മലയാളത്തിന്റെ കരുത്തുറ്റ കഥാകൃത്തായിരുന്നു പി.പത്മരാജന്‍. മനുഷ്യ മനസ്സിന്റെ ഭാവ വൈവിധ്യത്തെ അനാവരണം ചെയ്ത ഒട്ടേറെ കൃതികളിലൂടെ മലയാളികളുടെ മനസ്സില്‍ അദ്ദേഹം ലബ്ധപ്രതിഷ്ഠനായി. 1945 മേയ് 23 ന് ആലപ്പുഴയിലെ മുതകുളത്ത് ഞവരയ്ക്കല്‍ തറവാട്ടിലായിരുന്നു പത്മരാജന്റെ ജനനം. ചേപ്പാട് ഞവരയ്ക്കല്‍ അനന്തപത്മനാഭ പിളളയായിരുന്നു പിതാവ്; മാതാവ് ദേവകിയമ്മ.
പ്രാഥമിക വിദ്യാഭ്യാസം നാട്ടില്‍ തന്നെ നടത്തി പത്മരാജന്‍. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ തിരുവനന്തപുരം മഹാത്മഗാന്ധി കോളജില്‍ പ്രീ യൂണിവേഴ്സ്റ്റിക്കു ചേര്‍ന്നു. തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളജില്‍ നിന്നു രസതന്ത്രത്തില്‍ ബിരുദവും നേടി.
കോളജില്‍ പഠിക്കുന്ന കാലത്ത് കഥകളിലേക്കു ശ്രദ്ധ തിരിഞ്ഞു. അക്കാലത്തെ കൌമുദി വാരികയില്‍ കഥ പ്രസിദ്ധീകൃതമായി. 'ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ്' എന്ന ആ കഥയായിരുന്നു പത്മരാജന്റെ ആദ്യ കഥ.
പിന്നീട് ആകാശവാണിയുടെ തൃശൂര്‍ നിലയത്തില്‍ പ്രോഗ്രാം അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. ഏറെ വൈകാതെ തിരുവനന്തപുരത്തേക്കു സ്ഥലം മാറി. ആകാശവാണിയില്‍ നിന്നു പിന്നീട് മാറുകയും ചെയ്തു.ഇൌ കാലത്തെല്ലാം കഥാരചനയില്‍ പത്മരാജന്‍ സജീവമായിരുന്നു.
അപരന്‍, പ്രഹേളിക, പുക, കണ്ണട, തുടങ്ങിയ കൃതികള്‍ അക്കാലത്ത് പ്രശസ്തങ്ങളായതാണ്. കഥാരചനയിലെ വൈഭവം നോവല്‍ രചനയിലേക്കു പത്മരാജനെ ആകര്‍ഷിച്ചു. 1971 ല്‍ എഴുതിയ 'നക്ഷത്രങ്ങളെ കാവല്‍' എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. ആ വര്‍ഷത്തെ കുങ്കുമം അവാര്‍ഡ് 'നക്ഷത്രങ്ങളെ കാവല്‍' കരസ്ഥമാക്കി. കൂടാതെ, ഏറ്റവും മികച്ച നോവലിനുള്ള സാഹിത്യ അക്കാദമി പുരസ്കാരവും ആ വര്‍ഷം നക്ഷത്രങ്ങളെ കാവല്‍ നേടി.
പിന്നീട് 'വാടകയ്ക്കൊരു ഹൃദയം', 'ഇതാ ഇവിടെ വരെ', 'ശവവാഹനങ്ങളും തേടി' തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ചു. 1975 ല്‍ 'പ്രയാണം' എന്ന ആദ്യ തിരക്കഥ പൂര്‍ത്തിയായി. ഇതു ഭരതന്‍ ചലചിത്രമാക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ സംവിധായകര്‍ക്കായി നിരവധി തിരക്കഥകള്‍ എഴുതി. 'ഇതാ ഇവിടെവരെ', 'രതിനിര്‍വേദം', 'വാടകയ്ക്ക് ഒരു ഹൃദയം', 'സത്രത്തില്‍ ഒരു രാത്രി', 'രാപ്പാടികളുടെ ഗാഥ', 'നക്ഷത്രങ്ങളെ കാവല്‍', 'തകര', 'കൊച്ചു കൊച്ചു തെറ്റുകള്‍', 'ശാലിനി എന്റെ കൂട്ടുകാരി', 'ലോറി', 'കരിമ്പിന്‍ പൂവിന്നക്കരെ', 'ഒഴിവുകാലം', 'ഇൌ തണുത്ത വെളുപ്പാന്‍ കാലത്ത്' എന്നിവ മറ്റു സംവിധായകര്‍ക്കായി പത്മരാജന്‍ എഴുതിയ തിരക്കഥകളാണ്.
രാപ്പാടികളുടെ ഗാഥയ്ക്ക് 1978 ലെയും പെരുവഴിയമ്പലത്തിന് 1979 ലെയും കാണാമറയത്തിന് 1984 ലെയും അപരന് 1988 ലെയും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചു.പെരുവഴിയമ്പലം എന്ന സ്വന്തം നോവല്‍ സംവിധാനം ചെയ്തുകൊണ്ട് ചലചിത്ര സംവിധാനവും പത്മരാജന്‍ ആരംഭിച്ചു. രചനയിലെന്ന പോലെ ഇൌ രംഗത്തും ശോഭിക്കാന്‍ പത്മരാജനു കഴിഞ്ഞു. 'കള്ളന്‍ പവിത്രന്‍', ഒരിടത്തൊരു ഫയല്‍വാന്‍', 'നവംബറിന്റെ നഷ്ടം', 'അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍', 'നൊമ്പരത്തിപ്പൂവ്', 'തൂവാനത്തുമ്പികള്‍', 'തിങ്കളാഴ്ച നല്ല ദിവസം', 'അപരന്‍', 'മൂന്നാം പക്കം', 'ഇന്നലെ', 'ഞാന്‍ ഗന്ധര്‍വന്‍' തുടങ്ങിയ ചിത്രങ്ങള്‍ പത്മരാജനിലെ സംവിധായകന്റെ പ്രതിഭ തെളിയിച്ച ചിത്രങ്ങളായിരുന്നു.
'ഉദകപ്പോള', 'മഞ്ഞുകാലം നോറ്റ കുതിര', 'പ്രതിമയും രാജകുമാരിയും' തുടങ്ങിയ നോവലുകള്‍ ചലച്ചിത്രരംഗത്ത് പ്രസിദ്ധനായതിനുശേഷം രചിച്ചതായിരുന്നു. 'കരിയിലക്കാറ്റുപോലെ', കൈവരിയുടെ തെക്കേ അറ്റം' തുടങ്ങിയ കൃതികളും പത്മരാജന്റെ മികച്ച സംഭാവനകളാണ്. 1991 ജനുവരി 24 ന് പത്മരാജന്‍ നിര്യാതനായി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.