ശങ്കർ മഹാദേവന്റെ 'ഒടിയൻ' പാട്ട്

മഹാമൗനത്തിന്റെ താഴ്‌വരയിൽനിന്ന് ഒരു സംഗീതം ഒഴുകിയെത്തുകയാണ്, നിശബ്ദ താളത്തിൽ. നട്ടുച്ചകള്‍ക്കു പോലും അർധരാത്രിയുടെ ലാസ്യഭാവം. കാതോർത്താൽ കേൾക്കാം കാലഘട്ടങ്ങൾക്കപ്പുറത്തെ രാക്കിളിയുടെ പാട്ട്. കാറ്റു പോലും നിശബ്ദതയിലേക്ക് വഴിമാറി. നിശയുടെ നിഗൂഢതയില്‍ കാൽപ്പെരുമാറ്റം. നിലാവെട്ടത്തിൽ, യുഗങ്ങൾ താണ്ടി അയാൾ വരികയാണ്, ഒടിയൻ മാണിക്യൻ; പ്രഭയോടുള്ള തീവ്രപ്രണയവും രാവുണ്ണിയോടുള്ള പകയുമായി.

'ഒടിയൻ' എന്ന പേരിൽ തുടങ്ങുന്നു ആ സിനിമയുടെ നിഗൂഢത. നിശബ്ദയിൽ നിന്നാണ് ഒടിയന്റെ ആവിർഭാവം. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ സംഗീതം പിറവിയെടുത്തതും നിശബ്ദതയിൽ നിന്നാണ്. പകലിരവുകളിൽ ഒടിയന്റെ സാമീപ്യമറിഞ്ഞ നിമിഷങ്ങളെ ഓർത്തെടുക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ എം ജയചന്ദ്രൻ.

ഒടിയനിലെ ഗാനങ്ങളെക്കുറിച്ച്...

തികച്ചും വ്യത്യസ്തമായ ഒരു വിഷയമാണ് ഒടിയൻ. കാരണം, ഒടിയന്റെ ജീവിതകഥ മുന്നോട്ട് പോകുന്നത് വ്യത്യസ്തമായ കാലഘട്ടങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ പല കാലത്തെ ജീവിതങ്ങൾക്കൊപ്പമാണ് ഇതിലെ പാട്ടുകളും മുന്നോട്ട് പോകുന്നത്. ഒരു പാട്ട് മാത്രമാണ് ഫാന്റസി മൂഡിൽ ഉള്ളത്. ബാക്കി നാലു പാട്ടുകളും നിഗൂഢത നിറഞ്ഞവയാണ്. നാടോടി ഗാനങ്ങളോടു സാമ്യമുള്ള ഇവയ്ക്കായി നാടോടി സംഗീതോപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഒടിയന്റെ വിചാരങ്ങള്‍ക്കും വികാരങ്ങള്‍ക്കുമാണ് ഈ പാട്ടുകളിൽ പ്രാധാന്യം.

പ്രഭാ വർമ, റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരാണ് ഗാനങ്ങൾ എഴുതിയത്. മനോഹരമായ വരികള്‍ക്കാണ് സംഗീതം ഒരുക്കിയിരിക്കുന്നതെന്ന് നിസ്സംശയം പറയാം.

ഒടിയന്‍ സ്വപ്ന സാഫല്യം

ഒരു സ്വപ്നം യാഥാർഥ്യമായതാണ് ഒടിയൻ. കാരണം ഒരു സംഗീത സംവിധായകനെ സംബന്ധിച്ചിടത്തോളം വ്യത്യസ്തത നിറഞ്ഞ ഗാനങ്ങൾ ഒരുക്കുക എന്നതായിരിക്കും സ്വപ്നം. ചിന്തകളെ പറത്തിവിട്ട് സംഗീതമൊരുക്കാൻ ഒടിയനില്‍ സാധിച്ചു. നമുക്കു നമ്മെത്തന്നെ മറികടക്കാനാവുന്ന സാഹചര്യങ്ങൾ വളരെ അപൂർവമാണ്. ഈ സിനിമ എനിക്കു നല്‍കിയത് അങ്ങനെ ഒരു അവസരമായിരുന്നു. ഇതുവരെ ചെയ്തതിനെയെല്ലാം മറികടക്കുന്നതാണ് ഒടിയനിലെ സംഗീതം. പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരാൻ സാധിച്ച ഒരു വലിയ പ്ലാറ്റ്ഫോം ആയിരുന്നു ഒടിയൻ. അതുകൊണ്ടാണ് ഇതൊരു സ്വപ്നം യാഥാര്‍ഥ്യമായ അവസ്ഥയാണെന്ന് പറയുന്നത്. 

