ആരും ശ്രദ്ധിക്കാതെ സിനിമയുടെ ഓരം ചേര്‍ന്ന് നടന്നു പോകുന്ന നടനാണ് സൈജു കുറുപ്പ്. ശ്രദ്ധിക്കാതെ എന്നത് വിപരീതമായ അര്‍ത്ഥത്തിലല്ല പറയുന്നത്. കഴിവുകള്‍ ഏറെയുണ്ടെങ്കിലും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും സെല്‍ഫ് പ്രമോഷനും കൊണ്ട് ഇല്ലാത്ത മേന്മകള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്ന ശീലം സൈജുവിനില്ല. ഉളള

ആരും ശ്രദ്ധിക്കാതെ സിനിമയുടെ ഓരം ചേര്‍ന്ന് നടന്നു പോകുന്ന നടനാണ് സൈജു കുറുപ്പ്. ശ്രദ്ധിക്കാതെ എന്നത് വിപരീതമായ അര്‍ത്ഥത്തിലല്ല പറയുന്നത്. കഴിവുകള്‍ ഏറെയുണ്ടെങ്കിലും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും സെല്‍ഫ് പ്രമോഷനും കൊണ്ട് ഇല്ലാത്ത മേന്മകള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്ന ശീലം സൈജുവിനില്ല. ഉളള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരും ശ്രദ്ധിക്കാതെ സിനിമയുടെ ഓരം ചേര്‍ന്ന് നടന്നു പോകുന്ന നടനാണ് സൈജു കുറുപ്പ്. ശ്രദ്ധിക്കാതെ എന്നത് വിപരീതമായ അര്‍ത്ഥത്തിലല്ല പറയുന്നത്. കഴിവുകള്‍ ഏറെയുണ്ടെങ്കിലും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും സെല്‍ഫ് പ്രമോഷനും കൊണ്ട് ഇല്ലാത്ത മേന്മകള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്ന ശീലം സൈജുവിനില്ല. ഉളള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരും ശ്രദ്ധിക്കാതെ സിനിമയുടെ ഓരം ചേര്‍ന്ന് നടന്നു പോകുന്ന നടനാണ് സൈജു കുറുപ്പ്. ശ്രദ്ധിക്കാതെ എന്നത് വിപരീതമായ അര്‍ത്ഥത്തിലല്ല പറയുന്നത്. കഴിവുകള്‍ ഏറെയുണ്ടെങ്കിലും മാര്‍ക്കറ്റിങ് തന്ത്രങ്ങളും സെല്‍ഫ് പ്രമോഷനും കൊണ്ട് ഇല്ലാത്ത മേന്മകള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്ന ശീലം സൈജുവിനില്ല. ഉളള കഴിവുകള്‍ പോലും പുറമെ നടിക്കാതെ സ്വന്തം പണി ചെയ്ത് വീട്ടില്‍ പോകുന്ന അപൂര്‍വം സിനിമാക്കാരില്‍ ഒരാളാണ് സൈജു. ദൗര്‍ഭാഗ്യം പലര്‍ക്ക് പല രൂപത്തിലാണ് വരുന്നതെന്ന് കേട്ടിട്ടുണ്ട്. സൈജുവിനെ സംബന്ധിച്ച് അത് സിനിമയുടെ രൂപത്തിലാണ് വന്നത്. മാന്യമായ ഒരു ജോലി കയ്യിലുണ്ടായിരുന്ന സൈജുവിന് അത് മാനസികമായി തൃപ്തി നല്‍കുന്നില്ലെന്ന് തിരിച്ചറിഞ്ഞ സ്‌നേഹമയിയും മര്യാദക്കാരിയുമായ ഭാര്യ അനുപമ സ്വന്തം ജീവിതം അടക്കം വെല്ലുവിളികള്‍ നേരിടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ സൈജുവിനെ ഇഷ്ടമേഖലയായ അഭിനയരംഗത്തേക്ക് പറഞ്ഞു വിടുന്നു. 

ഹരിഹരന്‍ സ്‌കൂളില്‍ തുടക്കം

ADVERTISEMENT

താരങ്ങളെ സൃഷ്ടിക്കുന്നതില്‍ അഗ്രഗണ്യനായ സാക്ഷാല്‍ ഹരിഹരന്റെ സ്‌കൂളിലാണ് അദ്ദേഹം ചെന്നുപെട്ടത്. ഒാഡിഷനില്‍ ഹരിഹരന്‍ ഓക്കെ പറഞ്ഞതോടെ പുതുമുഖങ്ങളെ അണിനിരത്തി അദ്ദേഹം ഒരുക്കിയ മയൂഖം എന്ന പടത്തിലൂടെ നായകനായി തന്നെ അരങ്ങേറി. ഹരിഹരന്‍ തൊട്ടതെല്ലാം പൊന്ന് എന്ന വിശ്വാസത്തിന്റെ ബലത്തിലായിരുന്നു മുന്നോട്ട് പോയത്. എന്നാല്‍ സൈജുവിന്റെ കാര്യത്തില്‍ ഭാഗ്യദേവത ട്രാക്ക് ഒന്ന് മാറ്റിപ്പിടിച്ചു. മയൂഖം നല്ല സിനിമയായിരുന്നിട്ടും ബോക്‌സാഫിസില്‍ തകര്‍ന്നു വീണു. പിന്നാലെ സൈജുവും തകര്‍ന്നുവെന്ന് പലരും വിധിയെഴുതി. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും ഇക്കുറിയും ഹരിഹരന്‍ മാജിക്ക് പിഴച്ചില്ല. ചിത്രത്തിലെ നായികയായ മംമ്താ മോഹന്‍ദാസ് നായികാനിരയില്‍ പൊടുന്നനെ പടവുകള്‍ കയറി.

