മലയാള സിനിമയ്ക്ക് പ്രണയത്തിന്റെ ചൂടുപകർന്ന രംഗങ്ങൾ ഇന്നും പ്രേംനസീർ എന്ന നിത്യഹരിത നായകനായിരുന്ന നടന് സ്വന്തം. നിത്യഹരിത നായകൻ മൺമറഞ്ഞിട്ട് ഇന്ന് 27 വർഷം പിന്നിടുന്നു. ഇത്ര തീവ്രമായി, ഇത്ര അനുരാഗലോലനായി, ഇത്ര ഭാവമധുരമായി പ്രണയരംഗങ്ങളിൽ നായികയോടൊപ്പം അഭിനയിച്ച നടൻമാർ മലയാളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ അപൂർവമായിരുന്നു. സിനിമാഭിനയം ജീവിതോപാധിയാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പാഠമാക്കാവുന്നതാണ് ഇദേഹത്തിന്റെ പ്രണയരംഗങ്ങൾ. എസ്.കെ. ആചാരിയുടെ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ഇൗ നടനെ മലയാളികൾ ആദ്യം പരിചയപ്പെടുന്നത്. എന്നാൽ മോഹൻറാവു സംവിധാനം ചെയ്ത വിശപ്പിന്റെ വിളി എന്ന ചിത്രമാണ് പ്രേംനസീറിനെ ശ്രദ്ധേയനാക്കിയത്. ഇൗ ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് നടൻ തിക്കുറിശി സുകുമാരൻനായർ അബ്ദുൾ ഖാദർ എന്ന ചിറയിൻകീഴുകാരനെ പ്രേംനസീർ എന്ന് നാമകരണം ചെയ്യുന്നത്. ആ പേര് അന്വർഥമാകും വിധമായിരുന്നു പിന്നീട് ചലച്ചിത്രരംഗത്തെ അദേഹത്തിന്റെ പ്രകടനങ്ങളും. പ്രേമരംഗങ്ങളിൽ അദേഹം എല്ലാക്കാലത്തും ചക്രവർത്തി തന്നെയായിരുന്നു.
ഇത്തരം രംഗങ്ങളിലെ അദേഹത്തിന്റെ അഭിനയത്തെ മറികടക്കുന്നത് നിത്യജീവിതത്തിലെ അദേഹത്തിന്റെ ’അഭിനയമില്ലാത്ത സ്നേഹമായിരുന്നു. താൻ പ്രവർത്തിക്കുന്ന ചലച്ചിത്രമേഖല എല്ലാക്കാലത്തും നിലനിൽക്കണമെന്ന് അദേഹം ആഗ്രഹിച്ചു.
സ്വന്തം സിംഹാസനത്തിലുള്ള അത്യാഗ്രഹത്തെക്കാൾ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ അനേകായിരം പേരുടെയും അവരുടെ കുടുംബത്തെയും കുറിച്ചുള്ള ഉൽകണ്ഠകൾ തന്നെയായിരുന്നു ഇത്തരമൊരാഗ്രഹത്തിനു പിന്നിൽ. പലപ്പോഴും പരീക്ഷണചിത്രങ്ങളിൽ അഭിനയിക്കാൻ അദേഹം വിസ്സമ്മതിച്ചു. അതിന്റെ കാരണവും ഇതു തന്നെയായിരുന്നു. വിജയിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത ചിത്രത്തിൽ അഭിനയിക്കുകയും അതു പരാജയപ്പെടുകയും ചെയ്താൽ തന്റെ താരമൂല്യമോർത്ത് കാശിറക്കുന്ന നിർമാതാവ് പെരുവഴിയിലാകുമെന്ന് അദേഹം കരുതി. അതു കൊണ്ട് മാത്രമായിരുന്നു പലപ്പോഴും ആവർത്തന വിരസങ്ങളെന്ന് പ്രേക്ഷകർക്ക് തോന്നിയിരുന്ന അനേകം ചിത്രങ്ങളിൽ അദേഹം വേഷമിട്ടത്. അതിന്റെ പേരിൽ നിരൂപകരിൽ നിന്ന് നിരവധി തവണ ക്രൂരമായ ആക്ഷേപങ്ങൾക്ക് അദേഹം വിധേയനായിട്ടുണ്ട്. 'പ്രേംനസീററിന്റെ മരം ചുറ്റി പ്രേമം' എന്ന പ്രയോഗം തന്നെ ആ കാലത്ത് ചലച്ചിത്രാസ്വാദകരുടെ ചുണ്ടിൽ ഉണ്ടായിരുന്നു. അതിൽ ഉറഞ്ഞു കിടക്കുന്ന പരിഹാസം കേട്ടില്ലെന്ന് നടിക്കാനായിരുന്നു അദേഹത്തിനു താൽപര്യം. സിനിമാരംഗത്തെ നിർമാണത്തിന്റെയും വിതരണത്തിന്റെയും ചുറ്റിക്കളിയെ കുറിച്ചറിയാതെ ഇൗ മേഖലയിലേക്ക് കടന്നുവരുന്നവരെ പ്രേംനസീർ പ്രോത്സാഹിച്ചിട്ടില്ല. ഇതിനൊരുദാഹരണമായി പറയാവുന്നത് ശ്രീകുമാരൻ തമ്പിക്കുണ്ടായ അനഭവമാണ്.
ചലച്ചിത്രരംഗത്ത് മികച്ച ഗാനങ്ങളും, കഥയും തിരക്കഥയും എല്ലാം എഴുതി പേരെടുത്ത ശ്രീകുമാരൻ തമ്പിക്ക് സ്വന്തമായി സിനിമ എടുക്കണമെന്ന മോഹം ഉദിച്ചു. നായകനായി അഭിനയിക്കാൻ പ്രേംനസീറിനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ നിർമാണം ശ്രീകുമാരൻ തമ്പി തന്നെയാണ് നിർവഹിക്കാൻ പോകുന്നതെന്ന് കേട്ടതും പ്രേംനസീർ അഭിനയിക്കാൻ ആകില്ലെന്ന് പറഞ്ഞു. എന്നിട്ടും ശ്രീകുമാരൻ തമ്പി പിൻമാറുന്നില്ലെന്ന് കണ്ടപ്പോൾ അഭിനയിക്കുന്നതിനുള്ള തുക കൂടുതലാക്കി പറഞ്ഞു. എന്നാൽ ആ തുക താൻ തന്നു കൊള്ളാമെന്ന് ശ്രീകുമാരൻ തമ്പി സമ്മതിച്ചു. അങ്ങനെയാണ് 'ചന്ദ്രകാന്തം' ജനിക്കുന്നത്. എന്നാൽ സിനിമ പൂർത്തിയായപ്പോൾ പ്രേംനസീർ തന്റെ സാധാരണയുള്ള പ്രതിഫലം മാത്രമേ വാങ്ങിയുള്ളു. പ്രേംനസീർ കരുതിയതു പോലെ തന്നെ ചന്ദ്രകാന്തം പ്രേക്ഷകർ സ്വീകരിച്ചില്ല. ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് രാഘവനെയും വിൻസന്റിനെയും മറ്റും നായകൻമാരാക്കി ശ്രീകുമാരൻ തമ്പി എടുത്ത ഭൂഗോളം തിരിയുന്നു എന്ന ചിത്രവും പരാജയപ്പെട്ടു. സാമ്പത്തികമായി ശ്രീകുമാരൻ തമ്പി വിഷമത്തിലായ ഇൗ സമയത്താണ് പ്രേംനസീർ ചട്ടമ്പി കല്യാണി എന്ന ചിത്രം നിർമിക്കാൻ അദേഹത്തെ പ്രേരിപ്പിച്ചതും സംവിധാനച്ചുമതല ശശികുമാറിനു നൽകിയതും. ചിത്രം വമ്പൻ വിജയമായി. ശ്രീകുമാരൻ തമ്പി സാമ്പത്തികഞെരുക്കത്തിൽ നിന്ന് കരകയറുകയും ചെയ്തു. ഇതു ശ്രീകുമാരൻ തമ്പി എന്ന ഗാനരചയിതാവിനോട് മാത്രമുള്ള പ്രേംനസീറിന്റെ സമീപനമായിരുന്നില്ല. തന്റെ നിർമാതാക്കളോടെല്ലാം അദേഹം ഇങ്ങനെ തന്നെ പെരുമാറി. തന്നെ വിശ്വസിച്ച് പടമെടുത്ത് പരാജയപ്പെടുന്ന നിർമാതാക്കളെ രക്ഷപ്പെടുത്തുന്നതിനു വീണ്ടും പടമെടുക്കാൻ സൗജന്യമായി ഡേറ്റുകൾ നൽകാൻ പോലും അദേഹം തയാറായി.
സെറ്റിൽ ഒരിക്കൽ പോലും പ്രേംനസീർ എത്താത്തതിന്റെ പേരിൽ ഷൂട്ടിങ് താമസിച്ചിട്ടില്ല. കൃത്യസമയത്ത് ഷൂട്ടിങ് സ്ഥലത്തെത്തുന്നത് അനാവശ്യമായി കരുതുന്ന നടീനടൻമാരുള്ള കാലത്തായിരുന്നു സ്വന്തം കാര്യത്തിൽ കൃത്യനിഷ്ഠ പാലിക്കാൻ അദേഹം തയാറായത്. ഒരു രീതിയിലും നിർമാതാവിനെ നിന്ദിക്കാൻ അദേഹം തയാറായില്ല. അവരുടെ പണവും പ്രേക്ഷകന്റെ സന്മനസും മാത്രമാണ് തന്റെ നിലനിൽപിനു കാരണമെന്ന തിരിച്ചറിവ് അദേഹത്തിനു എന്നും ഉണ്ടായിരുന്നു.
സഹജീവികളായ പല നടന്മാർക്കും സിനിമയിൽ അഭിനയിക്കുന്നതിന് ചാൻസ് വാങ്ങി കൊടുക്കുന്നതിലും അദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. അതിനെ കുറിച്ച് പൂജപ്പുര രവി എന്ന ഹാസ്യനടൻ പറയുന്നത് കേൾക്കു, 'കോടമ്പാക്കത്തെ സ്വാമീസ് ലോഡ്ജിൽ ചാൻസൊന്നും ഇല്ലാതെ ഇരിക്കുമ്പോഴായിരിക്കും അവിടുത്തെ ഫോണിൽ നസീർ സാറിന്റെ ഫോൺ വരിക.' 'എന്താ അസ്സേ കണ്ടിട്ട് കുറച്ച് കാലമായല്ലോ, പടമൊന്നും ഇല്ല അല്ലേ ങാ നമുക്ക് ശരിയാക്കാം കേട്ടോ' ഇങ്ങനെ പറഞ്ഞാകും ഫോൺ വയ്ക്കുക. പിറ്റേന്ന് പുതിയ ഏതെങ്കിലും സിനിമയിൽ അഭിനയിക്കുന്നതിനുള്ള അഡ്വാൻസ് തുകയുമായി ഏതെങ്കിലും നിർമാതാവ് തീർച്ചയായും എത്തിയിരിക്കും.
ഇതായിരുന്നു അന്നത്തെ കാലത്ത് പ്രേംനസീർ സൃഷ്ടിച്ച സിനിമാസംസ്കാരം. മലയാള സിനിമയ്ക്ക് പ്രേംനസീറിന്റെ മരണത്തോടെ നഷ്ടമായതും ആ സംസ്കാരമാണ്. അന്യരോട് കരുതലും സ്നേഹവും കാട്ടിയിരുന്ന നസീർ സംസ്കാരം.
പ്രണയരംഗങ്ങളുടെ ആർദ്രതയിൽ നിന്ന് കേവലജാഡപ്രേമങ്ങളിലേക്കുള്ള ഇപ്പോഴത്തെ മുതലക്കൂപ്പ് പോലെ അതും പ്രേക്ഷകനെ നോവിക്കുന്നു. പ്രേംനസീറിന്റെ അസാന്നിധ്യം അതിന്റെ തീവ്രത കൂട്ടുന്നു.