Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ മനുഷ്യനു നേരെ തിരിഞ്ഞാൽ ? 2.0 റിവ്യൂ

Amy Jackson Rajnikanth Akshaykumar yenthiran 2.0

മൊബൈൽ ഫോണും നെറ്റ്‌വർക്കുമില്ലാതെ ഇക്കാലത്തു ഒരു ദിവസം ചെലവഴിക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. ശ്വാസവായുവിനേക്കാൾ പ്രാധാന്യം മൊബൈൽ നെറ്റ്‌വർക്കിനുള്ള കാലത്താണ് നാം ജീവിക്കുന്നത്. ഈ മൊബൈൽ ഫോണുകൾ ഒരു ദിവസം മനുഷ്യനു നേരെ തിരിഞ്ഞാലോ? ഏറെ കാത്തിരിപ്പിനൊടുവിൽ ഇന്നു പുറത്തിറങ്ങിയ 2.0 എന്ന ചിത്രം പറയുന്നത് അങ്ങനെയൊരു കഥയാണ്.

സയന്റിഫിക് ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് 2.0. മൊബൈൽ ഫോണുകളും ടവറുകളും ഉളവാക്കുന്ന റേഡിയേഷനും അവ മറ്റു ജീവജാലങ്ങൾക്കുണ്ടാക്കുന്ന ഭീഷണിയുമാണ് ചിത്രത്തിന്റെ കാമ്പ്. ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ്.

പ്രമേയം 

സാധാരണ സിനിമാക്കാർ ചിന്തിക്കുന്നതിനും കാതങ്ങൾ മുന്നേ സഞ്ചരിക്കുന്ന സംവിധായകനാണ് ശങ്കർ. വരാനുള്ള കാലത്തെ നിർവചിക്കുന്ന ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ. യന്ത്രങ്ങൾ വികാരങ്ങളും ചിന്താശേഷിയും കരസ്ഥമാക്കി മനുഷ്യരെ കീഴടക്കുന്ന പ്രമേയമായിരുന്നു 2010 ൽ പുറത്തിറങ്ങിയ യെന്തിരൻ ചർച്ച ചെയ്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നേടിയ റോബട് മനുഷ്യനെ കൊന്ന വാർത്തകൾ രാജ്യാന്തര പ്രാധാന്യം നേടിയതും അടുത്തിടെയാണ്.

2.0 ൽ എത്തുമ്പോൾ മൊബൈൽ ഫോണുകളാണ് വില്ലൻ വേഷത്തിൽ അവതരിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ഇന്ത്യയിൽ വന്ന ഏറ്റവും വലിയ സാങ്കേതികവിപ്ലവമായിരുന്നു മൊബൈൽ ഫോണുകൾ. മൊബൈൽ ടവറുകൾ ഉയർത്തുന്ന റേഡിയേഷൻ ഭീഷണിയും പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഉണ്ടാകുന്ന നാശവുമാണ് 2.0 പറഞ്ഞുവയ്ക്കുന്നത്.

കഥാപാത്രങ്ങൾ

രജനികാന്ത് ഡോ. വസീഗരനായും ചിട്ടിയായും വില്ലൻ പരിവേഷമുള്ള 2.0 ആയും പുനരവതരിക്കുന്നു. ട്രെയിലറിലും ടീസറിലും ഒന്നും കാണിക്കാതെ ഒളിപ്പിച്ചു വച്ച ഒരു സർപ്രൈസ് എലമെന്റ് ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. അക്ഷയ് കുമാർ പ്രതിനായകനായ പക്ഷിരാജനായി എത്തുന്നു. എമി ജാക്സൺ നായികാ പ്രാധാന്യമുള്ള റോബട്ടായി എത്തുന്നു. കലാഭവൻ ഷാജോണും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. രണ്ടാം പതിപ്പിൽ ഐശ്വര്യ റായ് ശബ്ദസാന്നിധ്യമായി ഒതുങ്ങി. 