പക്ഷേ സൈജുവിന്റെ കരിയര്‍ ഗ്രോത്ത് സൂപ്പര്‍ഫാസ്റ്റിന്റെ വേഗത്തിലായിരുന്നില്ല. 2006–ല്‍ ഷാജി കൈലാസിന്റെ ബാബാ കല്യാണിയില്‍ താഹിര്‍ മുഹമ്മദ് എന്ന ഉജ്ജ്വല കഥാപാത്രം വന്നു വീണു. സൈജുവിന് ബാഹ്യരൂപം കൊണ്ട് ആ കഥാപാത്രം നന്നായി ഇണങ്ങി. അഭിനയം കൂടി പൊടിപൊടിച്ചതോടെ സിനിമാ ലോകം ഈ നടനെ ശ്രദ്ധിച്ചു തുടങ്ങി. പക്ഷേ ഭാഗ്യദേവത ശരിക്കൊന്ന് കണ്ണുതുറന്ന് സൈജുവിനെ തുറിച്ചൊന്ന് നോക്കണ്ടേ? അതിനിത്തിരി ടൈം എടുത്തു എന്ന് മാത്രം. ചിലരുടെ കാര്യം അങ്ങനെയാണ്. പിന്നീടങ്ങോട്ട് അശ്വാരൂഢന്‍ മുതല്‍ ഹലോ വരെ നിരവധി ചിത്രങ്ങളുടെ ഭാഗമായി സൈജു. അപ്പോഴും സൈജുവിലെ നടനെ ആരും തളളിപ്പറഞ്ഞില്ല. ചില സിനിമകള്‍ വിജയിക്കാതെ പോയി എന്നത് കൊണ്ട് മാത്രം താരമൂല്യം എന്ന സുവര്‍ണ്ണകിരീടം അദ്ദേഹത്തെ തേടി വന്നില്ല. 2007–ല്‍ പുറത്തു വന്ന ചോക്ലേറ്റ് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് സിനിമയില്‍ വിജയത്തിന്റെ രുചി സൈജു അറിയുന്നത്. എന്നാല്‍ പൃഥ്വിരാജ് നായകവേഷത്തിലെത്തിയ സിനിമയില്‍ അഭിനയിച്ചു എന്നതിനപ്പുറം താരം എന്ന നിലയില്‍ അതൊന്നും അത്ര ഗുണകരമായില്ല. 

സൈജു കുറുപ്പും കുടുംബവും

പിന്നീട് നോവല്‍, അന്തിപ്പൊന്‍വെട്ടം, ജൂബിലി, കോളജ് കുമാരന്‍ എന്നിങ്ങനെ തീര്‍ത്തും ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളുടെ ഭാഗമാകുക എന്ന ദുര്യോഗവും കരിയറില്‍ സംഭവിച്ചു. മുല്ല എന്ന ലാല്‍ജോസ് ചിത്രം നല്ല സിനിമയെന്ന് പേര് കേട്ടെങ്കിലും ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചില്ല. ഏതോ ഗ്രഹപ്പിഴ ഈ കാലഘട്ടങ്ങളിലെല്ലാം സൈജുവിനെ വിടാതെ പിന്‍തുടര്‍ന്നു എന്ന് വേണം കരുതാന്‍. അപ്പോഴും സൈജുവിലെ നടനെ തിരിച്ചറിഞ്ഞ സിനിമാലോകം തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. മേക്കപ്പ്മാന്‍ ഹലോ പോലുള്ള അത്യാവശ്യം നന്നായി ഓടിയ സിനിമകളുടെ ഭാഗമായി എന്നതാണ് ഈ കാലയളവിലെ ഏക ആശ്വാസം. 

