മികവിന്റെ ദൃശ്യവിസ്മയം; നഷ്ടമാക്കരുത് ബറോസിന്റെ ത്രീഡി തിയറ്റർ കാഴ്ച
ത്രീഡി അഥവാ ത്രിമാന കാഴ്ചകൾ സൃഷ്ടിക്കുന്നത് രണ്ട് രീതിയിലാണ്. ഒന്ന്, നേറ്റീവ് ത്രീഡി, രണ്ട്, കൺവെർട്ടഡ് ത്രീഡി... ചിത്രീകരണത്തിലെ സങ്കീർണ്ണതകൾ കൊണ്ടും നിർമ്മാണചിലവിന്‍റെ വലിപ്പം കൊണ്ടും പലപ്പോഴും ത്രീഡി കാഴ്ചകളായി നമുക്ക് മുന്നിലെത്തുന്നത് കൺവെർട്ടഡ് ത്രീഡി ചിത്രങ്ങളാണ്. അതായത് ദ്വിമാന അഥവാ ടുഡി കാഴ്ചകളായി വിഭാവനം ചെയ്യപ്പെട്ട ദൃശ്യങ്ങളുള്ള സിനിമകൾ. അത്തരം സിനിമകൾ ത്രീഡിയായും ടുഡിയായും തിയറ്ററിൽ പ്രദർശിപ്പിക്കാറുണ്ട്.
ത്രീഡി അഥവാ ത്രിമാന കാഴ്ചകൾ സൃഷ്ടിക്കുന്നത് രണ്ട് രീതിയിലാണ്. ഒന്ന്, നേറ്റീവ് ത്രീഡി, രണ്ട്, കൺവെർട്ടഡ് ത്രീഡി... ചിത്രീകരണത്തിലെ സങ്കീർണ്ണതകൾ കൊണ്ടും നിർമ്മാണചിലവിന്‍റെ വലിപ്പം കൊണ്ടും പലപ്പോഴും ത്രീഡി കാഴ്ചകളായി നമുക്ക് മുന്നിലെത്തുന്നത് കൺവെർട്ടഡ് ത്രീഡി ചിത്രങ്ങളാണ്. അതായത് ദ്വിമാന അഥവാ ടുഡി കാഴ്ചകളായി വിഭാവനം ചെയ്യപ്പെട്ട ദൃശ്യങ്ങളുള്ള സിനിമകൾ. അത്തരം സിനിമകൾ ത്രീഡിയായും ടുഡിയായും തിയറ്ററിൽ പ്രദർശിപ്പിക്കാറുണ്ട്.
ത്രീഡി അഥവാ ത്രിമാന കാഴ്ചകൾ സൃഷ്ടിക്കുന്നത് രണ്ട് രീതിയിലാണ്. ഒന്ന്, നേറ്റീവ് ത്രീഡി, രണ്ട്, കൺവെർട്ടഡ് ത്രീഡി... ചിത്രീകരണത്തിലെ സങ്കീർണ്ണതകൾ കൊണ്ടും നിർമ്മാണചിലവിന്‍റെ വലിപ്പം കൊണ്ടും പലപ്പോഴും ത്രീഡി കാഴ്ചകളായി നമുക്ക് മുന്നിലെത്തുന്നത് കൺവെർട്ടഡ് ത്രീഡി ചിത്രങ്ങളാണ്. അതായത് ദ്വിമാന അഥവാ ടുഡി കാഴ്ചകളായി വിഭാവനം ചെയ്യപ്പെട്ട ദൃശ്യങ്ങളുള്ള സിനിമകൾ. അത്തരം സിനിമകൾ ത്രീഡിയായും ടുഡിയായും തിയറ്ററിൽ പ്രദർശിപ്പിക്കാറുണ്ട്.
ത്രീഡി അഥവാ ത്രിമാന കാഴ്ചകൾ സൃഷ്ടിക്കുന്നത് രണ്ട് രീതിയിലാണ്. ഒന്ന്, നേറ്റീവ് ത്രീഡി, രണ്ട്, കൺവെർട്ടഡ് ത്രീഡി... ചിത്രീകരണത്തിലെ സങ്കീർണ്ണതകൾ കൊണ്ടും നിർമ്മാണചിലവിന്‍റെ വലിപ്പം കൊണ്ടും പലപ്പോഴും ത്രീഡി കാഴ്ചകളായി നമുക്ക് മുന്നിലെത്തുന്നത് കൺവെർട്ടഡ് ത്രീഡി ചിത്രങ്ങളാണ്. അതായത് ദ്വിമാന അഥവാ ടുഡി കാഴ്ചകളായി വിഭാവനം ചെയ്യപ്പെട്ട ദൃശ്യങ്ങളുള്ള സിനിമകൾ. അത്തരം സിനിമകൾ ത്രീഡിയായും ടുഡിയായും തിയറ്ററിൽ പ്രദർശിപ്പിക്കാറുണ്ട്.
എല്ലാവർക്കും പരിചയമുള്ള 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഒരാൾ പോലും സാധാരണ സിനിമകൾ പോലെ ടുഡി കാഴ്ചയായി തിയറ്ററിൽ കണ്ടിട്ടുണ്ടാകില്ല. അതിന് കാരണം അത് നേറ്റീവ് ത്രീഡി സിനിമയായിരുന്നു എന്നതാണ്. ത്രീഡി കാഴ്ചയല്ലാതെ ആ സിനിമയുടെ ആസ്വാദനം പൂർണ്ണമാവുകയോ ഫലവത്താവുകയോ ഇല്ല എന്നതുകൊണ്ടാണത്.
ഇന്നുവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ത്രീഡി സിനിമകൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ നിസംശയം പറയാവുന്ന ഉത്തരം റോബർട്ട് സെമക്കിസിൻ്റെ 'ദ വാക്ക്', മാർട്ടിൻ സ്കോർസെസീയുടെ 'ഹ്യൂഗോ', ആംഗ് ലീയുടെ 'ലൈഫ് ഓഫ് പൈ' എന്നിവയായിരിക്കും. മൂന്ന് ചിത്രങ്ങളുടെയും തിയറ്റർ അനുഭവം അസാധാരണവും അത്ഭുതപ്പെടുത്തുന്നതും ഒരിക്കലും മറക്കാനിടയില്ലാത്തതുമാണ്.
മുകളിൽ പറഞ്ഞ മൂന്നു ചിത്രങ്ങളും നേറ്റീവ് ത്രീഡി സിനിമകളാണ്. നൂറ്റിപത്ത് നിലകളുള്ള ട്വിൻ ടവേഴ്‌സിന് മുകളിൽ, അവയ്ക്ക് കുറുകെ വലിച്ച് കെട്ടിയ കമ്പിയിലൂടെ ദ വാക്കിലെ നായകകഥാപാത്രം അതിസാഹസികമായി നടക്കുമ്പോൾ തിയറ്ററിലിരിക്കുന്ന നമുക്ക് തലകറക്കമുള്ളതായി തോന്നും. ഹ്യൂഗോയിൽ പാരിസ് നഗരത്തിൽ നിന്ന് തുടങ്ങി റെയിൽവെ സ്റ്റേഷനിലും അവിടത്തെ ബൃഹദ് ഘടികാരത്തിലേക്കും സഞ്ചരിച്ചെത്തുന്ന ക്യാമറ പ്രധാന കഥാപാത്രമായ ഹ്യൂഗോയ്ക്കൊപ്പം പിരിയൻ ഗോവണിയിലൂടെ ഊർന്നിറങ്ങുമ്പോൾ നമ്മൾ തന്നെയാണ് അതിലൂടെ ഒഴുകി നീങ്ങുകയാണെന്ന് അനുഭവപ്പെടും. ലൈഫ് ഓഫ് പൈയിൽ എണ്ണമറ്റ മീനുകൾ വെള്ളത്തിൽ നിന്ന് പറന്നുപൊങ്ങി വരുമ്പോൾ നമ്മൾ ആ അതിനിടയിൽപ്പെട്ടവരാണെന്ന് ഭയപ്പെടും. പറഞ്ഞുവന്നത് നേറ്റീവ് ത്രീഡിയെന്നത് അസാധാരണവും അസാമാന്യമായതുമായ അനുഭവമാണ്.
