വിഷ്വലൈസേഷനിലെ സവിശേഷതകള്‍, ഇമോഷനല്‍ ട്രാവല്‍ സാധ്യമാക്കുന്ന കഥാഗതി...ഇങ്ങനെ വിവിധ ഘടകങ്ങളുടെ സമന്വയമാണ് ശങ്കര്‍ സിനിമകള്‍.ക്യാമറയുടെ ചലന സാധ്യതകള്‍ , ഓഡിയോ ഇഫക്ടുകള്‍, സ്‌പെഷല്‍ ഇഫക്ട്‌സ്, വിഎഫ്എക്‌സ്...എന്നിങ്ങനെയുളള ഘടകങ്ങള്‍ ചലച്ചിത്രനിര്‍മ്മിതിയില്‍ എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കണം എന്നത് സംബന്ധിച്ച കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ട്. 

ബ്രഹ്‌മാണ്ഡ സിനിമ എന്നത് മുന്‍കാലങ്ങളില്‍ ഹോളിവുഡുമായി മാത്രം ചേര്‍ത്തു വച്ച് നടത്തിയിരുന്ന പദപ്രയോഗമാണ്. അത്തരം സിനിമകള്‍ ഒരുക്കാന്‍ ബജറ്റിന്റെ പരിമിതി മൂലം ഇന്ത്യന്‍ സിനിമാലോകം അപ്രാപ്തമായിരുന്നു. ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ ബോളിവുഡിലും മറ്റും സംഭവിച്ചെങ്കിലായി.  ബജറ്റ് കൊണ്ട് വിദേശ  സിനിമകളുടെ ഏഴയലത്ത് വരാന്‍ കെല്‍പ്പില്ലാതിരുന്നിട്ടും ഉളളടക്കത്തിന്റെയും വിഷ്വലൈസേഷന്റെയും കരുത്തില്‍ രാജ്യാന്തര തലത്തിലുളള പ്രേക്ഷകരെ പോലും ഞെട്ടിച്ച ബ്രഹ്‌മാണ്ഡന്‍ സിനിമകള്‍ ഒരുക്കി ശങ്കര്‍. അതൊക്കെ തന്നെ വന്‍വിജയങ്ങളാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

നടനും നന്മമരവും

സംവിധായകന്‍, നിര്‍മാതാവ് എന്നീ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ സഹപ്രവര്‍ത്തകരുടെ പ്രേരണയ്ക്ക് വഴങ്ങി ക്യാമറയ്ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ശങ്കര്‍. നടനാകാന്‍ മോഹിക്കുകയും നടനായി സിനിമാജീവിതം ആരംഭിക്കുകയും ചെയ്ത ഒരു പശ്ചാത്തലത്തിന്റെ ഓര്‍മ്മയ്ക്കാവാം തന്റെ പല സിനിമകളുടെയു ഗാനരംഗങ്ങളില്‍ അദ്ദേഹം മുഖം കാണിച്ചു.  പൂവും പുയലും, വസന്തരാഗം, നീതിക്ക് ദണ്ഡനൈ, സീത എന്നിങ്ങനെ പല സിനിമകളില്‍ ചെറുവേഷങ്ങളില്‍ വന്ന ശങ്കര്‍ കാതല്‍ വൈറസ് എന്ന പടത്തില്‍ ഡയറക്ടര്‍ ശങ്കറായി തന്നെ അഭിനയിച്ചു. കാതലന്‍, ഇന്ത്യന്‍, ശിവാജി, എന്തിരന്‍, നന്‍പന്‍...എന്നിങ്ങനെ സ്വയം സംവിധാനം ചെയ്ത പടങ്ങളിലെ ഗാനരംഗങ്ങളിലും  മിന്നിമറഞ്ഞിട്ടുണ്ട്.കാതലനിലെ പോട്ടൈ റാപ്പ് എന്ന ഗാനം എഴുതിക്കൊണ്ട് ആ നിലയിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു.

