10 സിനിമകളില്‍ നിന്നായി 1200 കോടി; കോടികള്‍ വാഴുന്ന മലയാള സിനിമ
ഇതര വ്യവസായ മേഖലകളില്‍ നിന്ന് വിഭിന്നമായി സിനിമയുടെ സവിശേഷത എന്താണ് എന്ന ചിന്തയാണ് 2024 ലെ വാര്‍ഷിക കണക്കെടുക്കുമ്പോള്‍ ആദ്യമായി പരിഗണിക്കേണ്ടത്. വന്‍മുതല്‍മുടക്ക് ആവശ്യമായി വരുമ്പോഴും കുറഞ്ഞ സമയപരിധിക്കുളളില്‍ കോടാനുകോടികള്‍ തിരിച്ചുപിടിക്കാനും ലാഭമുണ്ടാക്കാനും കഴിയുന്നു. മറ്റ് ബിസിനസുകളില്‍
ഇതര വ്യവസായ മേഖലകളില്‍ നിന്ന് വിഭിന്നമായി സിനിമയുടെ സവിശേഷത എന്താണ് എന്ന ചിന്തയാണ് 2024 ലെ വാര്‍ഷിക കണക്കെടുക്കുമ്പോള്‍ ആദ്യമായി പരിഗണിക്കേണ്ടത്. വന്‍മുതല്‍മുടക്ക് ആവശ്യമായി വരുമ്പോഴും കുറഞ്ഞ സമയപരിധിക്കുളളില്‍ കോടാനുകോടികള്‍ തിരിച്ചുപിടിക്കാനും ലാഭമുണ്ടാക്കാനും കഴിയുന്നു. മറ്റ് ബിസിനസുകളില്‍
ഇതര വ്യവസായ മേഖലകളില്‍ നിന്ന് വിഭിന്നമായി സിനിമയുടെ സവിശേഷത എന്താണ് എന്ന ചിന്തയാണ് 2024 ലെ വാര്‍ഷിക കണക്കെടുക്കുമ്പോള്‍ ആദ്യമായി പരിഗണിക്കേണ്ടത്. വന്‍മുതല്‍മുടക്ക് ആവശ്യമായി വരുമ്പോഴും കുറഞ്ഞ സമയപരിധിക്കുളളില്‍ കോടാനുകോടികള്‍ തിരിച്ചുപിടിക്കാനും ലാഭമുണ്ടാക്കാനും കഴിയുന്നു. മറ്റ് ബിസിനസുകളില്‍
ഇതര വ്യവസായ മേഖലകളില്‍ നിന്ന് വിഭിന്നമായി സിനിമയുടെ സവിശേഷത എന്താണ് എന്ന ചിന്തയാണ് 2024 ലെ വാര്‍ഷിക കണക്കെടുക്കുമ്പോള്‍ ആദ്യമായി പരിഗണിക്കേണ്ടത്. വന്‍മുതല്‍മുടക്ക് ആവശ്യമായി വരുമ്പോഴും കുറഞ്ഞ സമയപരിധിക്കുളളില്‍ കോടാനുകോടികള്‍ തിരിച്ചുപിടിക്കാനും ലാഭമുണ്ടാക്കാനും കഴിയുന്നു. മറ്റ് ബിസിനസുകളില്‍ വര്‍ക്കിങ് ക്യാപ്പിറ്റല്‍ തിരിച്ചെടുക്കുക എന്നത് ദീര്‍ഘകാല പദ്ധതിയാണെങ്കില്‍ സിനിമയില്‍ അത് മൂന്ന് മുതല്‍ ആറ് മാസത്തിനുളളില്‍ സംഭവിച്ചേക്കാവുന്ന ഒന്നാണ്. അതേ സമയം റിസ്‌ക് ഫാക്ടറും സിനിമയില്‍ ഏറെയാണ്. ചിലപ്പോള്‍ ലാഭമുണ്ടാവില്ലെന്ന് മാത്രമല്ല മുതല്‍മുടക്കിന്റെ നാലിലൊന്ന് പോലും തിരിച്ചു കിട്ടിയില്ലെന്നും വരാം. ഒരു തരം ഗാബ്ലിംഗായി സിനിമ പണ്ടുമുതലേ പരിഗണിക്കപ്പെടുന്നതും ഇതുകൊണ്ടാണ്.
എന്നാല്‍ കഴിഞ്ഞ ഒരു ദശകത്തിനുളളില്‍ ഈ അപകടസാധ്യതയില്‍ കാര്യമായ മാറ്റം വന്നുകഴിഞ്ഞു. അഞ്ച് കാരണങ്ങളാണ് ഇതിന് പിന്നില്‍. ഒന്ന് വൈഡ് റിലീസിങിലൂടെ സിനിമ നല്ലതോ ചീത്തയോ എന്ന് നിര്‍ണയിക്കപ്പെടും മുന്‍പേ സാമാന്യം നല്ല തുക ഷെയര്‍ ലഭിക്കുന്നു. രണ്ട് ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് മൂലം വരുമാനത്തിന്റെ തോതിലും വ്യത്യാസമുണ്ടാകുന്നു. മറ്റൊന്ന് മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി പല സിനിമകളും അന്യഭാഷാ മാര്‍ക്കറ്റ് കൂടി മുന്നില്‍ കണ്ടാണ് ഒരുക്കുന്നത്. സ്വാഭാവികമായും ഈ ചിത്രങ്ങള്‍ മൊഴിമാറ്റം നടത്തിയും അല്ലാതെയും ഇതര സംസ്ഥാനങ്ങളിലും വിദേശത്തും വില്‍ക്കപ്പെടുന്നു. ഡബ്ബിങ് റൈറ്റ്‌സ്, ഓവര്‍സീസ് എന്നീ വകയില്‍ ലഭിക്കുന്ന വരുമാനത്തിന് പുറമെ ഓഡിയോ റൈറ്റ്‌സ് ചിലപ്പോള്‍ റീമേക്ക് റൈറ്റസ് ഇങ്ങനെയെല്ലാം പണം ലഭിക്കാം. സാറ്റലൈറ്റ്-ഒടിടി അവകാശങ്ങളിലുടെ ഭീമമായ തുക സമാഹരിക്കുന്ന പ്രവണതയും കണ്ടുവരുന്നു.
എന്നാല്‍ താരമൂല്യം കുറഞ്ഞ സിനിമകളെ സംബന്ധിച്ച് ഇതൊന്നും അത്ര അനായാസമല്ല. അതേസമയം ഒരു താരവുമില്ലെങ്കിലും ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഉളളടക്കവും നല്ല എന്റര്‍ടെയ്ൻമെന്റ് വാല്യുവും ഉണ്ടെങ്കില്‍ പടം ഹിറ്റാകുന്നു. വലിയ താരപരിവേഷമില്ലാത്ത സൗബിന്‍ അഭിനയിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് 300 കോടിയോളം പല വകയിലായി വാരിക്കൂട്ടിയപ്പോള്‍ സോളോ ഹീറോ എന്ന നിലയില്‍ വിപണനമൂല്യം ഇല്ലാതിരുന്ന നസ്‌ലിന്‍ നായകനായ പ്രേമലു 136 കോടിക്ക് മുകളില്‍ പറന്ന് അദ്ഭുതം സൃഷ്ടിച്ചു.
മലയാളസിനിമകള്‍ അന്യദേശങ്ങളിലും പ്രിയം
മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി മലയാള സിനിമകളുടെ കലക്‌ഷനില്‍ സംഭവിച്ച കുതിച്ചു ചാട്ടം വിസ്മയകരമാണ്. ദൃശ്യമായിരുന്നു 50 കോടി ക്ലബ്ബും കടന്നു പോയ ആദ്യത്തെ മലയാള സിനിമ. തുടര്‍ന്ന് വന്ന പുലിമുരുകന്‍ 150 കോടി ക്ലബ്ബിലെത്തിയെന്ന് പറയുന്നു. 175 കോടിയോളമായിരുന്നു ലൂസിഫറിന്റെ കലക്‌ഷൻ. ഇതെല്ലാം മോഹന്‍ലാല്‍ എന്ന ബിഗ്‌സ്റ്റാറിനെ ചുറ്റിപ്പറ്റി മാത്രം സംഭവിച്ച അദ്ഭുതങ്ങളാണ്. എന്നാല്‍ പിന്നീട് സൗബിനും നസ്‌ലിനും നായകന്‍മാരായി വരുന്ന പടങ്ങള്‍ക്കും ഈ മാജിക്ക് സാധിതമാകുമെന്ന് കാലം തെളിയിച്ചു. താരങ്ങളുടെ പ്രഭാവത്തേക്കാള്‍ സിനിമയുടെ മികവാണ് ഇവിടെയെല്ലാം തുണയായത്.
2024ല്‍ ഇതര ഭാഷകളില്‍ മെഗാഹിറ്റുകള്‍ ഒറ്റപ്പെട്ട സംഭവമായി പരിണമിച്ചപ്പോള്‍ മലയാളത്തില്‍ നിരവധി സിനിമകള്‍ നൂറുകോടി ക്ലബ്ബ് കടക്കുകയും ചിലതൊക്കെ അതിന് അടുത്തെത്തുകയും ചെയ്തു എന്നത് ചെറിയ കാര്യമല്ല. മലയാള സിനിമയ്ക്കു മറ്റ് സംസ്ഥാനങ്ങളിലും മികച്ച വിപണി കണ്ടെത്താന്‍ സാധിക്കുന്നു എന്നതാണ് ആകര്‍ഷണീയമായ മറ്റൊരു നേട്ടം. മുന്‍പൊക്കെ മെഗാഹിറ്റാകുന്ന ഒരു മലയാള സിനിമ റീമേക്ക് ചെയ്ത് മറ്റ് ഭാഷകളില്‍ എത്തിക്കുന്ന പ്രവണതയുണ്ടായിരുന്നു. അതിനെ ഒരു മലയാളപടം എന്ന് വിശേഷിപ്പിച്ചു കൂടാ. കാരണം അടിസ്ഥാന കഥാതന്തു ഉപയോഗിക്കുന്നു എന്നതൊഴിച്ചാല്‍ ട്രീറ്റ്‌മെന്റിലും നേറ്റിവിറ്റിയിലുമെല്ലാം മലയാളവുമായി പുലബന്ധം പോലുമില്ലാത്തതാവും പലപ്പോഴും ഇത്തരം പുനര്‍നിര്‍മിതികള്‍. അഭിനയിക്കുന്നതാവട്ടെ അന്യഭാഷാ താരങ്ങളും.
മണിച്ചിത്രത്താഴ് ഭൂല്‍ ഫുലയ്യ എന്ന പേരില്‍ പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. എന്നാല്‍ ഇന്ന് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം മറികടന്നിരിക്കുന്നു. പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും തമിഴിലും തെലുങ്കിലും ഒറിജിനല്‍ തമിഴ്-തെലുങ്ക് പടങ്ങള്‍ക്ക് ലഭിക്കുന്ന കലക്‌ഷനും വ്യാപക സ്വീകാര്യതയും നേടിയിരിക്കുന്നു. അതിന്റെ കാരണമായി പറയപ്പെടുന്ന രണ്ട് ഘടകങ്ങള്‍ ഈ സിനിമകളുടെ ബേസിക് തീം വളരെ യുണിക്ക് ആണെന്നതും പശ്ചാത്തലം ഊട്ടി (തമിഴ്‌നാട്) ഹൈദരാബാദ് (ആന്ധ്രാപ്രദേശ്) ആണെന്നതുമാണ്.
യഥാര്‍ഥത്തില്‍ ഇത്തരം ഉപരിപ്ലവ ന്യായങ്ങള്‍ക്കപ്പുറത്ത് ഏത് തരം പ്രേക്ഷകനും റിലേറ്റ് ചെയ്യാന്‍ പാകത്തിലുളള ഇമോഷനല്‍ ഗ്രാഫാണ് ഈ സിനിമകളുടേത് എന്നതാണ് വാസ്തവം. ഗുണാ കേവില്‍ പെട്ടുപോയ സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കപ്പെടണമെന്ന് മോഹിക്കുന്നവരില്‍ കാലദേശഭാഷാ വ്യത്യാസമില്ല.അയാള്‍ രക്ഷപ്പെടണമേയെന്ന് ഓരോ പ്രേക്ഷകനും നെഞ്ചില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുന്ന വിധത്തില്‍ സിനിമയുടെ ഇമോഷനല്‍ ട്രാവല്‍ സാധിതമാക്കുകയാണ് മിടുമിടുക്കനായ സംവിധായകന്‍.മെട്രോ സിറ്റി ലൈഫില്‍ സംഭവിക്കുന്ന ആണ്‍-പെണ്‍ സൗഹൃദവും പ്രണയവും ഹൃദ്യമായി ആവിഷ്‌കരിച്ച പ്രേമലുവിലും അത് തന്നെയായിരുന്നു സ്ഥിതി. സമാനമായ തലത്തില്‍ യൂണിവേഴ്‌സലായ തീമുകള്‍ കൈകാര്യം ചെയ്ത വേറെയും സിനിമകള്‍ മലയാളത്തില്‍ നിന്നുണ്ടായി. ആടുജീവിതവും ഭ്രമയുഗവുമൊക്കെ അവയില്‍ ചിലത് മാത്രമാണ്.
100 കോടിക്ക് മുകളില്‍ 5 സിനിമകള്‍, 50 കോടി കബ്ബും കടന്ന് 7 സിനിമകള്‍
ഇനി ഈ സിനിമകളുടെ കലക്‌ഷന്റെ സ്വഭാവം പരിശോധിക്കാം. 242.3 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇതര മെഗാഹിറ്റുകളെ അപേക്ഷിച്ച് താരമൂല്യം തീരെ കുറഞ്ഞ സിനിമയായിട്ടും മഞ്ഞുമ്മല്‍ കസറിയതിന് പിന്നില്‍ മേക്കിങിലെ മികവും അതിലുപരി സിനിമ മുന്നോട്ട് വച്ച സവിശേഷമായ വൈകാരിക തലവുമാണ്. സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ സിനിമയ്ക്ക് എതിരഭിപ്രായങ്ങളുണ്ടായില്ല എന്നതും ഒരു അപൂര്‍വ നേട്ടമാണ്. സാധാരണ ഗതിയില്‍ എത്ര വിജയിച്ച പടങ്ങളും ചില കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടു സ്വാഭാവികമാണ്. 160 കോടി സ്വന്തമാക്കിയ ആടുജീവിതമാണ് കലക്‌ഷനില്‍ രണ്ടാം സ്ഥാനത്ത്. പൃഥ്വിരാജിനെ പോലെ ഒരു വലിയ താരത്തിന്റെ സാന്നിധ്യവും മേക്ക് ഓവറും അടക്കം സിനിമയുടെ ആകര്‍ഷണ ഘടകങ്ങളായി ചൂണ്ടികാണിക്കാമെങ്കിലും ടോട്ടാലിറ്റിയുടെ മികവും സിനിമ മുന്നോട്ട് വച്ച ഇമോഷനും തന്നെയായിരുന്നു ആടുജീവിതത്തിന്റെയും വിജയഘടകം.
ഫഹദ് ഫാസില്‍ ചിത്രമായ ആവേശം 154.60 കോടി രൂപയാണ് നേടിയത്. തെന്നിന്ത്യ ഒട്ടാകെയും ഹിന്ദി മേഖലയിലും സ്വീകാര്യതയുളള ഫഹദ് എന്ന പാന്‍ ഇന്ത്യന്‍ താരത്തിന്റെ സ്വാധീനം സിനിമയുടെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചുവെന്ന് പറയാമെങ്കിലും യുവജനങ്ങളെ ആകര്‍ഷിക്കുന്ന പുതിയ പാറ്റേണിലുളള മാസ് മസാല എന്നതാണ് സിനിമയുടെ വിജയഘടകമായി വിലയിരുത്തപ്പെടുന്നത്.
നസ്‌ലിന്‍, മമിത ബൈജു എന്നിങ്ങനെ രണ്ട് കുഞ്ഞിത്താരങ്ങളുടെ പ്രഭാവത്തേക്കാളേറെ സ്‌നിഗ്ധ സുന്ദരമായി പ്രണയം ആവിഷ്‌കരിച്ച സിനിമ എന്ന നിലയ്ക്കാണ് പ്രേമലു 136 കോടിയില്‍ എത്തിയതെന്ന് പറയേണ്ടി വരും. ഔട്ട് സ്റ്റാന്‍ഡിങ് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയൊന്നുമായിരുന്നില്ല ഇത്. അതേ സമയം ആദ്യന്തം മുഷിപ്പില്ലാതെ വളരെ രസകരമായി കണ്ടിരിക്കാവുന്ന ചിത്രം. അനാവശ്യമായ സംഭവബഹുല്യമോ ട്വിസ്റ്റുകളോ കുത്തി നിറയ്ക്കാതെ അതീവലോലമായ കഥാതന്തുവിനെ നല്ല ഒഴുക്കോടെയും ആസ്വാദ്യകരമായും പിന്‍തുടരുന്ന ചിത്രമാണ് പ്രേമലു.
ടൊവിനോ നായകനായ ഫാന്റസി ചിത്രം എആര്‍എം 106 കോടിയാണ് കലക്‌ഷന്‍ കരസ്ഥമാക്കിയത്. ദൃശ്യവിസ്മയം തീര്‍ത്ത ഈ ത്രീഡി ചിത്രവും പക്കാ എന്റര്‍ടൈനര്‍ ഗണത്തില്‍പെടുന്നതാണ്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്നു എന്നതും ടൊവിനോയുടെ സമീപകാല ജനപ്രീതിയും സിനിമയുടെ വിജയഘടകമാവാം. എന്നാല്‍ ഒരു കാര്യം കൂടി ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എത്ര ജനപ്രീതിയുളള നടന്‍ അഭിനയിച്ചാലും സിനിമ രസാവഹമല്ലെങ്കില്‍ പ്രേക്ഷകന്‍ തളളിക്കളയുക തന്നെ ചെയ്യും. ടൊവിനോയെ നായകനാക്കി ഡോ.ബിജു ഒരുക്കിയ അദൃശ്യജാലകങ്ങള്‍ ചലച്ചിത്രമേളകളില്‍ അംഗീകരിക്കപ്പെട്ടെങ്കിലും തിയറ്ററുകളില്‍ വന്നു പോയതു പോലും ആരും അറിഞ്ഞില്ല.
ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് കൊടുത്ത് പ്രേക്ഷകര്‍ തിയറ്ററിലെത്തുന്നത് എന്റര്‍ടൈന്‍മെന്റ് മാത്രം പ്രതീക്ഷിച്ചാണെന്നും പൂര്‍ണമായും എന്‍ഗേജിങ് ആയ സിനിമകള്‍ക്ക് മാത്രമേ ഇക്കാലത്ത് നിലനില്‍പ്പുളളു എന്നും ഈ വിജയങ്ങള്‍ അടിവരയിടുന്നു.
10 സിനിമകളില്‍ നിന്ന് 1200 കോടി
ഗുരുവായൂരമ്പലനടയില്‍ റിലീസ് ഘട്ടത്തില്‍ പല തരം വിയോജിപ്പുണ്ടായ ചിത്രമാണ്. സിദ്ദിഖ് ലാലിന്റെയും മറ്റും മൂന്‍കാല സിനിമകളുമായി നേരിയ സാമ്യമുളള ചില സീനുകളും മറ്റുമാണ് കാരണമായി വിമര്‍ശകര്‍ ചൂണ്ടി കാണിച്ചത്. എന്നാല്‍ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന സിനിമയായിരുന്നില്ല അത്. യുക്തിഭദ്രത മാറ്റി വച്ചാല്‍ രസകരമായി കണ്ടിരിക്കാവുന്ന സിനിമയായിരുന്നു ഗുരുവായൂരമ്പല നടയില്‍. ബേസില്‍ ജോസഫ് എന്ന മിനിമം ഗ്യാരണ്ടി നടന്റെ സാന്നിധ്യവും അനശ്വര രാജന്‍ എന്ന ലക്കി ഹീറോയിനും സര്‍വോപരി പൃഥ്വിരാജിനെ പോലെ ഒരു വലിയ താരം കൂടി ചേര്‍ന്നപ്പോള്‍ വിജയം ഉറപ്പായ സിനിമ നേടിയ കലക്‌ഷന്‍ 90 കോടിയോളമാണ്. മുന്‍പരാമര്‍ശിച്ച ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവായി തോന്നാമെങ്കിലും യഥാർഥത്തില്‍ വസ്തുത അതല്ല. കേവലം 15 കോടിയില്‍ തീര്‍ത്ത പടം 6 ഇരിട്ടിയിലധികം കലക്‌ഷനാണ് കൊയ്തത്.
സമാന വിജയം നേടിയ ഭ്രമയുഗം 85 കോടി നേടുകയുണ്ടായി. എന്നാല്‍ 28 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിർമിച്ചത്. എന്നിരിക്കിലും വിജയകണക്കില്‍ ഭ്രമയുഗത്തിന്റെ നേട്ടവും നിസാരമല്ല. കാരണം വ്യവസ്ഥാപിത ശൈലിയിലുളള സിനിമയായിരുന്നില്ല അത്. പരീക്ഷണ സ്വഭാവമുളള ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം പോലും അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്ന വിധം മാസ് ഗെറ്റപ്പിലുളളതായിരുന്നില്ല. എന്നാല്‍ വേറിട്ട ചിത്രം എന്ന നിലയിലും വിരസതയില്ലാതെ കണ്ടിരിക്കാവുന്ന ആഖ്യാനരീതി കൊണ്ടും സിനിമ എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിച്ചു.
വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാല്‍, ബേസില്‍, ധ്യാന്‍ അടക്കമുളള യുവനിരയെ അണിനിരത്തി ഒരുക്കിയ വര്‍ഷങ്ങള്‍ക്ക് ശേഷം 81.56 കോടി നേടി ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. വിനീതില്‍ പ്രേക്ഷകര്‍ക്കുളള വിശ്വാസത്തിനൊത്ത് സിനിമ ഉയര്‍ന്നില്ല എന്ന് ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നുവെങ്കിലും അതൊന്നും വിജയത്തെ ബാധിച്ചില്ല. വിനീത്-പ്രണവ് ലക്കി കോംബോം മുന്‍പ് ഹൃദയം എന്ന ചിത്രത്തിലുടെ സൃഷ്ടിച്ച ഹൈപ്പും ഈ സിനിമയ്ക്ക് ഗുണം ചെയ്തിരിക്കാം. മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ഭേദപ്പെട്ട സിനിമ തന്നെയായിരുന്നു ഇത്.
പരമ്പരാഗത വാണിജ്യ സിനിമയുടെ വാര്‍പ്പ് രീതികളില്‍ നിന്നും പാടെ വേറിട്ട് നില്‍ക്കുന്ന ക്ലാസിക്ക് ടച്ചുളള കിഷ്‌കിന്ധാകാണ്ഡം എന്ന ചിത്രം 75.25 കോടിയാണ് നേടിയത്. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിങ്ങനെ പരാജയങ്ങളുടെ കയ്പ് അധികം ഏറ്റുവാങ്ങിയിട്ടില്ലാത്ത രണ്ട് ഭാഗ്യതാരങ്ങളുടെ സാന്നിധ്യം സിനിമയുടെ പോസിറ്റീവ് ഫാക്‌ടേഴ്‌സില്‍ പ്രധാനമെങ്കിലും വിജയരാഘവന്‍ എന്ന മികച്ച നടന്റെ പ്രകടനത്തിലെ അനന്യതയും സിനിമയുടെ ആകര്‍ഷണഘടകമാണ്.എന്നാല്‍ ആത്യന്തികമായി ഈ സിനിമയുടെ മെറിറ്റിന്റെ 90% വും തിരക്കഥാകൃത്തിനും സംവിധായകനും അവകാശപ്പെട്ടതാണ്. പാട്ടും കോമഡിയും പ്രണയവും അനാവശ്യ സസ്‌പെന്‍സും ട്വിസ്റ്റുകളും ഒന്നുമില്ലാതെ ആഖ്യാനത്തിലെ കൃത്യത കൊണ്ട് എങ്ങനെ സിനിമയെ പരമാവധി എന്‍ഗേജിങ് ആക്കാം എന്ന പരീക്ഷണത്തില്‍ അവര്‍ അസൂയാവഹമായ വിജയം കൈവരിക്കുകയുണ്ടായി.