നടന്‍ എന്ന നിലയില്‍ സൈജുവിന്റെ ഉളളിലെ ഫയര്‍ സിനിമാലോകവും പ്രേക്ഷകരും ആഴത്തില്‍ അറിഞ്ഞത് അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയോടെയാണ്. ശരിക്കും സൈജു കസറിയ ഒരു പടം. ഹ്യൂമര്‍ മുതല്‍ ശൃംഗാരം വരെ ഏത് ഭാവത്തിലും ഒരു സൈജു ടച്ച് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തനത് ശൈലിയുളള ഒരു നടന്‍ എന്നാല്‍ അയാള്‍ സിനിമയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച് തുടങ്ങിയിരിക്കുന്നു എന്നാണല്ലോ? അങ്ങനെ സ്വന്തം സ്‌റ്റൈല്‍ കൊണ്ട് മുന്നേറിയ മുന്‍ഗാമികളുടെ ഗണത്തില്‍ സൈജുവിന്റെ പേരും എഴുതിചേര്‍ക്കപ്പെട്ടു. 1983, മുന്നറിയിപ്പ്, ആട്, ആക്ഷന്‍ഹീറോ ബിജു, ആന്‍മരിയ കലിപ്പിലാണ്, ഹാപ്പി വെഡ്ഡിങ്, അലമാര, തീവണ്ടി... എന്നിങ്ങനെ നിരവധി വിജയചിത്രങ്ങളുടെ ഭാഗമായതോടെ സൈജു കുറുപ്പ് എന്ന നടനും താരവും മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായി.  

ADVERTISEMENT

എം.ജി. ശ്രീകുമാര്‍ നിമിത്തമായി

അനിരുദ്ധ് എന്നാണ് കുടുംബവൃത്തങ്ങളില്‍ സൈജു അറിയപ്പെടുന്നത്. സിനിമ അദ്ദേഹത്തെ സൈജു കുറുപ്പാക്കി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ പാണാവളളി ഗ്രാമത്തില്‍ ഗോവിന്ദക്കുറുപ്പിന്റെയും ശോഭനയുടെയും മകനായി ജനിച്ച സൈജു എന്‍ജിനീയറിങ് ബിരുദമെടുത്ത ശേഷം ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ ജോലി നോക്കിയിരുന്നു. യാദൃച്ഛികമായി ഗായകന്‍ എം.ജി.ശ്രീകുമാറുമായി പരിചയപ്പെട്ടതാണ് സൈജുവിന്റെ ജീവിതം മാറ്റിമറിച്ചത്. മയൂഖത്തിലേക്ക് ഹരിഹരന്‍ ഒരു നായകനെ തിരയുന്നത് അറിയാമായിരുന്ന ശ്രീകുമാര്‍ വിവരം സൈജുവുമായി പങ്ക് വച്ചു. സൈജു ഹരിഹരനെ പോയി നേരില്‍ കാണുകയും തന്റെ കഥാപാത്രത്തിന് യോജിച്ച മുഖം ഇതാണെന്ന് അദ്ദേഹത്തിന് തോന്നുകയും ചെയ്തു. ‘മയൂഖം’ പരാജയപ്പെട്ടെങ്കിലും ഹരിഹരന്‍ കണ്ടെത്തിയ നടന്‍ എന്നത് സൈജുവിന് ഗുണകരമായി. പിന്നീട് നിരവധി സിനിമകളില്‍ നായകനായും വില്ലനായും സഹതാരമായും സൈജുവിന് അവസരങ്ങള്‍ ലഭിക്കാന്‍ ഹരിഹരന്‍ സ്‌കൂള്‍ നിമിത്തമായി. 

സിനിമയെക്കുറിച്ച് സമീപകാലത്ത് സൈജു നടത്തിയ ചില വെളിപ്പെടുത്തലുകളും നിരീക്ഷണങ്ങളും കൗതുകകരമായി. എന്‍ജിനീയര്‍ എന്ന നിലയില്‍ ജോലി സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞതാണെന്ന് കണ്ട് അതില്‍ നിന്ന് രക്ഷപ്പെടാനാണ് സൈജു സിനിമയില്‍ എത്തിയത് പോലും. കലാരംഗമാകുമ്പോള്‍ വളരെയേറെ റിലാക്‌സ്ഡായി ജോലി ചെയ്യാമെന്ന് വിചാരിച്ചു. എന്നാല്‍ പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തവും കൊളുത്തിപ്പട എന്ന പോലെ മറ്റേത് മേഖലയേക്കാള്‍ സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും നിറഞ്ഞതാണ് സിനിമ എന്ന അറിവ് സൈജുവിനെ ഞെട്ടിച്ചു. പക്ഷെ അഭിനയരംഗത്തോടുളള അഭിനിവേശം ഒന്നുകൊണ്ട് മാത്രം പിടിച്ചു നിന്നു. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും അഭിനയം ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന ജോലിയാണ് എന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം.

തനത് ശൈലിയിലുളള നര്‍മം

ADVERTISEMENT

നര്‍മം പല പുതുകാല നായകനടന്‍മാര്‍ക്കും വഴങ്ങുന്നില്ലെന്ന ആരോപണം ശക്തമാണ്. ഞെക്കിപ്പിഴിഞ്ഞ ഹാസ്യം അവതരിപ്പിച്ച് ചിലര്‍ അപഹാസ്യരാകുന്ന കാഴ്ചയും നാം കണ്ടു. എന്നാല്‍ സൈജുവിന്റെ നര്‍മ്മാഭിനയത്തില്‍ അദ്ദേഹത്തിന്റെ തനത് സ്പര്‍ശം അനുഭവിപ്പിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് പ്രേക്ഷകര്‍ അദ്ദേഹത്തിന് മാര്‍ക്ക് നല്‍കിയത്. ആട് എന്ന ചിത്രത്തിലെ അറക്കല്‍ അബു എന്ന കോമഡി ക്യാരക്ടര്‍ തിയറ്ററില്‍ ചിരിയുടെ അലകള്‍ ഉയര്‍ത്തി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഹാസ്യരസപ്രധാനമായ വേഷങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. 

