അവൾക്കു മാത്രം അറിയില്ല, അവളുടെ കഥ നാട്ടിലെങ്ങും പാട്ടാണെന്ന്.അന്ന് അറുമുഖൻ തൃശൂരിൽനിന്നു ചാലക്കുടിയിലേക്ക് ബസിൽ പോവുകയായിരുന്നു. കൊടകര എത്തിയപ്പോൾ അതാ, നല്ല സുന്ദരിയായ ഒരു പെൺകുട്ടി വഴിയരികിലിരുന്ന് മീൻ വിൽക്കുന്നു. രാത്രി വീട്ടിലെത്തിയിട്ടും ആ മീൻകാരിയുടെ രൂപം മാത്രം മനസ്സിൽനിന്നു മാഞ്ഞില്ല എന്നു മാത്രമല്ല, അവളൊരു പാട്ടായി മാറുകയും ചെയ്തു. അറുമുഖൻ എഴുതി.
‘ചാലക്കുടി ചന്തയ്ക്കു പോകുമ്പോ
ചന്ദനച്ചോപ്പുള്ള മീൻകാരി
പെണ്ണിനെ കണ്ടേ ഞാൻ...
പിന്നീട് കലാഭവൻ മണി പാടി മലയാളികൾക്കു മുഴുവൻ പരിചിതയായി ആ മീൻകാരി. താനാണ് ഈ പെണ്ണ് എന്നറിയാതെ അവളും എത്രയോ തവണ ഈ പാട്ട് ആസ്വദിച്ചിരിക്കും....
അറുമുഖൻ വെങ്കിടങ്ങിനു കലാഭവൻ മണിയോടാണോ അതോ മണിക്ക് അറുമുഖനോടാണോ കടപ്പാട്? നാടൻപാട്ടിനു മലയാളികൾക്കിടിയിൽ അത്രയേറെ ജനപ്രീതിയുണ്ടാക്കി, പ്രശസ്തിയുടെ പടവുകൾ ചവുട്ടി കലാഭവൻ മണി കടന്നുപോയപ്പോൾ ആ ഗാനങ്ങളിൽ മിക്കതിന്റെയും സ്രഷ്ടാവ് അധികമാരുമറിയാതെ ഒരു കരിങ്കല്ല് പണിക്കാരനായി നമുക്കിടയിൽ കഴിഞ്ഞുകൂടുന്നുണ്ട്.‘തീർച്ചയായും മണി പാടിയതുകൊണ്ടാണ് എന്റെ പാട്ടുകളെല്ലാം ഇന്ന് ലോകമെങ്ങും അറിയപ്പെടുന്നത്. അതു മണിയുടെ കഴിവുതന്നെയാണ്. അങ്ങനെ നോക്കുമ്പോൾ ഞാൻ മണിയോടല്ലേ കടപ്പെട്ടിരിക്കുന്നത്?’ അറുമുഖൻ വിനീതനാവുന്നു.
തൃശൂർ ജില്ലയിലെ വെങ്കടങ്ങ് നടുവത്ത് ശങ്കരൻ– കാളി ദമ്പതികളുടെ മകനായ അറുമുഖന് ചെറുപ്പം മുതലേ പാട്ടുകൾ ദൗർബല്യമായിരുന്നു. നാട്ടിൻപുറത്തെ യഥാർഥ ജീവിതങ്ങളെ കഥാപാത്രങ്ങളാക്കി പാട്ടുണ്ടാക്കാൻ ബഹുമിടുക്കൻ. വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഈ പാട്ടുകൾ ഹിറ്റായി നിൽക്കുമ്പോഴാണ് നാട്ടുകാരൻ തന്നെയായ സലിം സത്താർ (പ്രശസ്ത മാപ്പിളഗായകൻ കെ.ജി. സത്താറിന്റെ മകൻ) അറുമുഖന്റെ ഗാനങ്ങൾ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കസെറ്റ് പുറത്തിറക്കിയത്.
