കുന്നിൻ ചെരുവിൽ നിന്ന് എത്തിനോക്കുന്ന സൂര്യൻ. പുലരിയുടെ പൊൻവെളിച്ചം. കഴുത്തിലെ മണിക്കിലുക്കവുമായി നടന്നു നീങ്ങുന്ന കാളക്കുട്ടൻമാർ. കാളവണ്ടിയുടെ താളത്തിനൊപ്പം ഒരു ഗാനം ഒഴുകി വരികയാണ്. 'നിലാ പൊങ്കൽ ആയേലോ'... ഒരു ദിനത്തിന്റെ എല്ലാ പ്രസരിപ്പും ആവാഹിക്കുന്നതായിരുന്നു ആ സ്വരം. വർഷങ്ങൾക്കിപ്പുറം മലയാളി ആ ശബ്ദം കേൾക്കുന്നത് ചാർളിയിലെ 'അകലെ' എന്ന ഗാനത്തിലാണ്.
ചുരമിറങ്ങുന്ന പാലക്കാടൻ കാറ്റിന് ഒരു രാഗവും താളവുമുണ്ട്. തമിഴകം ചുറ്റിവരുന്ന കാറ്റിനു മണ്ണിന്റെ മണവും. ആ പാലക്കാടൻ കാറ്റുമായി മലയാളത്തിന്റെ സ്വരമായി വീണ്ടും എത്തുകയാണ് മാൽഗുഡി ശുഭ. ആ ശബ്ദത്തോടു മലയാളിക്ക് എന്നും ഒരു പ്രിയമുണ്ട്. മാൽഗുഡി ശുഭയ്ക്ക് മലയാളത്തോടും. മലയാളത്തെ ഒത്തിരി സ്നേഹിക്കുന്ന മാൽഗുഡി ശുഭയുടെ പാട്ടുവിശേഷം.
മലയാളിയുടെ സംഗീതത്തിന് മതമില്ല
സംഗീതത്തെ ഒരുപാട് സ്നേഹിക്കുന്നവരാണ് മലയാളികൾ. നല്ല ആസ്വാദകരും. പാട്ടുകളോട് അത്രയും ഇഴുകി ചേർന്നാണ് മലയാളിയുടെ ജീവിതം. വളരെ വലിയൊരു സംഗീത ലോകമാണ് കേരളത്തിന്റെത്. ഒരുപാട് ജൂനിയറും സീനിയറുമായ ഗായകരെ ഇന്ത്യൻ സംഗീതത്തിനു മലയാളം സമ്മാനിച്ചു. പ്രത്യേകിച്ച് കേരളത്തിലെ ചാനലുകളിലുണ്ടാകുന്ന റിയാലിറ്റി ഷോകള്‍. മറ്റു സംസ്ഥാനങ്ങളേക്കാൾ സംഗീതം പഠിക്കുന്നവരുടെ എണ്ണം പോലും കേരളത്തിൽ കൂടുതൽ ആണ്.
തമിഴ്നാട്ടിലൊക്കെ ഇപ്പോഴും സവർണ വിഭാഗത്തിൽപ്പെട്ടവർ തന്നെയാണ് കൂടുതലായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നത്. സംഗീത പഠനത്തിലുമുണ്ട് ഇൗ വേർതിരിവ്. അടുത്ത കാലത്തായി ഇൗ രീതിക്ക് ചില മാറ്റങ്ങൾ വരുന്നുണ്ട്.
എന്നാൽ, കേരളത്തിൽ സംഗീതത്തിന് ജാതിയോ മതമോ ഇല്ലെന്നാണ് എനിക്കു മനസിലായത്. എല്ലാ മതസ്ഥരും സംഗീതത്തെ പ്രണയിക്കുന്നവർ. അവരെല്ലാം സംഗീതം പഠിക്കുന്നു. അതാണ് എന്നെ ആകർഷിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകം.
കേരളത്തിലെ അത്രയും സംഗീത പ്രാവിണ്യമുള്ള ആളുകളെ മറ്റൊരു സംസ്ഥാനത്തും ഞാൻ കണ്ടിട്ടില്ല. എത്രയോ കാലമായി കേരളത്തിൽ എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും സംഗീതം പഠിക്കുന്നു. അതൊരു വലിയ കാര്യമാണ്. ജാതിയും മതവും നോക്കാതെ എല്ലാവരും സംഗീതം പഠിക്കട്ടെ. അതാണ് എനിക്കു പറയാനുള്ളത്.
