മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടി ആരാണ്? ആപേക്ഷികമാവാം ഉത്തരം. ഇത്തരം കാര്യങ്ങള്‍ വിലയിരുത്താന്‍ ഒരു പൊതുമാനദണ്ഡം ഇല്ലാത്തിടത്തോളം ചോദ്യത്തിനും ഉത്തരത്തിനും പ്രസക്തിയില്ലെന്ന് പറഞ്ഞ് ഒഴിയാം. എന്നാല്‍ ഒരു ചരിത്ര കൗതുകത്തിന്റെ പേരില്‍ വിശകലനം ചെയ്യുമ്പോള്‍ പെട്ടെന്ന് പലരുടെയും മനസില്‍ വരുന്നത്

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടി ആരാണ്? ആപേക്ഷികമാവാം ഉത്തരം. ഇത്തരം കാര്യങ്ങള്‍ വിലയിരുത്താന്‍ ഒരു പൊതുമാനദണ്ഡം ഇല്ലാത്തിടത്തോളം ചോദ്യത്തിനും ഉത്തരത്തിനും പ്രസക്തിയില്ലെന്ന് പറഞ്ഞ് ഒഴിയാം. എന്നാല്‍ ഒരു ചരിത്ര കൗതുകത്തിന്റെ പേരില്‍ വിശകലനം ചെയ്യുമ്പോള്‍ പെട്ടെന്ന് പലരുടെയും മനസില്‍ വരുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടി ആരാണ്? ആപേക്ഷികമാവാം ഉത്തരം. ഇത്തരം കാര്യങ്ങള്‍ വിലയിരുത്താന്‍ ഒരു പൊതുമാനദണ്ഡം ഇല്ലാത്തിടത്തോളം ചോദ്യത്തിനും ഉത്തരത്തിനും പ്രസക്തിയില്ലെന്ന് പറഞ്ഞ് ഒഴിയാം. എന്നാല്‍ ഒരു ചരിത്ര കൗതുകത്തിന്റെ പേരില്‍ വിശകലനം ചെയ്യുമ്പോള്‍ പെട്ടെന്ന് പലരുടെയും മനസില്‍ വരുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടി ആരാണ്? ആപേക്ഷികമാവാം ഉത്തരം. ഇത്തരം കാര്യങ്ങള്‍ വിലയിരുത്താന്‍ ഒരു പൊതുമാനദണ്ഡം ഇല്ലാത്തിടത്തോളം ചോദ്യത്തിനും ഉത്തരത്തിനും പ്രസക്തിയില്ലെന്ന് പറഞ്ഞ് ഒഴിയാം. എന്നാല്‍ ഒരു ചരിത്ര കൗതുകത്തിന്റെ പേരില്‍ വിശകലനം ചെയ്യുമ്പോള്‍ പെട്ടെന്ന് പലരുടെയും മനസില്‍ വരുന്നത് മൂന്ന് പേരുകളാണ്. ഉര്‍വശി, മഞ്ജു വാരിയര്‍, കെ.പി.എ.സി ലളിത....സീമയെ ആരും നാളിതുവരെ ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അറിയാതെ പോലും പറഞ്ഞിട്ടില്ല. അവരെ ആഴത്തില്‍ അറിയാന്‍ ആരും ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം.

ഓരോ കഥാസന്ദര്‍ഭത്തിനും സംഭാഷങ്ങള്‍ക്ക് പോലും ഇണങ്ങുന്ന ഭാവപ്പകര്‍ച്ചകളുടെ വ്യതിയാനങ്ങളിലൂടെ അവര്‍ വരച്ചിട്ട ഉയരങ്ങള്‍ അനുപമമാണ്.കുറച്ചുനാള്‍ മൂന്‍പ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം വിശ്രമത്തിലായ എംടിയെ കാണാന്‍ കോഴിക്കോട്ടുളള അദ്ദേഹത്തിന്റെ വസതിയില്‍ പോയി സീമ. മടങ്ങും മുന്‍പ് അദ്ദേഹം പറഞ്ഞു. ‘‘നീയൊക്കെ അഭിനയം നിര്‍ത്തിയതു കൊണ്ട് ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ എഴുതാന്‍ കഴിയാതെയായി. ഇനി അതൊക്കെ ആര് അഭിനയിക്കും’’.

