''സ്‌പെഷല്‍ ഇഫക്ട്‌സ് കൊണ്ട് ആര്‍ക്കും സൂപ്പര്‍മാനാകാം. എന്നാല്‍ അതില്ലാതെ ആര്‍ക്കും എന്നെപ്പോലാകാനാവില്ല''– അഹങ്കാരത്തോളം എത്തുന്ന ഈ ആത്മവിശ്വാസമായിരുന്നു എക്കാലവും ജാക്കിചാന്റെ പിന്‍ബലം. ജീവന്‍ പണയം വച്ച് പെര്‍ഫക്ഷനായി ശ്രമിക്കുന്ന സമാനതകളില്ലാത്ത സമര്‍പ്പണബോധമായിരുന്നു ഈ നടനെ ഉയരങ്ങളുടെ പാരമ്യതയില്‍ എത്തിച്ചത്.

''സ്‌പെഷല്‍ ഇഫക്ട്‌സ് കൊണ്ട് ആര്‍ക്കും സൂപ്പര്‍മാനാകാം. എന്നാല്‍ അതില്ലാതെ ആര്‍ക്കും എന്നെപ്പോലാകാനാവില്ല''– അഹങ്കാരത്തോളം എത്തുന്ന ഈ ആത്മവിശ്വാസമായിരുന്നു എക്കാലവും ജാക്കിചാന്റെ പിന്‍ബലം. ജീവന്‍ പണയം വച്ച് പെര്‍ഫക്ഷനായി ശ്രമിക്കുന്ന സമാനതകളില്ലാത്ത സമര്‍പ്പണബോധമായിരുന്നു ഈ നടനെ ഉയരങ്ങളുടെ പാരമ്യതയില്‍ എത്തിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

''സ്‌പെഷല്‍ ഇഫക്ട്‌സ് കൊണ്ട് ആര്‍ക്കും സൂപ്പര്‍മാനാകാം. എന്നാല്‍ അതില്ലാതെ ആര്‍ക്കും എന്നെപ്പോലാകാനാവില്ല''– അഹങ്കാരത്തോളം എത്തുന്ന ഈ ആത്മവിശ്വാസമായിരുന്നു എക്കാലവും ജാക്കിചാന്റെ പിന്‍ബലം. ജീവന്‍ പണയം വച്ച് പെര്‍ഫക്ഷനായി ശ്രമിക്കുന്ന സമാനതകളില്ലാത്ത സമര്‍പ്പണബോധമായിരുന്നു ഈ നടനെ ഉയരങ്ങളുടെ പാരമ്യതയില്‍ എത്തിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സ്‌പെഷല്‍ ഇഫക്ട്‌സ് കൊണ്ട് ആര്‍ക്കും സൂപ്പര്‍മാനാകാം. എന്നാല്‍ അതില്ലാതെ ആര്‍ക്കും എന്നെപ്പോലാകാനാവില്ല’’– അഹങ്കാരത്തോളം എത്തുന്ന ഈ ആത്മവിശ്വാസമായിരുന്നു എക്കാലവും ജാക്കി ചാന്റെ പിന്‍ബലം. ജീവന്‍ പണയം വച്ച് പെര്‍ഫെക്‌ഷനായി ശ്രമിക്കുന്ന സമാനതകളില്ലാത്ത സമര്‍പ്പണബോധമായിരുന്നു ഈ നടനെ ഉയരങ്ങളുടെ പാരമ്യതയില്‍ എത്തിച്ചത്. ജീവന്‍ നഷ്ടപ്പെടേണ്ട സന്ദര്‍ഭങ്ങള്‍ നിരവധി. കൈവിരലുകളും കാലും കണ്ണും മൂക്കും ഉള്‍പ്പെടെ പരുക്ക് പറ്റാത്ത ഒരു ഭാഗവും ചാന്റെ ശരീരത്തിലില്ല. അതൊന്നും വകവയ്ക്കാത്ത അദ്ദേഹം തന്റെ ചലച്ചിത്രസപര്യ തുടര്‍ന്നു. 

നടന്‍, സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ഗായകന്‍, ഫൈറ്റ് മാസ്റ്റര്‍, കോറിയോഗ്രാഫര്‍ എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും നിറഞ്ഞാടി. ഒന്നു രണ്ടുമല്ല നൂറ്റി അമ്പതോളം സിനിമകളില്‍ നാം ജാക്കി ചാന്റെ കിടിലന്‍ ഫൈറ്റ് കണ്ട് കയ്യടിച്ചു. അതില്‍ ഒരു സിനിമയില്‍ മാത്രം ഫൈറ്റുണ്ടായിരുന്നില്ല. ഏറ്റവുമധികം സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിച്ച നടന്‍ എന്ന ബഹുമതി ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ് 2012ല്‍ ജാക്കി ചാന് നല്‍കിയിരുന്നു. 2016ല്‍ ഒരു ചലച്ചിത്രപ്രവര്‍ത്തകന് ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ ഓസ്‌കറും അദ്ദേഹത്തെ തേടിയെത്തി. 'എക്‌സ്ട്രാ ഓര്‍ഡിനറി അച്ചീവ്‌മെന്റ്‌സ് ഇന്‍ ഫിലിം' എന്ന കാറ്റഗറിയിലാണ് അദ്ദേഹത്തിന് ഓണററി അക്കാദമി അവാര്‍ഡ് ലഭിച്ചത്. 

ADVERTISEMENT

ഹോങ്കോങ്ങിന്റെ പുത്രന്‍

1950 കളില്‍ ഹോങ്കോങ് ബ്രിട്ടന്റെ അധീനതയിലായിരുന്ന കാലത്ത് ചൈനയില്‍ നിന്നും ഹോങ്കോങ്ങിലേക്ക് കുടിയേറി പാര്‍ത്ത ദമ്പതികളാണ് ചാള്‍സ് ചാനും ലിയോ ചാനും. ഹോങ്കോങ്  അംബാസിഡറുടെ വീട്ടില്‍ ആ ദമ്പതികള്‍ക്ക് ജോലി ലഭിച്ചു. 