എന്നെ കുഴക്കിയ 'ഴ'യും 'ര'യും
ഒരുപാട് നല്ല അനുഭവം മാത്രം എനിക്ക് സമ്മാനിച്ച സ്ഥലമാണ് കേരളം. വളരെ കുറച്ചു പാട്ടുകളാണ് ഞാൻ മലയാളത്തിൽ പാടിയത്. പക്ഷെ, അതെല്ലാം മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയവയായിരുന്നു. അതിൽ നിലാപൊങ്കലായാലോ, അകലേ, മച്ചാനെ വായെൻ മച്ചാനെ വാ ഇതെല്ലാം മലയാളിക്ക് എന്നും പ്രിയപ്പെട്ട പാട്ടുകളാണ്. ഒടുവിൽ പാടിയ 'പാലക്കാടൻ കാറ്റേ' എന്ന ഗാനവും മലയാളികൾ ഇഷ്‍ടപ്പെട്ടു തുടങ്ങി എന്ന് അറിയാൻ കഴിഞ്ഞു.
മലയാള ഭാഷ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ, പഠിക്കാൻ ഏറ്റവും പ്രയാസവും മലയാളമാണ്. ഴ, ര എന്നീ അക്ഷരങ്ങള്‍ എപ്പോഴും പറയാൻ കഴിയില്ലായിരുന്നു. എന്റെ ഭർത്താവിന്റെ അമ്മ മലയാളിയാണ്. പഴയ പാട്ടുകാരി കമല കൈലാസ നാഥനെ മലയാളി മറന്നുകാണില്ല. അവർ തിരുവനന്തപുരം സ്വദേശിനിയാണ് അമ്മയോടു സംസാരിച്ചാണ് ഞാൻ ഈ 'ഴ'യും 'ര'യും നേരെ ഉച്ഛരിക്കാൻ പഠിച്ചത്. അതെനിക്ക് വളരെ പ്രയാസമായി തോന്നിയിരുന്നു.
ആരാധന വേണ്ടത് സംഗീതത്തോട്
സംഗീതത്തെ വളരെ കാര്യമായി കാണുന്നതു കൊണ്ടായിരിക്കും ആരാധകരെപ്പറ്റി ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല എന്നതാണ് വസ്തുത. എല്ലാവരോടും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. എന്നോട് ആരാധനയുള്ളവരുണ്ടാകാം ഇല്ലാത്തവരുണ്ടാകാം. വ്യക്തി ആരാധനയിലും മുകളിൽ നിൽക്കണം സംഗീതത്തോടുള്ള ആരാധന. അതുകൊണ്ടു തന്നെ മാൽഗുഡി ശുഭ എന്ന വ്യക്തിയോടല്ല ആരാധന വേണ്ടത്. മറിച്ച് എന്റെ സംഗീതത്തോട് ആർക്കെങ്കിലും ഇഷ്ടം തോന്നുമ്പോൾ അത് ആസ്വാദകര്‍ പറയുമ്പോൾ വല്ലാത്ത സന്തോഷം തോന്നും.
എല്ലാ പുരസ്കാരങ്ങളെങ്ങളെക്കാളും വലിയ പുരസ്കാരം ആസ്വാദകരുടെ നല്ല വാക്കാണെന്നു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇന്ന് ഒരുപാട് ഉയരങ്ങളിൽ നിൽക്കുന്നവർ നാളെ നിലം പതിച്ചേക്കാം. അതുകൊണ്ടു നമ്മൾ ഒരിക്കലും നമുക്ക് ലഭിക്കുന്ന അംഗീകാരത്തിൽ അഹങ്കരിക്കാതെ മുന്നോട്ടു പോകുമ്പോൾ വിശാലമായ ലോകം നമുക്കു മുന്നിലുണ്ടാകും.
എന്റെ ശബ്ദം എനിക്കു കിട്ടിയ വരദാനം
ഒരിക്കലും എന്റെ ശബ്ദം കാരണം എനിക്കൊരു മോശം അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. കാരണം മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമാണ് എന്റെ ശബ്ദം. അതിൽ ഞാൻ വളരെ സന്തോഷവതിയാണ്. എന്റേത് ഒരു മധുരതരമായ ശബ്ദമല്ല. അത്തരം ശബ്ദങ്ങൾ നിരവധിയുണ്ട്. പി സുശീല, എസ് ജാനകി, കെ എസ് ചിത്ര ഇവരെല്ലാം അങ്ങനെ മധുരമായ ശബ്ദത്തിന്റെ ഉടമകളാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ശബ്ദത്തിലുള്ള ഗാനങ്ങള്‍ പാടാൻ എനിക്ക് നിരവധി അവസരങ്ങൾ വരും.
രതിയുടെ ഭാവത്തിലും ഭക്തിയുടെ ഭാവത്തിലുമുള്ള പാട്ടുകൾ ഞാൻ നിരവധി പാടിയിട്ടുണ്ട്. കൂടുതൽ വെസ്റ്റേൺ പോപ്പ് ഗാനങ്ങളാണ് പാടുന്നത്. എന്നാൽ നിരവധി ഭജനകളും ഇതിനോടകം പാടി. അങ്ങനെ രണ്ട് വ്യത്യസ്ത തലങ്ങളിലുള്ള ഗാനങ്ങൾ ഒരുപോലെ പാടാൻ കഴിയുന്നതല്ലേ ഒരു ഗായികയുടെ ഭാഗ്യം? അത് തീർച്ചയായും എനിക്കുണ്ട്. അതുകൊണ്ടുതന്നെ എന്റെ ശബ്ദത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്.
ഞാൻ എന്റെ ഓരോ പാട്ടും ആസ്വദിച്ചാണ് പാടാറുള്ളത്. കേൾവിക്കാർ എന്റെ പാട്ട് ആസ്വദിക്കുന്നുണ്ടെങ്കിൽ ഞാൻ കൂടുതൽ സന്തോഷവതിയാകും. കൂടുതൽ നന്നായി എനിക്ക് പാടാൻ കഴിയും. കൂടുതലും അടിപൊളി പാട്ടുകളാകും പാടുക. അപ്പോൾ പ്രേക്ഷകർ നമ്മോടൊപ്പം ആടിപ്പാടും. അതെനിക്ക് വലിയ ഇഷ്ടമാണ്. മാനത്തെ ചന്തിരനൊത്തൊരു എന്ന ചന്ദ്രലേഖയിലെ ഗാനം പോലുള്ള പാട്ടുകൾ എനിക്കു സ്റ്റേജ് ഷോകളില്‍ പാടാൻ ഇഷ്ടമാണ്.
മറക്കില്ല, 'യോദ്ധാ'യിലെ കോറസ്
അയ്യർ ദി ഗ്രേറ്റ് എന്നൊരു സിനിമ വന്നിരുന്നു.അതിൽ എം എസ് വിശ്വനാഥൻ ഒരു പരസ്യ ജിംഗിൾ ചെയ്തിരുന്നു. അതായിരുന്നു മലയാളത്തിനു വേണ്ടി ആദ്യം ചെയ്തത്. അന്ന് എന്റെ പേരു പോലും ആ സിനിമയിൽ വന്നില്ല. എന്നാൽ അത് വലിയൊരു അനുഭവമായിരുന്നു. കാരണം എം എസ് വിശ്വനാഥൻ സാറിനു വേണ്ടി ഒരു ഗാനം ആലപിക്കാൻ കഴിഞ്ഞതു തന്നെ വലിയ ഭാഗ്യമായി കാണുന്നു ഞാൻ. കോദണ്ഡപാണി സ്റ്റുഡിയോയിലായിരുന്നു ആ ഗാനത്തിന്റെ റെക്കോർഡിങ് ഉണ്ടായിരുന്നു. നല്ല രാശിയുള്ള സ്റ്റുഡിയോ ആണ് അത്. അവിടെയായിരുന്നു തുടക്കം. അതിനു പിറകെയാണ് എ ആർ റഹ്മാന്റെ സംഗീതത്തിലുള്ള യോദ്ധായിൽ എനിക്കു പാടാൻ അവസരം ലഭിച്ചത്. അതു കൊണ്ടു തന്നെ ആ സിനിമയിലെ കോറസ് എനിക്കു മറക്കാനാകില്ല.
