Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയിൽ നിന്ന് പാട്ടെഴുതി: ക്വീനിലെ ആ ഹിറ്റ് വരികൾ ദേ ഈ ജോയുടേതാണ് 

queen-malayalam-movie-songs

സോഷ്യൽ മീഡിയയിൽ ജോ പോളിന്റെ പ്രൊഫൈൽ തിരയുമ്പോൾ അമ്പരക്കും, ഒരു ആൽബത്തിൽ പാട്ടെഴുതിയാൽ പോലും അതിൽ തന്റെ മുഖം വയ്ക്കാനും അത് താനാണെന്ന് എല്ലാവരെയും കാണിക്കാനും ഓടി നടക്കുന്ന മനുഷ്യർക്കിടയിൽ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോലുമിടാതെ ജോ പോൾ ഒളിച്ചിരിക്കുന്നു. എഴുത്ത് എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായി കാണുന്ന ജോയെ അടയാളപ്പെടുത്താൽ "ക്വീൻ", ഇപ്പോഴും തിയറ്ററുകളിൽ ഓടുന്ന സിനിമയിലെ ഗാനത്തിന്റെ വരികൾ മാത്രം മതി. എഴുതുക എന്നതിനപ്പുറം പുറത്തേയ്ക്ക് വരുക എന്നതിൽ ലജ്ജാലുവായ ജോ പോൾ പക്ഷെ എഴുത്തിൽ അങ്ങേയറ്റം പാഷനേറ്റാണ്.

സംഗീതത്തിൽ നിന്ന് എഴുത്തിലേക്ക്...

വീട്ടിൽ എല്ലാവർക്കും സംഗീതത്തിനോട് അടുപ്പമുണ്ടായിരുന്നു, സ്വാഭാവികമായും ആ അടുപ്പം എനിക്കുമുണ്ടായി, പക്ഷേ പിന്നീട് ഹൈസ്‌കൂൾ ആയപ്പോഴേക്കും ആ ഇഷ്ടം എഴുത്തിലേയ്ക്കായി തീർന്നു. യുവജനോത്സവങ്ങളിലൊക്കെ അങ്ങനെ സ്ഥിരം എഴുത്തിലെ സാന്നിധ്യമായി. പ്രീ ഡിഗ്രി സമയം മുതൽ ചില മാസികകളിലൊക്കെ കവിതകൾ അച്ചടിച്ച് വന്നു. പ്രമുഖ പത്രങ്ങളുടെ ക്യാംപസ് പേജുകളിൽ കവിതകളും ലേഘനങ്ങളും പ്രസിദ്ധീകരിച്ചു. അങ്ങനെ എഴുത്തിനോടുള്ള അടുപ്പവും ഇഷ്ടവും കൂടിക്കൊണ്ടേയിരുന്നു. പ്രീ ഡിഗ്രി കഴിഞ്ഞു ഹോർട്ടികൾച്ചർ ആണ് പഠിച്ചത്, തൃശൂരിൽ. ആ സമയത്താണ് കവിതകളിൽ നിന്നു പാട്ടെഴുത്തിലേയ്ക്ക് ചുവടു മാറിയതും. പാട്ടെഴുതി സ്വന്തമായി സംഗീതം നൽകി നിരവധി പാട്ടുകൾ ആ പഠന കാലത്ത് യുവജനോത്സവ വേദികളിലൊക്കെ അവതരിപ്പിക്കാനായത് അധ്യാപകരുടെയും ഒപ്പം പഠിച്ചവരുടെയും സപ്പോർട്ട് കൊണ്ട് തന്നെയായിരുന്നു. 

പാട്ടെഴുത്ത്‌ അത്ര ചെറിയ മോഹമല്ല!

2000-ൽ ആണ് ആദ്യമായി ഒരു മ്യൂസിക് വിഡിയോ ആൽബത്തിന് വേണ്ടി പാട്ടെഴുതി സംഗീതം ചെയ്യുന്നത്. ഒരു ക്രിസ്ത്യൻ ഡിവോഷണൽ പാട്ടായിരുന്നു അത്. അന്ന് അതിൽ അഭിനയിച്ചത് ഉണ്ണിമേരിയായിരുന്നു. "ക്രൂശിത രൂപം നെഞ്ചിൽ ചേർക്കുന്ന നേരം..." എന്ന ആ പാട്ട് പ്രശസ്ത ഗായിക എലിസബത്ത് രാജുവാണ് പാടിയത്. പിന്നീട് ജീവിതം കുറെ മാറിപ്പോയി. 2001-ൽ നേരെ അമേരിക്കയിലേയ്ക്ക് പറിച്ചു നടപ്പെട്ടു. അതിനു ശേഷം ഏകദേശം ആറു വർഷത്തേയ്ക്ക് ഞാൻ നിശ്ശബ്ദനായിരുന്നു. എഴുത്തും പാട്ടും ഒന്നുമില്ലാതെ പഠനകാര്യങ്ങളിലും ജോലിയിലും മാത്രമായി ശ്രദ്ധ. പിന്നീട് 2007-ൽ ആണ് അടുത്ത ആൽബം ചെയ്യുന്നത്. ഒപ്പം ഫിലഡൽഫിയയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ കൂടെ ആ ആൽബം പുറത്തിറക്കി. അവർ മികച്ച സപ്പോർട്ട് ആയിരുന്നു നൽകിയത്. "എന്നെന്നും യേശുവിന്റെ " എന്ന ക്രിസ്റ്റീയ ഭക്തിഗാന ആൽബമാണ് അന്ന് ചെയ്തത്. അതിനു ശേഷം 2011-ൽ "മനസ്സ്" എന്ന ഭക്തി ഗാന ആൽബം ചെയ്തു. പ്രശസ്തരായ ഗായകർ തന്നെയാണ് ആൽബത്തിലെ ഗാനങ്ങൾക്കു വേണ്ടി അന്നും പാടിയത്‌. പിന്നീട് 2015-ൽ റാസ്പുട്ടിൻ, യു ടൂ ബ്രൂട്ടസ് എന്നീ മലയാള സിനിമകൾക്ക്‌ വേണ്ടി പാട്ടെഴുതിയിരുന്നു, പക്ഷേ എന്ത് കൊണ്ടോ രണ്ടു സിനിമകളിലെയും എന്റെ ഗാനങ്ങൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അടുത്ത വർഷത്തിലാണ് നടി മഡോണ സെബാസ്റ്റ്യന്റെ ബാന്റിന് വേണ്ടി 'വെറുതെ' എന്ന ആൽബത്തിന് വരികളെഴുതിയത്. ആ ഗാനം സോഷ്യൽ മീഡിയ ഇഷ്ടത്തോടെ ഏറ്റെടുത്തിരുന്നു. 

2017-ൽ പ്രശസ്ത സംഗീത സംവിധായകൻ അബി ടോം സിറിയക്കിന്റെ ഒരു മ്യൂസിക്കൽ ഷോർട്ട് ഫിലിമിന് വേണ്ടി പാട്ടെഴുതിയിരുന്നു. "കടലാസ്സു തോണി" എന്ന ആ ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രൂപയും അഫ്സൽ യൂസഫുമാണ് അതിലെ ഗാനങ്ങൾ ആലപിച്ചിരുന്നത്. അതിനു കുറച്ചു മുൻപാണ് "മധുമൊഴി" എന്ന സംഗീത ആൽബം പുറത്തു വരുന്നത്. അതിന്റെ സംഗീതം അപ്പു ജോൺ ആയിരുന്നു. അതിനുശേഷം നിരവധി ഷോർട്ട് ഫിലിമുകൾക്കും നിഖിൽ രംദാസിന്റെ ടിവിസി  ജിംഗിളുകൾക്കും ഒക്കെ വേണ്ടി പാട്ടെഴുതാൻ അവസരങ്ങൾ ലഭിച്ചു. കഴിഞ്ഞ വർഷം തുടക്കം മുതൽ തന്നെ 'ക്വീൻ' എന്ന ചിത്രത്തിലെ പാട്ടുകളുടെ രചന ആരംഭിച്ചിരുന്നു. 2017  എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് ഭാഗ്യം തന്ന വർഷം തന്നെയായിരുന്നു. 

സിനിമ ലോകം എന്റേതുമായിരുന്നു!