അവര്‍ തങ്ങള്‍ക്ക് ആദ്യം പിറന്ന കുട്ടിക്ക് സവിശേഷമായ ഒരു പേര് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചു. 1954 ലായിരുന്നു ജാക്കിയുടെ ജനനം. ഹോങ്കോങ്ങില്‍ ജനിച്ചു വളര്‍ന്നവന്‍ എന്ന് അര്‍ത്ഥം വരുന്ന ചാന്‍ കോങ് സാന്‍ എന്നായിരുന്നു മാതാപിതാക്കള്‍ കുഞ്ഞിന് നല്‍കിയ പേര്. സ്‌കൂള്‍ കാലഘട്ടത്തില്‍ ഒട്ടും മികച്ച വിദ്യാര്‍ഥിയായിരുന്നില്ല ജാക്കി. പ്രൈമറി തലത്തില്‍ തന്നെ ജാക്കി പരാജയപ്പെട്ടു. പഠിക്കാത്തവന്‍, ഒന്നുമറിയാത്തവന്‍ എന്നെല്ലാം സഹപാഠികള്‍ പരിഹസിച്ചപ്പോഴും ജാക്കിചാന് കാര്യമായ നിരാശ തോന്നിയില്ല. 

പഠനകാര്യങ്ങളില്‍ പിന്നാക്കമായിരുന്ന ചാന്റെ മനസ് നിറയെ കുങ്ഫു ആയിരുന്നു. ജാക്കിയുടെ പിതാവ് ചൈനീസ് പ്രാദേശിക വികാരം കണക്കിലേറെ ഉളള ഒരാളായിരുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ കുങ്ഫു പഠിക്കണമെന്ന് തന്നെ അദ്ദേഹം മകനെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പഠിക്കാന്‍ തീരെ സാമര്‍ഥ്യമില്ലാത്ത ജാക്കിയെ തുടര്‍ന്ന് പഠിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മാതാപിതാക്കള്‍ക്ക് ബോധ്യപ്പെട്ടു. അക്കാലത്ത് കുട്ടികളെ ആയോധനകലകള്‍ പഠിപ്പിച്ചിരുന്ന പ്രശസ്തമായ ഒരു സ്ഥാപനമായിരുന്നു ചൈനീസ് ഓപ്പറ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ‌്യൂട്ട്. ഓസ്‌ട്രേലിയയിലെ ചൈനീസ് എംബസിയില്‍ ജാക്കിയുടെ പിതാവ് ചാള്‍സിന് പാചകക്കാരനായി ജോലി ലഭിച്ചത് ജാക്കിയുടെ ജീവിതം മാറ്റിമറിക്കാന്‍ ഇടയാക്കി. ചാള്‍സ് മകനെ ഇന്‍സ്റ്റിറ്റ‌്യൂട്ടില്‍ അയച്ച് പഠിപ്പിച്ചു. താന്‍ ആഗ്രഹിച്ച ഇടത്ത് എത്തിയതോടെ ജാക്കി സന്തോഷം കൊണ്ട് മതിമറന്നു. ചാള്‍സ് എല്ലാ ദിവസവും ജോലിക്ക് പോകുന്ന വഴി ജാക്കിയെ പഠനസ്ഥലത്ത് ഡ്രോപ്പ് ചെയ്യും.

ADVERTISEMENT

എന്നാല്‍ ദുരിതപൂര്‍ണമായിരുന്നു അക്കാദമിയിലെ ജീവിതം. കുട്ടികളെ അടിമകളെ പോലെ കണ്ടിരുന്ന അധ്യാപകര്‍ ചെറിയ തെറ്റുകള്‍ക്ക് പോലും അതികഠിനമായി ശിക്ഷിച്ചിരുന്നു. രണ്ട് ആത്മാര്‍ഥസുഹൃത്തുക്കളെ ലഭിച്ചു എന്നത് മാത്രമായിരുന്നു ഈ കാലഘട്ടത്തില്‍ ജാക്കിയുടെ ഏക ആശ്വാസം. എന്നാല്‍ പുതുതായി നിര്‍മിക്കുന്ന ആക്‌ഷൻ ചിത്രത്തിലേക്ക് ഒരു കുട്ടിയെ വേണം എന്ന ആവശ്യവുമായി ഒരു സംവിധായകന്‍ ഇന്‍സ്റ്റിറ്റ‌്യൂട്ടിനെ സമീപിച്ചു. ഓ‍ഡിഷനില്‍ നറുക്ക് വീണത് കുഞ്ഞു ജാക്കിക്കായിരുന്നു. സിനിമാഭിനയത്തിന്റെ പേരില്‍ കുറച്ച് ദിവസം ഇന്‍സ്റ്റിറ്റ‌്യൂട്ടില്‍ നിന്ന് മാറി നില്‍ക്കാമല്ലോ എന്ന ആശ്വാസമായിരുന്നു തുടക്കത്തില്‍ ജാക്കിയുടെ മുന്നിലുണ്ടായിരുന്ന ആകര്‍ഷണം. എന്നാല്‍ പതിയെ പതിയെ സിനിമ എന്ന ആകാശത്തിന്റെ വലിയ സാധ്യതകള്‍ അദ്ദേഹം മനസിലാക്കി. ഈ ലോകത്ത് മറ്റേതൊരു മേഖലയില്‍ പ്രവര്‍ത്തിച്ചാലും ഇത്രയധികം പ്രശസ്തിയും പണവും ആരാധനയും ലഭിക്കാനിടയില്ലെന്ന ബോധ്യം മനസിലുറച്ചു. ഏതായാലും ഇരുപതോളം സിനിമകളില്‍ പഠനകാലത്ത് തന്നെ മുഖം കാണിക്കാന്‍ ജാക്കിക്കു അവസരം ലഭിച്ചു. 

പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ ജാക്കി സിനിമ ജീവിതമാര്‍ഗമായി  തിരഞ്ഞെടുത്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സമാനമായ വേഷങ്ങളായിരുന്നു ആദ്യകാലത്ത് ലഭിച്ചത്. നായകന്റെ ഇടിയേറ്റ് വീഴുന്ന വേഷത്തിലഭിനയിക്കാന്‍ 60 ഡോളറായിരുന്നു  പ്രതിഫലം. ഇതില്‍ നിന്നും 20 ഡോളര്‍ ആക്‌ഷന്‍ ഡയറക്‌ടേഴ്‌സിന് കമ്മീഷനായി കൊടുക്കണം. വിദ്യാഭ്യാസയോഗ്യത ഇല്ലാത്തതിനാല്‍ മറ്റ് ഉയര്‍ന്ന ജോലികള്‍ക്കൊന്നും പോകാന്‍ കഴിഞ്ഞതുമില്ല. നല്ല നിലയിലെത്താന്‍ സിനിമയല്ലാതെ മറ്റൊരു മാര്‍ഗവും തനിക്ക് മുന്നിലില്ലെന്ന് ജാക്കിക്ക് തോന്നി. വലിയ താരമായി മാറണമെന്ന് ജാക്കി മനസില്‍ പ്രതിജ്ഞ എടുത്തു. അതിന്റെ ആദ്യപടിയായി സ്റ്റണ്ട് മാസ്‌റ്റേഴ്‌സുമായി ചങ്ങാത്തം സ്ഥാപിച്ചു. അവര്‍ വഴി ഫിലിം ഇന്‍ഡസ്ട്രിയിലെ നിരവധി പ്രമുഖരുമായി പരിചയപ്പെട്ടു. മാസങ്ങള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഫലമുണ്ടായി.

നായകനിരയിലേക്ക്

മികച്ച കായികശേഷിയും ആക്ഷന്‍രംഗങ്ങളിലെ മികവും കണക്കിലെടുത്ത് ജാക്കി ചാനെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാന്‍ മോച്ചു എന്ന സംവിധായകന്‍ തീരുമാനിച്ചു. ആഹ്‌ളാദം കൊണ്ട് ജാക്കിക്ക് ഇരുപ്പുറച്ചില്ല. അതീവസാധാരണമായ ജീവിതസാഹചര്യങ്ങളില്‍ നിന്നും വന്ന താന്‍ ഒരു സിനിമയില്‍ ഹീറോ ആകാന്‍ പോകുന്നു. പലപ്പോഴും അങ്ങനെ ആഗ്രഹിച്ചിരുന്നെങ്കിലും ഇത്ര പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. എന്നാല്‍ ഷൂട്ടിങ് മുന്നോട്ട് പോകവെ ഒരു കാര്യം തിരിച്ചറിഞ്ഞു. സ്റ്റണ്ട് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യും പോലെ എളുപ്പമല്ല ഒരു സിനിമയില്‍ നായകനാവുക. 1973ല്‍ റിലീസ് ചെയ്ത ലിറ്റില്‍ ടൈഗര്‍ ഫ്രം കാന്റല്‍ എന്ന സിനിമ തിയറ്ററുകളില്‍ പരാജയപ്പെട്ടു. നായകനായ ആദ്യചിത്രം വീണിട്ടും  ജാക്കി തളര്‍ന്നില്ല. വീണ്ടും ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. 

ADVERTISEMENT

ഗോള്‍ഡന്‍ ഹാര്‍വസ്റ്റ് കമ്പനി നിര്‍മിക്കുന്ന സിനിമയിലേക്ക് അവസരം വന്നെങ്കിലും അതില്‍ നായകന്റെ അടികൊളളുന്ന പഴയ വേഷം തന്നെയായിരുന്നു. ഹീറോയായി സ്ഥാനക്കയറ്റം കിട്ടിയ ശേഷം വീണ്ടും മറ്റൊരു നായകന്റെ തല്ല് കൊളളാന്‍ പോകണോയെന്ന് സുഹൃത്തുക്കള്‍ തിരക്കിയപ്പോള്‍ ജാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, 'ആ തല്ല് കൊളളുക എന്നത് ഒരു ധന്യമുഹൂര്‍ത്തമാണ്'! സാക്ഷാല്‍ ബ്രൂസ്‌ലിയായിരുന്നു  ചിത്രത്തില്‍ നായകന്‍. ലോകസിനിമയിലെ ആക്‌ഷൻ ചക്രവര്‍ത്തിയായ ബ്രൂസ്‌ലി അരങ്ങ് വാണിരുന്ന കാലമായിരുന്നു അത്.

കായികബലത്തിന്റെയും വേഗതയുടെയും അവസാനവാക്കായി കണക്കാക്കപ്പെടുന്ന ഒരാള്‍ക്കൊപ്പം അഭിനയിക്കുക എന്നത് ജാക്കിക്ക് വലിയ ഭാഗ്യമായി തോന്നി. ഫിസ്റ്റ് ഓഫ് ഫ്യൂറി എന്ന ചിത്രത്തില്‍ ബ്രൂസ്‌ലിയുടെ ചവിട്ടേറ്റ് ജാക്കി തെറിച്ചു പോകുന്ന ഒരു കിടിലന്‍ സീനുണ്ടായിരുന്നു. വലിയ ഇംപാക്ടുളള ആ സീന്‍ കാണികള്‍ക്കിടയില്‍ ആവേശമായി. 1972ല്‍ പുറത്തു വന്ന ചിത്രം വന്‍ഹിറ്റായതോടെ ബ്രൂസ്‍ലിക്കൊപ്പം സ്‌ക്രീന്‍സ്‌പേസ് പങ്കിട്ട ജാക്കി ചാന്‍ എന്ന യുവാവും ശ്രദ്ധാകേന്ദ്രമായി. ആ സിനിമയുടെ സംവിധായകനായ ലോവേ തന്റെ അടുത്ത പടത്തിന്റെ ആക്ഷന്‍ ഡയറക്ടറായി ജാക്കിയെ ക്ഷണിച്ചു. ഫീമെയില്‍ ലീഡായ ആ പടത്തിന്റെ പേര് ദി ഹീറോയിന്‍ എന്നായിരുന്നു. അങ്ങനെ ആദ്യമായി ഒരു പടത്തില്‍ ആക്‌ഷൻ ഡയറക്ടറാകാന്‍ അവസരം ലഭിച്ചു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് ലോകം ആകമാനം ചരിത്രവിജയം നേടിയ ബ്രൂസ്‌ലി ചിത്രം എന്റര്‍ ദ് ഡ്രാഗന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. ഈ സിനിമയിലും ജാക്കിക്ക് വേഷം ലഭിച്ചെങ്കിലും പതിവ് പോലെ അടികൊളളുക എന്നതിനപ്പുറം കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇക്കുറി അടിക്ക് പുറമെ പരിക്ക് പറ്റുകയും ചെയ്തു.

