Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടോളൂ അഞ്ച് പുതിയ കിടിലൻ പാട്ടുകൾ

Nnew-bets-tunes-2017

വേറിട്ട പ്രമേയത്തിലെത്തുന്ന കുറേ സിനിമകൾ. അതിനോടു കിടപിടിക്കുന്ന ഗാനങ്ങൾ. നിലവിലെ സിനിമാ ലോകം അതാണ്. അറിയാം കേൾക്കാം ആ ചിത്രങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ഏറ്റവും മികച്ച അഞ്ചു പാട്ടുകൾ.

മരുവാർത്തൈ

സിദ് ശ്രീറാമിന്റെ സ്വരത്തിലുള്ള പാട്ട് ഗൗതം മേനോന്റെ എന്നൈ തേടി പായും തോട്ട എന്ന ചിത്രത്തിലേതാണ്. പൂവുകൾ തേടി പാറുന്ന ഒരു ചിത്രശലഭത്തെ ചിറകിൻ താളം പോലെയങ്ങ് ഒഴുകിപ്പോകുന്ന സംഗീതം. ഈ ഈണത്തിന്റെ യാത്ര ഹൃദയങ്ങളിലേക്കൊരു സ്നേഹക്കുളിരായി തലോടലായി പ്രണയാർദ്രമായി ചേർന്നുപോകുന്നു. താമര എഴുതിയ വരികളുടെ സംഗീതം ആരെന്നത് ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുകയാണ് അദ്ദേഹം. അത് ആരുതന്നെയായാലും താമരയുടെ വരികൾക്ക് ഇത്രയേറെ സുന്ദരമായ ഈണഭാഷ്യം നൽകിയത് സിദ് ശ്രീറാമിന്റെ സ്വരത്തെ അതിമനോഹരമായി ഉപയോഗപ്പെടുത്തിയതിന്, അഭിനന്ദമനങ്ങളുടെ വസന്തം തന്നെ നൽകേണ്ടിയിരിക്കുന്നു. കേൾക്കുമ്പോൾ ലളിതവും പാടി ഫലിപ്പിക്കാൻ ബുദ്ധിമുട്ടേറിയതുമായ ഈണം ഇന്ത്യയൊന്നാകെ കേട്ടുരസിക്കുകയാണിപ്പോൾ.

വാൻ വരുവാൻ

ഏ ആർ റഹ്മാൻ-വൈരമുത്തു-മണിരത്നം ടീമിനെ അവിസ്മരണീയമാക്കുന്ന ഗാനങ്ങളിലേക്ക് ഒന്നു കൂടി. വാൻ വരുവാൻ. തന്റെ പ്രണയചിത്രങ്ങളോരോന്നും ഛായാഗ്രഹണ ഭംഗിയിൽ ഒന്നിനോടൊന്നു കിടപിടിക്കണമെന്ന മണിരത്നം ചിന്തകളിൽ പിറന്ന മറ്റൊരു മനോഹരമാ. ഗാനം. പ്രകൃതിയുടെ ഒളിഭംഗിയെ, നായിക അദിതി റാവുവിന്റെ മഞ്ഞുപോലുള്ള ചേലിനെ, അവളുടെ വെള്ളാരം കണ്ണിനെ, പ്രണയത്തെ എല്ലാം കാമറക്കണ്ണുകളിലാക്കി രവി വർമൻ‌ ഒരു കവിത തന്നെെയെഴുതുകയും ചെയ്തു. മഞ്ഞിനിടയിലേക്ക് മലയിടുക്കുകളിൽ നിന്നിറങ്ങി വരുന്ന പുല്ലാങ്കുഴലിന്റെയത്രയും ആത്മീയതുള്ള സ്വരത്തിൽ സാഷാ തിരുപ്പതി അതുപാടുകയും ചെയ്യുമ്പോൾ പാട്ട് എപ്പോഴത്തേയും പോലെ ഏ ആർ റഹ്മാൻ മാസ്മരികതയുടെ മറ്റൊരു ഓർമപ്പെടുത്തലാകുന്നു.


