വൃദ്ധസദനങ്ങളിലുള്ള മുത്തച്ഛന്‍മാര്‍ക്കും മുത്തശ്ശിമാര്‍ക്കും 'ഒരു മുത്തശ്ശി ഗദ' കാണാൻ സംവിധായകനായ ജൂഡും അണിയറപ്രവർത്തകരും അവസരമൊരുക്കുന്നു. വൃദ്ധസദനത്തിലെ സംഘാടകരോ നല്ല മനസ്സുള്ളവരോ ഇവരെ അടുത്തുള്ള തിയറ്ററുകളിൽ എത്തിച്ചാല്‍ മാത്രം മതിയെന്നും ടിക്കറ്റ് അണിയറപ്രവർത്തകർ തന്നെ നൽകുമെന്നും ജൂഡ് പറയുന്നു.
ഒരു പ്രതീക്ഷയുമില്ലാതെ ജീവിക്കുന്ന അവരുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി കാണാനുള്ള ഭാഗ്യം ഇതിലൂടെ നമുക്കെല്ലാം ഉണ്ടാകുമെന്നും ജൂഡ് കൂട്ടിച്ചേർത്തു. ഇതിനായി അവരവരുടെ സ്ഥലവും ഫോൺ നമ്പറും അറിയിച്ച് മുത്തശ്ശി ഗദ സിനിമയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കമന്റ് ആയി പോസ്റ്റ് ചെയ്താൽ മാത്രം മതി.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വൃദ്ധസദനങ്ങളിൽ സിനിമയുടെ അണിയറപ്രവര്‍ത്തകർ സന്ദർശനം നടത്തിയിരുന്നു. വൃദ്ധസദനങ്ങളിൽ താമസിക്കുന്നവരുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുകയാണ് ഇവരുടെ ലക്ഷ്യം. ജീവിതത്തിൽ പൂർത്തിയിക്കാൻ സാധിക്കാത്ത എന്തെങ്കിലും സ്വപ്നമുണ്ടെങ്കിൽ അത് പൂർത്തീകരിക്കാനും മുത്തശ്ശിഗദ ടീം ഒപ്പമുണ്ടാകും.
മുത്തശ്ശി ഗദയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ഈ സ്വപ്നങ്ങൾ പങ്കുവയ്ക്കാം. നിങ്ങൾക്കും ഈ ഗ്രൂപ്പിൽ അംഗമാകാം. ഇതിലൂടെ പ്രായമായി, ആരോരും ഇല്ലാതെ കഴിയുന്ന മുത്തച്ഛനോ മുത്തശിയോ ഉണ്ടെങ്കിൽ അവരുടെ സ്വപ്നങ്ങളും സാക്ഷാത്കരിക്കാം.
നിറഞ്ഞ സദസ്സിൽ തീയറ്ററുകളിലൊടുന്ന മുത്തശ്ശി ഗദ, മുന്നോട്ട് വയ്ക്കുന്ന പ്രമേയത്തിൽ മാത്രമല്ല അണിയറക്കാരുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങളിലും വ്യത്യസ്തമാവുകയാണ്.