സമീപകാലത്ത് ഉപചാരപുര്‍വം ഗുണ്ടാജയന്‍, ജാനകീ ജാനേ...എന്നിങ്ങനെയുള്ള പടങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം വിമർശകരുടെ പോലും വായടപ്പിച്ചു. മാളികപ്പുറം, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍..എന്നീ ചിത്രങ്ങളിലൊക്കെ തന്നെ നായകനല്ലാതെ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലുടെ സൈജു നമ്മെ അതിശയിപ്പിച്ചു. രണ്ട് പതിറ്റാണ്ടിനുളളില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ച് തകര്‍ത്ത സൈജു മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ചു. അഭിനയം വിട്ട്  രണ്ട് അഡീഷനല്‍ പണികള്‍ ഒപ്പിച്ചെങ്കിലും വിചാരിച്ച പോലെ ഏശിയില്ല. ഒന്ന് 2013–ല്‍ റിലീസ് ചെയ്ത മൈ ഫാന്‍ രാമു എന്ന പടത്തിന് അദ്ദേഹം കഥ, തിരക്കഥ, സംഭാഷണം രചിച്ച് കളഞ്ഞു. സംഭവം മോശമായിരുന്നില്ല. അത്ര നല്ലതുമായിരുന്നില്ല. ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ടല്ലോ?

എന്തായാലും  പിന്നീട് അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച സൈജു 2024 ല്‍ ഭരതനാട്യം എന്ന ചിത്രത്തിലുടെ നിര്‍മാതാവിന്റെ മേലങ്കിയണിഞ്ഞു. നല്ല സിനിമയെന്ന് വ്യാപകമായി അഭിപ്രായം ഉയര്‍ന്നെങ്കിലും തിയറ്ററില്‍ വേണ്ടത്ര ആള് കയറിയില്ല. എന്നാല്‍ ഒടിടിയില്‍ വലിയ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. സൈജു വളരെ രസകരമായി ഹ്യുമര്‍ ടച്ചുളള കഥാപാത്രം ചെയ്തിരിക്കുന്നുവെന്ന് സൈബറിടങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. അത്യാവശ്യം കണ്ടിരിക്കാവുന്ന അടുക്കും ചിട്ടയുമുളള വൃത്തിയുളള സിനിമയായിരുന്നു ഭരതനാട്യം.

പുതുതലമുറയ്‌ക്കൊപ്പം പഴയ തലമുറയ്ക്കും രസിക്കുന്ന സിനിമ. ജാതകദോഷം കൊണ്ട് മാത്രം പടം തീയറ്ററുകള്‍ നിറച്ചില്ല എന്നാണ് പൊതുവെ ഉയര്‍ന്ന അഭിപ്രായം. എന്തായാലും തീയറ്ററില്‍ വീണ ഭരതനാട്യം ഒടിടിയില്‍ തലപൊക്കിയതിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് ദാ വരുന്നു സോണി ലൈവില്‍ വെബ് സീരിസ് ജയ് മഹേന്ദ്രന്‍. സൈജു ഉളളതു കൊണ്ട് മാത്രം കണ്ടു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സീരിസ് എന്നാണ് ഒരു വിരുതന്‍ എഫ്ബിയില്‍ കുറിച്ചത്. അത്ര മികവോടെയാണ് ഇഷ്ടന്‍ ഹാസ്യരംഗങ്ങളില്‍ കസറിയിരിക്കുന്നതും കഥാപാത്രത്തെ കൊണ്ടുപോയിരിക്കുന്നതും. കൗശലക്കാരനായ ഡെപ്യൂട്ടി തഹസീല്‍ദാര്‍ മഹേന്ദ്രനായി സൈജു ശരിക്കും പൊളിച്ചു.  ഒരു കാലത്ത് തമാശയ്ക്ക് ആളുകള്‍ വിളിച്ചിരുന്ന ചില ഓമനപേരുകളുണ്ട്. 