മറ്റുഭാഷകളിൽ നിന്നു മലയാളം പാടുമ്പോൾ വലിയ ബുദ്ധിമുട്ടുണ്ടാകും. കാരണം, എന്റെ ശബ്ദം ഒരു പ്രത്യേക ശബ്ദമാണല്ലോ. തമിഴിൽ എനിക്ക് കുറെ ദപ്പാംകൂത്ത് പാട്ടുകൾ ലഭിക്കും. മലയാളം പാട്ടുകൾ എപ്പോഴും വ്യത്യസ്തമാണ്. പാട്ടുപാടവാ.. ആട്ടമാടവാ.. ഈ ഗാനവും നിലാപൊങ്കലായേലോ... എന്ന ഗാനവും എത്രമാത്രം വ്യത്യസ്തമാണ്. പലതരത്തിലുള്ള പാട്ടുകൾ എനിക്കു മലയാളത്തിൽ പാടാൻ കഴിഞ്ഞിട്ടുണ്ട്. മലയാളം പാട്ടുകളാണ് എന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല പാട്ടുകളായി എനിക്കു തോന്നുന്നത്.
ഹൃദയത്തിൽ 'നിലാപൊങ്കലായേലോ'
നിലാപൊങ്കലായേലോ, അകലെ.. എന്നീ ഗാനങ്ങളാണ് മലയാളത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകള്‍. ഞാൻ പാടിയ മുഴുവൻ പാട്ടുകളുമെടുത്ത് ഏതാണ് എനിക്ക് ഏറ്റവും പ്രിയമെന്ന് ചോദിച്ചാൽ അത് 'നിലാപൊങ്കലായേലോ' ആണ്.
ഇനി മലയാളത്തിൽ ഏതു പാട്ടുകാരെയാണ് കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ മലയാളത്തിലെ പാട്ടുകാർ എനിക്കു ഭക്ഷണം പോലെ പ്രിയപ്പെട്ടതാണെന്ന് വേണമെങ്കിൽ പറയാം. കാരണം ഒരു ദിവസം നമ്മൾ തൈര് സാദം കഴിക്കും. പിറ്റേന്ന് ചിലപ്പോൾ പൊങ്കലിനോടായിരിക്കും പ്രിയം. അങ്ങനെയാണ് എനിക്കു മലയാളി ഗായകരുടെ പാട്ടുകള്‍.
ഇന്ന് യേശുദാസിന്റെ ശബ്ദത്തോടാണ് പ്രിയമെങ്കിൽ നാളെ ചിലപ്പോൾ ഉണ്ണി മേനോനാകാം. ഇന്ന് സുശീലാമ്മയും ജാനകിയമ്മയുമാണെങ്കിൽ നാളെ ചിത്രയും സുജാതയുമാകും. ഒരു കുട്ടിയാണെങ്കിലും ഞാൻ അവരുടെ പാട്ടുകള്‍ കേട്ടിരിക്കും. അതിൽ നിന്നു നമുക്കെത്രയോ പഠിക്കാനുണ്ട്. അതുകൊണ്ടു തന്നെ എല്ലാവരുടെയും പാട്ടുകൾ കേൾക്കും.
പാലക്കാടൻ കാറ്റിന്റെ പ്രതീക്ഷ
ഞാൻ പാടിയ പാട്ടുകളിൽ എറ്റവും മികച്ച ഒരു പാട്ടായി 'പാലക്കാടൻ കാറ്റ്' എന്ന ഗാനം മാറുമെന്നാണ് പ്രതീക്ഷ. മനോഹരമായ വരികളും സംഗീതവുമാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. മൂന്നോ നാലോ ദിവസം എടുത്തു ആ പാട്ടിന്റെ റെക്കോർഡിങ്. പക്ഷെ എനിക്കത് വളരെ രസകരമായ അനുഭവമായിരുന്നു . മലയാളത്തിലെ മറക്കാനാവാത്ത പാട്ടോർമയാകും ആ പാട്ട്.