ADVERTISEMENT

ഒരു അഭിമുഖത്തില്‍ സീമ തന്നെ വെളിപ്പെടുത്തിയതാണ്. പറഞ്ഞയാള്‍ നിസ്സാരക്കാരനല്ല. കേട്ടയാളും. കേള്‍ക്കാത്തവര്‍ മനസിലാക്കാതെ പോയ ഒരു സത്യമാണത്. ആരൂഢം, അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, മഹായാനം, അവളുടെ രാവുകള്‍, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് എന്നീ സിനിമകള്‍ മാത്രം പരിശോധിച്ചാല്‍ അവര്‍ അഭിനയകലയില്‍ എത്തി നില്‍ക്കുന്ന ഔന്നത്യങ്ങളെക്കുറിച്ച് ബോധ്യമാകും. പല നടികളും കാലാന്തരങ്ങളിലുടെയാണ് തങ്ങളുടെ അഭിനയശേഷി ക്രമേണ മെച്ചപ്പെടുത്തി ഇന്ന് നാം കാണുന്ന തലത്തിലെത്തിയത്. എന്നാല്‍ ആദ്യചിത്രമായ ‘അവളുടെ രാവുകളില്‍’ തന്നെ അമ്പരപ്പിക്കുന്ന പ്രകടനം കൊണ്ട് സീമ തന്നിലെ അസാധ്യറേഞ്ചുളള അഭിനേത്രിയെ കാണിച്ചു തന്നു.

അനുനിമിഷം മാറി മറിയുന്ന ഭാവവൈവിധ്യങ്ങളുടെ സൂക്ഷ്മതലങ്ങള്‍ അടുത്തറിയാന്‍ സീമ അഭിനയിക്കുന്നത് വെറുതെ നോക്കിയിരുന്നാല്‍ മാത്രം മതി. രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സീമയെ തേടിയെത്തി. ആരൂഢം എന്ന ചിത്രത്തിലെ അഭിനയം ദേശീയ തലത്തില്‍ ശ്രദ്ധ നേടി. സീമയുടെ ജീവിതകഥ അവിശ്വസനീയതകളുടെ പരമ്പരയാണ്. നൃത്തസംവിധായകന്റെ സഹായി, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ നിന്ന് ഒരാള്‍ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാള്‍ എന്ന തലത്തിലേക്ക് ഉയരുകയും ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. വാണിജ്യ-മധ്യവര്‍ത്തി സിനിമയില്‍ മറ്റാര്‍ക്കും മറികടക്കാനാവാത്ത ഉയരങ്ങള്‍ എത്തിപ്പിടിച്ച ഐ.വി.ശശി എന്ന സംവിധായകന്റെ ജീവിതസഖിയാവുക. സീമയ്ക്ക് പോലും വിസ്മയമാണ് തന്റെ ജീവിതവഴികള്‍. മഹത്തുക്കള്‍ പറയും പോലെ ജീവിതം എപ്പോഴും നമുക്കായ് ചില വിസ്മയങ്ങള്‍ ബാക്കി വയ്ക്കും. സീമയാവട്ടെ അത്തരം ഒരുപാട് യാദൃച്ഛികതകളുടെ കൈപിടിച്ച് അവര്‍ സ്വപ്നം കാണാത്ത തലത്തിലേക്ക് മെല്ലെ നടന്നു കയറുകയായിരുന്നു. ആ ജീവിതവഴിത്താരകളിലേക്ക്...