പോസ്റ്റര്‍

പ്രാരബ്ധം സ്റ്റാര്‍, ഇഎംഐ സ്റ്റാര്‍, ലോണ്‍ സ്റ്റാര്‍...എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ നടന്‍ പരിഹസിക്കപ്പെടുന്നത് പോലും നടന്റെ വിജയമാണെന്ന് പറയാമെങ്കിലും ആര്‍ക്കും നിഷേധിക്കാനാവാത്ത വിധം തന്നിലെ നടനെ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു സൈജു. ജയറാമും ശ്രീനിവാസനും ജയസൂര്യയും ദിലീപുമെല്ലാം വച്ചൊഴിഞ്ഞ നര്‍മത്തിന്റെ സിംഹാസനത്തില്‍ മാത്രമല്ല വേണ്ടി വന്നാല്‍ ആന്റി ഹീറോ അടക്കം എന്തും ചെയ്യാനുളള കാലിബര്‍ ഈ നടനിലുണ്ട്. വളരെ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ പോലും ആ കഥാപാത്രത്തെ നാം എന്നും ഓർമിക്കപ്പെടുന്ന തലത്തിലേക്ക് ഉയര്‍ത്താനുളള കഴിവാണ് സൈജുവിന്റെ ഏറ്റവും വലിയ സവിശേഷതയായി തോന്നിയിട്ടുളളത്. നടന്‍ കഥാപാത്രത്തിന് മേല്‍ സ്വന്തം കയ്യൊപ്പിടുന്ന അവസ്ഥ. നായകന്‍ എന്ന നിലയില്‍ സൈജുവിന്റെ കാലം വരാനിരിക്കുന്നതേയുളളുവെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

താരജാടകളില്ലാത്ത പച്ച മനുഷ്യന്‍

അടിസ്ഥാനപരമായ സത്യസന്ധതയാണ് സൈജു എന്ന മനുഷ്യനെ വേറിട്ട് നിര്‍ത്തുന്നത്. ബിപിഎല്ലില്‍ ഹ്രസ്വകാലത്തെ സേവനത്തിന് ശേഷം താന്‍ ജോലി ഉപേക്ഷിച്ചതും ആ സമയത്ത് ഭാര്യക്ക് ജോലി ലഭിക്കുകയും വീട്ടുകാര്യങ്ങളെല്ലാം നടത്തിയിരുന്നത് അവരുടെ പണം കൊണ്ടാണെന്നും അഭിമുഖത്തില്‍ തുറന്നു പറയാന്‍ ഈ മനുഷ്യന് മടിയില്ല. അന്ന് കാലത്ത് ജോലിക്ക് പോകാനുളള തിരക്കിനിടയില്‍ ആഗ്രഹമുണ്ടായിട്ടും ഭാര്യയെ അടുക്കളയില്‍ സഹായിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അവള്‍ പോകുമ്പോള്‍ ഉറക്കത്തില്‍ നിന്ന് എണീക്കാത്ത തന്നെ ശല്യപ്പെടുത്താതെ ഒരു പരാതിയും പറയാതെ ജോലിക്ക് പോകുമായിരുന്നെന്നും സൈജു പറയുന്നു. സ്‌കൂള്‍ ബസില്‍ വന്നിറങ്ങുന്ന കുഞ്ഞിനെ ബസ് സ്‌റ്റോപ്പില്‍ നിന്നും പിക്ക് ചെയ്യുക എന്നത് മാത്രമായിരുന്നു താന്‍ ചെയ്ത ഏകജോലിയെന്നും കുറ്റബോധത്തോടെ വിവരിക്കുന്ന സൈജു കാപട്യങ്ങളുടെ വിളനിലമായ സിനിമയില്‍ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും അതേ മനുഷ്യനായി തുടരുന്നു എന്നതും വിസ്മയം.

സൈജു കുറുപ്പ്

താരജാടകളില്ലാത്ത സൈജുവിനെയും അഭിമുഖങ്ങളില്‍ കാണാം. കോവിഡ് കാലത്ത് മറ്റൊന്നും ചെയ്യാനില്ലാതെ വിഷമിച്ചപ്പോള്‍ അടുക്കളയില്‍ കുന്നുകൂടി കിടന്ന പാത്രങ്ങള്‍ കഴുകി വച്ച കഥയും പരസ്യമാക്കാന്‍ സൈജുവിന് മടിയില്ല. ഉളളിലെ വിഷമങ്ങളും പ്രതികരണങ്ങളും മറ്റുളളവര്‍ ശത്രുക്കളാകുമെന്ന് ഭയന്ന് പുറത്ത് പ്രകടിപ്പിക്കാത്ത സമാധാന പ്രിയനാണ് സൈജു. രാത്രി കിടന്നാല്‍ ഉറക്കം വരണമെന്ന് നിര്‍ബന്ധമുളള സൈജു കഴിയുന്നത്ര ഒന്നിനോടും പ്രതികരിക്കാറില്ല. നടന്‍ എന്ന നിലയില്‍ സൈജുവിന്റെ ഏറ്റവും പൂര്‍ണതയുളള മുഖം നാം കാണുന്നത് അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ച ഭരതനാട്യത്തിലാണ്. തിയറ്ററില്‍ അജ്ഞാതമായ കാരണങ്ങളാല്‍ മുന്നേറ്റം ഉണ്ടാക്കാതെ പോയ ചിത്രം ആമസോണ്‍ പ്രൈമില്‍ വന്ന ശേഷം സൈബറിടങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. മലയാളികള്‍ അര്‍ഹിക്കുന്ന തലത്തില്‍ തിരിച്ചറിയപ്പെടാതെ പോയ സിനിമ എന്ന് തന്നെ ഭരതനാട്യത്തെ വിശേഷിപ്പിക്കാം. 

