പഞ്ച് ഡയലോഗുകൾ പറയാനും ത്രസിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യാനും അല്ലു അർജുനുള്ള മികവിൽ ആർക്കും സംശയമില്ല. പക്ഷേ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അല്ലുവിന്റെ പുതിയ ചിത്രമായ നാ പേരു സൂര്യയുടെ ടീസറിലെ പഞ്ച് ഡയലോഗ് പ്രതീക്ഷിച്ച തരംഗം തീർത്തില്ലെന്നു മാത്രമല്ല താരത്തിന് ഒരു പണിയും കൊടുത്തു.
ഇൗ ടീസറിനെയും ഡയലോഗിനെയും ആളുകൾ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ട്രോളുകയാണ്. ‘സൗത്ത് ഇന്ത്യ കാ സാലാ’ എന്നു തന്നെ വിളിച്ചയാളെ ഇടിച്ച് നിലത്തിട്ട ശേഷം സൗത്ത് ഇന്ത്യയുമില്ല നോർത്ത് ഇന്ത്യയുമില്ല ഇന്ത്യ ഒറ്റയൊന്നു മാത്രമേയുള്ളൂ എന്നാണ് അല്ലു പറയുന്നത്. ഡയലോഗ് സിനിമയിലാണെങ്കിലും വിമർശകർ അതിനെ കാര്യമായി തന്നെയെടുത്തു. താരത്തിന്റെ ട്വിറ്റർ പേജിൽ സൗത്ത് ഇന്ത്യൻ ആക്ടർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പറഞ്ഞാണ് ട്രോൾ മഴ.
‘സിനിമയിൽ ഒറ്റ ഇന്ത്യ യഥാർഥ ജീവിതത്തിൽ സൗത്ത് ഇന്ത്യ’, ‘ആദ്യം പോയി തന്റെ പേജ് ശരിയാക്കൂ എന്നിട്ട് ഡയലോഗ് പറയൂ’ എന്നൊക്കെ തുടങ്ങി ട്രോളുകളും കമന്റുകളും അനവധിയാണ്. അല്ലുവിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ സ്പെഷൽ ടീസർ താരത്തിനു തന്നെ ഉഗ്രൻ പണിയായെന്നു ചുരുക്കം.
മലയാളിയായ അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.