നഷ്ട പ്രണയം അങ്ങനെയാണ്. മനസിലേക്കു മറ്റൊരാൾ വന്നാലും ഒരുപാടു നല്ല കൂട്ടുകാരുണ്ടെങ്കിലും ആ പ്രണയത്തിന്റെ ഓർമകൾ ഒരു വിങ്ങലായി ഉള്ളിലെപ്പോഴുമുണ്ടാകും. മായാതെ മറയാതെ. ആ മൂഡിലുള്ളതാണീ ഗാനവും. ക്വീൻ എന്ന ചിത്രത്തിലെ വെണ്ണിലവേ എന്ന പാട്ട് ആ വാക്കു പോലെ മനോഹരമാണ്. മനസു തൊടുന്ന ഗാനം. പാട്ടിലെ നായകന്റെ ചിരിയും നായികയുടെ കരുതലും അവരുടെ കൂട്ടുകാരുടെ മണ്ടത്തരങ്ങളും പിന്നെ ഈ ഈണവും പ്രേക്ഷകർക്കിഷ്ടമായി. പാട്ട് യുട്യൂബ് ട്രെൻഡിങിൽ ഒന്നാമതാണ്.
ജേക്സ് ബിജോയ് ഈണമിട്ട പാട്ടിനു വരികൾ ജ്യോതിഷ്.റ്റി.കാശിയുടേതാണ്. ഹരിശങ്കർ, സൂരജ് സന്തോഷ്, സിയ ഉൾ ഹഖ്, അജേയ് ശ്രാവൺ എന്നിവർ ചേർന്നാണീ പാട്ടു പാടിയത്. യാത്ര ചെയ്യുന്നേരമൊക്കെ കേൾക്കാൻ തോന്നുന്ന പാട്ടുകളുടെ ചേലാണ് ഈ ഗാനത്തിനും. ഇളംകാറ്റു മനസിനു സുഖം പകരുന്ന ഈണം. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും നന്മയും കുസൃതികളുമുള്ള ദൃശ്യങ്ങളും കൂടിയാകുമ്പോൾ പാട്ട് പ്രിയങ്കരമാകുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്വീൻ.