സ്വന്തം പിതാവിന്റെ അവിഹിതബന്ധത്തിന്റെ പേരില്‍ മകന്‍ അനുഭവിക്കുന്ന ധര്‍മ സങ്കടങ്ങള്‍ മലയാള സിനിമയില്‍ ആദ്യം അവതരിപ്പിക്കപ്പെടുന്നത് പലരും കരുതും പോലെ വി.എം.വിനുവിന്റെ ‘ബാലേട്ടന്‍’ എന്ന സിനിമയില്‍ അല്ല. ജോണ്‍പോള്‍ തിരക്കഥയെഴുതി പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത ഈ തണലില്‍ ഇത്തിരിനേരത്തിലാണ്. ആ സിനിമയുടെ കഥാതന്തുവുമായി വലിയ സാദൃശ്യം പുലര്‍ത്തുന്ന  സിനിമയായിരുന്നു ‘ബാലേട്ടന്‍’. മോഹന്‍ലാല്‍ എന്ന വലിയ താരം ഏറെക്കാലത്തിന് ശേഷം ഒരു സാധാരണക്കാരനായി അഭിനയിച്ച  പടം വന്‍വിജയമായി തീര്‍ന്നു എന്നത് മറ്റൊരു സത്യം. എന്നാല്‍ ഭരതനാട്യം എന്ന സിനിമ ബാലേട്ടനുമായി സാദൃശ്യം ആരോപിക്കപ്പെടുമോ എന്ന് ഭയന്നിരുന്നുവെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ കൃഷ്ണദാസ് മുരളി അഭിമുഖങ്ങളില്‍ പറയുന്നതു കേട്ടു. 

എന്നാല്‍ സിനിമ കണ്ടപ്പോള്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് തോന്നി എന്ന് മാത്രമല്ല സമാനമായ അടിസ്ഥാന ആശയം ഉള്‍ക്കൊളളുന്ന മേല്‍ സൂചിപ്പിച്ച രണ്ട് സിനിമകള്‍ക്കും അചിന്ത്യമായ ഉയരങ്ങളിലേക്ക് നടന്നു കയറുന്ന പടമാണ് ‘ഭരതനാട്യം’ എന്നും അനുഭവപ്പെട്ടു. സിനിമയുടെ കലക്‌ഷന്റെയോ പോപ്പുലാരിറ്റിയുടെയോ അടിസ്ഥാനത്തിലല്ല അതിന്റെ കലാപരമായ മേന്മയാണ് ഈ വിലയിരുത്തലിന്റെ മാനദണ്ഡം.‌ ആദ്യം സൂചിപ്പിച്ച രണ്ട് സിനിമകളും അച്ഛന്റെ പരസ്ത്രീബന്ധം ഒരു സസ്‌പെന്‍സായി ആദ്യാവസാനം സൂക്ഷിച്ച് ഒടുവില്‍ വെളിപ്പെടുത്തുന്ന തലത്തിലായിരുന്നു അവതരിപ്പിക്കപ്പെട്ടത്. അച്ഛന്റെ മരണശേഷം മകന്‍ ആ ചുമതലാഭാരം ഏറ്റെടുക്കുന്നതും അതിന്റെ പേരില്‍ അയാള്‍ തെറ്റിദ്ധരിക്കപ്പെടുന്നതും മറ്റുമായി ക്ലീഷേ കോണ്‍സപ്റ്റുകളിലൂന്നി ആവിഷ്‌കാരം നിര്‍വഹിക്കപ്പെട്ടു.

എന്നാല്‍ ഭരതനാട്യത്തില്‍ ഒരേ വീട്ടില്‍ രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിതനാകുന്ന അച്ഛന്റെയും അയാളുടെ മൂത്തമകന്റെയും ധര്‍മ സങ്കടങ്ങളിലുടെയാണ് കഥ സഞ്ചരിക്കുന്നത്. കഥാന്ത്യത്തില്‍ ബോംബ് സ്‌ഫോടനം പോലെ സസ്‌പെന്‍സ് റിവീല്‍ ചെയ്യാതെ സിനിമയുടെ തുടക്കത്തില്‍ തന്നെ അച്ഛന്റെ രഹസ്യം വെളിപ്പെടുത്തുകയും അതേസമയം കഥാഗതിയില്‍ ഉടനീളം ആകാംക്ഷ ജനിപ്പിക്കാനും ഭരതനാട്യം എന്ന ചിത്രത്തിന് കഴിയുന്നുണ്ട്. വളരെ പ്ലസന്റായ ആഖ്യാന രീതി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ മേന്മ. ഇങ്ങനെയൊരു സിനിമ നിര്‍മിക്കാന്‍ ഒപ്പം നിന്ന സൈജുവിന്റെ സെന്‍സിബിലിറ്റി ആദരിക്കപ്പെടേണ്ടതാണെന്നും തോന്നി.