തമ്പിരാൻ

എസ്ര എന്ന ചിത്രത്തിലേതാണീ ഗാനം. മലയാളത്തിൽ ഹൊറർ സിനിമകളുടെ ശ്രേണിയിൽ പുതു ചരിത്രമെഴുതിയ എസ്രയിലെ പാട്ടുകളും അതുപോലെ തന്നെ വേറിട്ടതാണ്. ചിത്രത്തിലെ ലൈലാകമേ എന്ന പ്രണയഗീതം ആദ്യമേ തന്നെ മനസുകളിലിടം നേടിയിരുന്നു. പിന്നാലെയെത്തിയ പാട്ടുകള്‍ ഓരോന്നും അതിൽ നിന്നും വേറിട്ടതായിരുന്നു. പ്രത്യേകിച്ച് തമ്പിരാന്‍ എന്ന പാട്ട്. വരികളും ആലാപനവും ഈണവും ആത്മീയതയും പൗരാണികത്വുവും പ്രണയവും സമന്വയിച്ചൊരു ആവിഷ്കാരം. അൻവർ അലിയുടെ വരികൾ പാടിയത് വിപിൻ രവീന്ദ്രനാണ്. സുഷിൻ ശ്യാമിന്റേതാണു ഈണം.

തീയാമ്മേ...

നമുക്കറിയാവുന്ന കാര്യങ്ങളെ കുറിച്ച് തീർത്തും രസകരമായൊരു ഗാനം വരുമ്പോൾ അതു കേൾക്കാൻ‌ ഒരുപാടു കൗതുകമില്ലേ. ആ ഘടകമാണീ പാട്ടിനെ പ്രിയപ്പെട്ടതാക്കിയത്. നമ്മുെട നാട്ടിൻപുറങ്ങളിലെ കവലകളിലിരുന്നും, സന്ധ്യമയങ്ങും നേരം കടവത്തിരുന്നും, അസ്തമയം കണ്ട് കലുങ്കിൻ മേലിരുന്നുമൊക്കെ ചങ്ങാതിമാരോടൊപ്പം നല്ല ചങ്കുള്ള നാടൻതാളമുള്ള പാട്ടുകളെ മൊഞ്ചിൽ പാടാറില്ലേ. അങ്ങനെയൊരു പാട്ടാണിത്. അങ്കമാലീ ഡയറീസ് എന്ന ചിത്രത്തിലേതാണീ ഗാനം. പ്രശാന്ത് പിള്ള ആമേനിൽ ചെയ്തതു പോലെ മറ്റൊരു ലിജോ പെല്ലിശേരി ചിത്രത്തിനായി തീർത്ത ജീവസുറ്റ ഗാനം. വരികൾ എഴുതിയത് ആരെന്നറിയില്ല. അങ്കമാലി പ്രാഞ്ചിയും ശ്രീകുമാർ വക്കിയിലും 

ടിപ്പാ സോങ്

ദൃശ്യഭംഗിയിൽ ഛയ്യ ഛയ്യ ഗാനത്തെ അനുസ്മരിപ്പിക്കുന്നു രംഗൂണിലെ ഈ പാട്ട്. കങ്കണ റണൗട്ടിന്റെ ഏറ്റവും വ്യത്യസ്തവും ശക്തവുമായ ചിത്രങ്ങളിലൊന്നെന്ന ആമുഖത്തോടെയെത്തുന്ന രംഗൂണിലെ ടിപ്പാ എന്ന ഗാനവും ഇന്ത്യയൊന്നാകെ ഇഷ്ടപ്പെടുന്ന പാട്ടുകളിലൊന്നാണ്. കുസൃതി നിറഞ്ഞ ചിരിയോടെ കങ്കണയും ഒരു വലിയ സംഘവും തീവണ്ടിയ്ക്ക് അകത്തും പുറത്തുമായി ആടിപ്പാടുന്ന ഗാനം. ഉത്തരേന്ത്യൻ സംഗീത ശൈലികളുടെയും പാശ്ചാത്യ ഈണങ്ങളുടെയും സംഗമമാണീ പാട്ട്. ഈണത്തിലെ വൈവിധ്യമാണ് പാട്ടിനെ മികവുറ്റതാക്കിയത്. സുഖ്‍വിന്ദർ സിങിന്റെയും സുനീതി ചൗഹാന്റെയും രേഖ ഭരദ്വാജിന്റെയും ഒഎസ് അരുണിന്റെയും സ്വരങ്ങളിലുള്ള ഗാനം എഴുതിയത് ഗുൽസാറാണ്. സംഗീതം ചിത്രത്തിന്റെ സംവിധായകനായ വിശാൽ ഭരദ്വാജിന്റെയും.