നര്‍ത്തകിയായി ഒരു കാലം

മാതാപിതാക്കള്‍ മലയാളികളാണെങ്കിലും ചെന്നെയിലെ പുരശുവാക്കത്ത് ചൂളൈമേട് എന്ന സ്ഥലത്താണ് സീമ ജനിച്ചത്. വളര്‍ന്നതും അവിടെ തന്നെ. ശരിക്കു പറഞ്ഞാല്‍ പഴയ മദ്രാസിന്റെ ഒരു സന്തതിയായിരുന്നു എല്ലാ അര്‍ഥത്തിലും സീമ. അവരുടെ മലയാളം സംഭാഷണങ്ങളില്‍ പോലും ഇന്നും ലേശം തമിഴ്ചുവയുണ്ട്. സിനിമകളില്‍ അവര്‍ സ്വയം ഡബ്ബ് ചെയ്തതായി അറിവില്ല. ടി.ആര്‍.ഓമന അടക്കമുളളവരാണ് സീമയ്ക്ക് ശബ്ദം നല്‍കിയിരുന്നത്. തലശ്ശേരിക്കാരനായ മാധവന്‍ നമ്പ്യാരാണ് സീമയുടെ പിതാവ്. ചെന്നെയില്‍ ടിവിഎസിലായിരുന്നു ജോലി. അമ്മ വാസന്തി തൃപ്പൂണിത്തറ സ്വദേശി. വിവാഹം കഴിഞ്ഞയുടന്‍ ആ ദമ്പതികള്‍ മദ്രാസിലേക്ക് താമസം മാറ്റി. അതുകൊണ്ട് സീമയുടെ ജനനവും തമിഴ്‌നാട്ടില്‍ തന്നെ സംഭവിച്ചു. ശാന്തി എന്നാണ് മാതാപിതാക്കള്‍ സീമക്കിട്ട പേര്.

ADVERTISEMENT

കുരുന്നിലേ തന്നെ കാണാന്‍ ഭംഗിയുളള കുട്ടിയായിരുന്നു സീമ. കുസൃതിക്കാരി. എപ്പോഴും എന്തെങ്കിലുമൊക്കെ വികൃതികള്‍ ഒപ്പിച്ചുകൊണ്ടിരിക്കും. അച്ഛനും അമ്മയ്ക്കും സീമയെ ജീവനായിരുന്നു. പക്ഷേ നിയതി ഒരുക്കിയ കെണിയില്‍ ആ പിഞ്ചുബാലികയുടെ ജീവിതവും പ്രതിസന്ധിയിലായി. ശാന്തിക്ക് ഏഴ് വയസ്സുളളപ്പോള്‍ മാതാപിതാക്കള്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതകള്‍ രൂപപ്പെട്ടു. അത് വലിയ തെറ്റിദ്ധാരണകളിലേക്കും പ്രശ്‌നങ്ങളിലേക്കും വളര്‍ന്നു. അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് വീട്ടില്‍ നിന്നിറങ്ങി പോയി. ഒരു ദിവസം അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതായി അറിഞ്ഞു. 

പിന്നീടുളള ജീവിതം ഏറെ പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. കുഞ്ഞിനെ വളര്‍ത്താനും ദൈനംദിന ജീവിതം മൂന്നോട്ട് കൊണ്ടുപോകാനും അമ്മ വളരെ കഷ്ടപ്പെട്ടു. ശാന്തിയെ പഠിപ്പിച്ച് വലിയ ജോലിക്കാരിയാക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം അതിനായി അമ്മ ഒത്തിരി കഷ്ടപ്പെട്ടു. അമ്മയുടെ ബുദ്ധിമുട്ടുകള്‍ കണ്ടു വളര്‍ന്ന സീമയുടെ മനസില്‍ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുളളു. എങ്ങനെയും അമ്മയെ സഹായിക്കണം. ഒരുപാട് പഠിച്ച് ഒരു ജോലിക്കായി വര്‍ഷങ്ങളോളം കാത്തിരിക്കാനുളള സമയവും സാഹചര്യവുമില്ലെന്ന് വളരെ പെട്ടെന്ന് തന്നെ സീമ തിരിച്ചറിഞ്ഞു. തനിക്ക് പറ്റുന്ന എന്തെങ്കിലും ഒരു ജോലി ചെയ്ത് കുറച്ച് പണമുണ്ടാക്കണം. ആ ലക്ഷ്യം മനസില്‍ കണ്ട് പത്താം ക്ലാസില്‍ സീമ പഠനം അവസാനിപ്പിച്ചു. 

പാരമ്പര്യമായി കലാവാസനയുളള കുടുംബമൊന്നും ആയിരുന്നില്ല ശാന്തിയുടേത്. പക്ഷേ തന്റെ ഭാവചലനങ്ങളില്‍ സവിശേഷമായ ഒരു താളമുളളതായി ശാന്തി തിരിച്ചറിഞ്ഞു. മനസിലുമുണ്ടായിരുന്നു ആ താളബോധം. തന്റെ ശരീരഭാഷ ഒരു നര്‍ത്തകിയുടേതാണെന്ന് ദൈവം കനിഞ്ഞനുഗ്രഹിച്ച ഏതോ ഒരു നിമിഷത്തില്‍ ശാന്തിക്ക് തോന്നി. ശാസ്ത്രീയമായി നൃത്തം പഠിക്കാനുളള സാമ്പത്തിക സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് ചില ഗുരുക്കന്‍മാരുടെ കീഴില്‍ നൃത്തം അഭ്യസിച്ചു. നൃത്തകലയിലെ ആദ്യചുവടുകള്‍ ചൊല്ലിത്തന്ന ഗുരു അന്ന് നൃത്തസംവിധാന സഹായിയായിരുന്ന കമല്‍ഹാസനായിരുന്നു. 

