റിയാലിറ്റി ഷോകളിൽ പാട്ടിന്റെ ഇഴ കീറി പരിശോധിച്ച് സംഗതികളെക്കുറിച്ചു വാചാലനാകുന്ന വിധികർത്താവ്, സ്റ്റുഡിയോയിൽ സംഗതികളിട്ട് ഗായകരെ വെള്ളം കുടിപ്പിക്കുന്ന സംഗീത സംവിധായകൻ... ഇതൊക്കെയാണ് സംഗീത സംവിധായകൻ ശരത്തിനെപ്പറ്റി ഏതൊരു മലയാളിയുടെയും മുൻധാരണകൾ. എന്നാൽ ഇതൊക്കെ തിരുത്തിക്കുറിച്ച് അസലൊരു ഡപ്പാംകൂത്ത് പാട്ടുമായി സംഗീത ആസ്വാദകരെ ഞെട്ടിച്ചിരിക്കുകയാണ് ശരത്. നവാഗതനായ അൽത്താഫ് സംവിധാനം ചെയ്യുന്ന 'നീലി' എന്ന ചിത്രത്തിലാണ് ശരത്തിന്റെ ചുവടുമാറ്റം. ‘തൽക്കാലം ഞാൻ സംഗതിയൊക്കെ കെട്ടിപ്പൂട്ടി വച്ചു’ - ചെറിയൊരു ചിരിയോടെ ശരത് നയം വ്യക്തമാക്കുന്നു.
ഈ ഡപ്പാംകൂത്ത് പാടിയത് ശരത്താണോ!
നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിൽ ഒരു പാട്ടു പാടുന്നത്. അതും ഒരു ഡപ്പാംകൂത്ത്. സെമി ക്ലാസിക്കൽ പാട്ടുകൾ പാടി ആളുകളുടെ മനസ്സിൽ കിടക്കുന്നതു കൊണ്ട് പെട്ടെന്ന് ഒരു ഡപ്പാംകൂത്ത് പാട്ടു കേട്ടപ്പോൾ ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. അതു ഞാനാണു പാടിയിരിക്കുന്നത് എന്നു തോന്നിയില്ലെന്നു പറഞ്ഞ് കുറെ പേർ വിളിച്ചു. എനിക്ക് ഇങ്ങനെയുള്ള പാട്ടുകളും ഇഷ്ടമാണ്. പാട്ട് പാട്ടായി ഇരുന്നാൽ മതിയല്ലോ. അപ്പോൾ ഈ പാട്ടു തന്നെ പാടാമെന്നു തീരുമാനിച്ച് പാടി. ആളുകൾക്ക് ഇഷ്ടമായെന്ന് അറിയുന്നതിൽ സന്തോഷം.
കേൾക്കാൻ രസമുള്ള പാട്ട്
ഇവൻ മേഘരൂപനിലെ 'ആണ്ടലോണ്ടെ' പോലെ തുടങ്ങുന്ന ഒരു സംഭവം വേണമെന്നാണ് ഹരിനാരായണനോട് ആവശ്യപ്പെട്ടത്. പ്രത്യേകിച്ച് അർഥമൊന്നും ഇല്ലെങ്കിലും കേൾക്കാൻ സുഖമുള്ള ഒരു വാക്കു വച്ച് പാട്ടു തുടങ്ങണം. ഞാൻ എന്തൊക്കെയോ വാക്കുകൾ വച്ച് ട്യൂൺ കൊടുക്കുകയായിരുന്നു. പിന്നെയാണ് 'പൂമിഗാറെ... താനഗാറെ... ഉലിയനുട്ടാറെ' എന്ന് ഹരിനാരായണൻ എഴുതി തരുന്നത്. വയനാട്ടിലെ ആദിവാസികളുടെ പാട്ടുകളിൽ നിന്ന് ഊർജ്ജമുൾക്കൊള്ളുന്ന വരികളാണത്.
ബോംബെ ജയശ്രീയുടെ 'എൻ അൻപേ'
ബോംബെ ജയശ്രീ എനിക്കു വേണ്ടി ഇതിനു മുൻപ് പാടിയിട്ടുണ്ട്. അതു പക്ഷേ, സിനിമയ്ക്കു വേണ്ടിയായിരുന്നില്ല. എനിക്ക് അവരെ നന്നായി അറിയുകയും ചെയ്യാം. എൻ അൻപേ എന്ന പാട്ടിന് ആരു വേണമെന്ന ചർച്ച വന്നപ്പോൾ, ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ചെയ്യുന്നത് മംമ്ത ആയതിനാൽ അവർക്കു ചേരുന്ന ഒരു ശബ്ദം വേണമെന്ന അഭിപ്രായം വന്നു. ബോംബെ ജയശ്രീയുടെ ശബ്ദം യോജിക്കുമെന്നു പറഞ്ഞപ്പോൾ എല്ലാവർക്കും താൽപര്യം. അങ്ങനെ അത് സംഭവിക്കുകയായിരുന്നു. വളരെ നല്ല പ്രതികരണമാണ് പാട്ടിനു ലഭിക്കുന്നത്
അത്ഭുതപ്പെടുത്തിയ ഹരിനാരായണൻ
നീലിക്കായി വരികളെഴുതിയത് ഹരിനാരായണനാണ്. ആദ്യം ട്യൂണിട്ട് പിന്നീടു വരികളെഴുതുന്ന രീതിയാണ് പിന്തുടർന്നത്. ഹരിക്കൊപ്പം വർക്ക് ചെയ്യണമെന്ന് ഞാനും നേരത്തെ ആഗ്രഹിച്ചിരുന്നു. ഹരിക്കു മൊത്തത്തിൽ വലിയ എക്സൈറ്റ്മെൻറ് ആയിരുന്നു. ട്യൂൺ കേട്ട് എഴുതിത്തന്ന വരികളിൽ അധികം തിരുത്തലുകൾ ഒന്നും വന്നില്ല. ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത് ഹരിക്കു പെട്ടെന്നു മനസ്സിലാക്കാനും കഴിഞ്ഞു.
സ്വതന്ത്ര സംഗീത ആൽബം പണിപ്പുരയിൽ
സുജിത്ത് വാസുദേവന്റെ ഓട്രഷ എന്ന സിനിമയാണ് ഇനി വരാനിരിക്കുന്ന ചിത്രം. അതുകഴിഞ്ഞ് അജിത് കുമാറിന്റെ സിനിമ ചെയ്യുന്നുണ്ട്. തെലുങ്കിലെ സിനിമ സെപ്റ്റംബറിലാണ് തുടങ്ങുക. സുധി നാരായണന്റെ പുതിയ പ്രോജക്ടിലും ഞാനുണ്ട്. സ്വതന്ത്ര സംഗീത ആൽബങ്ങൾ ചിലതു പണിപ്പുരയിലാണ്. ചിത്ര ചേച്ചിയുടെ കൂടെ ചെയ്ത ഗ്രീൻ സിംഫണി പോലെയുള്ള സ്വതന്ത്ര സംഗീത സംരംഭങ്ങൾക്ക് ആസ്വാദകരുണ്ട്. തീർച്ചയായും അധികം വൈകാതെ അത്തരമൊരു വർക്ക് പ്രതീക്ഷിക്കാം.
പുതിയ ഗായകർ കഴിവുള്ളവർ
കുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. അവർ എത്രത്തോളം ഫോക്കസ് ചെയ്യുന്നുവോ അതുപോലെ ഗുണവും ഉണ്ടാകും. സംഗീതം എപ്പോഴും പരിപോഷിപ്പിക്കേണ്ട ഒന്നാണ്. അതിനുള്ള ഊർജമുണ്ടാകണം. സിനിമയിൽ ഒരു പാട്ടു പാടി ഹിറ്റായിക്കഴിഞ്ഞാൽ എല്ലാം ആയെന്നു ധരിച്ചാൽ അതോടെ തീർന്നു. പഠിക്കാൻ കുറെയുണ്ട്.