Yenthiran-2.0

അക്ഷയ് കുമാറിന്റെ അഭിനയജീവിതത്തിലെ വേറിട്ട കഥാപാത്രമാകും പക്ഷിരാജൻ. ഇതുവരെ അവതരിപ്പിച്ച നായകകഥാപാത്രങ്ങളിൽനിന്നു പ്രായത്തിലും രൂപത്തിലും വ്യത്യസ്തമായ റോൾ. ഒരു സാധാരണ പക്ഷിനിരീക്ഷകൻ എങ്ങനെ വില്ലനായി മാറുന്നു എന്ന കഥ തൃപ്തികരമാംവിധം പറഞ്ഞുഫലിപ്പിക്കാൻ ശങ്കറിനു കഴിഞ്ഞിട്ടുണ്ട്.

സാങ്കേതിക വശങ്ങൾ

ശങ്കറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. എ.ആർ. റഹ്മാന്റെ സംഗീതവും നീരവ് ഷായുടെ ഛായാഗ്രഹണവും മികച്ചു നിൽക്കുന്നു. ചിത്രത്തിന്റെ റിലീസ് ഇത്രയും നീണ്ടുപോകാൻ കാരണം സാങ്കേതിക ചേരുവകളിൽ ശങ്കർ നടത്തിയ മിനുക്കുപണികളാണ്. അതിന്റെ ഫലം ഏറെക്കുറെ ദൃശ്യമായിട്ടുണ്ട്.

ഇന്ത്യയിൽ ഇതുവരെ ഒരു ചിത്രത്തിലും പരീക്ഷിച്ചിട്ടില്ലാത്ത സാങ്കേതികവിദ്യകൾ ചിത്രത്തിലുണ്ട് എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. ചിത്രീകരണം ഉടനീളം 3D ക്യാമറയിൽ ചെയ്തതും ശബ്ദമിശ്രണത്തിനു 4D SLR സാങ്കേതികവിദ്യ ഉപയോഗിച്ചതുമൊക്കെ അതിൽ ചിലതുമാത്രം. എ.ആർ. റഹ്മാന്റെ പശ്‌ചാത്തല സംഗീതം ചിത്രത്തിന്റെ ആസ്വാദനനിലവാരം ഉയർത്തുന്നുണ്ട്. റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തിരിക്കുന്നത്.

2.0 Vs എന്തിരൻ  

2.0 കഥാഗതിയിൽ ആദ്യ ഭാഗത്തേക്കാൾ ചടുലത കാത്തുസൂക്ഷിക്കുന്നുണ്ട്. വസീഗരനെക്കാളും ചിട്ടിയെക്കാളും പ്രാധാന്യം വില്ലൻ പരിവേഷമുള്ള 2.0 യ്ക്ക്  നൽകിയിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിന് നീതീകരിക്കാവുന്ന ഒരു കഥാപശ്‌ചാത്തലം നൽകിയിട്ടുണ്ട്. സാങ്കേതിക വിദ്യയെ കൂടുതൽ ആശ്രയിച്ചതുകൊണ്ട് അഭിനയപ്രാധാന്യമുള്ള രംഗങ്ങൾ താരതമ്യേന കുറവാണ്. പ്രണയം, ഗാനങ്ങൾ, മറ്റു വൈകാരിക രംഗങ്ങൾ തുടങ്ങിയവ ചിത്രത്തിൽ കുറവാണ്. ടെയ്ൽ എൻഡ് സീനുകൾ നൽകി അടുത്ത ഭാഗത്തിനു വഴിമരുന്നിടുന്നുണ്ട്.

Amy Jackson Rajnikanth Akshaykumar yenthiran 2.0

ചിത്രം ഒരു രജനി കോക്ടെയ്ൽ ആണെന്ന് പറയാം. രജനികാന്തിന്റെ സ്‌ക്രീൻ പ്രസൻസ് തന്നെയാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. പ്രമേയപരമായി നോക്കിയാൽ,  ഈ ലോകം മനുഷ്യർക്കു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും കൂടിയുള്ളതാണ് എന്ന കാലികമായ ഒരു സന്ദേശം നൽകാൻ ചിത്രം ശ്രമിക്കുന്നുണ്ട്. അമിത പ്രതീക്ഷകൾ ഇല്ലാതെ പോയാൽ ആസ്വദിക്കാവുന്ന ചിത്രമാണ് 2.0.