അക്കാലത്തു ചാലക്കുടിയിൽ അൽപ്പം നാടൻപാട്ടും മിമിക്രിയുമായി നടന്നിരുന്ന കലാഭവൻ മണി എന്ന ചെറുപ്പക്കാരൻ ഈ കസെറ്റിലെ ‘കണ്ടത്തീലോടണ മുണ്ടത്തീ...’ എന്ന ഗാനം ശ്രദ്ധിച്ചു. ഈ എഴുത്തുകാരന്റെ പാട്ടുകൾ തന്റെ അഭിരുചിയുമായി ചേർന്നു പോകുമെന്നു മണി മനസ്സിലാക്കി. അടുത്ത ദിവസം തന്നെ മണിയുടെ കൂട്ടുകാർ അറുമുഖനെ കാണാൻ വരുന്നു. ഒന്നിച്ച് ഒരു കസെറ്റ് ഇറക്കണമെന്നായിരുന്നു ആവശ്യം. അറുമുഖന് എന്താണു തടസ്സം? അങ്ങനെ കേരളത്തിലെ സൂപ്പർ ഹിറ്റ് മിമിക്സ് കസെറ്റായ ‘ആക്രാന്തം കാട്ടേണ്ട, വിളമ്പിത്തരാം’ ഇറങ്ങുന്നു. ഇതിലെ ‘പകല് മുഴുവൻ പണിയെടുത്ത് കിട്ടണ കാശിനു കള്ളും കുടിച്ച് എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ’ കേരളമെന്നല്ല, എവിടെല്ലാം മലയാളികളുണ്ടോ അവിടെല്ലാം തരംഗമായി. മദ്യപാന ശീലമുള്ള സ്വന്തം ചേട്ടൻ വേലായുധനെ ഓർത്ത് അറുമുഖൻ മുൻപേ പാടി നടന്നിരുന്ന ഈ ഗാനം അതേ പേരിൽ ചേട്ടനുള്ള മണിയുടെ ജീവിതവുമായി ആരാധകർ ചേർത്തു വായിച്ചു. മണി അതു നിഷേധിച്ചുമില്ല. വൻവിജയമായ ആ കൂട്ടുകെട്ട് അങ്ങനെ ആരംഭിച്ചു. നാടൻപാട്ടുകളുടെ ഉൽസവത്തിനാണ് ഈ കൂട്ടുകെട്ടു തിരികൊളുത്തിയത്.
‘വരത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിന്റെ പരക്കം പാച്ചിലിനൊടുക്കം
കിട്ട്യോടീ തങ്കമ്മേ...’
‘വരിക്കച്ചക്കേടെ ചൊളകണക്കിനെ
തുടുതുടുത്തൊരു കല്യാണീ
കൊടകരയില് കാവടിയാടുമ്പോ
കണ്ടെടീ ഞാനൊരു മിന്നായം...’
‘ഇക്കൊല്ലം നമുക്ക്
ഓണമില്ലെടി കുഞ്ഞേച്ചി
കുട്ടേട്ടൻ തീരെ കിടപ്പിലല്ലേ...’
‘മേലൂര് ഷാപ്പിലൊരിക്കല് കള്ളു കുടിക്കുവാ–
നൊറ്റയ്ക്കു പോയതു നേരാണേ
കള്ളു കുടിച്ചു കുടിച്ചു ഞാൻ
കയ്യീന്നു പോയത് നേരാണേ...’
താനെഴുതിയ നാടൻപാട്ടുകളിൽ അറുമുഖന് ഏറ്റവും ഇഷ്ടം ‘തക്കാക്കിലോ മുക്കാളി’ എന്ന ആൽബത്തിലെ
പണ്ടും പറഞ്ഞു ഞാൻ കുഞ്ഞാഞ്ഞോട്
ചന്തോള്ള പെണ്ണീനെ കെട്ടേണ്ടാന്ന്
ചന്തോള്ള പെണ്ണിനെ കെട്ടിയമൂലം
ആയുസ്സും പോയെന്റഴകും പോയി...