സ്‌റ്റോറി ടെല്ലിങില്‍ പുലര്‍ത്തുന്ന അസാധാരണമായ മികവാണ് ഈ സിനിമയുടെ പ്രത്യേകത.ആരും പറയാത്ത കഥ എന്നൊന്നില്ല. ഏത് കഥയ്ക്കും ഏതെങ്കിലും ചില കഥകളുമായി വിദൂരസാമ്യം ഉണ്ടായെന്ന് വരാം. അതുപോലെ ഒരു കഥ ആര്‍ക്കും എങ്ങനെയും പറയാം. എന്നാല്‍ ആരും വിഭാവനം ചെയ്യാത്ത തലത്തില്‍ പറയാന്‍ ശ്രമിക്കുമ്പോഴാണ് ആ ചലച്ചിത്രം വേറിട്ടതാകുന്നത്. ആഴം കുറഞ്ഞ് പരന്ന് പോകാവുന്ന അതിഭാവുകത്വത്തിലേക്കും പൈങ്കിളിവത്കരണത്തിലേക്കും വഴുതിവീഴാവുന്ന ഒരു കഥാബീജത്തെ പരിപക്വമായി എങ്ങനെ ട്രീറ്റ് ചെയ്യാമെന്നതിന്റെ എക്കാലത്തെയും വലിയ ഉദാഹരണങ്ങളിലൊന്നാണ് ഭരതനാട്യം. അതിലുപരി ആഴത്തില്‍ മുറിവേല്‍ക്കുന്ന ജീവിതസന്ധികളെ പോലും നേരിയ നര്‍മ്മത്തിന്റെ മുഖാവരണം കൊണ്ട് മറച്ച് എത്രകണ്ട് പ്രസാദാത്മകമായി അവതരിപ്പിക്കാമെന്നും സിനിമ നമുക്ക് കാണിച്ചു തരുന്നു. 

പരമാവധി മിതത്വം പാലിച്ചുകൊണ്ടും സീനുകളുടെയും സംഭാഷണങ്ങളുടെയും അഭിനയമുഹൂര്‍ത്തങ്ങളുടെയും സൂക്ഷ്മമായ വിനിമയം കൊണ്ടും മികവ് അനുഭവിപ്പിക്കുന്ന ഒന്നാം തരം സിനിമ. അഭിജാതമായ നര്‍മ്മവും കുലീനമായ പ്രതിപാദനരീതിയുമാണ് ഈ സിനിമയെ വേറിട്ടതാക്കുന്നത്. കടുത്ത ചായക്കൂട്ടുകള്‍ കൊണ്ട് വികലവും വികൃതവുമായേക്കാവുന്ന ഒന്നാണ് അവിഹിത ചരിതങ്ങള്‍. 

സ്വയം കണ്ടെത്തിയ അഭിനേതാവ്

മലയാളത്തില്‍ സമാനമായ വിഷയങ്ങള്‍ അവതരിപ്പിച്ച പല സിനിമകളും മെലോഡ്രാമയുടെ അതിപ്രസരം കൊണ്ട് അതിനാടകീയമാവുകയും ചലച്ചിത്രം എന്ന മാധ്യമത്തിന്റെ അടിസ്ഥാന സ്വഭാവത്തോട് തീര്‍ത്തും ചേര്‍ന്നു പോകാത്ത പരിചരണ രീതിയാല്‍ മലീമസമാകുകയും ചെയ്തപ്പോള്‍ വെല്‍ എഡിറ്റഡ് സ്‌ക്രിപ്റ്റിങിന്റെയും വെല്‍ എക്‌സിക്യൂട്ടഡ് മേക്കിങിന്റെയും പിന്‍ബലത്തില്‍ കൃഷ്ണദാസ് മുരളി-സൈജു കുറുപ്പ് കോംബോം അദ്ഭുതങ്ങള്‍ തീര്‍ത്തു. ഓരോ സീനിലും രസവും കൗതുകവും ഉദ്വേഗവും നിലനിര്‍ത്താനും അതേ സമയം കാര്യങ്ങള്‍ ഒതുക്കിപ്പറയാനും നന്നേ ശ്രദ്ധ ചെലുത്തിയിരിക്കുന്നു.

സൈജു കുറുപ്പ്

പല മലയാള സിനിമകളിലും ഇരട്ടകള്‍ കഥാപാത്രങ്ങളായി വന്നിട്ടുണ്ടെങ്കിലും അതിനാടകീയത നിലനിര്‍ത്താനുളള ടൂളുകളായി ഇവര്‍ അധഃപതിക്കുകയാണുണ്ടായത്. എന്നാല്‍ വളരെ സ്വാഭാവികവും സത്യസന്ധവുമെന്ന് തോന്നും വിധം യാഥാര്‍ഥ്യപ്രതീതിയോടെ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നതും സിനിമയുടെ മികവാണ്.

പ്രത്യേക സാഹചര്യത്തില്‍ കുടുംബനാഥന്റെ രഹസ്യഭാര്യയോടും മകനോടും മാനുഷികത പുലര്‍ത്താന്‍ സന്നദ്ധരാകുന്ന ആദ്യഭാര്യയുടെയും മക്കളുടെയും നിലപാടിലുടെ മനുഷ്യനന്മയെക്കുറിച്ച് നമ്മെ ആഴത്തില്‍ ഓര്‍മിപ്പിക്കുന്ന ചിത്രം കൂടിയാണ് ഭരതനാട്യം. അത് കേവലം ഒരു അവിഹിത കഥയായി പരിമിതപ്പെടാതെ പ്രതിഭാധനനായ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു.

ഇവിടെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഘടകം സൈജു കുറുപ്പിന്റെ പ്രകടമാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സായികുമാര്‍ എന്ന വലിയ അഭിനേതാവാണ്. കോംബിനേഷന്‍ സീനുകളില്‍ അദ്ദേഹവുമായി പിടിച്ചു നില്‍ക്കുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും വിഷമകരമായ ദൗത്യമാണ്. കാരണം സായികുമാര്‍ അഭിനയിച്ച് തകര്‍ക്കും. മറ്റുളളവര്‍ നിസഹായരായി നോക്കി നില്‍ക്കും. എന്നാല്‍ ഇവിടെ സൈജു, സായിയെ മനോഹരമായി മറികടക്കുന്ന കാഴ്ച നമുക്ക് കാണാം. സിനിമയിലൂടെ നീളം ഒരു സീനില്‍ പോലും സൈജു അഭിനയിക്കുന്നതേയില്ല. മിതത്വത്തിന്റെ പരമകാഷ്ഠയില്‍ നിന്നുകൊണ്ട് ജീവിതത്തിലെന്ന പോലെ അത്ര സ്വാഭാവികമായി ബിഹേവ് ചെയ്യുകയാണ് അദ്ദേഹം. 

ഓരോ സൂക്ഷ്മഭാവങ്ങളും ഡയലോഗ് റെൻഡറിങ് അടക്കം സൈജു നിര്‍വഹിക്കുന്നത് അതീവ കൃത്യതയോടെയാണ്. അഭിനയം എന്ന പ്രക്രിയയെ സംബന്ധിച്ച ഒരു പൊളിച്ചെഴുത്ത് കുടിയാണിത്. നാച്വറാലിറ്റിക്കു വേണ്ടിയുളള കൃത്രിമ ശ്രമങ്ങളല്ല. വളരെ സ്‌പൊണ്ടേനിയസായ ഒരു ആക്ടിങ് പാറ്റേണാണ് സൈജുവിന്റേത്. തനത് ശൈലിയില്‍ അത് നിര്‍വഹിക്കാനും അദ്ദേഹത്തിന് കഴിയുന്നു.  സൈജുവിന്റെ അഭിനയശൈലിയില്‍ ആരുടെയും സ്വാധീനമില്ല. വിദൂരമായി പോലും അദ്ദേഹം ആരെയെങ്കിലും അനുകരിക്കുന്നുമില്ല. നാം ഇതുവരെ കണ്ടുശീലിക്കാത്ത ഓണ്‍ ആക്ടിങ് പാറ്റേണ്‍ പരീക്ഷിക്കുന്നു സൈജു. മരിച്ച് അഭിനയിക്കുന്നവര്‍ക്കിടയില്‍ പരമാവധി മിതത്വം സൂക്ഷിക്കുകയും ചെയ്യുന്നു  ഈ നടന്‍. 

ഒരു നടന്‍ സിനിമയില്‍ ചിരപ്രതിഷ്ഠ നേടുന്നത് അയാളുടേത് മാത്രമായ അഭിനയശൈലി കണ്ടെത്തുമ്പോഴാണ്. അതേ സമയം കഥാപാത്രങ്ങളൂടെ വൈവിധ്യങ്ങള്‍ക്കൊത്ത് അതിനെ വ്യഖ്യാനിക്കാനും കഴിയണം. മോഹന്‍ലാലും നെടുമുടി വേണുവും തിലകനും ഭരത്‌ഗോപിയും അടക്കമുളള മികച്ച അഭിനേതാക്കള്‍ക്കെല്ലം ഇത് കഴിഞ്ഞിട്ടുണ്ട്. ഇവരില്‍ നിന്ന് വ്യത്യസ്തമായി നാടകീയതയുടെ അംശം തൊണ്ട് തീണ്ടിയിട്ടില്ലാത്ത ഒരു ശൈലിയാണ് സൈജുവിന്റേത്. ഫഹദ് ഫാസില്‍ അടക്കമുളള പുതുകാല അഭിനേതാക്കള്‍ കൊണ്ടു വന്ന ഈ അഭിനയസമീപനത്തെ തന്റേതായ ശൈലിയില്‍ ആവിഷ്‌കരിക്കുന്ന സൈജു കുറുപ്പ് ഇനിയും ബഹുദൂരം സഞ്ചരിക്കാന്‍ പ്രാപ്തനായ മികച്ച നടന്‍ തന്നെയാണ്. എന്നാല്‍ അദ്ദേഹത്തെ നന്നായി പ്രയോജനപ്പെടുത്താന്‍ ഉതകുന്ന കഥാപാത്രങ്ങള്‍ തേടി വരുമോ എന്നതാണ് പ്രധാനം. കാലത്തിന് മാത്രം ഉത്തരം നല്‍കാന്‍ കഴിയുന്ന ചോദ്യമാണിത്.

English Summary:

From Day Job to Dream Job: The Inspiring Story of Saiju Kurup's Acting Journey