Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'96'ലെ ആ സംഗീതത്തിന് പിന്നിൽ...

96music

മ്യൂസിക് ബാന്‍ഡുകളോടുള്ള മലയാളിയുടെ ഹരത്തെ ആവോളമുയര്‍ത്തിയ പാട്ടു സംഘങ്ങളിലൊന്നാണ് തൈക്കൂടം ബ്രിഡ്ജ്. സ്വന്തം പാട്ടുകളും ഷോകളുമായി വേദികളില്‍ നിന്നു വേദികളിലേക്ക് പാറിപ്പോകുമ്പോഴും ആ സംഘത്തിലെ ഓരോരുത്തരം തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവുമൊടുവിലത്തേതാണ് ഗോവിന്ദ് മേനോന്റെ ഈ പാട്ട്. സംഘത്തിലെ വയലിന്‍ വായനക്കാരനായ, താടിക്കാരന്‍ പയ്യന്‍ സംഗീത സംവിധാന രംഗത്ത് ചുവടുറപ്പിക്കുകയാണ്. മൂന്നാം ചിത്രം തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളായ വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 96 ആണ്. ചിത്രത്തിന്റെ ആദ്യ ടീസറിലെ സംഗീതം ശ്രദ്ധ നേടുമ്പോള്‍ പാട്ടു വിശേഷങ്ങളുമായി ഗോവിന്ദിനൊപ്പം.

മൂന്നാം ചിത്രം കിടുക്കി!

ഇതെന്റെ മൂന്നാമത്തെ ചിത്രമാണ്. ആദ്യ രണ്ടു ചിത്രങ്ങളുടേയും ഛായാഗ്രാഹകനായ വ്യക്തിയാണ് ഈ സിനിമയുടെ സംവിധായകന്‍. അങ്ങനെയാണ് ഈ അവസരം കിട്ടിയത്. സംഘത്തിലെ എല്ലാവരേയും എനിക്കറിയാം. ചിത്രത്തിന് സ്‌ക്രിപ്റ്റ് ഒരുക്കുമ്പോഴേ ഈ പ്രോജക്ടുമായി അടുപ്പമുണ്ട്. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഞാന്‍ തന്നെയാണു ചെയ്യുന്നത്. 

വലിയ സംഭവം ആകുമെന്നുകരുതിയില്ല

ടീസറിന് ഞാന്‍ പ്രതീക്ഷിക്കാത്തത്രയും പ്രതികരണമാണ് കിട്ടുന്നത്. ചിത്രത്തിലെ വേറൊരു പാട്ടാണ് ടീസറില്‍ ഉപയോഗിച്ചത്. ടീസര്‍ ആകുമ്പോള്‍ അതിലെ സംഗീതം എത്രമാത്രം ആളുകള്‍ ശ്രദ്ധിക്കും എന്നറിയില്ലല്ലോ. പക്ഷേ ഇവിടെ അങ്ങനെ ആയിരുന്നില്ല. വലിയ ശ്രദ്ധ നേടി പാട്ട്. വിക്രം വേദയുടെ സംവിധായകരായ പുഷ്‌കര്‍-ഗായത്രി സംഘമൊക്കെ അഭിനന്ദനം അറിയിച്ചിരുന്നു. റിമ കല്ലിങ്കലും ആഷിഖ് അബുവും ഇതേ അഭിപ്രായം പറഞ്ഞു. ഒത്തിരി സന്തോഷം. നമ്മള്‍ പ്രതീക്ഷിക്കാതെ ഒരു കാര്യം ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ വലിയ സര്‍പ്രൈസ് ആയി തോന്നില്ലേ. വലിയ സംഭവം ആകുമെന്നു ഒരിക്കലും കരുതിയതേയില്ല. 

ബാന്‍ഡും സിനിമയും ഒപ്പം വേണം

ബാന്‍ഡിന്റെ പുതിയ ആല്‍ബം ഒന്നു രണ്ടു മാസത്തിനുള്ളില്‍ റിലീസ് ആകും. ബാന്‍ഡും സംഗീത സംവിധാനവും ഒരുമിച്ച് കൊണ്ടുപോരാനാണ് ശ്രമവും ആഗ്രഹിക്കുന്നതും. ബാന്‍ഡിലെ ഗിത്താറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരാണ് സിനിമയിലെ ഓര്‍ക്കസ്ട്രയിലുമുള്ളത്. ബാന്‍ഡിലെ കൂട്ടുകാരും വീട്ടുകാരും ഒരുപാട് സഹകരിക്കുന്നതു കൊണ്ട് രണ്ടും നന്നായി കൊണ്ടുപോകാനാകുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഏത് നല്ല പ്രോജക്ട് വന്നാലും ചെയ്യണമെന്നാണ് ആഗ്രഹം. നിലനില്‍ തമിഴ് സിനിമ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.