ബഹുമുഖമായ തലങ്ങളില്‍ വ്യാപരിക്കുമ്പോഴും ശങ്കറിലെ കലാകാരന്റെ മികവ് അതിന്റെ അത്യുച്ചകോടിയില്‍ തിളങ്ങിയത് തിരക്കഥകളില്‍ തന്നെയാണ്. അവിടെ ഒരു സാങ്കേതിക വിദ്യയും താരങ്ങളും അദ്ദേഹത്തിന്റെ സഹായത്തിന് എത്തുന്നില്ല. ജന്റില്‍മാന്‍, അന്ന്യന്‍, ഇന്ത്യന്‍, മുതല്‍വന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥകള്‍ ഇന്ത്യന്‍ വാണിജ്യ സിനിമയിലെ എക്കാലത്തെയും വലിയ പാഠപുസ്തകങ്ങളാണ്. എന്നാല്‍ അതില്‍ അദ്ദേഹത്തിന്റെ സംഭാവനകളേക്കാള്‍ മുഴച്ചു നില്‍ക്കുന്നത് സംഭാഷണ രചയിതാവായി ടൈറ്റിലില്‍ പ്രത്യക്ഷപ്പെട്ട തമിഴ് എഴുത്തുകാരന്‍ സുജാതയുടേതാണെന്ന് പരക്കെ അഭ്യൂഹങ്ങളുണ്ടായി.

എന്നാല്‍ എഴുത്തുകാരോട് തീരെ നീതി കാണിക്കാത്ത വാണിജ്യ സംവിധായകരുമുണ്ട്.  ഒരു സംഘം ആളുകളെ ഇരുത്തി ചര്‍ച്ച ചെയ്ത ശേഷം പരിചയ സമ്പന്നനായ മറ്റൊരാളെ കൊണ്ട് എഴുതിക്കുകയും ഇവര്‍ക്കെല്ലാം പ്രതിഫലം നല്‍കി പറഞ്ഞയച്ച ശേഷം രചന സംവിധായകന്റെ പേരിലാക്കുന്ന പ്രവണതയും സിനിമയിലുണ്ട്. ശങ്കറാവട്ടെ എഴുത്തുകാരന് ടൈറ്റില്‍ ക്രെഡിറ്റിനൊപ്പം മികച്ച പ്രതിഫലവും നല്‍കി. ഇങ്ങനെ ആരും കാണാത്ത നന്മകള്‍ കൂടി ചേര്‍ന്നതാണ് ശങ്കര്‍. അദ്ദേഹത്തിന്റെ സമകാലികനായ ഒരു മലയാളി സംവിധായകന്‍ തന്റെ സഹസംവിധായകന് ആദ്യമായി ഒരു പടം ചെയ്യാന്‍ അവസരം ലഭിച്ചതറിഞ്ഞ് അതിന്റെ നിര്‍മാതാവിനെ വിളിക്കുന്നു. ശിഷ്യന്‍ എങ്ങനെയുണ്ട് എന്ന് തിരക്കിയ നിര്‍മാതാവിനോട് ഗുരുനാഥന്‍ പറഞ്ഞു.

‘നിങ്ങള്‍ക്ക് ഒരുപാട് പണം കയ്യിലുണ്ടെങ്കില്‍ വല്ല അനാഥാലയങ്ങള്‍ക്കും കൊടുത്തുകൂടേ. ഇങ്ങനെ വെറുതെ കളയണോ?’, നിര്‍മാതാവ് പിന്നീട് ആ സിനിമ എടുത്തില്ലെന്ന് മാത്രമല്ല  സഹസംവിധായകന്റെ നമ്പര്‍ പോലും ബ്ലോക്ക് ചെയ്തു കളഞ്ഞു. ഇത്തരം ഗുരുനാഥന്‍മാര്‍ക്ക് മനസിലാകാത്ത ഒരു പ്രതിഭാസം കൂടിയാണ് ശങ്കര്‍. 

