ക്വീൻ എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും വൈറലായിരുന്നു. അക്കൂട്ടത്തിൽ തീയറ്ററുകളിൽ ആവേശത്തിന്റെ വെന്നിക്കൊടി പാറിച്ച പാട്ടാണ് ഓണം സോങ്. സ്കൂളിലായാലും കോളജിലായാലും ഓണാഘോഷം അത്രമാത്രം സ്പെഷ്യലാണല്ലോ. പഠനത്തിന്റെ തിരക്കുകളൊക്കെ മാറ്റിവച്ച് ഒരു ദിവസം കളിയും സദ്യയുമൊക്കെയായി എല്ലാവരും തിമിർക്കും. അതിനേക്കാളുപരി എല്ലാവരും വലിയ കൗതുകത്തിലുമായിരിക്കും. എത്ര മനോഹരമായാണ് കൂട്ടുകാരനും കൂട്ടുകാരിയുമൊക്കെ ഒരുങ്ങി വരുന്നത് എന്നറിയാൻ. ആ കൗതുകവും കോളജിലെ ഓണത്തിന്റെ ആർപ്പുവിളിയുമെല്ലാം ചേർന്നൊരു തകർപ്പൻ പാട്ട് എത്തിയിട്ടുണ്ട് ക്വീൻ എന്ന ചിത്രത്തിൽ നിന്ന്. 'പൊടിപാറണ' എന്ന പാട്ട് ജേക്സ് ബിജോയ് ആണു ചിട്ടപ്പെടുത്തിയത്. ജോ പോൾ ആണു എഴുതിയത്. അജേയ് ശ്രാവണും കേശവ് വിനോദും സുനിൽ കുമാറും ചേർന്നാണു പാട്ടു പാടിയത്.
അണിഞ്ഞൊരുങ്ങിയ ഗജവീരൻ നിറഞ്ഞു നിൽക്കുന്ന പശ്ചാത്തലത്തിൽ കോളജിലെ ഓണാഘോഷത്തിന്റെ ശ്രദ്ധ മുഴുവൻ തന്നിലേക്കാക്കി കൊണ്ട് കടന്നുവരികയാണ് നായിക. ഏതൊരാളേയും കൊതിപ്പിക്കുന്നൊരു എൻട്രി. പെൺകുട്ടിയായി ഇവൾ മാത്രമുള്ള മെക്കാനിക്കൽ എഞ്ചിനീയറിങ് ക്ലാസിലെ ആഘോഷമാണ് പാട്ടിൽ മിന്നി നിൽക്കുന്നത്. അവളാണ് ആ ആഘോഷത്തിന്റെ ശ്രദ്ധാകേന്ദ്രവും നിയന്ത്രണവും. അവളുടെ വരവും അവളെ നോക്കിയുള്ള കൂട്ടുകാരൻമാരുടെ നിൽപും അവൾ വന്നെത്തിയ ശേഷമുള്ള ആരവവുമൊക്കെ അത്രമേൽ രസകരമായി പാട്ടിൽ പകർത്തിയിട്ടുണ്ട്. ഓണപ്പാട്ടുകളുടെ അവിസ്മരണീയമായ താളം പോലെ മനോഹരമാണ് ഈ ഈണവും. നായിക സാനിയയും ചിത്രത്തിലെ നായകൻമാരും പാട്ടും ഡാൻസും കളിയുമായി രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പാട്ട് കാണുമ്പോൾ നമ്മുടെ മനസ്സിലും നിറയും ആ പഴയ കോളജ് കാലത്തെ ഓണാഘോഷത്തിന്റെ ലഹരി. ക്വീനിലെ മറ്റെല്ലാ പാട്ടുകളേയും പോലെ ഇതും യുട്യൂബിൽ ട്രെന്‍ഡിങ് ആണ്.
ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ക്വീൻ.