കേവലം 33ാം വയസ്സിൽ ലോകം മുഴുവന്‍ ആരാധിക്കപ്പെട്ടിരുന്ന ബ്രൂസ്‌ലി വിടവാങ്ങിയതോടെ ആ സിംഹാസനം കയ്യടക്കാനുളള പടപ്പുറപ്പാടിലായി പല ആക്ഷന്‍താരങ്ങളും. എന്നാല്‍ ആര്‍ക്കും അതിന് സാധിച്ചില്ല. കാരണം ബ്രൂസ്‌ലിയെ വികലമായി അനുകരിച്ചവരെ ഏറ്റെടുക്കാന്‍ പ്രേക്ഷകസമൂഹം തയാറായില്ല. 

ജീവിക്കാനായി മേസ്തിരിപ്പണിയും

ആക്‌ഷൻ സിനിമകള്‍ ഒന്നൊന്നായി പരാജയപ്പെടാന്‍ തുടങ്ങി. സിനിമയെ മാത്രം ആശ്രയിച്ച് നിന്നാല്‍ ജീവിതം ദുഷ്‌കരമാകുമെന്ന് തോന്നിയ ജാക്കി അന്ന് ഓസ്‌ട്രേലിയയില്‍ ആയിരുന്ന മാതാപിതാക്കളെ തേടിപോയി. വിദ്യാഭ്യാസമില്ലാത്ത ജാക്കിക്ക് എത്ര ശ്രമിച്ചിട്ടും നല്ലൊരു ജോലി ലഭിച്ചില്ല. ഒടുവില്‍ ഒരു കുടുംബസുഹൃത്തിന്റെ  സഹായത്തോടെ കെട്ടിട നിര്‍മാണമേഖലയില്‍ കയറിക്കൂടി. ഈ സമയത്ത് ചാന്‍ കോങ് സാന്‍ എന്ന പേര് ഉച്ചരിക്കാനുളള ബുദ്ധിമുട്ടിനെക്കുറിച്ച് പലരും സൂചിപ്പിച്ചു. അങ്ങനെ അദ്ദേഹം സ്വന്തം പേര് പരിഷ്‌കരിച്ച് ജാക്കി ചാന്‍ എന്നാക്കി മാറ്റി. തിരക്കിട്ട ഷൂട്ടിങ് ഷെഡ്യുളുകളുമായി ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ചു പോന്ന ജാക്കിക്ക് ഓസ്‌ട്രേലിയയിലെ ജീവിതം മടുപ്പുളവാക്കി. നായകനാകാന്‍ ഇറങ്ങി പുറപ്പെട്ട താന്‍ മേസ്തിരിപ്പണിക്കാരനായി ഒതുങ്ങിക്കൂടുക എന്നതിനോട് പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 

ജാക്കിക്ക് ബ്രേക്ക് നല്‍കാന്‍ ശ്രമിച്ച ലോവോയുമായി വീണ്ടും സന്ധിച്ചു. അദ്ദേഹം ഒരു സിനിമയില്‍ നായകവേഷം ഓഫര്‍ ചെയ്‌തെങ്കിലും കാര്യത്തോട് അടുത്തപ്പോള്‍ എല്ലാം മാറിമറിഞ്ഞു. സ്വതസിദ്ധമായ ശൈലയില്‍ പെര്‍ഫോം ചെയ്യാന്‍ സംവിധായകന്‍ അനുവദിച്ചില്ല. പകരം ബ്രൂസ്‌ലിയെ അനുകരിച്ച് അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നും ലോവോ അവസരങ്ങള്‍ നല്‍കിയെങ്കിലും അപ്പോഴും അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചു. ബ്രൂസ്‌ലി അനുകരണം പ്രേക്ഷകര്‍ തിരസ്‌കരിച്ചതോടെ പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടി.

നിരന്തര പരാജയമേറ്റ് മാനസികമായി തളര്‍ന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ വൂപ്പിങ് എന്ന സംവിധായകന്‍ പുതിയ സിനിമയ്ക്കായി ജാക്കിയെ സമീപിച്ചു. എന്നാല്‍ ഫ്‌ളോപ്പുകള്‍ മാത്രമുളള ഹീറോയെ വച്ച് പടം ചെയ്യരുതെന്ന് നിര്‍മാതാക്കള്‍ അദ്ദേഹത്തെ വിലക്കി. വൂപ്പിങ് അതൊന്നും കാര്യമാക്കിയില്ല. ജാക്കിയുടെ കഴിവുകളില്‍ അദ്ദേഹത്തിന് അത്ര വിശ്വാസമായിരുന്നു. അങ്ങനെ ആക്‌ഷനും കോമഡിക്കും പ്രാധാന്യമുളള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജാക്കി തന്റേതായ ശൈലിയില്‍ അഭിനയിച്ചു എന്ന് മാത്രമല്ല സ്‌ക്രിപ്റ്റില്‍ രസകരമായ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഷൂട്ടിങ്ങിനിടയില്‍ ജാക്കിയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തു. 

സിനിമയുടെ റിലീസ് വരെയുളള രാത്രികളില്‍ ജാക്കിക്ക് നേരാം വണ്ണം ഉറങ്ങാന്‍ പോലും സാധിച്ചില്ല. തന്റെ ശൈലിയിലുളള അഭിനയവും തിരക്കഥയും ജനങ്ങള്‍ സ്വീകരിക്കുമോയെന്ന് അദ്ദേഹം വല്ലാതെ ഭയന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് സ്‌നേക്ക് ഇന്‍ ദ് ഈഗിള്‍ ഷാഡോ എന്ന സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറി. മറ്റൊരു സംവിധായകന്‍ താന്‍ കണ്ടെത്തിയ നായകനെ വച്ച് ഹിറ്റുണ്ടാക്കിയത് ലോവോയ്ക്ക് സഹിച്ചില്ല. അയാള്‍ കടപ്പാടിന്റെ പേരും പറഞ്ഞ് വീണ്ടും ജാക്കിയെ സമീപിച്ചു. ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന നല്ല മനസുളള ജാക്കി ലോവോയുടെ വലയില്‍ വീണു. അങ്ങനെ ജാക്കിയുടെ അഭിരുചികളുമായി പൊരുത്തപ്പെടാത്ത സിനിമകള്‍ പിറന്നു വീണു. എല്ലാം പൊട്ടി തവിടു പൊടിയാവുകയും ചെയ്തു. വീണ്ടും ഡ്രങ്കന്‍ മാസ്റ്റര്‍ എന്ന പടവുമായി വൂപ്പിങ് ജാക്കിയെ സമീപിച്ചു. ഈ സിനിമ ബോക്‌സ് ഓഫിസിൽ തരംഗം സൃഷ്ടിച്ചു എന്ന് മാത്രമല്ല യുവാക്കള്‍ക്കിടയില്‍ ജാക്കി ഒരു തരംഗമായി മാറുകയും ചെയ്തു. അത്കൂടി കണ്ടതോടെ ലോവോ അടങ്ങിയിരുന്നില്ല. തന്റെ അടുത്ത പടത്തില്‍ ജാക്കി അഭിനയിക്കണമെന്ന നിര്‍ബന്ധവുമായി അദ്ദേഹം വീണ്ടും സമീപിച്ചു.എന്നാല്‍ ഇക്കുറി ജാക്കി നോ പറഞ്ഞു.

അത് വലിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങി. ഉച്ചിക്ക് വച്ച കൈ കൊണ്ട് ഉദകക്രിയ ചെയ്യുന്ന തലത്തിലേക്ക് ലോവോ നീങ്ങി. ഇത് ജാക്കിയെ മാനസികമായി വിഷമിപ്പിച്ചെങ്കിലും കരുത്തനായ ജാക്കി ഒന്നിലും തളര്‍ന്നില്ല. 

ഇതിഹാസ താരം പിറക്കുന്നു

ഡ്രാഗണ്‍ ലോര്‍ഡ് എന്ന പേരില്‍ അദ്ദേഹം സ്വയം ഒരു ചിത്രം സംവിധാനം ചെയ്തു. ഇതിന്റെ ഷൂട്ടിങ്ങിനിടയില്‍ നൂറിലധികം സ്റ്റണ്ട് നടന്‍മാര്‍ക്ക് പരിക്കേറ്റു. എന്തായാലും പടം ബമ്പര്‍ ഹിറ്റായി. ഒരു സാധാരണ നായകനില്‍ നിന്നും ലോകമെമ്പാടും ആരാധകരുളള ജാക്കി ചാന്‍ എന്ന ഇതിഹാസത്തിലേക്കുളള യാത്രയുടെ തുടക്കമായിരുന്നു അത്. പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പം നിന്നവരെ മറക്കാത്ത ജാക്കി ചൈനീസ് ഇന്‍സ്റ്റിറ്റ‌്യൂട്ടില്‍ തന്റെ ആത്മസുഹൃത്തുക്കളായിരുന്ന രണ്ടു പേരെ ഉള്‍പ്പെടുത്തി എടുത്ത സിനിമയാണ് പ്രൊജക്ട് എ. ഇതിന്റെ ചിത്രീകരണത്തിനിയിടല്‍ ഒരു നിര്‍ണായക സംഭവമുണ്ടായി. ചിത്രത്തില്‍ ക്ലോക്ക്  ടവറില്‍ നിന്നും ജാക്കി വീഴുന്ന ഒരു സീനുണ്ട്. പല തവണ റീടേക്കുകള്‍ പോയിട്ടും ജാക്കിക്ക് തൃപ്തി വന്നില്ല. ഒടുവില്‍ ലാസ്റ്റ് ടേക്കില്‍ തലകുത്തനെ വീണ് ജാക്കിയുടെ കേള്‍വിക്ക് തകരാറുണ്ടായി.

ഡ്യൂപ്പുകളെ ഉപയോഗിക്കാതെ അതിസാഹസികമായി രംഗങ്ങള്‍ ചെയ്യുന്ന നടന്‍. അതായിരുന്നു ജാക്കിയുടെ സവിശേഷത. എത്ര ധൈര്യമുളള താരങ്ങളും ഹെവി റിസ്‌കുളള സീനുകളില്‍ ഒന്ന് മാറി നിന്ന്  പകരം ഡ്യൂപ്പുകളെ ഉപയോഗിക്കും. എന്നാല്‍ തന്റെയും ഡ്യൂപ്പിന്റെയും ജീവന്‍ ഒരു പോലെ വിലപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന ജാക്കി എത്ര അപകടകരമായ രംഗങ്ങളും സ്വയം ഏറ്റെടുത്തു. വ്യക്തിപരമായ സംതൃപ്തി ലഭിക്കണമെങ്കിലും ഇത്തരം രംഗങ്ങളില്‍ സ്വയം അഭിനയിക്കണമെന്ന വിശ്വാസക്കാരനായിരുന്നു ജാക്കി.    

പല കാലങ്ങളിലായി പുറത്തിറങ്ങിയ പൊലീസ് സ്‌റ്റോറി സീരിസിലൂടെ ജാക്കി ചാന്‍ ആഗോളതലത്തില്‍ അനിഷേധ്യ നാമങ്ങളിലൊന്നായി മാറി. ലോകമെമ്പാടുമുളള യുവാക്കള്‍ ജാക്കിചാന്‍ സ്‌റ്റൈല്‍ അനുകരിക്കാന്‍ തുടങ്ങി. ലോകത്തെ സന്തോഷിപ്പിക്കാനായി സാഹസികരംഗങ്ങളില്‍ ഏതളവ് വരെയും പോയിരുന്ന ജാക്കിക്ക് പരുക്കുകളും അപകടങ്ങളും പുത്തരിയായിരുന്നില്ല. എന്നാല്‍ ഒരു ചിത്രത്തിന്റെ സെറ്റില്‍ വച്ചുണ്ടായ അപകടമാണ് അതില്‍ ഏറ്റവും നിര്‍ണായകം. അഞ്ച് മീറ്റര്‍ ഉയരമുളള മതിലിന് മുകളില്‍ നിന്നും ചാടി ജാക്കി ഒരു മരക്കൊമ്പില്‍ തൂങ്ങണം. ഫസ്റ്റ് ടേക്ക് വിജയകരമായി പുര്‍ത്തിയാക്കി. എന്നാല്‍ ഒരിക്കല്‍ കൂടി എടുക്കണമെന്ന് ജാക്കിക്ക് ഒരു തോന്നല്‍. സംവിധായകനും അദ്ദേഹം തന്നെയായതിനാല്‍ എതിര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. റീടേക്കിലും ജാക്കി കൃത്യമായി ചാടി മരത്തില്‍ തൂങ്ങിയെങ്കിലും മരക്കൊമ്പ് ഒടിഞ്ഞ് ജാക്കി നടുവിലെ ഗര്‍ത്തത്തിലേക്ക് വീണു. പാറക്കെട്ടില്‍ തലയടിച്ചു വീണ കൂട്ടത്തില്‍ ഒരു പാറക്കല്ല് തലയോട്ടി തുളച്ച് അകത്തു കയറി. ആംബുലന്‍സില്‍ ജാക്കിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹത്തിന്റെ ശരീരം തണുത്തു തുടങ്ങി. ജാക്കി അവസാനിച്ചു എന്ന് തന്നെ എല്ലാവരും വിശ്വസിച്ചു. കാരണം സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണം ഉറപ്പാണ്. എന്നാല്‍ ആ മനോവീര്യത്തിന് മുന്നില്‍ മരണം കീഴടങ്ങി. 

ഇനി രക്ഷപ്പെട്ടാല്‍ തന്നെ ശരീരം പാതി തളര്‍ന്നു പോവുകയോ കോമാ സ്‌റ്റേജിലേക്ക് പോവുകയോ ചെയ്യാം. ജാക്കിയുടെ തലയില്‍ തുളഞ്ഞു കയറിയ കല്ല് തലച്ചോറിന് ക്ഷതമേല്‍പ്പിച്ചിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പെട്ടെന്ന് തന്നെ സര്‍ജറി നടത്തി അവര്‍ കല്ല് പുറത്തെടുത്തു. എന്നാലും പഴയ ആരോഗ്യത്തോടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നാണ് ആശുപത്രി അധികൃതര്‍ പോലും കരുതിയത്. തലച്ചോറിലെ മുറിവ് ഉണങ്ങിയെങ്കിലും തലയോടിലെ ദ്വാരം അങ്ങനെ തന്നെ നിന്നു. പ്ലാസ്റ്റിക് കൊണ്ടുളള പ്രത്യേക തരം അടപ്പ് ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ അത് അടച്ചത്. ഇന്നും ആ ദ്വാരവും അടപ്പും അങ്ങനെ തന്നെയുണ്ട്. ആ സംഭവത്തോടെ ചെവിയുടെ കേള്‍വി ഭാഗികമായി നഷ്ടപ്പെട്ടു. 

എന്നാല്‍ ഇതിലൊന്നും അദ്ദേഹം തെല്ലും കൂസിയില്ല. സിനിമയുടെ ഷൂട്ടിങ് മുടങ്ങിയതിലായിരുന്നു ജാക്കിക്ക് സങ്കടം. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചു. ജാക്കി അത് നിരസിച്ചു. ഡോക്ടര്‍മാര്‍ക്ക് ആകെ ആശങ്കയായി. ജാക്കി വിചാരിക്കും പോലെ അത്ര സുഗമമല്ല കാര്യങ്ങള്‍. ഒടുവില്‍ അവര്‍ സംഗതിയുടെ ഗൗരവം ജാക്കിയുടെ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തി. അച്ഛന്റെ നിര്‍ബന്ധം മൂലം ജാക്കി ഏതാനും മാസങ്ങള്‍ വിശ്രമിക്കാമെന്ന് സമ്മതിച്ചു. ജാക്കിയുടെ കാലം കഴിഞ്ഞുവെന്ന് പുറത്ത് വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ ജാക്കിചാന്‍ വിട്ടുകൊടുത്തില്ല. 'ഒരു അപകടത്തിനും എന്നെ പിന്തിരിപ്പിക്കാനാവില്ല. എന്റെ അവസാന ദിനമാണെങ്കില്‍ പോലും പുതിയ ഒരു സംഘട്ടന രംഗം ഞാന്‍ പരീക്ഷിക്കും' ജാക്കി പൊതുസമൂഹത്തെ അറിയിച്ചു. 