തന്റെ ശിഷ്യന്‍മാര്‍ക്ക് ആദ്യസിനിമ ചെയ്യാന്‍ നിര്‍മാതാക്കളെ കിട്ടാന്‍ പ്രയാസമാണെന്ന് കണ്ടാല്‍ സ്വന്തം പോക്കറ്റിലെ പണം കൊണ്ട് സിനിമ നിര്‍മിക്കും ശങ്കര്‍.  കലാകാരന്‍മാര്‍ക്കിടയില്‍ പതിവുളള അസൂയ, ഈഗോ എന്നിവയൊന്നും ശങ്കറിനെ തൊട്ടുതീണ്ടിയിട്ടില്ല. ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ നായക് (മുതല്‍വന്റെ റീമേക്ക്) മാര്‍ക്കറ്റിങിലെ വീഴ്ചകള്‍ മൂലം ബോക്‌സ് ഓഫിസില്‍ വന്‍പരാജയമായി. അതേസമയം ശങ്കറിന്റെ ഏറ്റവും പ്രായം കുറഞ്ഞ ശിഷ്യന്‍ അറ്റ്‌ലി ഷാറുഖ് ഖാനെ വച്ച് ജവാന്‍ എന്ന സര്‍വകാല ഹിറ്റ് ഒരുക്കി. അദ്ദേഹത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് സമ്മാനിക്കാന്‍ വേദിയിലെത്തിയത് ശങ്കറായിരുന്നു. ആ ഓഫര്‍ അദ്ദേഹം നിരസിച്ചില്ലെന്ന് മാത്രമല്ല ശിഷ്യനെ ചേര്‍ത്തു നിര്‍ത്തി ഇവന്‍ എന്റെ പയ്യനാണെന്ന് പറയാനും മറന്നില്ല. ആ മാനുഷികതയുടെ കൂടി പേരാണ് എസ്.ശങ്കര്‍.

ശങ്കര്‍ എന്ന നിര്‍മാതാവ്

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന തട്ടുപൊളിപ്പന്‍ വാണിജ്യസിനിമകളുടെ വക്താവായി അറിയപ്പെടുന്ന ശങ്കറിന്റെ മനസില്‍ ഗൗരവമേറിയ സിനിമകളുമുണ്ടെന്നതിന്റെ തെളിവാണ് സ്വന്തം പ്രൊഡക്ഷന്‍ കമ്പനി വഴി അദ്ദേഹം നിര്‍മ്മിച്ച സിനിമകള്‍. തന്റെ സഹസംവിധായകര്‍ ഉള്‍പ്പെടെയുളള നവാഗതര്‍ക്ക് അവസരം ഒരുക്കിയ ഈ ചിത്രങ്ങളെല്ലാം തന്നെ തമിഴ്‌സിനിമയുടെ മുഖച്ഛായ മാറ്റി മറിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. കാതല്‍, വെയില്‍, ഇന്‍സൈ അരസന്‍, കല്ലൂരി, ഏരം, ആനന്ദപുരത്ത് വീട് എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകള്‍. 

നിർമാണ സംരംഭങ്ങളിലുടെ പരീക്ഷണാത്മക സിനിമകള്‍ ഒരുക്കിയ ശങ്കര്‍ ഒരിക്കല്‍ പോലും സംവിധാനം ചെയ്യുന്ന പടങ്ങളില്‍ പതിവ് പാത വിട്ട് സഞ്ചരിച്ചിട്ടില്ല. സമകാലികനായ മണിരത്‌നം സിനിമകളുടെ സൗന്ദര്യപരതയോ കലാമേന്മയോ ശങ്കര്‍ സിനിമകള്‍ക്കുണ്ടോയെന്ന് ശങ്കിക്കുന്നവരുണ്ടാകാം. എന്നാല്‍ ശങ്കര്‍ സിനിമയെ അദ്ദേഹം വിഭാവനം ചെയ്യുന്ന തലത്തില്‍ പ്രതിഷ്ഠിക്കാനാണ് ഇഷ്ടപ്പെട്ടത്. ഹൈടെക് മാസ് മസാല ഗണത്തില്‍ പെടുന്നവയായിരുന്നു എക്കാലവും ശങ്കര്‍ സിനിമകള്‍. അതേ സമയം സാമൂഹ്യ പ്രസക്തിയുളളവയായിരുന്നു അവയില്‍ പലതും. നീതിനിഷേധത്തിനെതിരെ പൊരുതുന്ന നായകന്‍ എന്ന സക്‌സസ് ഫോര്‍മുല വ്യത്യസ്തമായ ആഖ്യാനരീതിയും ദൃശ്യസമൃദ്ധിയും കൊണ്ട് സമ്പന്നമായ തന്റെ സിനിമകളിലുടെ അദ്ദേഹം വേറിട്ട തലത്തില്‍ ആവിഷ്‌കരിച്ചു. 

