Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ സമരം; ഭൈരവയ്ക്ക് പണികിട്ടി

bhairava-teaser

വിജയ് നായകനാകുന്ന ‘ഭൈരവ’ എന്ന തമിഴ് ചിത്രം കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തിയറ്ററുകളിൽ നൽകേണ്ടെന്നു നിർമാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. വിജയ് ചിത്രം സംസ്ഥാനത്ത് 150 തിയറ്ററുകളിൽ വരെ റിലീസ് ചെയ്യുകയും പണം വാരുകയുമാണു പതിവ്. എന്നാൽ സമരത്തിന്റെ പശ്ചാത്തലത്തിൽ മൾട്ടിപ്ലക്സുകൾ, കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ തിയറ്ററുകൾ, സർക്കാർ തിയറ്ററുകൾ എന്നിവിടങ്ങളിൽ മാത്രം ഈ ചിത്രം 12നു റിലീസ് ചെയ്താൽ മതിയെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും തീരുമാനിക്കുകയായിരുന്നു.

എഴുപതോളം തിയറ്ററുകളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഏതെങ്കിലും തിയറ്ററിൽ ഈ ചിത്രം നൽകണമെങ്കിൽ തിയറ്റർ ഉടമ ഒൻപതിനു മുമ്പായി നിർമാതാക്കളുടെ വ്യവസ്ഥ അംഗീകരിച്ചു രേഖാമൂലം ഉറപ്പു നൽകണം. ഇതിനിടെ നികുതി വെട്ടിക്കുന്നുവെന്ന പരാതിയിൽ സംസ്ഥാനത്തെ 33 തിയറ്ററുകളിൽ വിജിലൻസ് ഇന്നലെ പരിശോധന നടത്തി. തിയറ്റർ ഉടമകൾ നികുതി വെട്ടിക്കുകയും ക്ഷേമനിധി വിഹിതം അടയ്ക്കാതിരിക്കുകയും ചെയ്യുന്നുവെന്നു കാട്ടി സാംസ്കാരിക ക്ഷേമനിധി ബോർഡ് കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നു.

ഡോ. ബിജുവിന്റെ ‘കാട് പൂക്കുന്ന നേരം’ 34 തിയറ്ററുകളിലും വിനീത് അനിൽ സംവിധാനം ചെയ്ത ‘കവിയുടെ ഒസ്യത്ത്’ എന്ന ചിത്രം ഏതാനും സർക്കാർ തിയറ്ററിലും ഇന്നലെ റിലീസ് ചെയ്തു. സമരത്തെ അവഗണിച്ചു 12നു ഭൈരവയും തുടർന്നു 19ന് ഏതെങ്കിലും മലയാള ചിത്രവും റിലീസ് ചെയ്യുമെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.രഞ്ജിത് അറിയിച്ചു.