നമ്മുടെ കണ്ണുകള്‍ ഒരേ സമയം നേരിയ വ്യത്യാസമുള്ള രണ്ട് കാഴ്‌ചകളെ പകർത്തുന്നതിന് സമാനമായി രണ്ട് ക്യാമറകൾ ഉപയോഗിച്ചാണ് നേറ്റീവ് ത്രീഡി സിനിമകൾ ഉടനീളം ചിത്രീകരിക്കുക. കൃത്യവും വ്യക്തവുമായ ത്രീഡി കാഴ്ച ലഭിക്കാൻ, ഉപയോഗിക്കുന്ന റിഗ്ഗുകളിലും പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് ഫ്‌ളോയിലും വ്യത്യാസങ്ങളുണ്ട്. കാഴ്ചയിൽ ആഴവും പരപ്പും വ്യക്തതയും സമാനതകളില്ലാത്തവിധം അനുഭവപ്പെടും. ഈ ആഴത്തിലുള്ള അനുഭവം ലഭിക്കുന്നതിനായി കൊമ്പോസിഷനുകളിലും ക്യാമറ മൂവ്‌മെൻ്റുകളിലും സാധാരണ സിനിമകൾ പോലെയാവില്ല നേറ്റീവ് ത്രീഡി സിനിമകളുടെ ചിത്രീകരണ രീതികൾ ആസൂത്രണം ചെയ്യുന്നത്. ചിത്രസംയോജനത്തിൽ പേസിങ് നിയന്ത്രിച്ചുകൊണ്ടുള്ള കട്ടുകളായിരിക്കും, അല്ലെങ്കിൽ റാപ്പിഡ് പേസിലുള്ള ചിത്രസയോജനരീതികൾ ആക്ഷൻ സിക്വൻസുകൾ ഉണ്ടെങ്കിൽ പോലും പ്രയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കും.
ഇന്ത്യയില്‍ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' വലിയ തരംഗം സൃഷ്ടിച്ചതിന് ശേഷം ഏതാനും ത്രീഡി ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു. ആ കൂട്ടത്തില്‍ 1985-ല്‍ എ. വിന്‍സന്റ് സംവിധാനം ചെയ്ത 'പൗര്‍ണ്ണമി രാവില്‍' മുതല്‍ 2003-ല്‍ ജോസ് പുന്നൂസ് സംവിധാനം ചെയ്ത 'മാജിക് മാജിക്' വരെയുണ്ട്. പഴയ സെല്ലുലോയ്ഡ് കാലഘട്ടത്തില്‍ പുറത്ത് വന്നിട്ടുള്ളതില്‍ കുട്ടിച്ചാത്തനെയല്ലാതെ 'മാജിക് മാജിക്' മാത്രമാണ് കണ്ടിട്ടുള്ളത്. പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്ത അതിലോലമായ കഥാതന്തുവും കാണിയുടെ മുന്നിലേക്ക് വരുന്ന ത്രീഡി കാഴ്ചകള്‍ ഒരുക്കാനെന്നവണ്ണം സൃഷ്ടിച്ച കഥാപരിസരങ്ങളും മാത്രമായി ആ ചിത്രം ചുരുങ്ങി പോയിരുന്നു.
അനുഭവ് സിന്‍ഹയുടെ 2011ല്‍ പുറത്തുവന്ന 'ര.വണ്‍' മുതല്‍ ഈ വര്‍ഷം തീയറ്ററില്‍ വന്ന നാഗ് അശ്വിന്‍റെ 'കല്‍കി 2898 AD' വരെയുള്ളവ കണ്‍വെര്‍ട്ടഡ് ത്രീഡി സിനിമകളാണ്. ഈ സിനിമകള്‍ കൂടാതെ നേരത്തെ ടുഡി സിനിമകളായി വിഭാവനം ചെയ്യപ്പെട്ട ജനപ്രിയ സിനിമകളില്‍ പലതും ജയിംസ് കാമറൂണിന്‍റെ ആദ്യ 'അവതാര്‍' ചിത്രത്തിന്‍റെ വലിയ സ്വീകാര്യതയ്ക്ക് ശേഷം ത്രീഡി കാഴ്ചകളോട് കാണികള്‍ക്കുണ്ടായ അഭിനിവേശത്തെ തുടര്‍ന്ന് ത്രീഡി വേര്‍ഷനില്‍ റിലീസ് ചെയ്യുകയുണ്ടായി. 'ജുറാസിക് പാര്‍ക്കും', 'ടൈറ്റാനിക്കും' ത്രീഡി ചിത്രങ്ങളായി കേരളത്തിലും റീറിലീസ് ചെയ്യപ്പെട്ടിരുന്നു.
ബറോസ് നേറ്റീവ് ത്രീഡി സിനിമയാണെന്നും ദൃശ്യാനുഭവമെന്ന രീതിയിൽ അതിനെ നമ്മൾ വേണ്ടവിധം പരിഗണിച്ചുവോ എന്നുമുള്ള സംശയം കൊണ്ടാണ് മുകളിൽ ഇതെല്ലാം വിശദമാക്കിയത്. ഒരു ചലച്ചിത്രത്തിന്‍റെ അവതരണത്തില്‍ അവശ്യം വേണ്ട ഒന്നാണ് ഇമോഷണല്‍ ഹുക്ക്. പ്രതിപാദിക്കുന്ന വിഷയത്തില്‍ കാണികള്‍ പങ്കുചേരുന്നതും, പ്രതികരണങ്ങള്‍ കാണികളില്‍ ഉണ്ടാക്കുന്നതും, ഇതിവൃത്തത്തില്‍ അവതരിപ്പിക്കുന്ന പ്രശ്നങ്ങള്‍ അവരുടേത് കൂടിയാകുന്നതില്‍ ബുദ്ധിപരമായി സിനിമയില്‍ ഉള്‍ചേര്‍ത്ത ഇമോഷണല്‍ ഹുക്കിന് പ്രാധാന്യമുണ്ട്.
ഒന്നിലേറെ മുഖ്യകഥാപാത്രങ്ങളുള്ള സിനിമകളില്‍ പോലും കഥാവതരണത്തില്‍ ഏതെങ്കിലും ഒരു കഥാപാത്രത്തിനെ പിന്‍പറ്റിയാവും കഥാരൂപത്തിന്റെ വളര്‍ച്ചയും ഇമോഷണല്‍ ഹുക്കും അതിന്റെ പരിണതിയുമെല്ലാം ഉള്‍ച്ചേര്‍ക്കുക. അല്ലെങ്കില്‍ രണ്ട് കഥാപാത്രങ്ങള്‍ക്കോ അതിലേറെ കഥാപാത്രങ്ങള്‍ക്കോ പൊതുവായ ഒന്നിനെ മുന്‍നിര്‍ത്തിയാകും ആഖ്യാനം രൂപപ്പെടുത്തുക. വിഷയ കേന്ദ്രീകൃതമായി ഒരേ സമയം ഒന്നിലേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അവര്‍ തമ്മിലുള്ള സമതുലനം (balance) അത്ര ഫലപ്രദമായി ആവിഷ്ക്കാരത്തില്‍ വരാതെ പോവുകയും ചെയ്‌താല്‍ കാണികള്‍ക്ക് വേണ്ടവിധം കഥാരൂപത്തില്‍ പങ്കുചേരാനായെന്ന് വരില്ല.
ജിജോ തയ്യാറാക്കിയ തിരക്കഥയില്‍ നിന്നാണല്ലോ 'ബറോസ്' ചലച്ചിത്രമായി രൂപം മാറാന്‍ തുടങ്ങുന്നത്. ഇസബെല്ലയെന്ന കൗമാരക്കാരിയെ മുന്‍നിര്‍ത്തി ആ പ്രായത്തിലുള്ളവരെ ഉന്നംവെയ്ക്കുന്ന സിനിമയാകണം വിഭാവനം ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഡി ഗാമയുടെ നിധികാക്കുന്ന ബാറോസിനും ഈ സാഹചര്യങ്ങളിലേക്ക് യാദൃച്ഛികമായി എത്തിപ്പെടുന്ന ഇസബെല്ലയ്ക്കും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ബറോസിൽ ആവിഷ്കരിക്കപ്പെട്ടത്. എങ്കിലും ഏത് സിനിമയോടും കിടപിടക്കാവുന്ന അന്തർദേശിയ നിലവാരമുള്ള കാഴ്ചകൾ ഉടനീളമുള്ള സിനിമയായി തന്നെയാണ് ബറോസ് കാണികളുടെ മുമ്പില്‍ എത്തിയിരിക്കുന്നത്.
റോബര്‍ട്ട് സെമക്കിസിന്‍റെ 'ഹു ഫ്രെയിംഡ് റോജര്‍ റാബിറ്റ്' (1988) പോലെ, അല്ലെങ്കില്‍ മലയാളത്തില്‍ തന്നെ ശ്രീക്കുട്ടന്‍ അവതരിപ്പിച്ച 'ഓ! ഫാബി...' (1993) പോലെ ലൈവ് ആക്ഷന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ആനിമേറ്റഡ് പ്രധാന കഥാപാത്രമുള്ള സിനിമയാണ് 'ബാറോസ്'.
ആനിമേറ്ററും കലാസംവിധായകനുമായ പ്രകാശ് മൂര്‍ത്തി രൂപകല്‍പ്പന ചെയ്ത വൂഡു ഡോളിന്റെ രൂപകല്‍പ്പനയും ആനിമേഷനിലെ പൂര്‍ണ്ണതയും ഒന്നാന്തരമാണ്. ഇത്രയും മികവോടെ, വിശദാംശങ്ങളോടെ മലയാള സിനിമയില്‍ ഒരു ആനിമേറ്റഡ് കഥാപാത്ര രൂപകല്‍പ്പന നടന്നിട്ടുണ്ടാകില്ല.
സിനിമയില്‍ VFX ഉപയോഗിച്ചിരിക്കുന്നതും ഏറെ മികവുറ്റ രീതിയിലാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ VFX ഷോട്ടുകളുള്ള സിനിമയായിരിക്കണം ബറോസ്. സന്തോഷ് ശിവന്‍ പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ ത്രിമാന കാഴ്ചകള്‍ക്ക് ഉതകുന്ന വിധമാണ്. സ്റ്റാറ്റിക് ഷോട്ടുകളില്‍ ആഴം (depth) അനുഭവപ്പെടുന്ന രീതിയിലും മൂവ്മെന്റുകളില്‍ കഥാപശ്ചാത്തലത്തിനെ നിരകളായും പാളികളായും (layers) പതിയെ കാണികള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്ത വിധവുമാണ് ചിത്രീകരണം. ഈ ദൃശ്യഭാഷ ആദിമധ്യാന്തം താളംതെറ്റാത്ത വിധം പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്.
