തെന്നിന്ത്യൻ താര സുന്ദരി അമല പോൾ വീണ്ടും മലയാളത്തിലേക്ക്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായൻസ് എന്ന മൾടിസ്റ്റാർ ചിത്രത്തിലൂടെയാണ് അമല തിരിച്ചെത്തുന്നത്. ഷാജഹാനും പരീക്കുട്ടിയുമാണ് അമല അവസാനമായി എത്തിയ മലയാളചിത്രം.
ആടുപുലിയാട്ടം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളവും ജയറാമും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് അച്ചായൻസ്. ഒരു ബിഗ് ബഡ്‍ജറ്റ് ചിത്രമായാണ് അച്ചായൻസ് ഒരുങ്ങുന്നത്. പ്രകാശ് രാജ് ആണ് ചിത്രത്തിലെ മറ്റൊരു താരം. ദേശീയ അവാർഡ് ജേതാവ് പ്രകാശ് രാജ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു എന്നതും മറ്റൊരു പ്രത്യേകത. ‘പ്രകാശ് രാജ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് സംവിധാനത്തിൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. മാത്രമല്ല സെലക്ടീവ് ആയാണ് ചിത്രങ്ങളും തിരഞ്ഞെടുക്കുന്നത്. ഫോണിൽ കൂടി കഥ കേട്ട ഉടൻ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.–കണ്ണൻ താമരക്കുളം പറഞ്ഞു.
ഉണ്ണി മുകുന്ദൻ, ആദിൽ, സഞ്ജു ശിവറാം എന്നിവരാണ് സിനിമയിലെ നായകന്മാർ. അഞ്ച് നായകന്മാരുള്ള ഈ സിനിമയുടെ പ്രധാന പ്രത്യേക നായകപക്ഷത്തുള്ളവർ തന്നെ പ്രതിനായകന്മാരുമാകുന്നു എന്നതാണ്. പിഷാരടി, പാഷാണം ഷാജി, സിദ്ധിഖ്, മണിയന്‍പ്പിള്ള രാജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എം.എല്‍.എ പി.സി. ജോര്‍ജ്ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അമല പോളിനൊപ്പം തുല്യവേഷത്തിൽ നായികമാരായി ശിവദയും അനു സിത്താരയും എത്തുന്നു. സിനിമയുടെ തിരക്കഥ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ്. കോമഡിയും സസ്പെൻസും നിറഞ്ഞ ഒരു ഫൺ ത്രില്ലർ മൂഡിൽ പോകുന്ന ചിത്രമായിരിക്കും അച്ചായൻസ്.
പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രതീഷ് വേഗ സംഗീതം നിർവഹിക്കുന്നു. ഫോർട്ട്കൊച്ചി, വാഗമൺ, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ് എന്നിവിടങ്ങളിലായി പൂർത്തിയാക്കും. ഡിഎൻവിപി ക്രിയേഷൻസിന്റെ ബാനറിൽ സികെ പത്മകുമാർ ആണ് നിർമാണം. എക്സിക്യൂട്ടില് പ്രൊഡ്യൂസർ–ദിലീപ് കുമാർ.