തത്ത പറയും പോലെ എല്ലാ കാര്യങ്ങളും റിവീല്‍ ചെയ്യുന്ന സ്പൂണ്‍ഫീഡിങ് ട്രീറ്റ്‌മെന്റിനെ പടിക്ക് പുറത്തു നിര്‍ത്തി നവഭാവുകത്വവുമായി വന്ന സിനിമ രണ്ടും കൈയും നീട്ടി പ്രേക്ഷകരും മാധ്യമങ്ങളും നിരൂപകരും സ്വീകരിച്ചു. മമ്മൂട്ടിയുടെ ടര്‍ബോ 70.1 കോടി നേടി ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചു. 70 കോടി മുതല്‍ 242 കോടി വരെ കലക്‌ഷന്‍ ലഭിച്ച പത്ത് സിനിമകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഈ സിനിമകളില്‍ നിന്ന് മാത്രമായി ഏതാണ്ട് 1200 കോടിയിലധികം ഇക്കഴിഞ്ഞ വര്‍ഷം മലയാളം ഫിലിം ഇന്‍ഡസ്ട്രിക്ക് ലഭിക്കുകയുണ്ടായി.
മലയാള സിനിമയുടെ ഗ്ലോബല്‍ മുഖം
തിയറ്ററില്‍ നിന്നുളള വരുമാനത്തിന് പുറമെ സാറ്റലൈറ്റ് ഒടടി-ഓവര്‍സീസ് ഓഡിയോ റൈറ്റുകളില്‍ നിന്നുളള വരവ് കൂടി കണക്കിലെടുക്കുമ്പോള്‍ തുക ഇതിലും അധികരിക്കും. മറ്റ് സിനിമകളുടെ വരുമാനം കൂടി കണക്കാക്കുമ്പോള്‍ നിരവധി ശതകോടികള്‍ വേറെയും വരും. എന്നാല്‍ കണക്കില്‍ കാണുന്ന പണമത്രയും നിര്‍മ്മാതാവിന് ലഭിക്കുകയില്ലെന്നതാണ് വാസ്തവം. ഗണ്യമായ ശതമാനം നികുതിയിനത്തിലും തീയറ്ററുകളുടെ ഷെയറായും പോകും. അങ്ങനെയെങ്കില്‍ പോലും നിര്‍മ്മാതാവിന് മികച്ച ലാഭം നേടിത്തരുന്ന സിനിമകള്‍ തന്നെയാണ് ഇവയെല്ലാം.
വിജയചിത്രങ്ങള്‍ വേറെയുമുണ്ട്. 50 കോടി ക്ലബ്ബിലെത്തിയില്ലെങ്കിലും 40 കോടി പിന്നിട്ട ഹിറ്റ് ചിത്രമാണ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ ഒരുക്കിയ ഏബ്രഹാം ഓസ്‌ലര്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ മൂലം ഇടക്കാലത്ത് താരപ്രഭ മങ്ങി നിന്ന ജയറാം നായകനായിട്ട് പോലും എന്‍ഗേജിങ് ആയ പടം എന്നത് ഓസ്‌ലറിന് മുതല്‍ക്കൂട്ടായി. മിഥുന്‍ മാനുവല്‍ എന്ന ന്യൂജന്‍ ബ്രാന്‍ഡ് തന്നെയായിരുന്നു ഈ സിനിമയുടെയും വിജയരഹസ്യം. 8 കോടി മുടക്കി 50 കോടി നേടിയ ടൊവിനോ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും 5
മൂലധനത്തിന്റെ 5 ഇരട്ടിയോളമാണ് തിയറ്ററില്‍ നിന്ന് മാത്രം കൊയ്തത്. കലക്‌ഷന്‍ സംബന്ധിച്ച കണക്കുകള്‍ വ്യക്തമല്ലെങ്കിലും പുതുമുഖങ്ങളെ അണിനിരത്തി ചെയ്ത ഗോളം തിയറ്ററില്‍ മികച്ച പ്രതിരണം സൃഷ്ടിച്ചു എന്ന് മാത്രമല്ല നല്ല സിനിമയെന്ന അഭിപ്രായവും കൈവരിച്ചു. ആസിഫ് അലി–ജിസ് ജോയ് ചിത്രം തലവനും ബോക്സ്ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
നവാഗതര്‍ക്ക് പ്രാമുഖ്യം നല്‍കി ഒരുക്കിയ ‘വാഴ’ എന്ന കോമഡി ഡ്രാമ 4 കോടിയില്‍ തീര്‍ത്ത് 40 കോടി തിരിച്ചുപിടിച്ച ചിത്രമാണ്. ഏതാണ്ട് പത്തിരട്ടിയിലധികം കലക്‌ഷന്‍. മറ്റു വരുമാന സാധ്യതകള്‍ വേറെ. ജോജു ജോര്‍ജ് നായകനായി അദ്ദേഹം തന്നെ എഴുതി സംവിധാനം ചെയ്ത പണി എന്ന ആക്ഷന്‍ ത്രില്ലറും വിജയചിത്രങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. മുറ, ഹലോ മമ്മി എന്നീ ചിത്രങ്ങളും തുയറ്ററില്‍ മികച്ച പ്രതികരണം സൃഷ്ടിച്ച് മുന്നേറുന്നുവെങ്കിലും കലക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ല. ഭാഗ്യതാരങ്ങളായ നസ്രിയ നസിം-ബേസില്‍ ജോസഫ് ആദ്യമായി ഒന്നിച്ച സൂക്ഷ്മദര്‍ശിനി ഇതുവരെ 50 കോടിയോളം കലക്ട് ചെയ്തതായി അറിയുന്നു.