കട്ടുകള്‍ക്കും ഒരു സിനിമയുടെ ദൃശ്യഭാഷയില്‍ പ്രാധാന്യമുണ്ട്. ത്രീഡി സിനിമയെ സംബന്ധിച്ച് രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമെന്നത് കണ്ണിന് ആയാസമുണ്ടാക്കാനിടയുള്ളതാണ്. എന്നാല്‍ ബറോസില്‍ ദീര്‍ഘമായ കാഴ്ചയ്ക്ക് ശേഷവും കണ്ണിന് അലോസരമുണ്ടാകാത്ത വിധം ദൃശ്യങ്ങളെ കോര്‍ത്തിണക്കിയിരിക്കുന്നു എന്നതാവും ബി. അജിത് കുമാറെന്ന ചിത്രസംയോജകന്‍റെ മികവായി എടുത്ത് പറയേണ്ടത്.
സാങ്കേതിക മികവും നേറ്റീവ് ത്രീഡിയും കാഴ്ചയെന്ന രീതിയില്‍ ബറോസിനെ മികവുറ്റതാക്കുന്നുണ്ട്. പിക്സാര്‍ - ഡിസ്നി സിനിമകളുടെ അനുഭവം തരാന്‍ ശ്രമിക്കുന്ന മലയാള സിനിമയെന്ന നിലയിൽ ബറോസ് കാണാവുന്നതാണെന്ന് തന്നെ ഉറപ്പിച്ച് പറയുന്നു. ഈ സിനിമയില്‍ സാങ്കേതിക വിദഗ്ദ്ധര്‍ കാണിച്ച മികവ് അങ്ങേയറ്റം പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് അതിലും ഉച്ചത്തില്‍ പറയുന്നു.
സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പെ തന്നെ ആരും കണ്ടിട്ടില്ലാത്ത സമയത്ത് ചൈനയില്‍ നിന്ന് ആളിനെ ഇറക്കി ഫേസ്ബുക്ക് പേജുകളില്‍ സ്മൈലികള്‍ നിറച്ചവരും, സിനിമ റിലീസായ അന്ന് മുതല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റിലും ഒരേ കമന്റുകള്‍ പോസ്റ്റ് ചെയ്ത് ആളുകള്‍ക്കിടയില്‍ അഭിപ്രായ രൂപീകരണം നടത്താന്‍ ശ്രമിക്കുന്നവരും സിനിമയുടെ പക്ഷത്താണെന്ന് കരുതാനാവില്ല. നിസംശയം അവര്‍ ഏതോ വെറുപ്പിന്റെ ലോകത്ത് ജീവിക്കുന്നവരാണ്.
ഇക്കൂട്ടര്‍ തന്നെ മികച്ചതെന്ന് പറയാനാകാത്തതും മോശമായ സിനിമകളും തള്ളിമറിച്ച് വിജയിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ആരുടെ പക്ഷത്താണെന്ന് സ്വയം ആലോചിക്കുക. സിനിമ കണ്ടിട്ടുണ്ടെന്ന് പോലും കരുതാനാവാത്ത ചിലരുടെ കമന്റുകളിലാണോ നിങ്ങളുടെ അഭിപ്രായം ഇരിക്കുന്നതെങ്കില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല.
ബറോസ് തിയറ്ററില്‍ തന്നെ കാണേണ്ട സിനിമയാണ്. നേറ്റീവ് ത്രീഡിയായി വിഭാവനം ചെയ്യപ്പെട്ട സിനിമ ത്രിമാന കാഴ്ചയുടെ ആഴവും പരപ്പും ഇല്ലാതെ ഒടിടിയിലോ ടിവിയിലോ കംപ്യൂട്ടര്‍ സ്ക്രീനിലോ കാണേണ്ടതല്ല എന്നുതന്നെ ആവര്‍ത്തിക്കുന്നു.
(സിനിമാനിരൂപകൻ കൂടിയായ ലേഖകൻ തൃശൂർ ചേതന മീഡിയ കോളജിൽ അധ്യാപകനാണ്)