പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: പ്രിയാമണി

ഇന്ത്യ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റിയ സുരക്ഷിത ഇടമല്ലെന്ന പ്രിയാമണിയുടെ പ്രസ്താവനക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയാമണി നടത്തിയ ഈ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മറുപടിയുമായി നടി രംഗത്തെത്തിയത്. പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയാണ് നടിയുടെ പ്രതികരണം.

സമൂഹത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നതിന്റെ പേരിലാണ് രാജ്യവിരുദ്ധയെന്ന് വിളിക്കപ്പെടുന്നതെങ്കില്‍ അതില്‍ താന്‍ അഭിമാനം കൊള്ളുന്നു. മനസ്സിലാകേണ്ടവര്‍ക്ക് തന്റെ ട്വീറ്റ് മനസ്സിലായിട്ടുണ്ട്. ആര്‍ക്കും വിശദീകരണം നല്‍കേണ്ടതായി തോന്നുന്നില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ രാജ്യത്തെ പൗരയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നും പ്രിയാമണി പറഞ്ഞു. പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിരയായ ജിഷയെന്ന ദളിത് യുവതി കൊല്ലപ്പെട്ട സംഭവത്തെ പരാമര്‍ശിച്ചായിരുന്നു നടിയുടെ ട്വീറ്റ്.

പ്രിയാമണിയെ ആമിര്‍ ഖാന്റെ സഹോദരിയാണെന്നായിരുന്നു ചിലരുടെ വിമര്‍ശനം. രാജ്യത്ത് അസഹിഷ്ണുത പടരുന്നുവെന്ന ആമിര്‍ ഖാന്റെ പ്രസ്താവനക്കെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആമിറിന്റെ സഹോദരിയെന്ന വിശേഷണത്തില്‍ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. നടിയെന്ന നിലയിലും ചില പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുന്നതുകൊണ്ട് താന്‍ ഇത്തരത്തില്‍ പ്രതികരിക്കരുതെന്നാണ് ചിലരുടെ മറുപടി. തനിക്കെതിരെ ഉയര്‍ന്ന അശ്ലീല കമന്റുകളെല്ലാം അതിരുകടന്നെന്നും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ രാജ്യത്തെ പൗരയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നും പ്രിയാമണി പറഞ്ഞു.