ഒന്നര വർഷം ഒറ്റയ്ക്കായിരുന്നു. പുറത്തിറങ്ങിയില്ല; നന്ദിനി വെളിപ്പെടുത്തുന്നു

മലയാള സിനിമയിൽ ഒരുകാലത്ത് സൂപ്പർഹിറ്റ് നായികയായിരുന്നു നന്ദിനി. കരുമാടിക്കുട്ടന്‍, അയാള്‍ കഥ എഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, സുന്ദരപുരുഷന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി.

പിന്നീട് ഇടക്കാലത്തു സിനിമാജീവിതത്തിൽ നിന്നും നടി മാറി നിന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങളായിരുന്നു ഇതിന് കാരണം. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തുകൊണ്ട് മലയാള സിനിമയില്‍ തിരിച്ചെത്തിയ നന്ദിനി ജീവിതത്തില്‍ നേരിടേണ്ടിവന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി...

‘ഇടയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ശരീരഭാരം 105 കിലോ ആയി, എന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായിരുന്നു ആ ദിവസങ്ങൾ. നാലു ഭാഷയിൽ ഒരേ സമയം ഓടി നടന്ന് അഭിനയിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ആ ഓട്ടത്തിനിടയ്ക്ക് ശരീരത്തെക്കുറിച്ച് ആലോചിച്ചില്ല. ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളും വ്യായാമം ഇല്ലായ്മയും... ഇതൊന്നും ഞാൻ ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു. എണ്ണയിൽ വറുത്ത വിഭവങ്ങളും മധുരപലഹാരങ്ങളും നിയന്ത്രണമില്ലാതെ കഴിച്ചു. ’

‘യാത്രയിൽ വിശപ്പറിയാതിരിക്കാൻ ഗ്ലൂക്കോസ് കഴിക്കാൻ തുടങ്ങി. ആദ്യം ഒന്നും രണ്ടും പാക്കറ്റുകളായിരുന്നത് പിന്നീട് അതിന്റെ എണ്ണം കൂടി. വിശക്കുമ്പോൾ ഭക്ഷണത്തിനു പകരം ഗ്ലൂക്കോസായി. ഇത് ശരീരത്തെ വല്ലാതെ ബാധിച്ചു. തടി കൂടാൻ തുടങ്ങി. ഇടയ്ക്ക് ഹോർമോൺ വ്യത്യാസമുണ്ടായി. പോരെങ്കിൽ ഡിപ്രഷനും. ഇതു രണ്ടും വലിയ കുഴപ്പങ്ങളുണ്ടാക്കി. എല്ലാം എന്റെ നിയന്ത്രണത്തിൽ നിന്ന് മാറിപ്പോയതു പോലെ.’

‘അതോടെ സിനിമയില്‍ നിന്ന് ഞാന്‍ മാറിനിൽക്കാൻ തുടങ്ങി. ഒന്നര വർഷം ഞാൻ ഒറ്റയ്ക്കായിരുന്നു. പുറത്തേക്കിറങ്ങിയില്ല. ഒരുപാടുപേർ വിളിച്ചിരുന്ന എന്റെ ഫോൺ പെട്ടെന്ന് നിശ്ശബ്ദമായി. എല്ലാവരും എന്നെ മറന്നതു പോലെ. ഞാൻ സിനിമകൾ കാണുന്നതു പോലും നിർത്തി. ഞാനഭിനയിച്ചിരുന്ന സിനിമകൾ വരുമ്പോള്‍ ടിവി ഓഫ് ചെയ്യും’ -നന്ദിനി പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം