Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പാട്ടു കേട്ടാല്‍ ആരും പറയും, രേവ സൂപ്പറാ!

reva music

വയലിന്‍ പഠിക്കാന്‍ പോകാന്‍ വിളിക്കുമ്പോള്‍ മടി പിടിച്ചു മാറി നിന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. വിരലുകള്‍ ചെറുതായിരുന്നതിനാല്‍ വയലിനില്‍ സ്വരസ്ഥാനങ്ങള്‍ വായിക്കാന്‍ ഏറെ ബുദ്ധമുട്ടിയിരുന്ന ഒരു കുട്ടി. മൃദംഗ വിദ്വാനായ മുത്തച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു പഠനം. വര്‍ഷങ്ങള്‍ക്കിപ്പുറം, നല്ല ശമ്പളവും ഗ്ലാമറുമുള്ള ജോലി വേണ്ടെന്നു വച്ച് മുത്തച്ഛന്റെ സംഗീതവഴി തന്നെ ആ പെണ്‍കുട്ടി തെരഞ്ഞെടുത്തു. സ്ത്രീകള്‍ അധികമേറെ കൈവച്ചിട്ടില്ലാത്ത സംഗീതസംവിധാനരംഗത്തു തന്റേതായ വഴി കണ്ടെത്തുകയാണ് രേവ എന്ന രേവതി വിശ്വനാഥന്‍. 

കുഞ്ചാക്കോ ബോബനും നിമിഷ സജയനും മുഖ്യവേഷത്തിലെത്തുന്ന 'മാംഗല്യം തന്തുനാനേന' എന്ന ചിത്രത്തിലൂടെ രേവ മലയാള സിനിമാസംഗീതലോകത്തേക്ക് എത്തുകയാണ്. ഇളയരാജയെയും എ.ആര്‍ റഹ്മാനെയും ഇഷ്ടപ്പെടുന്ന രേവയുടെ സംഗീതത്തിനുമുണ്ട് ഒരു മാജിക്. 'മെല്ലെ മുല്ലെ...' എന്ന ആദ്യ ഗാനത്തിലൂടെ തന്നെ രേവ അത് തെളിയിക്കുന്നു. ശബ്ദബാഹുല്യമില്ലാതെ ആസ്വാദകന്റെ ഹൃദയത്തിലേക്കു ഒഴുകി വരുന്ന ഫാസ്റ്റ് നമ്പറാണ് രേവയുടെ ഈ ഗാനം. കേട്ടു കഴിയുമ്പോള്‍ ആരും പറഞ്ഞു പോകും, രേവ സൂപ്പറാ!

സ്വദേശം പാലക്കാട്, ജീവിതം സംഗീതം

ഞാന്‍ പാലക്കാടുകാരിയാണ്. മുത്തച്ഛനില്‍ നിന്നാണ് എനിക്ക് സംഗീതം ലഭിച്ചത്. ഞങ്ങളുടേത് ഒരു സംഗീത കുടുംബമാണ്. എന്റെ മുത്തച്ഛന്‍ അറിയപ്പെടുന്ന ഒരു മൃദംഗ വിദ്വാനാണ്. പാലക്കാട് ആര്‍. ശേഷാമണി. ഞാന്‍ ജനിച്ചപ്പോള്‍ മുത്തച്ഛന്‍ പറഞ്ഞു, എന്നെ വയലിന്‍ പഠിപ്പിക്കണമെന്ന്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഞാന്‍ വയലിന്‍ പഠിച്ചു തുടങ്ങിയത്. അതാണ് എനിക്ക് സംഗീതത്തില്‍ ശക്തമായ അടിത്തറ നല്‍കിയത്. പാലക്കാട് സ്വാമിനാഥന്‍ സര്‍ ആണ് എന്റെ ഗുരു. എന്നെ സംഗീതത്തില്‍ കൊണ്ടു വന്നതിനും പിടിച്ചു നിറുത്തിയതിനുമുള്ള ഖ്യാതി അമ്മ ശാരദാംബാളിനാണ്. പ്ലസ്ടു വരെ പാലക്കാടു തന്നെയാണ് പഠിച്ചത്. ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ വേണ്ടി ചെന്നൈയിലേക്കു പോകുകയായിരുന്നു. അവിടെ തന്നെ ജോലിയും കിട്ടി. അങ്ങനെ ചെന്നൈയില്‍ ആയി താമസം.

സംഗീതസംവിധാനം തന്നെ സ്വപ്നം

പാട്ടുപാടാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ, എന്റെ ഇഷ്ടം സംഗീതസംവിധാനത്തിലായിരുന്നു. ഗായിക ആയിട്ടല്ല, സംഗീതസംവിധായിക ആയിട്ട് അരങ്ങേറ്റം കുറിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതിനായി ഞാന്‍ കാത്തിരുന്നു. അതിനിടയില്‍ മ്യൂസിക് പ്രോഗ്രാമിങ് പഠിച്ചെടുത്തു. എന്റെ മാമന്‍ രാമനാഥന് ചെന്നൈയില്‍ ഒരു മ്യൂസിക് സ്റ്റൂഡിയോ ഉണ്ട്. അവിടെ നിന്നാണ് മ്യൂസിക് പ്രൊഡക്ഷന്റെ സാങ്കേതികത പഠിച്ചത്. ജോലിക്കിടയിലാണ് ആദ്യമൊക്കെ ഇങ്ങനെ ചെയ്തത്. അഞ്ചു വര്‍ഷത്തോളം ജോലിയും സംഗീതവും ഒരുമിച്ചു കൊണ്ടു പോയി. മൂന്നു വര്‍ഷം മുന്‍പ് പൂര്‍ണമായും സംഗീതത്തിലേക്ക് തിരിഞ്ഞു. ആ തീരുമാനം നിര്‍ണായകമായിരുന്നു. 

സിനിമയിലേക്കുള്ള വഴി

ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മാംഗല്യം തന്തുനാനേന എന്ന സിനിമയിലേക്കു എനിക്കു വഴി തെളിയുന്നത്. സൗമ്യ സദാനന്ദന്റെ സിനിമയിലേക്കു സംഗീതസംവിധായകരെ തേടുന്നു എന്നൊരു പോസ്റ്റായിരുന്നു. നേരത്തെ ചെയ്തു വച്ചിരുന്ന മെലഡിയാണ് അയച്ചുകൊടുത്തത്. അങ്ങനെയാണ് ഈ സിനിമയില്‍ അവസരം ലഭിക്കുന്നത്. അയച്ചുകൊടുത്തത് മെലഡിയായിരുന്നുവെങ്കിലും സിനിമയില്‍ ഒരു ഫാസ്റ്റ് നമ്പറാണ് ചെയ്തിരിക്കുന്നത്. അതും ഒരു കല്ല്യാണത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലെ പാട്ട്. ഫാസ്റ്റ് നമ്പറായാലും ഓര്‍ക്കസ്‌ട്രേഷന്‍ ഇല്ലാതെ ആളുകള്‍ക്ക് പാടാന്‍ കഴിയുന്ന ഒരു പാട്ടായിരിക്കണം എന്നു തീരുമാനിച്ചിരുന്നു. ആത്മാവില്‍ മെലഡിയുള്ള ഫാസ്റ്റ് നമ്പര്‍ എന്ന രീതിയിലാണ് ഗാനത്തെ സമീപിച്ചത്. അത് ആളുകള്‍ ഇഷ്ടപ്പെടുന്നതില്‍ സന്തോഷം. 

REVA

ആദ്യഗാനത്തെ കുറിച്ച്

ക്‌നാനായ വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയില്‍ ഗാനം വരുന്നത്. ആഘോഷത്തിന്റെ ഉത്സാഹം അടയാളപ്പെടുത്തുന്നതിനായി ഒന്നിലധികം പേര്‍ പാടുന്നുണ്ട്. ജോബ് കുര്യന്‍, ദീപേഷ്, അലന്‍സിയര്‍, വിജയരാഘവന്‍, ശാന്തികൃഷ്ണ എന്നിവര്‍ക്കൊപ്പം ഞാനും ശബ്ദം നല്‍കിയിട്ടുണ്ട്. ആദ്യമായി ഗാനം ചെയ്യുമ്പോള്‍ ഒരു പുതിയ ഗായകന് അവസരം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ദീപേഷിന് അവസരം നല്‍കുന്നത്. 

ജിങ്കിള്‍സ് ചെയ്ത് തുടക്കം

എട്ടുവര്‍ഷമായി സംഗീതരംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. സംഗീതത്തില്‍ തന്നെ വരണം എന്നെനിക്ക് വലിയ ആഗ്രഹമായിരുന്നു. ആദ്യം ലഭിച്ചത് ജിങ്കിള്‍സ് ചെയ്യാനുള്ള അവസരങ്ങളായിരുന്നു. വിജയ് ടിവി, എഫ്.എം സ്റ്റേഷന്‍സ് തുടങ്ങിയവയില്‍ മ്യൂസിക് പ്രൊഡക്ഷന്‍ ചെയ്തു തുടങ്ങി. പിന്നീട് സ്വതന്ത്ര ആല്‍ബങ്ങള്‍ ചെയ്തു. കവര്‍ സോങ്‌സ് പരീക്ഷിച്ചു. ഇളയരാജയുടെയും എ ആര്‍ റഹ്മാന്റെയും ഗാനങ്ങള്‍ മെഡ്‌ലിയായി അവതരിപ്പിച്ചു. അതിനൊപ്പം എന്റെ ഒരു ഈണവും അവസാനം ചേര്‍ക്കും. ഇതിന് നല്ല പ്രതികരണം ലഭിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചു.

യാ യാ ചെന്നൈ

ചെന്നൈ നഗരത്തിന് വേണ്ടി ഒരു പാട്ടു ചെയ്തത് പ്രത്യേക അനുഭവമായിരുന്നു. ഒരു ക്ലൈന്റിന് വേണ്ടി ചെയ്തതാണ്. പക്ഷേ, ആ ഗാനം ചെന്നൈ വാസികള്‍ ഏറ്റെടുത്തു. അതു കേട്ട് ഇഷ്ടപ്പെട്ടിട്ട് കാരൈക്കുടിയ്ക്കു വേണ്ടി ഒരു ഗാനമൊരുക്കാന്‍ എനിക്ക് ക്ഷണം ലഭിച്ചു. ഇപ്പോള്‍ കാരൈക്കുടിയില്‍ എവിടെ പോയാലും ആ ഗാനം കേള്‍ക്കാം. തമിഴ്‌നാട്ടില്‍ വന്നിട്ട് ഇവിടത്തെ സംസ്‌കാരത്തിന്റെ ആത്മാവ് ചോരാതെ ഒരു ഗാനമൊരുക്കുക എന്നത് വെല്ലുവിളിയായിരുന്നു. ആ ഗാനങ്ങള്‍ ഹിറ്റ് ആയപ്പോള്‍ വലിയ സന്തോഷം തോന്നി. മനസു നിറയുന്ന അനുഭവം.   

രേവ സംവിധാനം ചെയ്ത 'യാ യാ ചെന്നൈ'

തീരുമാനം എന്റേത്

ചലച്ചിത്രമേഖലയില്‍ പല തരത്തിലുള്ള അനിശ്ചിതത്വങ്ങള്‍ ഉണ്ട്. എങ്കിലും, തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. നമുക്ക് ഇഷ്ടമില്ലാത്ത ആളുകളുടെ കൂടെ ജോലി ചെയ്യാതിരിക്കാമല്ലോ. കാര്യങ്ങളില്‍ വ്യക്തതയും ബോധ്യവും ഉണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കാനില്ല. സംഗീതം ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒരു പ്രത്യേക അനുഭവമാണ്. അതില്‍ ഇരുന്നാല്‍ സമയം പോകുന്നതേ അറിയില്ല. ഞാനത് ആസ്വദിക്കുന്നു. സിനിമാസംഗീതരംഗം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്നു കരുതുന്നില്ല. തീരുമാനം നമ്മുടേതാണ്.

രേവ സംവിധാനം ചെയ്ത 'നമ്മ കരൈക്കുടി'