ഗുരുതരമായ പരുക്കിന്റെ ലക്ഷണങ്ങളോ ക്ഷീണമോ പുറത്ത് കാണിക്കാതെ അദ്ദേഹം ഷൂട്ടിങ് സെറ്റിലെത്തി. ആദ്യദിനം തന്നെ ഷൂട്ട് ചെയ്തത് സിനിമയിലെ ഏറ്റവും അപകടം പിടിച്ച സീന്‍. തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മലയുടെ മുകളില്‍ നിന്നും വായു നിറച്ച ഒരു ബലൂണിലേക്ക് ചാടുന്ന രംഗം. ഭീതിദമായ ഒരു അപകടം തരണം ചെയ്ത് വന്ന ജാക്കി വീണ്ടും അതിസാഹസികമായ രംഗം ചെയ്യുന്നത് നെഞ്ചിടിപ്പോടെയാണ് സഹപ്രവര്‍ത്തകര്‍ കണ്ടു നിന്നത്. ഒരിഞ്ചു പോലും പിഴയ്ക്കാതെ കൃത്യതയോടെ അദ്ദേഹം അത് പൂര്‍ത്തിയാക്കി. അസാമാന്യമായ ആ ആത്മവിശ്വാസത്തിന് മുന്നില്‍ സിനിമാലോകം മാത്രമല്ല പ്രേക്ഷകര്‍ ഒന്നടങ്കം തലകുനിച്ചു. അങ്ങനെ ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം ചെയ്ത ആര്‍മര്‍ ഓഫ് ഗോഡ് ജാക്കിചാന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി. അവിടന്നങ്ങോട്ട് ജാക്കിചാന്‍ യുഗം അതിന്റെ പരമകാഷ്ഠയിലെത്തി. ജാക്കിചാന്‍ എന്ന പേരിന്റെ മാത്രം ബലത്തില്‍ ഹോങ്കോങ്ങിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങി.

മരുഭൂമി സൃഷ്ടിച്ച ജാക്കി

ഗോള്‍ഡന്‍ വേ എന്ന പേരില്‍ സിനിമാ നിര്‍മാണക്കമ്പനി ആരംഭിക്കുക വഴി ചലച്ചിത്രനിര്‍മ്മാണത്തിലേക്കും അദ്ദേഹം പ്രവേശിച്ചു. കേവലം ഒരു സ്റ്റണ്ട് മാനായി ജീവിതം ആരംഭിച്ച അദ്ദേഹം സമാനജോലി ചെയ്തിരുന്നവരുടെ ഉന്നമനത്തിനായി സ്റ്റണ്ട് മെന്‍ അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. താരമൂല്യം വര്‍ദ്ധിച്ചതോടെ മെഗാ പ്രൊജക്ടുകളിലേക്ക് തിരിഞ്ഞു ജാക്കി. 

വലിയ മുതല്‍മുടക്കില്‍ ആര്‍മര്‍ ഓഫ് ഗോഡ് എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. സഹാറ മരുഭൂമിയില്‍ വച്ചായിരുന്നു  ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നത്. ലൊക്കേഷന്‍ കാണാന്‍ പോയ ജാക്കി അവിടത്തെ അസഹനീയമായ ചൂട് കണ്ട് അമ്പരന്നു. എന്തും സഹിക്കാന്‍ കെല്‍പ്പുളള ജാക്കിയെ പോലെ ഷൂട്ടിങ് സെറ്റില്‍ എല്ലാവര്‍ക്കും ജോലി ചെയ്യാന്‍ കഴിയില്ലല്ലോ! അങ്ങനെ സഹാറയില്‍ നിന്നും ടണ്‍ കണക്കിന് മണല്‍ കപ്പല്‍മാര്‍ഗം ഹോങ്കോങ്ങില്‍ കൊണ്ടു വന്ന് മരുഭൂമിയുടെ സെറ്റിട്ട് ഷൂട്ട് ചെയ്തു. പ്രതീക്ഷിച്ചതിന്റെ പല മടങ്ങായി ബജറ്റ് ഉയര്‍ന്നു. നിര്‍മാതാക്കള്‍ ജാക്കിയെ കുറ്റപ്പെടുത്തി. എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ സിനിമ വന്‍വിജയമായി. 

പൊലീസ് സ്‌റ്റോറിയുടെ മൂന്നാംഭാഗമായ സൂപ്പര്‍കോപ്പിലും അപകടകരമായ സീനുകളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. കാഴ്ചക്കാര്‍ പകച്ചിരുന്നു പോയ പല രംഗങ്ങളും പുഷ്പം പോലെ അനായാസമായാണ് ജാക്കി ചെയ്തത്. ഹെലികോപ്റ്ററില്‍ തൂങ്ങിയാടുന്നതിനിടയില്‍ താഴെ വീണ് ബോധം പോയ ജാക്കി അതൊന്നും വകവയ്ക്കാതെ ഷൂട്ടിങ് തുടര്‍ന്നു. 

ഇത്രയൊക്കെ തരംഗം സൃഷ്ടിച്ചിട്ടും ഹോളിവുഡ് അദ്ദേഹത്തെ കാര്യമായി പരിഗണിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ അവര്‍ക്കും തിരുത്തേണ്ടതായി വന്നു. എം.ടി.വി അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ്  അവാര്‍ഡ് പ്രഖ്യാപിച്ചു. അതിന് ശേഷം അമേരിക്കയിലും ആരാധകര്‍ വര്‍ദ്ധിച്ചു. അദ്ദേഹത്തിന്റെ സിനിമകള്‍ അവിടെ തുടര്‍ച്ചയായി ഹിറ്റായി. 