അക്കാലത്ത് അമ്മയും മകളും പുരശുവാക്കത്തു നിന്ന് താമസം വടപളനിയിലേക്ക് മാറ്റി. അന്ന് മിക്കവാറും തെന്നിന്ത്യന്‍ സിനിമകളിലെ നൃത്തസംവിധായകന്‍ പഞ്ചാബിയായ ചോപ്രാ മാഷായിരുന്നു. ശാന്തി അദ്ദേഹത്തെ ചെന്നു കണ്ട് തന്റെ സാഹചര്യം വിശദീകരിച്ചു. മാഷ് അവളെ സഹായിയായി ഒപ്പം നിര്‍ത്തി. അദ്ദേഹം ശാന്തിയുടെ കഴിവുകള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. സംഘാംഗങ്ങള്‍ക്ക് നൃത്തച്ചുവടുകള്‍ പഠിപ്പിച്ചുകൊടുക്കുക, ഡാന്‍സ് കമ്പോസ് ചെയ്യുക..ഇങ്ങനെയുളള ചുമതലകള്‍ മാഷ് ശാന്തിക്ക് നല്‍കി. ഷൂട്ടിങ് ലൊക്കേഷനുകളില്‍ മാഷിന് ഒപ്പം പോയി നൃത്തരംഗങ്ങള്‍ കമ്പോസ് ചെയ്യാന്‍ സഹായിക്കും. അപൂര്‍വം ചില പടങ്ങളില്‍ ഗ്രൂപ്പ് ഡാന്‍സേഴ്‌സിനൊപ്പം നൃത്തം ചെയ്യും.

ADVERTISEMENT

ശിവാജിയും മേക്കപ്പ് ടെസ്റ്റും

ശാന്തിയെ എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. നിഷ്‌കളങ്കമായി ചിരിച്ചു കളിച്ച് കലപിലാ വര്‍ത്തമാനം പറഞ്ഞ് നടക്കുന്ന കുസൃതിക്കാരിയായ പെണ്‍കുട്ടി. ആയിടയ്ക്ക് ഏതോ സെറ്റില്‍ വച്ച് ശിവാജി ഗണേശന്‍ ശാന്തിയെ കാണാനിടയായി. ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയുമുളള അനുഭവ സമ്പന്നനായ അദ്ദേഹം ശാന്തി അഭിനയരംഗത്തും ശോഭിക്കുമെന്ന് ഒരു പ്രവചനം നടത്തി. സാധാരണഗതിയില്‍ ഗ്രൂപ്പ്ഡാന്‍സേഴ്‌സായി വരുന്ന പെണ്‍കുട്ടികള്‍ അവസാനം വരെ അതിലൊതുങ്ങുകയാണ് പതിവ്. ഏതായാലും ശാന്തിയുടെ ഒരു മേക്കപ്പ് ടെസ്റ്റ് അക്കാലത്ത് നടന്നു. അന്നൊന്നും ശാന്തിയുടെ സിദ്ധികളെക്കുറിച്ച് ആരും അത്ര കാര്യമായെടുത്തില്ല. 

പക്ഷേ അതൊരു നല്ല തുടക്കമായിരുന്നു. കാലത്ത് നാല് മണിക്കായിരുന്നു മേക്കപ്പ് ടെസ്റ്റ്. ആരാണ് അതിന് പിന്നിലെന്ന് അറിഞ്ഞപ്പോള്‍ ശാന്തിക്ക് സന്തോഷവും ഒപ്പം അത്ഭുതവും തോന്നി. സാക്ഷാല്‍ ശിവാജി മുന്‍കൈ എടുത്ത് സംഘടിപ്പിച്ചതായിരുന്നു അത്. ദുഃഖവും ഭക്തിയും സന്തോഷവും ഉള്‍പ്പെടെ മൂന്ന് ഭാവങ്ങള്‍ ഉള്‍ക്കൊളളുന്ന ഡയലോഗുകള്‍ അദ്ദേഹം ശാന്തിയെക്കൊണ്ട് പറയിപ്പിച്ചു നോക്കി. എല്ലാം പഠിപ്പിച്ചു കൊടുത്തതും അദ്ദേഹം തന്നെയായിരുന്നു. മേക്കപ്പ് ടെസ്റ്റ് നടന്നെങ്കിലും ശിവാജി എന്തുകൊണ്ടോ ശാന്തിയെ അഭിനയിക്കാന്‍ വിളിച്ചില്ല. അക്കാര്യത്തില്‍ വലിയ പ്രതീക്ഷയില്ലാതിരുന്നതു കൊണ്ട് ശാന്തിക്ക് ദുഃഖം തോന്നിയതുമില്ല. 

ജന്മനാ തന്റേടിയായ ശാന്തി പക്ഷേ ആ പിണക്കം മനസില്‍ സൂക്ഷിച്ചു. പിന്നീട് ശിവാജിയെ കാണുമ്പോഴൊക്കെ കൃത്യമായ ഒരു അകലം പാലിച്ചു. അദ്ദേഹത്തെ കാണാത്ത ഭാവത്തില്‍ നടന്നു. അദ്ദേഹം എന്തെങ്കിലും ചോദിച്ചാല്‍ മാത്രം മറുപടി പറയും. ‘തങ്കപ്പതക്കം’ എന്ന പടത്തിനു വേണ്ടിയാണ് അന്ന് ശിവാജി ശാന്തിയെ പരിഗണിച്ചത്. അതിന്റെ ഷൂട്ട് ആര്‍ഭാടമായി നടക്കുകയും ചെയ്തു. അന്ന് ശിവാജിയെ പോലൊരാളൂടെ മുന്നില്‍ എല്ലാവരും പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന കാലമാണ്. അന്നും ശാന്തിക്ക് തന്റെ വ്യക്തിത്വത്തില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. ആരുടെ മുന്നിലും തലകുനിക്കുന്നത് ഇഷ്ടമായിരുന്നില്ല. സ്വന്തം ജോലി ചെയ്യുക, മടങ്ങി പോരുക. അത്രമാത്രം. 

ഒരാളെ മാത്രമേ അന്ന് ശാന്തി അനുസരിച്ചിരുന്നുളളു. അത് ചോപ്രാ മാസ്റ്ററായിരുന്നു. ഡാന്‍സ് മാസ്റ്റര്‍ എന്നതിനപ്പുറത്തുളള ഒരു സ്ഥാനത്ത് ശാന്തി അദ്ദേഹത്തെ കണ്ടു. കാരണം മാഷ് അവളെ വിളിച്ചിരുന്നത് ബേട്ടി (മകള്‍) എന്നായിരുന്നു. ആ വാത്സല്യവും സ്‌നേഹവും അദ്ദേഹത്തിനുണ്ടായിരുന്നു. തിരിച്ച് ശാന്തിയും അദ്ദേഹത്തെ പിതൃസ്ഥാനത്ത് കണ്ടു. ചോപ്രാ മാസ്റ്റര്‍ നൃത്തസംഘത്തിലുളളവര്‍ക്ക് അന്തസും അഭിമാനവും കല്‍പ്പിച്ചിരുന്നു. മറ്റുളളവരും അത് പാലിക്കണമെന്ന് അദ്ദേഹം കര്‍ശനമായി നിഷ്‌കര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹവും പിന്‍തുണയും എന്നുമുണ്ടായിരുന്നു ശാന്തിക്ക്. ഇവള്‍ ഭാവിയില്‍ വളര്‍ന്ന് വലിയൊരു കലാകാരിയാവുമെന്ന് തന്നെ മാഷ് ഉറച്ചു വിശ്വസിച്ചു. 

വര്‍ഷങ്ങള്‍ക്ക് ശേഷം ‘സ്‌ഫോടനം’ എന്ന ചിത്രത്തില്‍ ശാന്തി (സീമ) നായികയായി അഭിനയിക്കാനെത്തിയപ്പോള്‍ അതിന്റെ നൃത്തസംവിധായകനായി വന്നത് ചോപ്രാ മാസ്റ്ററായിരുന്നു. അത് കാലത്തിന്റെ നിശ്ചയം.

ആദ്യത്തെ അഭിനയം

സീമ ആദ്യമായി സ്‌ക്രീനില്‍ മുഖം കാണിച്ച ചിത്രം വ്യാപകമായി പ്രചരിക്കും പോലെ അവളുടെ രാവുകളോ നിഴലേ നീ സാക്ഷിയോ അല്ല. വളരെ ചെറിയ കഥാപാത്രമാണെങ്കില്‍ പോലും സീമയുടെ മുഖവും രൂപവും ആദ്യമായി പ്രത്യക്ഷപ്പെടുന്നത് എ.ബി. രാജ് സംവിധാനം ചെയ്ത് 1972ല്‍ റിലീസായ നൃത്തശാല എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലാണ്. പ്രേംനസീര്‍ നായകനായ സിനിമയുടെ ആദ്യത്തെ 30 -ാം മിനിറ്റില്‍ അദ്ദേഹത്തിനൊപ്പമുളള ഒരു കോംബിനേഷന്‍ സീനിലാണ് അന്ന് കേവലം 15 വയസ്സ് മാത്രം പ്രായമുളള സീമയെ കാണാന്‍ സാധിക്കുക. നൃത്തശാലയില്‍ നസീര്‍ ഒരു മജീഷ്യന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. മജീഷ്യന്റെ സഹായിയായ പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ സീമയ്ക്ക്. മുതുകാടിന്റെയും മറ്റും മാജിക്ക് ഷോകളില്‍ മജീഷ്യന് വേണ്ട സാധനസാമഗ്രികളൊക്കെ എടുത്തുകൊടുത്ത് സഹായിയായി തൊട്ടടുത്ത് നില്‍ക്കുന്ന പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ? സമാനമായ ഒരു കഥാപാത്രമായി നൃത്തശാലയില്‍ സീമ വന്ന് പോകുന്നുണ്ട്. 

എന്നാല്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ തലത്തിനപ്പുറം അത് ശ്രദ്ധേയമാവുകയോ പരിഗണിക്കപ്പെടുകയോ ചെയ്തില്ല. നടന്‍ ഇന്നസന്റ് ആദ്യമായി മുഖം കാണിച്ചതും ഈ സിനിമയിലാണെന്നത് മറ്റൊരു ചരിത്രകൗതുകം. സിനിമയുടെ ടൈറ്റിലില്‍ അദ്ദേഹത്തിന്റെ പേര് എഴുതികാണിക്കുന്നുമുണ്ട്. സീമയുടെ പേരിനും ടൈറ്റില്‍ ക്രഡിറ്റുണ്ട്. പക്ഷേ ശാന്തി എന്നാണ് കാണിക്കുന്നത്. ജയഭാരതിയാണ് ഈ ചിത്രത്തിലെ നായിക. ഐ.വി.ശശി തന്നെ സംവിധാനം ചെയ്ത ഇതാ ഇവിടെ വരെയിലെ രാസലീല എന്ന ഗാനരംഗത്തിലെ സംഘനര്‍ത്തകരില്‍ ഒരാളായി പ്രത്യക്ഷപ്പെട്ട സീമ ശശിയുടെ തന്നെ ഈ മനോഹരതീരം എന്ന ചിത്രത്തില്‍ ബാര്‍ഡാന്‍സറായി ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സീമയുടെ സോളോ ഡാന്‍സ് ആദ്യമായി കാണുന്നതും ഈ സിനിമയിലാണ്. സംവിധായകന്‍ ഹരിഹരനാണ് ഈ സീനില്‍ ഗായകനായി അഭിനയിക്കുന്നത്. ജയനും മധുവും ഈ രംഗത്ത് സീമയ്‌ക്കൊപ്പമുണ്ട്. തൊട്ടടുത്ത വര്‍ഷം സീമ നായികയായ അവളുടെ രാവുകള്‍ പുറത്തിറങ്ങി.

വഴിത്തിരിവായ നിമിഷം

നായിക എന്ന നിലയില്‍ ശാന്തിയുടെ ജീവിതം വഴിതിരിച്ചു വിട്ടത് മാധവന്‍ മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ച കാലമാണ്. ഒരിക്കല്‍ ഡയറക്ടര്‍ ബേബിയുടെ (ലിസ ബേബി) ഒരു പടത്തില്‍ മാസ്റ്റര്‍ക്കൊപ്പം ശാന്തിയും പതിവു പോലെ ഒരു ഗ്രൂപ്പ് ഡാന്‍സില്‍ പങ്കെടുക്കാന്‍ പോയി. മാധവന്‍ മാസ്റ്ററാണ് കൊറിയോഗ്രാഫി. അരുണാചലം സ്റ്റുഡിയോയില്‍ ഷൂട്ടിങ് നടക്കുന്നു. ശാന്തിയുടെ മാനറിസങ്ങള്‍ ബേബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ പടത്തില്‍ ശാന്തി അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. ബേബി മാധവന്‍ മാസ്റ്ററുമായി കൂടിയാലോചിച്ചു. മാസ്റ്റര്‍ ശാന്തിയെ വിളിച്ച് വിവരം പറഞ്ഞു.

‘‘നല്ല അവസരമാണ്. സാധാരണ ആര്‍ക്കും ഇത്തരം ഓഫറുകള്‍ കിട്ടാറില്ല. ഒരുപക്ഷേ നീ രക്ഷപ്പെട്ടെന്ന് വരാം’’

‘‘ഏയ്...ഞാനില്ല..’’

ശാന്തി എടുത്തടിച്ചതു പോലെ പറഞ്ഞു. പണ്ട് ശിവാജി ഇതുപോലെ വാഗ്ദാനം നല്‍കി പിന്നീട് തിരസ്‌കരിച്ച അനുഭവമായിരുന്നു മനസില്‍. ഇനിയും ഒരുപാട് സ്വപ്നം കണ്ട് ഒടുവില്‍ വിഷമിക്കാനില്ലെന്ന് തന്നെ ശാന്തി തീരുമാനിച്ചു. എത്രയൊക്കെ നിര്‍ബന്ധിച്ചിട്ടും ശാന്തി അഭിനയത്തോട് മുഖം തിരിച്ചു. മലയാളിയായ തമിഴ് നടന്‍ കെ.വിജയന്‍ ആ പടത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ശാന്തിയോട് എക്കാലവും സ്‌നേഹത്തോടെ ഇടപഴകിയിരുന്ന ആളാണ് വിജയന്‍. മുഖം നിറഞ്ഞു കവിയുന്ന വലിയ കൊമ്പന്‍ മീശയുളള അദ്ദേഹം അന്ന് മീശ വിജയന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 

അദ്ദേഹവും ഈ പ്രശ്‌നത്തില്‍ ഇടപെട്ടു. ഡാന്‍സറില്‍ നിന്നും ഒരു നടിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന്റെ ഗുണഗണങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. പണം മാത്രമല്ല അതിന്റെ കീര്‍ത്തിയും അംഗീകാരങ്ങളുമെല്ലാം അദ്ദേഹം വിശദമായി പറഞ്ഞു തന്നപ്പോള്‍ ഒന്ന് ശ്രമിക്കുന്നതില്‍ തെറ്റില്ലെന്ന് ശാന്തിക്ക് തോന്നി. ഡയറക്ടര്‍ ബേബിയുടെ വീടായിരുന്നു പ്രൊഡക്‌ഷന്‍ കമ്പനിയുടെ ആഫീസ്. ഒരു സൈക്കിള്‍ റിക്ഷയിലാണ് ശാന്തി അവിടെ എത്തിയത്. അവിടെ വച്ച് കാര്യങ്ങള്‍ ഏകദേശം തീരുമാനിക്കപ്പെട്ടു. 1977 ഓഗസ്റ്റിലായിരുന്നു അത്. 19 ന് ഷൂട്ടിങ് തുടങ്ങണം. ഹൈദരാബാദിലാണ് ചിത്രീകരണം. അണിയറ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ അറിയിച്ചിട്ടും ശാന്തിയുടെ മുഖത്ത് യാതൊരു ഉത്സാഹവും കണ്ടില്ല. അതിന്റെ കാരണം അമ്മയ്ക്ക് പോലും മനസിലായില്ല.

(തുടരും...)

English Summary:

Seema: Unveiling the Overlooked Legacy of Malayalam Cinema's Hidden Gem

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT