ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചങ്ക്സ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മനോരമ ഓൺലൈൻ വഴിയാണ് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കിയത്. കളർഫുൾ പോസ്റ്റർ തന്നെയാണ് അണിയറപ്രവർത്തകർ അണിയിച്ചൊരുക്കിയിരിക്കുന്നത്. കാറിൽ യാത്രപോകുന്ന രണ്ട് കഥാപാത്രങ്ങളെ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നു. എന്നാൽ അതാരണെന്ന് പിന്നീട് വെളിപ്പെടുത്തും.
2016ൽ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പർ ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡിംഗിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ചങ്ക്സ്. ഹാപ്പി വെഡ്ഡിങ് പോലെ തന്നെ പൂർണമായും ഒരു എന്റർടെയ്നറാകും ചങ്ക്സ് എന്ന് പോസ്റ്റർ വ്യക്തമാക്കുന്നു.
സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്സിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പാവാട എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ജി. മാർത്താണ്ഡൻ, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡിയും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ്.