നർമത്തിലൂടെ സിനിമയിലും സ്റ്റേജ് ഷോകളിലും മലയാളിയെ കയ്യിലെടുത്ത താരമാണ് രമേഷ് പിഷാരടി. നർമവുമായി പിഷാരടി എത്തിയപ്പോഴെല്ലാം മലയാളി സ്വയം മറന്നു ചിരിച്ചു. എന്നാൽരമേഷ് പിഷാരടി ഇത്ര നല്ല ഗായകനായിരുന്നു എന്ന് മലയാളി മനസ്സിലാക്കാൻ വൈകി.
അമ്മ ദുബായ് ഷോയുടെ ഭാഗമായി നടത്തിയ റിഹേഴ്സലിൽ രമേഷ് പിഷാരടി പാട്ടുപാടുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അകലെ അകലേ നീലാകാശം എന്ന ഗാനം ജ്യോത്സനക്കൊപ്പം പാടുകയാണ് രമേഷ് പിഷാരടി. ഗാനം കഴിയുന്നതോടെ പിഷാരടിയുടെ ചെവിക്കു പിടിക്കുകയാണ് മനോജ് കെ. ജയൻ. സംഗതി മറ്റൊന്നുമല്ല യഥാർഥത്തിൽ പാട്ടുപാടുന്നത് മധുബാലകൃഷ്ണനാണ്. രമേഷ് പിഷാരടി ഗാനം അനുകരിക്കുകയാണ്.
എന്നാല്‍ പിന്നീട് പാട്ടുപാടി ആദ്യം ചെവിക്കു പിടിച്ചവരെ കൂടി ഞെട്ടിച്ചു കളഞ്ഞു രമേഷ് പിഷാരടി. 'ഇന്ദ്രവല്ലരി പൂചൂടി വരും' എന്ന ഗാനമാണ് രമേഷ് പിഷാരടി ആലപിക്കുന്നത്. ആദ്യം ചെവിക്കു പിടിച്ചെങ്കിലും പിഷാരടിയുടെ രണ്ടാമത്തെ പാട്ടു കേട്ടു മനോജ് കെ. ജയന് അതിശയം. പിഷാരടിയുടെ പാട്ടുകേട്ട ഗായിക ജ്യോത്സന അഭിനന്ദിക്കുന്നതും വിഡിയോയിലുണ്ട്.
ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് രമേഷ് പിഷാരടിയുടെ പാട്ട് വിഡിയോ. നിരവധി പേർ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രതികരണമാണു ലഭിക്കുന്നത്. പിഷാരടി സൂപ്പറാണെന്നാണു പലരുടെയും കമന്റ്. മുന്‍പ് ധർമജനൊപ്പം മൊഴിമാറ്റ ഗാനവുമായി എത്തി പിഷാരടി ആസ്വാദക ഹൃദയത്തിൽ ചിരിപടർത്തിയിരുന്നു. ഈ വിഡിയോ പോലെ തന്നെ പുതിയ വിഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