ഒടിയന്റെ സാമീപ്യമറിഞ്ഞ ഗാനങ്ങൾ

മനുഷ്യനുള്ളിലെ ഈണങ്ങളാണ് ഒടിയന്റെ സംഗീതം. നമുടെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന സംഗീതത്തിന്റെ ചില ഘടകങ്ങളുണ്ട്. അവയെ തൊട്ടുണർത്താനാണ് ഇതിലെ ഗാനങ്ങളിലൂടെ ശ്രമിക്കുന്നത്. ഒരു മനുഷ്യനിലെ നിഗൂഢതയും ആർദ്രതയും അയാളുടെ സന്തോഷവുമെല്ലാം നമുക്ക് കൃത്രിമമായി നിര്‍മിക്കാന്‍ കഴിയില്ല. അതു ജന്മസഹജമായിരിക്കും. ഓരോരുത്തരിലും ഇതെല്ലാം വ്യത്യസ്ത അളവിലായിരിക്കും ഉണ്ടാവുക. ഒടിയന്റെ മനസ്സിന്റെ ഗ്രാഫാണ് ഞാൻ ഈ പാട്ടുകളിലൂടെ വരച്ചുകാണിക്കാൻ ആഗ്രഹിക്കുന്നത്. അതിൽ കൃത്രിമമായി ഒന്നും ചേർക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം ഈ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുമ്പോൾ പൂർണമായും ആ കഥാപാത്രത്തിന്റെ സാമീപ്യമറിഞ്ഞിരുന്നു. നമ്മൾ അയാളാണെന്നു തോന്നുന്ന നിമിഷങ്ങളിലാണ് ഈ സിനിമയ്ക്ക് സംഗീതം ഒരുക്കിയത്. 

ഒടിയനിലെ പ്രതീക്ഷ

ശ്രേയ ഘോഷാലും സുദീപ് കുമാറും ചേർന്ന് പാടിയ ഒരു പാട്ടുണ്ട് ഒടിയനിൽ. അത് ചിത്രീകരണം പൂർത്തിയായി കണ്ടപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തോന്നിയത്. പ്രതീക്ഷയ്ക്കും അപ്പുറം നിൽക്കുന്നതാണ് ആ ഗാനം. പ്രഭയുടെയും മാണിക്യന്റെയും പ്രണയമാണ് ആ ഗാനത്തിൽ ഉള്ളത്. അത് പെട്ടെന്ന് ആളുകളുടെ മനസ്സിലേക്ക് എത്തുമെന്നാണ് വിശ്വാസം. മറ്റൊന്ന് ശ്രേയ പാടുന്ന ഒരു ഗാനമാണ്. അത് എളുപ്പത്തിൽ ആളുകൾ മൂളാൻ സാധ്യതയുള്ളതാണെന്നാണ് വിലയിരുത്തൽ. ശങ്കർ മഹാദേവൻ പാടിയ ‘ഒടിയാ..’ എന്ന ഗാനം ഒടിയന്റെ മാനസികാവസ്ഥയെയാണ് ചിത്രീകരിക്കുന്നത്. എം.ജി. ശ്രീകുമാർ പാടിയതാണ് മറ്റൊരു ഗാനം. ഒടിയൻ വളരുന്ന സാഹചര്യങ്ങളാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. മോഹൻലാൽ പാടുന്നതാണ് അഞ്ചാമത്തെ ഗാനം. അത് ചിത്രത്തിൽ ഓരോ ഭാഗങ്ങളിലായാണ് ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ ഓരോ പാട്ടും വ്യത്യസ്തത നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ തീർച്ചയായും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.