ഡിസംബര്‍ 25ന് ക്രിസ്മസ് റിലീസായി ചാര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള ബറോസ്, ഉണ്ണി മുകുന്ദന്റെ മാർക്കോ എന്നിവയാണ് ഇനിയുള്ള വമ്പന്‍ പ്രതീക്ഷകൾ. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രീഡി ഫാന്റസി ചിത്രത്തിന് നിലവില്‍ റിലീസ് ചെയ്യപ്പെട്ട ടീസര്‍ പ്രകാരം ഒരു ഗ്ലോബല്‍ അപ്പിയറന്‍സാണുളളത്. ആഗോള തലത്തില്‍ തന്നെ സിനിമ വന്‍നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.100 കോടിയോളം മുതല്‍മുടക്കില്‍ നിർമിച്ച ബറോസ് മലയാള സിനിമാ ചരിത്രത്തിന് സങ്കല്‍പ്പിക്കാനാവാത്ത കലക്ഷനും ഇതര വരുമാനങ്ങളും കൊണ്ടു വരുമെന്ന് തന്നെ വിലയിരുത്തപ്പെടുന്നു. മലയാള സിനിമയുടെ ചക്രവാളം വികസിക്കുന്നു എന്ന് തന്നെയാണ് ഈ സിനിമകളും അതിന്റെ വരുമാന സ്രോതസുകളും വ്യക്തമാക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി മലയാള സിനിമയുടെ വിപണന സാധ്യതകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല ആഗോള തലത്തിലേക്കും നീളുന്നു എന്നതും ആശാവഹമായ സംഗതിയാണ്. എന്നാല്‍ ഇതിന്റെ മറുപുറം കാണാതിരുന്നു കൂടാ.
ലാഭത്തിനൊപ്പം നഷ്ടകണക്കുകളും..
ശരാശരി ഇരുന്നൂറോളംസിനിമകള്‍ പ്രതിവര്‍ഷം നിർമിക്കപ്പെടുന്നു എന്നതാണ് കണക്ക്. അതില്‍ പലതും തിയറ്ററില്‍ വന്നു പോകുന്നതു പോലും പ്രേക്ഷകര്‍ അറിയുന്നില്ല. ചില സിനിമകളുടെയൊന്നും പേര് പോലും ആര്‍ക്കും അറിയില്ല. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. സമാനതകളില്ലാത്ത വിധം പണവും പ്രശസ്തിയും ലഭിക്കുന്ന മേഖല എന്ന നിലയില്‍ ഒരു പടമെടുക്കണമെന്ന് ആഗ്രഹം തോന്നാത്തവര്‍ ഉണ്ടാവില്ല. ഇവരില്‍ ചിലര്‍ ഏതെങ്കിലും പുത്തന്‍ പണക്കാരനെ സ്വാധീനിച്ച് കിട്ടുന്ന അഭിനേതാക്കളെ വച്ച് കാമ്പും കഴമ്പുമില്ലാത്ത ഒരു തിരക്കഥയുമായി പടം തല്ലിക്കൂട്ടുന്നു. റിലീസ് ചെയ്യാന്‍ ചെല്ലുമ്പോള്‍ തിയറ്ററുകള്‍ ലഭിക്കുന്നില്ല. ഒടുവില്‍ തിയറ്ററുകള്‍ വാടകയ്ക്ക് എടുത്ത് ദിവസം ഒന്നോ രണ്ടോ ഷോ മാത്രമായി വളരെ പിരിമിതമായ തിയറ്ററുകളില്‍ മാത്രം റിലീസ് ചെയ്യും.
ചുരുക്കത്തില്‍ സൂകരപ്രസവം പോലെ സംഭവിക്കുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം സിനിമകള്‍ മലയാള സിനിമയെ സംബന്ധിച്ച് ഒട്ടും ആശാസ്യമല്ല.പെട്ടെന്നുളള ആവേശത്തില്‍ എടുത്തു ചാടി സംഭവിക്കേണ്ട ഒന്നല്ല സിനിമാ നിര്‍മ്മാണം. സിനിമ ഒരു കലയാണെങ്കിലും അതിലുപരി അനവധി കോടികള്‍ മുതലിറക്കുന്ന വ്യവസായം കൂടിയാണ് എന്ന ബോധ്യവും അത് തിരിച്ചുപിടിക്കുന്നതിന് പിന്നില്‍ ജാഗ്രതാപൂര്‍ണമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്ന തിരിച്ചറിവുമാണ് പണത്തേക്കാള്‍ ഉപരി സിനിമ നിര്‍മ്മിക്കാന്‍ പുറപ്പെടുന്ന നിർമാതാക്കള്‍ക്ക് വേണ്ടത്. പരിണിത പ്രജ്ഞര്‍ പോലും പകച്ചു നില്‍ക്കുന്നിടത്ത് ചിലര്‍ പണം വാരിവലിച്ചെറിഞ്ഞ് സിനിമകള്‍ നിര്‍മിച്ച് അപകടം ക്ഷണിച്ചു വരുത്തുന്നു.
ഓരോ സിനിമയുടെയും സ്വഭാവം, അതിന്റെ വിപണിസാധ്യതകള്‍, വിറ്റുവരവിനുളള മറ്റു മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സവിസ്തരം പഠിച്ചും വിലയിരുത്തിയും ഒരു നിഗമനത്തിലെത്തിയ ശേഷമാണ് ദിശാബോധമുളള നിര്‍മ്മാതാക്കള്‍ മുതലിറക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും കാരണവശാല്‍ സിനിമ വിചാരിച്ചത്ര കലക്‌ഷന്‍ നേടിയില്ലെങ്കില്‍ പോലും വീഴ്ചയുടെ ആഘാതം താരതമ്യേന കുറവായിരിക്കും. ഇതൊന്നും മനസിലാക്കാതെ കഥയറിയാതെ ആട്ടം കാണുന്നവരാണ് പുത്തന്‍ കൂറ്റുകാരായ നിർമാതാക്കളില്‍ ഏറെയും. അവര്‍ ആരോ പറയുന്ന പാഴ്‌വാക്കുകള്‍ വിശ്വസിച്ച് സിനിമയിലെത്തി അപകടം ക്ഷണിച്ചു വരുത്തുന്നു. ഏത് ബിസിനസില്‍ ഇറങ്ങുന്നവരും ആ മേഖലയെക്കുറിച്ച് ഏറെ സമയമെടുത്ത് സമഗ്രമായും ആഴത്തിലും പഠിച്ച് ഈ രംഗത്ത് പരിചയ സമ്പന്നരായ ആളുകളുടെ ഉപദേശവും പിന്‍തുണയും സ്വീകരിച്ച് ഏറെ അവധാനതയോടെയാണ് അതില്‍ പണം നിക്ഷേപിക്കുക. സിനിമയില്‍ മാത്രം ബിസിനസ് താത്പര്യങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് ഈ മേഖലയോടുളള അമിതാവേശമാണ്. പണം മുടക്കുന്ന ഒരു സംരംഭത്തിലും വികാരമല്ല വിചാമാണ് നയിക്കേണ്ടതെന്ന ബോധ്യമുളളവര്‍ക്ക് കലാപരമായ ഒരു ബിസിനസ് എന്ന നിലയില്‍ സിനിമ നല്ല നിലയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുക തന്നെ ചെയ്യും.
പത്തിലേറെ സിനിമകള്‍ 50 കോടി മുതല്‍ 200 കോടിയിലേറെ കലക്ട് ചെയ്യുന്ന പ്രവണത മലയാളം പോലെ ഒരു ചെറിയ മേഖലയെ സംബന്ധിച്ച് അങ്ങേയറ്റം പ്രതീക്ഷ നല്‍കുന്ന വസ്തുതയാണ്. എന്നാല്‍ ഈ അനുകൂല സാഹചര്യത്തെ എങ്ങനെ സമര്‍ഥമായി എന്‍കാഷ് ചെയ്യണമെന്ന് തീരുമാനിച്ചുറപ്പിച്ച് പ്രവര്‍ത്തിക്കുന്നിടത്താണ് ഒരു നല്ല ടീമിന്റെ വിജയം. മമ്മൂട്ടി, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ജിനു ഏബ്രഹാം..(ലിസ്റ്റ് അപൂര്‍ണം)എന്നിവരെ പോലെ സമർഥരായ നിര്‍മാതാക്കള്‍ക്ക് ഈ സാഹചര്യത്തെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നുമുണ്ട്. ഇവരുടെ വഴിയേ ഇനിയും ഏറെ പേര്‍ സഞ്ചരിക്കാന്‍ തയാറായാല്‍ മലയാള സിനിമയുടെ ഭാവി ശോഭനമായിരിക്കുക തന്നെ ചെയ്യും.