എന്ന അർഥവത്തായ ഗാനമാണ്. അങ്ങനെ എത്രയെത്ര മനോഹരഗാനങ്ങൾ... കലാഭവൻ മണിയുടെ കസെറ്റുകൾക്കായി കേരളം കാത്തുനിന്ന നാളുകൾ. പക്ഷേ, അവയുടെ രചയിതാവിനെ ആരും അത്ര ശ്രദ്ധിച്ചില്ല. പല കസെറ്റിലും പേരില്ലായിരുന്നു. ചിലതിലൊക്കെ ചെറിയ ചിത്രം കൊടുക്കാൻ നിർമാതാക്കൾ സൗമനസ്യം കാണിച്ചു. പാട്ടെഴുത്തു മാത്രം ആസ്വദിച്ചിരുന്ന അറുമുഖൻ ഇതൊന്നും ശ്രദ്ധിച്ചുമില്ല.‘എന്റെ പാട്ട് മറ്റു പലരുടെയും പേരിൽ അറിയപ്പെടുന്നതു കാണുമ്പോൾ സങ്കടമില്ലെന്നു പറഞ്ഞാൽ കള്ളമാവും. അവയൊക്കെ ഞാനെഴുതിയതാണ് എന്നറിയാവുന്ന കുറച്ചുപേരെങ്കിലും ഇവിടുണ്ട്. അവ പലതും കസെറ്റിൽ വരുന്നതിന് എത്രയോ വർഷം മുൻപേ ഞാൻ പാടി നടക്കുന്നത് എത്രയോ പേർ കണ്ടിട്ടുണ്ട്.’ അറുമുഖൻ പറഞ്ഞു.
സ്വന്തം ഈണത്തിലാണ് അറുമുഖൻ പാട്ടുകളെഴുതുന്നത്. മിക്കവയും അതേ ഈണത്തിൽത്തന്നെയാണു കസെറ്റുകളിൽ എത്തിയത്. കുഞ്ചൻ നമ്പ്യാരുടെ തുള്ളലുകൾ ആവർത്തിച്ചു വായിക്കുന്നത് ഗാനരചനയ്ക്കു സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. വാക്കുകൾ കുത്തിനിറയ്ക്കാനല്ല, എന്തെങ്കിലും ആശയം പകരാനാണ് പാട്ടുകളിലൂടെ അറുമുഖൻ ശ്രമിക്കുന്നത്. നാടൻപാട്ടുകൾ മാത്രമല്ല, ലളിതഗാനങ്ങൾക്കും തൂലിക ചലിപ്പിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരമ്മയെയും ആറ്റുകാലമ്മയെയും പ്രകീർത്തിച്ചുകൊണ്ടുള്ള ആൽബങ്ങളാണ് മണിക്കുവേണ്ടി അവസാനം എഴുതിയത്.
ഇതിനിടെ ഏതാനും സിനിമകൾക്കും അറുമുഖൻ ഗാനരചന നിർവഹിച്ചു. അതിനും നിമിത്തമായതു മണി തന്നെയാണ്. മീനാക്ഷി കല്യാണം (1998) എന്ന ചിത്രത്തിൽ നാദിർഷ സംഗീതം നൽകിയ ‘കൊടുങ്ങല്ലൂരമ്പലത്തിൽ....’ ആയിരുന്നു ആദ്യഗാനം. ആലാപനം മണി തന്നെ.
2001ൽ ഹക്കീമിന്റെ സംഗീതത്തിൽ മണി മാത്രം അഭിനയിച്ച ‘ദ് ഗാർഡ്’ എന്ന ചിത്രത്തിലെ ഏഴ് പാട്ടും അറുമുഖൻ എഴുതി. ശ്യാം ധർമൻ, രാജേഷ് എന്നിവരുടെ സംഗീതത്തിൽ എല്ലാം ആലപിച്ചതു മണി. 2002ൽ സാവിത്രിയുടെ അരഞ്ഞാണം എന്ന ചിത്രത്തിൽ ‘തോട്ടങ്കരക്കാരി...’ എന്ന ഗാനവും മണി ആലപിച്ചു. സംഗീതം നൽകിയത് എം. ജയചന്ദ്രൻ. 2005ൽ ചന്ദ്രോൽസവത്തിൽ എത്തിയപ്പോൾ മണിക്കു പകരം എം.ജി. ശ്രീകുമാർ ഗായകനായി. ‘ചെമ്പട പട...’യ്ക്കു സംഗീതം നൽകിയതു വിദ്യാസാഗർ. അതേ വർഷം തന്നെ ഉടയോൻ എന്ന ചിത്രത്തിലെ പതിനെട്ടാം പട്ട..., പൂണ്ടങ്കില..., പുതുമണ്ണ്.... എന്നീ ഗാനങ്ങൾക്ക് ഈണം നൽകിയത് ഔസേപ്പച്ചൻ. മോഹൻലാൽ, ഔസേപ്പച്ചൻ, അലക്സ്, പുഷ്പവതി എന്നിവർ ആലാപനം നിർവഹിച്ചു.
2006ൽ രക്ഷകൻ എന്ന സിനിമയിൽ അറുമുഖൻ എഴുതിയ ‘പച്ചമുളക് അരച്ച...’ എന്ന ഗാനത്തിനു സംഗീതം നൽകിയതു സഞ്ജീവ് ലാൽ.സ്വന്തം ഗാനം മറ്റൊരാളുടെ പേരിൽ അറിയപ്പെടുന്നതിന്റെ ദൗർഭാഗ്യം പേറുന്ന കലാകാരൻ കൂടിയാണ് ഇദ്ദേഹം. ‘മീശമാധവൻ’ എന്ന സിനിമയുടെ ടൈറ്റിൽ സോങ് ആയ ‘ഈ എലവത്തൂര് കായലിന്റെ കരയ്ക്കലുണ്ടൊരു കൈത...’ എന്ന മാധുരി പാടിയ മനോഹരമായ ഗാനം ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ, ഇതിന്റെ രചയിതാവ് താനാണെന്ന് അറുമുഖൻ ചൂണ്ടിക്കാട്ടുന്നു. സത്യം ഓഡിയോസ് പുറത്തിറക്കിയ ‘അമ്പടി കുഞ്ഞേലി’ എന്ന ആൽബത്തിനുവേണ്ടി വർഷങ്ങൾ മുൻപു താൻ രചിച്ച് ആലപിച്ച നാടൻപാട്ട് സിനിമയിൽ തന്റെ അനുവാദമില്ലാതെ ഉപയോഗിക്കുകയായിരുന്നു. സിനിമയുടെ അണിയറശിൽപ്പികളുമായി ബന്ധപ്പെട്ടപ്പോൾ തെറ്റ് സമ്മതിച്ചു. പ്രശ്നമുണ്ടാക്കരുതെന്ന അവരുടെ അഭ്യർഥന മാനിച്ച് മൗനം പാലിച്ചു. അറുമുഖന്റെ ആറുമക്കളിൽ ഷിജു, ഷൈൻ, ഷൈനി എന്നിവർ കലാരംഗത്തു സജീവമാണ്.
ഇരുന്നൂറോളം പാട്ടുകളാണ് മണിക്കുവേണ്ടി അറുമുഖൻ എഴുതിയത്. ഇരുവരുടെയും ജീവിതസാഹചര്യങ്ങൾ തമ്മിലുള്ള വിസ്മയകരമായ സാമ്യം കൊണ്ട് ഇവയെല്ലാം മണിയുടെ സ്വന്തം രചനകളായി ജനങ്ങൾ തെറ്റിദ്ധരിച്ചു. എന്നാൽ ചില വേദികളിൽ മണി തന്നെ ഈ ധാരണ തിരുത്തിയിട്ടുണ്ട്, തന്റെ അറുമുഖൻ ചേട്ടനെ സ്റ്റേജിലേക്ക് വിളിച്ച് ‘എന്റെ രചയിതാവ്’ എന്നു പറഞ്ഞ് ആദരിച്ചിട്ടുമുണ്ട്.