 സിനിമാ ലോകത്ത് വരുന്നവർ പറഞ്ഞു കേൾക്കാറുണ്ടല്ലോ ഒരുപാട് സിനിമയ്ക്ക് വേണ്ടി അലഞ്ഞു എന്ന്. അതേ അനുഭവം തന്നെയാണ് എനിക്കും പറയാനുള്ളത്. പാട്ടെഴുതുക എന്നത് ജീവിതത്തിന്റെ അടക്കാനാകാത്ത ആഗ്രഹങ്ങളിൽ ഒന്ന് തന്നെയായിരുന്നു. അപ്പു ജോണിനൊപ്പം ചേർന്ന് 2012  മുതൽ നിരന്തരം പാട്ടു ചെയ്യുന്നുണ്ടായിരുന്നു. എല്ലാമൊന്നും പബ്ലിഷ് ചെയ്യാൻ വേണ്ടിയായിരുന്നില്ല, ഞങ്ങൾ തന്നെ അത് ചെയ്തു ഒരു ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുകയായിരുന്നു. ആ എഴുത്ത് ഒരുപാടെന്നെ സഹായിക്കുകയും ചെയ്തു. 

നാട്ടിൽ നിന്ന് ഇത്രയുമൊക്കെ കലെയാണ്, പിന്നെയെങ്ങനെ ചാൻസ് തേടി ചെല്ലും എന്ന് ആദ്യം സംശയിച്ചെങ്കിലും സോഷ്യൽ മീഡിയയുടെ സാദ്ധ്യതകൾ മനസിലായതോടെ അതുവഴിയായിരുന്നു അന്വേഷണങ്ങൾ. ഇവിടെ കണ്ട പ്രശസ്തരായ എല്ലാ വ്യക്തികളോടും തഴക്കം ചെന്ന പ്രവർത്തകരോടും വളർന്നു വരുന്നവരോടും എല്ലാം ചാൻസ് ചോദിക്കാൻ മടി കാട്ടിയില്ല. നാട്ടിൽ അവധിക്ക് വരുമ്പോൾ പലരെയും നേരിട്ട് കാണാൻ പോകും. സിനിമയിൽ ഭാഗ്യം എന്ന വാക്കിനു പ്രസക്തി വളരെ കൂടുതലാണ് എന്ന് മനസ്സിലായത് ആ യാത്രകൾക്ക് ശേഷമാണ്. ഒരിടത്തു നിന്നും ഒരു അവസരവും ലഭിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ മനസ്സിലാകുന്നു സിനിമാ ലോകം എന്റേതും കൂടിയാണ് എന്ന്!

ഞാൻ ഇപ്പോഴും ഇവിടെ അമേരിക്കയിൽ തന്നെയാണ്. എറണാകുളത്ത് എളംകുളം ആണ് സ്വന്തം നാട്. ഇപ്പോൾ ഡാലസിൽ എച്ച് ആർ കൺസൾട്ടൻറ് ആണ്.

എൻജിനീയറിങ് കോളേജും പാട്ടിലെ വരികളും

ഞാൻ ഹോർട്ടികൾച്ചർ കോളേജിൽ ആണ് പഠിച്ചത്. പക്ഷെ എൻജിനിയറിങ്ങിന് പഠിക്കുന്ന നിരവധി സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരുടെ വൈകാരികമായ താല്പര്യങ്ങളും അനുഭവങ്ങളും ആ കോളേജും എനിക്കും പരിചിതമാണ്. പിന്നെ എന്റെ ക്യാംപസിലെ അനുഭവങ്ങളും എല്ലാം കൂടിയതാണ് ക്വീൻ സിനിമയിലെ ക്യാംപസ് പാട്ടിലുള്ള വരികൾ. 

ഇതിലെ പാട്ടുകളെയെല്ലാം യുവ തലമുറ നെഞ്ചോടു ചേർത്ത് വച്ചു എന്ന് തന്നെയാണ് ലഭിക്കുന്ന അഭിപ്രായങ്ങളിൽ നിന്ന് മനസ്സിലാകുന്നത്‌. സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായങ്ങളിലും ഫ്‌ളാഷ് മോബുകളിൽ പാട്ടുകൾ ഉപയോഗിക്കുന്നതിലൂടെയും ഒക്കെ ആ പാട്ടുകൾ എന്തുമാത്രം സ്വീകരിക്കപ്പെട്ടു എന്ന് വ്യക്തമാകുന്നുണ്ട്‌. 

