പ്രേമം സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സായി പല്ലവി. അൽഫോൻസ് സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായി അഭിനയരംഗത്തെത്തിയതെന്നും പറഞ്ഞിരുന്നു. എന്നാൽ സായി ആദ്യമായി അഭിനയിച്ച സിനിമ പ്രേമമല്ല, ഒരു തമിഴ് ചിത്രത്തിലാണ്.
2008ല്‍ ജീവ സംവിധാനം ചെയ്ത ദാം ധൂം എന്ന ചിത്രത്തിലാണ് സായി പല്ലവി ആദ്യമായി അഭിനയിക്കുന്നത്. ജയം രവി, കങ്കണ റണൗട്ട് എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ വളരെ ചെറിയൊരു വേഷത്തിലാണ് സായി അഭിനയിച്ചത്. സിനിമയിൽ സായി അഭിനയിച്ച രംഗത്തിന്റെ സ്ക്രീൻഷോട്ട് വരെ ചില വിദ്വാന്മാർ എടുത്തു കഴിഞ്ഞു.
തമിഴിലൂടെയാണ് അരങ്ങേറ്റമെങ്കിലും സായി മലയാളത്തിൽ തുടരാനുള്ള തീരുമാനത്തിലാണ്. പ്രേമം സിനിമയ്ക്ക് ശേഷം ദുൽഖർ നായകനാകുന്ന ചിത്രത്തിലാണ് സായി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.