ഏതു കുടുംബത്തിലും നടക്കാവുന്ന കഥ; ‘അന്വേഷണം’ റിവ്യു
പുതിയ കാലത്ത് പാരന്റിങ്ങും ബാലാവകാശ നിയമങ്ങളും കുടുംബങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന സമസ്യകൾ ഓർമിപ്പിക്കുകയാണ് 'അന്വേഷണം' എന്ന ചിത്രം. പണ്ട് തങ്ങളുടെ രക്ഷിതാക്കളിൽ നിന്നും ശാസനകളും ശിക്ഷകളുമൊക്കെ അനുഭവിച്ചു വളർന്നവർ, ഇന്ന് സ്വന്തം മക്കൾ തെറ്റുചെയ്യുമ്പോൾ ഒന്ന് നുള്ളാൻ പോലും രണ്ടു വട്ടം ചിന്തിക്കേണ്ട

പുതിയ കാലത്ത് പാരന്റിങ്ങും ബാലാവകാശ നിയമങ്ങളും കുടുംബങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന സമസ്യകൾ ഓർമിപ്പിക്കുകയാണ് 'അന്വേഷണം' എന്ന ചിത്രം. പണ്ട് തങ്ങളുടെ രക്ഷിതാക്കളിൽ നിന്നും ശാസനകളും ശിക്ഷകളുമൊക്കെ അനുഭവിച്ചു വളർന്നവർ, ഇന്ന് സ്വന്തം മക്കൾ തെറ്റുചെയ്യുമ്പോൾ ഒന്ന് നുള്ളാൻ പോലും രണ്ടു വട്ടം ചിന്തിക്കേണ്ട കാലമാണ്. തെറ്റ് ചെയ്തപ്പോൾ സ്വന്തം കുട്ടിയെ അടിച്ചതിന്റെ പേരിൽ പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ടി വന്ന മാതാപിതാക്കളുണ്ട് നമ്മുടെ നാട്ടിൽ. ലളിതമെന്നു തോന്നുന്ന ഒരു സന്ദർഭം പോലും കുടുംബത്തിന്റെ സന്തോഷം തകർക്കുന്ന സങ്കീർണതയായി മാറാം എന്ന് ചിത്രം കാട്ടിത്തരുന്നു.
ജയസൂര്യ, ശ്രുതി രാമചന്ദ്രൻ, വിജയ് ബാബു, ലിയോണ ലിഷോയ്, നന്ദു, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടി ശ്രുതി രാമചന്ദ്രന്റെ ഭര്‍ത്താവ് ഫ്രാൻസിസ് തോമസാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുജിത് വാസുദേവ്. സംഗീതം ജേക്സ് ബിജോയ്.
പ്രമേയം...
അരവിന്ദ് മീഡിയ രംഗത്ത് പ്രവർത്തിക്കുന്നയാളാണ്. ഭാര്യയും രണ്ടു കൊച്ചു കുട്ടികളും അടങ്ങുന്ന സന്തുഷ്ടകുടുംബം. മകന് ഒരപകടം പറ്റി എന്ന വാർത്ത കേട്ട് അയാൾ ഹോസ്പിറ്റലിൽ എത്തുന്നു. കുട്ടിയുടെ മുറിവുകൾ പരിശോധിച്ച നഴ്‌സിന് സംശയം തോന്നി പൊലീസിൽ അറിയിക്കുന്നു. അപകടം എങ്ങനെ സംഭവിച്ചു എന്നതിന്റെ സത്യാവസ്ഥ തേടി പൊലീസ് നടത്തുന്ന അന്വേഷണവും തുടർന്ന് ഒരു രാത്രി കൊണ്ട് ചുരുളഴിയുന്ന സത്യങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു ആശുപത്രിക്കുള്ളിലാണ് ഭൂരിഭാഗം കഥയും വികസിക്കുന്നത്.
മലയാളികൾ അണുകുടുംബങ്ങളായി ഫ്ലാറ്റുകളിലേക്ക് ചേക്കേറിയപ്പോൾ പാരന്റിങ്ങിൽ സംഭവിക്കുന്ന പാളിച്ചകൾ ചിത്രം ചർച്ചാവിഷയമാക്കുന്നു. ഒരു നിമിഷത്തെ പ്രകോപനം പോലും കുടുംബജീവിതത്തിൽ തിരുത്താൻ കഴിയാത്ത കളങ്കമായി മാറാമെന്നു ചിത്രം ഓർമിപ്പിക്കുന്നു.
ജയസൂര്യ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്‌ച വച്ചിരിക്കുന്നു. പലവിധ മാനസിക സംഘർഷങ്ങളിലൂടെ പോകുന്ന കഥാപാത്രത്തെ താരം ഭംഗിയായി വിനിമയം ചെയ്തിരിക്കുന്നു. ശ്രുതി രാമചന്ദ്രനാണ് മറ്റൊരു പ്രധാന കഥാപാത്രം. ആഴമുള്ള കഥാപാത്രത്തെ ശ്രുതി ഭംഗിയാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും വൈകാരിക രംഗങ്ങൾ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട്. ലെന, വിജയ് ബാബു, ലിയോണ, നന്ദു തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ വേഷം ഭദ്രമാക്കിയിട്ടുണ്ട്.
അവസാനം വരെ സസ്പെൻസ് നിലനിർത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഒരു ഫാമിലി ത്രില്ലറിന്റെ മൂഡ് നിലനിർത്തുംവിധമുള്ള പശ്ചാത്തലസംഗീതം നിലവാരം പുലർത്തുന്നു. വിഭ്രമാത്മകമായ മനസ്സിനെ ചിത്രീകരിക്കുന്ന ചില ഫ്രയിമുകൾ മികച്ചുനിൽക്കുന്നുണ്ട്. എഡിറ്റിങ്ങും നിലവാരം പുലർത്തുന്നു.
രത്നച്ചുരുക്കം...
100 മിനിറ്റ് മാത്രമാണ് ചിത്രത്തിന്റെ ദൈർഘ്യം. ലളിതമായ കഥാബീജത്തിൽ നിന്നും രൂപപ്പെടുത്തിയ തിരക്കഥയാണ്. അതിനാൽ ഒരുപാട് സങ്കീർണമായ ട്വിസ്റ്റുകളും മറ്റും പ്രതീക്ഷിക്കരുത്. പുതിയ കാലത്ത് ചെറുപ്പക്കാരായ മാതാപിതാക്കളുള്ള ഓരോ കുടുംബങ്ങളിലും സംഭവിക്കാവുന്ന ഒരു കഥ എന്നതാണ് ചിത്രത്തെ പ്രസക്തമാക്കുന്നത്. 'അന്വേഷണം' എന്ന പേര് കേട്ട് സങ്കീർണമായ ഒരു കുറ്റാന്വേഷണ ചിത്രം പ്രതീക്ഷിച്ചു പോകരുത് എന്നുമാത്രം.