'ക്വീൻ' മ്യൂസിക്‌ ഡയറക്റ്റർ ജേക്സ് ബിജോയ്‌ - യെ കുറിച്ച് പറയാൻ വാക്കുകളില്ല. ഏതു തരത്തിലുള്ള സംഗീതമാണ് തന്റെ പാട്ടുകൾക്ക്‌ വേണ്ടതെന്നു അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്‌. 'ക്വീൻ'-ലെ ആ പാട്ടുകളെയൊക്കെ അദ്ദേഹം വളരെ മനോഹരമായി അവതരിപ്പിക്കുകയും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു. ചിത്രത്തിലെ "വെണ്ണിലവേ..." എന്നതൊഴിച്ച്‌ ബാക്കിയുള്ള ഗാനങ്ങൾക്ക്‌ ഞാനാണ് വരികൾ എഴുതിയിരിക്കുന്നത്. പൊന്നും കസവിട്ട്... എന്നൊരു ഗാനം ചെയ്തിരുന്നെങ്കിലും അത് സിനിമയിൽ ഉണ്ടായില്ല. 

പുതിയ പ്രോജക്ടുകൾ

നിർമ്മൽ സഹദേവിന്റെ സംവിധാനത്തിൽ പൃഥ്വിരാജിന്റെ "രണം" എന്ന ചിത്രത്തിന് വേണ്ടി പാട്ട്‌ എഴുതുന്നുണ്ട്. ജേക്സ് ബിജോയ് ആണ് രണത്തിന്റെയും സംഗീത സംവിധാനം. മറ്റു രണ്ടു പ്രോജക്ടുകൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. പിന്നെ ഷോർട്ട് ഫിലിമുകൾ, ജിംഗിൾസ് ഒക്കെ ചെയ്യുന്നുണ്ട്. 

ക്വീൻ ലെ പാട്ടുകൾ ദേ ഇതാണ്!

നാല് പാട്ടുകളാണ് ക്വീൻ നു വേണ്ടി എഴുതിയത്.

1 . സാറേ ഞങ്ങളിങ്ങനാ...

ഇത് കോളേജിലെ ആദ്യ വർഷ കുട്ടികളുടെ പാട്ടാണ്. ക്യാംപസിലെ അവരുടെ ആഘോഷമാണ് ഇത്. പ്രൊഫഷണൽ കോളേജിലെ കുട്ടികൾ പാടി തകർക്കുന്ന പോലെയുള്ള പാട്ടാണ് ജേക്സ് ആവശ്യപ്പെട്ടത്. ഇത് ഇനി ഞങ്ങളുടെ ലോകം എന്ന മട്ടിലുള്ള പാട്ട്. കോളേജിൽ അടിച്ചു പൊളിക്കുകയും അതേ സമയം പരീക്ഷണങ്ങളിൽ നിന്നും പരീക്ഷകളിൽ നിന്നുമൊക്കെ രക്ഷിക്കണേ എന്ന് പാടുന്ന വരികളാണ് ആ ഗാനത്തിലുള്ളത്‌. യുവാക്കൾ നന്നായി ആ പാട്ട് സ്വീകരിച്ചു. 

2 . പൊടി പാറണ തേരാണേ...

കോളേജിലെ ഓണാഘോഷത്തിന് വേണ്ടി എല്ലാരും ചേർന്ന് പാടി ആഘോഷിക്കുന്ന പാട്ടാണിത്. എല്ലാ വിഷമങ്ങളും മറന്നു എല്ലാവരും ഒന്നായി ആഘോഷിക്കുന്ന ഗാനം. നായികയുടെ സാന്നിധ്യവും ഈ പാട്ടിലുണ്ട്. 

3 . ആരാണ്ടാ ആരാണ്ടാ...

മെക്ക് ആന്തം എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം ഒരു മുദ്രാവാക്യം വിളിയുടെ ശൈലിയാണ്. ഇതിലെ മെലഡി ഭാഗത്തിനാണ് ഞാൻ വരികൾ എഴുതിയത്, ബാക്കി വാമൊഴിയായി പാടി വന്നിട്ടുള്ളതാണ്. 

4 . പൊന്നും കസവിട്ട്...

നേഹ എസ് നായർ പാടിയ ഈ ഗാനം സിനിമയിൽ ഉണ്ടായിരുന്നില്ല. എൻജിനീയറിങ് കോളേജിൽ ചേർന്ന് പഠിക്കാൻ വരുന്ന നായികയുടെ ബാല്യകാല ഓർമ്മകളൊക്കെയാണ് ഈ വരികളിൽ. ക്വീനിൽ എഴുതിയ പാട്ടുകളിൽ എനിക്കേറെ പ്രിയം ഈ പാട്ട്‌ തന്നെയായിരുന്നു. 

ഈ പാട്ടുകൾ കൂടാതെ, സിനിമയുടെ ബാക്ക്ഗ്രൗണ്ട്‌ സ്കോറിന്റെ ഭാഗമായി വരുന്ന 'സമാഗമ സാഗരമേ', 'മായില്ല ഞാൻ' എന്നീ ചെറുഗാനങ്ങൾക്കും വരികൾ എഴുതാൻ സാധിച്ചു.

എല്ലാവരോടും നന്ദി ആ പാട്ടുകൾക്ക്...

ജേക്‌‌സിനോടും ഡിജോയോടും തീർത്താൽ തീരാത്ത നന്ദിയുണ്ട് ആ പാട്ടുകൾ എനിക്ക് തന്നതിന്. ഫെയ്‌സ്ബുക്കിൽ 2017 തുടക്കത്തിൽ ഡിജോ ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് ക്വീനിലേയ്ക്ക്‌ അഭിനേതാക്കളെ തിരഞ്ഞുകൊണ്ടുള്ള ഒന്നായിരുന്നു. ഞാൻ പക്ഷേ "പാട്ടെഴുതാൻ താല്പര്യമുണ്ട്" എന്ന് പറഞ്ഞാണ് ഡിജോയെ കോണ്ടാക്റ്റ്‌ ചെയ്തത്. ഇത്തരം അവസരങ്ങളിൽ ഒരു വലിയ 'നോ' ആണ് സാധാരണ തിരിച്ച്‌ കേൾക്കുക. പക്ഷെ ഡിജോ 'നോ' പറഞ്ഞില്ല, പകരം മ്യൂസിക്ക്‌ ഡയറക്റ്റർ ജേക്സിനെ കോണ്ടാക്റ്റ് ചെയ്യൂ എന്നാണ് പറഞ്ഞത്‌. എന്റെ ലിറിക്കൽ വർക്കുകൾ കണ്ടിഷ്ടപ്പെട്ടാണ് ജേക്സ്‌ 'സാറേ' എന്ന പാട്ടിന്റെ സംഗീതം അയച്ചു തരുന്നത്‌. അത് എഴുതിക്കഴിഞ്ഞ ശേഷമാണ് മറ്റു പാട്ടുകൾ തന്നത്. ഓരോ പാട്ടിന്റെയും കഥാ സന്ദർഭവും വേണ്ട കാര്യങ്ങളും ജേക്സ് പറഞ്ഞു തന്നിരുന്നു. മാത്രമല്ല എനിക്ക് പൂർണമായ സ്വാതന്ത്ര്യവും തന്നിരുന്നു. ഒരു മ്യുസീഷൻ കൂടിയായ ഡിജോ പറഞ്ഞിരുന്നു, ക്വീനിലെ ഓരോ പാട്ടിന്റെയും പദപ്രയോഗത്തിൽ പോലും വ്യത്യസ്തത വേണമെന്ന്. ക്വീനിലെ ഓരോ ഗാനത്തിന്റെയും വരികളിൽ വ്യത്യസ്തത കൊണ്ടുവരാൻ  ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്‌. പ്രേക്ഷകർ എല്ലാ ഗാനങ്ങളും ഏറ്റെടുത്തതിൽ വളരെ സന്തോഷം. 

എഴുത്തുമാത്രമല്ല വായനയുമുണ്ട്..

എഴുത്തിനോട് തീർത്താൽ തീരാത്ത കമ്പമുണ്ട്. വായന ലേശം കുറവായിരുന്നു, എന്നാൽ ഈ വർഷത്തെ പ്രതിജ്ഞ വായന കൂട്ടുക എന്നത് തന്നെയാണ്. കയ്യിൽ കിട്ടുന്നതെന്തും വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.

കുടുംബം

ഭാര്യ ധന്യ . രണ്ടു കുട്ടികൾ, സാമുവലും ഐസെയയും. മൂന്നു പേരും ഡാലസിൽ എന്റെ ഒപ്പമുണ്ട്‌. അമ്മയും അച്ഛനും നാട്ടിൽ എറണാകുളത്താണ് താമസം. അവരുടെ സപ്പോർട്ട് പറയാതിരിക്കാനാവില്ല. എഴുതാനിരിക്കുമ്പോൾ നമ്മൾ പലപ്പോഴും വേറെ ലോകത്തെത്തും. കുടുംബത്തെ  പോലും മറക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട്‌. ആ സമയത്തൊക്കെ എല്ലാ കാര്യങ്ങളും എന്റെ കുറവ്‌ അറിയിക്കാതെ മുന്നോട്ട്‌ കൊണ്ടു പോവുന്ന ധന്യ തന്നെയാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്.