ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി വെഡ്ഡിങ് ആയ അനുഷ്ക–കോഹ്‌ലി വിവാഹം അടുത്തെത്തിക്കഴിഞ്ഞു. ഇറ്റലിയാണ് വിവാഹത്തിനായി ഇരുവരും തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.
ഇറ്റലിയിലെ ടസ്കനിയിലുള്ള ഹെറിറ്റേജ് റിസോർട്ട് ആണ് വിവാഹത്തിനു േവദിയാകാൻ േപാകുന്നത്. റിസോർട്ടിനു ചുറ്റും കനത്ത സുരക്ഷാവലയം ഒരുക്കുന്നതിനൊപ്പം, ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമേ അകത്തേക്കു പ്രവേശിപ്പിക്കുന്നുള്ളു. പരമ്പരാഗത പഞ്ചാബി സ്റ്റൈലിലുള്ള വിവാഹമായിരിക്കും നടക്കുക എന്നും കേൾക്കുന്നു. ബോളിവുഡിൽനിന്ന് ആമിർ ഖാനും ഷാരൂഖ് ഖാനും ക്രിക്കറ്റിന്റെ തമ്പുരാൻ സച്ചിൻ തെന്‍ഡുൽക്കറും യുവ്‌രാജ് സിങ്ങും വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് പുതിയ വിവരം.
റിസോർട്ടിൽ എല്ലാ ചെലവും ഉൾപ്പടെ ഒരാഴ്ചത്തേക്കുള്ള വാടക ഏകദേശം ഒരുകോടി രൂപ. ഡിസംബര്‍ 13 വരെ കോഹ്ലിയും അനുഷ്‌കയും ഇവിടെ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഒരു രാത്രി വസിക്കാന്‍ ഇവിടുത്തെ ചെലവ് 6,50,000 രൂപ മുതല്‍ 14,00,000 വരെയാണ്.
22 റൂമുകളുള്ള റിസോർട്ടിൽ 44 പേർക്ക് മാത്രമാണ് താമസിക്കാൻ കഴിയൂ. അതുകൊണ്ടാണ് കൂടുതൽ താരങ്ങളെ വിവാഹത്തിന് ക്ഷണിക്കാതിരുന്നതെന്നും കേൾക്കുന്നു. പ്രത്യേക ക്ഷണം കിട്ടിയവരെ മാത്രമാണ് അകത്തേക്ക് കടത്തൂ. വിവാഹ ചടങ്ങ് നടക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാകും റിസോര്‍ട്ട് മേഖല. വിവാഹം കൊഴുപ്പിക്കാനായി പ്രഫഷണൽ ബാങ്ക ഡാൻസും ഉണ്ടാകും. പ്രശസ്ത ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയാണ് അനുഷ്കയുടെ വിവാഹവസ്ത്രം ഡിസൈൻ ചെയ്യുന്നത്.
ഇറ്റലിയിലെ മിലാനില്‍ നിന്നും നാലു മണിക്കൂര്‍ തെക്കോട്ട് സഞ്ചരിച്ചാല്‍ ടസ്‌കനിയയിലെത്താം. പതിമൂന്നാം നൂറ്റാണ്ടിലേതുപോലെ പുനരാവിഷ്‌കരിക്കപ്പെട്ട അഞ്ചു വില്ലകളുള്ള റിസോര്‍ട്ടാണ് ഹെറിറ്റേജ്. സെലിബ്രിറ്റി വിവാഹങ്ങള്‍ മാത്രമാണ് ഇവിടെ നടക്കാറുള്ളത്. അതുകൊണ്ടു തന്നെ ഇവിടം ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. വിശിഷ്ടമായ വീഞ്ഞുകളുടെ കേന്ദ്രമാണ് ടസ്‌കനി. ലോകത്തെ ഏറ്റവും ചെലവേറിയ ഇരുപത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന് കൂടിയാണിത്. ഈ വർഷം മുന്‍ അമേരിക്കൻ പ്രസിഡന്റ് ഒബാമയും കുടുംബവും അവധി ആഘോഷിക്കാൻ തിരഞ്ഞെടുത്തതും ടസ്കനിയായിരുന്നു.
ഇറ്റലിയിലെ വിവാഹം കഴിഞ്ഞ് തിരിച്ചെത്തുന്ന ദമ്പതികൾ 26 ന് മുംബൈയിൽ സിനിമാ–ക്രിക്കറ്റ് രംഗത്തെ സുഹൃത്തുക്കൾക്കായി വമ്പൻ വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി പന്ത്രണ്ടിന് മുംബൈയിലെ ബാന്ദ്രയിൽ ഇരുവരും റജിസ്റ്റർ വിവാഹം ചെയ്യും.