സ്റ്റാര്‍ ഡയറക്ടര്‍ പദവിയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മുന്‍നിരയില്‍ നിലകൊണ്ടു. അര്‍ജുന്‍ സര്‍ജയെ സൂപ്പര്‍താരമാക്കിയ ശങ്കര്‍,  പ്രഭുദേവ എന്ന കൊറിയോഗ്രാഫറെ നായകനാക്കിയും സിനിമയെടുത്ത് വിജയിപ്പിച്ചു. കാതലന്‍ അക്കാലത്ത് ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്നു.വിക്രം എന്ന ഇടത്തരം താരത്തെ മെഗാസ്റ്റാറായി വളര്‍ത്തിയ അന്ന്യനും മറ്റൊരു ധീരമായ പരീക്ഷണമായിരുന്നു. വാണിജ്യ ശ്രേണിയില്‍ നില്‍ക്കുമ്പോഴും ഇത്തരം കൊടിവച്ച പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാണിച്ച ശങ്കര്‍ യന്തിരന്‍ പോലുളള പ്രമേയങ്ങളും ഐ പോലുളള റൊമാന്റിക് ത്രില്ലര്‍ സിനിമകളും അന്ന്യന്‍ പോലുളള വിസ്മയങ്ങളും 2.0 പോലുളള സയന്‍സ് ഫാന്റസികളും തീര്‍ക്കാനുളള തന്റേടം കാണിച്ചു. 

എന്താണ് ശങ്കര്‍ ഇന്ത്യന്‍ സിനിമയില്‍ കൊണ്ടു വന്ന മാറ്റം എന്ന് ചോദിച്ചാല്‍ ഉത്തരം രണ്ടാണ്. ഒന്ന് തമിഴ് പോലെ ഒരു റീജിയണല്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുകൊണ്ട് രാജ്യാന്തര നിലവാരമുളള സിനിമകള്‍ സൃഷ്ടിച്ചു. അതിലുപരി അമിതാഭ് ബച്ചന്റെയും ഷാറുഖ് ഖാന്റെയും രജനികാന്തിന്റെയും കമല്‍ഹാസന്റെയും മുഖം നോക്കി സിനിമയ്ക്ക് കയറിയിരുന്നവര്‍ ശങ്കര്‍ സിനിമകള്‍ക്ക് കയറിയത് ഒരു പേര് മാത്രം നോക്കിയാണ്. സംവിധാനം : എസ്. ശങ്കര്‍..

ആര് അഭിനയിച്ചാലും ആര് അഭിനയിച്ചില്ലെങ്കിലും പുതുമുഖങ്ങള്‍ നടിച്ചാലും ശങ്കര്‍ സിനിമകള്‍ക്ക് മിനിമം ഗ്യാരണ്ടിയുണ്ടെന്ന് കാണികള്‍ക്ക് അറിയാം. ആ വിശ്വാസമായിരുന്നു ശങ്കറിന്റെ കരുത്ത്. പാന്‍ ഇന്ത്യന്‍ ഹിറ്റായ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗവുമായി വര്‍ഷങ്ങള്‍ക്ക് ശേഷം വന്നപ്പോള്‍ ആ വിശ്വാസം പാടെ നഷ്ടപ്പെടുത്തിയ ഒരു ശങ്കറിനെയാണ് നാം കണ്ടത്.

നമ്മുടെ പല മാസ്റ്റര്‍ ഫിലിം മേക്കേഴ്‌സിനെയും പോലെ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നില്ല എന്നത് തന്നെയാണ് ശങ്കറിന്റെയും കരിയറിലെ വീഴ്ച എന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ അത് മാത്രമല്ല വസ്തുത. ഒരു സിനിമയും ഒരു കാലത്തിന്റേത് മാത്രമല്ല. അടുക്കും ചിട്ടയും ഭാവസാന്ദ്രതയും ആസ്വാദനക്ഷമതയുമുളള നല്ല തിരക്കഥകള്‍ വൃത്തിയായി അവതരിപ്പിച്ചാല്‍ ഗിമ്മിക്കുകളില്ലാതെയും സിനിമകള്‍ വിജയിക്കും എന്നതിന് ഈ കാലത്തും നിരവധി ഉദാഹരണങ്ങളുണ്ട്. കാലത്തെ അറിയുക എന്നതിനേക്കാള്‍ സിനിമയെ അറിയുക എന്നത് തന്നെയാണ് പ്രധാനം.

English Summary:

Shankar's Indian 2 Fails to Impress: The Crucial Missteps That Led to Its Downfall