സൂപ്പർഹിറ്റ് ചിത്രമായ പ്രേമത്തിന് ശേഷം മലയാളത്തിൽ മറ്റൊരു ക്യാംപസ് ചിത്രം കൂടി വരുന്നു. നവാഗതനായ ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ആനന്ദം എൻജിനിയറിങ് വിദ്യാർഥികളുടെ സൗഹൃമാണ് പ്രമേയമാക്കുന്നത്. സിനിമയുടെ ട്രെയിലർ ഇന്നു വൈകിട്ട് പുറത്തിറങ്ങും.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആദ്യമായി നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആനന്ദത്തിനുണ്ട്. വിനീതിന്റെ അസോഷ്യേറ്റായിരുന്നു ഗണേഷ് രാജ്.
24 വയസുള്ള സംവിധായകൻ ഉൾപ്പടെ അഭിയനയിക്കുന്നവരുടെ ശരാശരി പ്രായം 17 മുതൽ 21 വരെയാണെന്നതും കൗതുകം. തട്ടത്തിൻ മറയത്തുമുതൽ ജേക്കബിന്റെ സ്വർഗരാജ്യം വരെ വിനീതിന്റെ സഹസംവിധായകനായിരുന്നു ഗണേഷ്.
കൗമാരകാലഘട്ടത്തിൽ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന മറക്കാനാകാത്ത ഓർമകളിലേക്കുള്ള യാത്രയാണ് ആനന്ദം. ജീവിതത്തിൽ ചെറിയകാര്യങ്ങൾക്കായി സ്വപ്നം കണ്ടു നടക്കുന്ന കാലം. ആദ്യ പ്രണയം. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ലോകത്തൊരു കോണിൽ കറങ്ങാൻ പോകുക. വിഷമങ്ങളൊക്കെ മനസിൽ ഒളിപ്പിച്ച് കൂട്ടുകാരുമൊത്ത് അടിച്ചുപൊളിക്കുക. ഇതൊക്കെയാണ് ആനന്ദം.
തട്ടത്തിൻ മറയത്ത് എന്ന സിനിമയിലാണ് ഗണേഷ് ആദ്യമായി അസിസ്റ്റ് ചെയ്യുന്നത്. ആ സിനിമയുടെ പ്രീ പ്രൊഡക്ഷനിടെയാണ് ഗണേഷ് വിനീത് തന്നോട് ആദ്യ ചിത്രം എങ്ങനെയായിരിക്കുമെന്ന് ചോദിക്കുന്നത്.
എൻജിനിയറിങ് വിദ്യാർഥികളുടെ സൗഹൃദം പ്രമേയമാക്കിയ കഥാതന്തു വിനീതിനെ പറഞ്ഞുകേൾപ്പിച്ചു. കഥ ഇഷ്ടപ്പെട്ട വിനീത് എല്ലാ പിന്തുണയും ഗണേഷിന് നൽകി. അത് കഴിഞ്ഞ് ഇപ്പോൾ നാല് വർഷമായി. എന്നാൽ അത് ഇന്നലെ നടന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. ഗണേഷ് പറയുന്നു.
അഭിനേതാക്കളായി പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് അല്‍ഫോന്‍സ് പുത്രന്റെ 'നേരം', 'പ്രേമം' എന്നിവയുടെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ്. സച്ചിന്‍ വാര്യര്‍ സംഗീതം നിര്‍വ്വഹിക്കും. അഭിനവ് സുന്ദര്‍ നായക് എഡിറ്റിംഗും ഡിനൊ ശങ്കര്‍ കലാസംവിധാനവും.