I'm a ഡിസ്കോ ഡാൻസർ...!

പ്രശസ്തിയുടെ പരകോടിയിൽ നിൽക്കുമ്പോൾ ഒരാൾ ഒരു നിമിഷം എല്ലാം മതിയാക്കി ഇറങ്ങിപ്പോയാലോ? അതും ഒരുപാടൊരുപാടു പേർ മോഹിക്കുന്ന ബോളിവുഡിന്റെ സംഗീതസിംഹാസനത്തിൽ നിന്ന്! ചരിത്രത്തിൽ ബുദ്ധനെപ്പോലെ ചിലർ മാത്രം ചെയ്ത നിരാസങ്ങളിലൊന്ന്. 

വിജയ് ബനഡിക്ട് – പുതിയ തലമുറ കേട്ടിട്ടുകൂടി ഉണ്ടാവില്ല ഈ പേര്. അത്രമേൽ വാർത്തകളിൽനിന്ന് അകലെയാണ് അദ്ദേഹം. എന്നാൽ, ‘ഐ ആം എ ഡിസ്കോ ഡാൻസർ’ എന്നു പാടിയാൽ ഒരു പുഞ്ചിരി തിരികെ തരാത്തവർ ചുരുക്കമാവും. അത്രമാത്രം രോമാഞ്ചദായകമാണ് ആ ഗാനവും അതു തലമുറകൾ കൈമാറി പകരുന്ന ആഹ്ലാദവും. 

ഇത്ര വലിയ തരംഗമുയർത്തി ബോളിവുഡിലേക്കു വന്ന ഗായകർ ചുരുക്കം. 1982ൽ ബബ്ബാർ സുഭാഷ് സംവിധാനം ചെയ്ത ‘ഡിസ്കോ ഡാൻസർ’ എന്ന സിനിമയിലെ ‘ഐ ആം എ ഡിസ്കോ ‍ഡാൻസർ...’ ആയിരുന്നു വിജയിന്റെ കന്നി ഗാനം. ബാപ്പി ലാഹ്‌രിയുടെ സംഗീതം. ആദ്യ പാട്ടു തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്! ആരും മോഹിക്കുന്ന തുടക്കം. മിഥുൻ ചക്രവർത്തി എന്ന ബംഗാളി നടൻ ബോളിവുഡിന്റെ താളമാന്ത്രികനായ പ്രകടനം. സിനിമയുടെ ഹൈലൈറ്റ് വിജയ് ബനഡിക്ടിന്റെ ഗാനമായിരുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലൂം മ്യൂസിക് ഷോപ്പുകൾക്കു മുന്നിൽ ജനങ്ങൾ ക്യൂനിന്നു വാങ്ങിയ കസെറ്റ്. ചടുലമായ ഈ നൃത്തസംഗീതം ക്ലബ്ബുകളിലും തെരുവോരങ്ങളിലുമെല്ലാം താളമിട്ട കാലം. ഇന്നും ഇന്ത്യക്കാരന്റെ ആഹ്ലാദവേളകളുടെ പശ്ചാത്തലത്തിൽ ഈ പാട്ടുണ്ട്. 

സംഗീതത്തിൽ ബിരുദവും ബിസിനസ് മാനേജ്മെന്റിൽ മാസ്റ്റേഴ്സും പാസായി മുംബൈയിലെ സ്വകാര്യ കമ്പനിയിൽ നല്ല നിലയിൽ ജോലി ചെയ്യുമ്പോൾ വിജയിന്റെ മനസ്സിൽ പാട്ടുകളായിരുന്നു അങ്ങനെയാണു ബോളിവുഡുമായി അടുക്കുന്നതും ഈ ചടുലഗാനം പാ‍ടാൻ ബാപ്പി ലാഹ്‌രി അവസരം കൊടുക്കുന്നതും. 

പിന്നീടിങ്ങോട്ട് വിജയിന്റെ കാലമായിരുന്നു. കസം പൈദാ കർനേ വാലേ കി, ആന്ധി–തൂഫാൻ, മാ കസം, സാദാ സുഹാഗൻ... തുടങ്ങിയ ചിത്രങ്ങളിലെല്ലാം അദ്ദേഹം ഹിറ്റുകൾ സമ്മാനിച്ചു. 1987ലെ ‘ഡാൻസ് ഡാൻസ്’ വിജയിനു ബോളിവു‌ഡിന്റെ ഗാനസിംഹാസനം നൽകി. ഡിസ്കോ ഡാൻസറിന്റെ അതേ ടീം. വിജയ് ബനഡിക്ട്– ബബ്ബാർ സുഭാഷ്– മിഥുൻ ചക്രവർത്തി – ബാപ്പി ലാഹ്‌രി. സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നെങ്കിലും വിജയ് ബനഡിക്ട് പാടിയ ‘ആഗയാ ആഗയാ ഹൽവാവാല ആഗയാ...’ ഏറ്റവും വലിയ തരംഗം തീർത്തു. വീണ്ടും ലക്ഷക്കണക്കിനു കസെറ്റ് വിൽപനയുടെ വിജയചരിത്രം. 

അനിൽ കപൂർ, ജാക്കി ഷറോഫ്, സണ്ണി ഡിയോൾ, ഗോവിന്ദ, ശത്രുഘ്നൻ സിൻഹ തുടങ്ങിയ നായകന്മാരൊക്കെ വി

ജയിന്റെ ശബ്ദം കടംകൊണ്ട് വിജയം നേടിയ കാലം. ‘ബാപ്പി ലാഹ്‌രിയുടെ പാട്ടുകാരൻ’ എന്നു പേരു വീണിരുന്നെങ്കിലും ലക്ഷ്മീകാന്ത് പ്യാരേലാൽ, നദീം ശ്രാവൺ, ആനന്ദ് മിലിൻദ് തുടങ്ങിയ എല്ലാ മുൻനിര സംഗീത സംവിധായകരും വിജയിന്റെ ശബ്ദത്തെ ആശ്രയിച്ചു. 

സിനിമയുടെ കൊമേഴ്സ്യൽ വിജയത്തിനു വിജയിന്റെ ഗാനങ്ങൾ അനുപേക്ഷണീയമെന്നു ബോളിവുഡ് വിശ്വസിച്ചിരുന്ന അക്കാലത്താണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പാട്ട് നിർത്തിയത്.‘ ഇനി സിനിമയ്ക്കു വേണ്ടി പാടുന്നില്ല’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 

സഹോദരന്റെ അപ്രതീക്ഷിതമായ കൊലപാതകമാണ് വിജയിനെ ഈ കടുത്ത തീരുമാനത്തിലേക്കു നയിച്ചത്. ജർമനിയിൽ ഹോട്ടലിൽ ജോലി ചെയ്തിരുന്ന അനുജനെ ലഹരിമരുന്നു മാഫിയ വെടിവച്ചുകൊല്ലുകയായിരുന്നു. ആ ഹോട്ടലിൽ നടന്ന ഒരു ലഹരിമരുന്ന് ഇടപാട് പൊലീസിനെ അറിയിച്ചതിനുള്ള പ്രതികാരമായിരുന്നു കൊലപാതകം. 

തന്റെ ജീവിതഗതി മാറ്റിമറിച്ച സംഭവത്തെപ്പറ്റി വിജയ് പറയുന്നത് ഇങ്ങനെ: ‘എന്റെ അനുജന് എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും പെട്ടെന്ന് ഒരു ദിവസം അവൻ കൊല്ലപ്പെട്ടു. ജീവിതത്തിന്റെ അർഥത്തെപ്പറ്റി ഞാൻ ആലോചിച്ചു. എനിക്കും എല്ലാ സുഖസൗകര്യങ്ങളുമുണ്ട്. പ്രശസ്തി, പണം, അംഗീകാരം.... എല്ലാം. പക്ഷേ, ഇതൊന്നും ശാശ്വതമല്ലെന്നും യഥാർഥ സന്തോഷം നൽകുന്നില്ലെന്നും ഞാൻ തിരിച്ചറിഞ്ഞു. അത്യന്തം നിരാശനായിരുന്ന അക്കാലത്താണ് ഒരാൾ എനിക്കു ക്രിസ്തുവിന്റെ സന്ദേശങ്ങൾ പരിചയപ്പെടുത്തിയത്. അത് എനിക്ക് ആശ്വാസവും സന്തോഷവും നൽകി. അതോടെ ഞാൻ സിനിമാലോകത്തോടു വിടപറയുകയായിരുന്നു. എന്നുകരുതി പാട്ട് നിർത്തിയില്ല. പിന്നീട് ഞാൻ സുവിശേഷഗാനങ്ങൾ മാത്രമേ പാടിയിട്ടുള്ളൂ.’ 

ഒരുകാലത്ത്, ശരീരത്തിന്റെ ഉത്സവങ്ങളായിരുന്ന ചടുലഗാനങ്ങൾ ഉതിർത്തിരുന്ന ചുണ്ടുകൾ ഇന്നു ലോകമാകെ സഞ്ചരിച്ച് ആത്മാവിന്റെ ഈണങ്ങൾ പാടുകയാണ്.