ജാക്കിചാന്‍ താനൊരു സാധാരണ മനുഷ്യന്‍ മാത്രമാണെന്ന് പല വേദികളിലും ആവര്‍ത്തിച്ചിരുന്നെങ്കിലും പല ആരാധകരും വിശ്വസിച്ചില്ല. അദ്ദേഹത്തില്‍ അമാനുഷികമായ എന്തൊക്കെയോ ഘടകങ്ങള്‍ ഉണ്ടെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. ഇത് ഉറപ്പാക്കാനായി ജര്‍മനിയിലുളള ഒരു പ്രേക്ഷകന്‍ ഹോങ്കോങ്ങിൽ വന്ന് അദ്ദേഹത്തെ നേരില്‍ കണ്ടു. ചേര്‍ന്നു നിന്ന് ഫോട്ടോയെടുത്ത് ജാക്കി ചാന്‍ എല്ലാവരെയും പോലെ ഒരാളാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് മടങ്ങിയത്. അതിസാഹസികതയുടെ അടയാളങ്ങള്‍ ഇന്നും ജാക്കിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായുണ്ട്. എന്നാല്‍ ഇതര ആക്ഷന്‍ താരങ്ങളില്‍ നിന്നും എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തനായിരുന്നു ജാക്കി. ഫൈറ്റുകളും സാഹസികതയും മാത്രമല്ല ജാക്കിയുടെ ലോകം. സിനിമാ നിര്‍മ്മാണം, സംവിധാനം, ഫൈറ്റ് കംപോസിങ്, തിരക്കഥ, ഗായകന്‍ എന്നിങ്ങനെ പല മേഖലകളില്‍ പയറ്റിത്തെളിഞ്ഞ ജാക്കി ചാന്റെ നര്‍മ്മബോധവും അപാരമാണ്. ഇതര ആക്ഷന്‍ സിനിമകളില്‍ നിന്ന് വിഭിന്നമായി തന്റെ പല സിനിമകളിലും നര്‍മ്മത്തിന്റെ നേര്‍ത്ത ഒരു അടിയൊഴുക്ക് നിലനിര്‍ത്തുന്ന ജാക്കിക്ക് ഹാസ്യരംഗങ്ങളിലും ശോഭിക്കാന്‍ കഴിയുന്നു.

വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍

1982 ലായിരുന്നു ജാക്കിയുടെ വിവാഹം. തായ്‌വാനിയന്‍ നടിയായ ജൂവാന്‍ ലിനെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. ഈ ദമ്പതികളുടെ ഏകപുത്രനായ ജയ്‌സീ ചാന്‍ നടനും ഗായകനുമാണ്. വിവാഹേതര ബന്ധത്തില്‍ ഒരു മകള്‍ കൂടിയുണ്ട് ജാക്കിക്ക്. 

സിനിമയും മാര്‍ഷല്‍ ആര്‍ട്‌സും കഴിഞ്ഞാല്‍ ജാക്കിയുടെ മറ്റൊരു ഹരം ചൂതാട്ടവും സ്ത്രീകളുമാണ്. 2018 ല്‍ പുറത്തു വന്ന നെവര്‍ ഗ്രോ അപ്പ് എന്ന ആത്മകഥയിലൂടെ ജാക്കി തന്നെ ഇതെല്ലാം തുറന്ന് സമ്മതിക്കുകയുണ്ടായി. അളവറ്റ ധനമാണ് ചൂതുകളിക്കും പെണ്ണുങ്ങള്‍ക്കുമായി അദ്ദേഹം ചിലവഴിച്ചത്. അതൊന്നും ഒരു തെറ്റായി അദ്ദേഹം കരുതുന്നുമില്ല. ജീവിതം അധ്വാനിക്കാന്‍ മാത്രമല്ല ആഘോഷിക്കാന്‍ കൂടിയുളളതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 

പതിറ്റാണ്ടുകള്‍ നീണ്ട ചലച്ചിത്രസപര്യയ്ക്കിടയില്‍ ജാക്കി 70 -ാം വയസിലെത്തി നില്‍ക്കുന്നു. ഇന്നും ഒരു യുവാവിനെ പോലെ ഊര്‍ജ്ജസ്വലനും സക്രിയനുമാണ് അദ്ദേഹം. നമ്മുടെ നാട്ടില്‍ ആളുകള്‍ വടികുത്തി നടക്കുന്ന പ്രായത്തില്‍ തീപാറുന്ന സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കാന്‍ മാനസികമായും ശാരീരികമായും ഒരുങ്ങുന്ന തിരക്കിലാണ് ജാക്കിചാന്‍. ഓരോ പുതിയ ചിത്രത്തിലും ഇതുവരെ പ്രേക്ഷകര്‍ക്ക് ലഭിക്കാത്ത പുതിയ ഒരനുഭവം പ്രദാനം ചെയ്യാന്‍ കഴിയണമെന്ന് ജാക്കി സ്വയം നിഷ്‌കര്‍ഷിക്കുന്നു. ഈ സമര്‍പ്പിതമനസാണ് അദ്ദേഹത്തിന്റെ ദീര്‍ഘകാല വിജയരഹസ്യം. 

ഒരിക്കല്‍ പൊതുവേദിയില്‍ ജാക്കി പറഞ്ഞ ഒരു വാചകത്തില്‍ അദ്ദേഹത്തെ സംബന്ധിച്ച എല്ലാമുണ്ട്. അത് ഇങ്ങനെയായിരുന്നു. ''എന്റെ ശരീരത്തില്‍ മുറിവേല്‍ക്കാത്ത ഇടങ്ങളില്ല, പൊട്ടാത്ത എല്ലുകളില്ല. മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭങ്ങള്‍ ഏറെ. ഒരു തവണ മരണത്തിന് കീഴടങ്ങിയെന്ന് തന്നെ കരുതിയതാണ്. എന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു.'' കര്‍മരംഗമാണ് മറ്റെന്തിനേക്കാള്‍ വലുതെന്ന് വിശ്വസിക്കുന്ന മഹത്തായ മനോഭാവത്തിന്റെ കൂടി മറുവാക്കാണ് ജാക്കി ചാന്‍.

English Summary:

Explore the remarkable life and career of Jackie Chan, the legendary martial artist, actor, and filmmaker.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT