കലാഭവന്‍ മണിയുടെ കഥ പറഞ്ഞ ചിത്രം 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യിലൂടെ ചലച്ചിത്ര സംഗീത രംഗത്ത് എത്താനായതിന്റെ സന്തോഷത്തിലാണ് സംഗീത നായര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പാട്ടിനോടൊപ്പം കൂടിയ സംഗീത ഇപ്പോള്‍ 'ധ്രുവ' എന്നു പേരിട്ടൊരു സംഗീത സംഘം കൂടി രൂപപ്പെടുത്തിയിരിക്കുന്നു. സംഗീത വിശേഷങ്ങളുമായി സംഗീത നായര്‍...
പൊടിതട്ടിയെടുത്ത പാട്ട്...
ഒരു വലിയ ബ്രേക്കിനു ശേഷമുള്ള തുടക്കമാണിത്. മൂന്നു നാലു വര്‍ഷമേ ആയിട്ടുള്ളൂ പുനരാരംഭിച്ചിട്ട്. സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ പാട്ടു തന്നെയായിരുന്നു ഏറെയിഷ്ടം. മത്സരങ്ങളൊക്കെയായി സജീവമായിരുന്നു. പിന്നീട് വിവാഹവും ബാങ്കിലെ ജോലിയുമൊക്കെയായി പാട്ടു വിട്ടുപോയി. പിന്നീട് രണ്ടാമത്തെ മകള്‍ കൂടിയായപ്പോള്‍ ജോലി വിടേണ്ടി വന്നു. ഇനിയെന്തെന്ന് ആലോചിച്ചിരിക്കുമ്പോഴാണു പാട്ടു മുന്‍പിലേക്കു വന്നത്. പണ്ട് സ്വപ്‌നം കണ്ടിരുന്നതായതു കൊണ്ടു പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. എന്തു കാര്യവും ഒരിടവേളയ്ക്കു ശേഷം തുടങ്ങുമ്പോള്‍ ഒരു ബുദ്ധിമുട്ടില്ലേ. ശരിയ്ക്കും പൊടിതട്ടിയെടുക്കലായിരുന്നു. കര്‍ണാടക സംഗീതം വീണ്ടും പഠിച്ചു തുടങ്ങി അങ്ങനെ. ശ്രീലതാ പ്രകാശ് ആണ് ഗുരു.
ആ സമയത്തു വെറുതെ ശബ്ദം എങ്ങനെയുണ്ടെന്ന് അറിയാന്‍ വേണ്ടി സ്റ്റുഡിയോയില്‍ പോയി ഒരു പാട്ട് റെക്കോഡ് ചെയ്തു നോക്കി. 'സ്വര്‍ണമുകിലേ' എന്ന പാട്ടായിരുന്നു അത്. ആ വിഡിയോ കൂട്ടുകാരെയൊക്കെ കാണിക്കാന്‍ വേണ്ടി ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തു. ഞാന്‍ പ്രതീക്ഷിക്കാത്ത പ്രതികരണമാണു കിട്ടിയത്. പാട്ടുമായി പോകാം എന്നൊരു ധൈര്യം തന്നത് ആ പ്രതികരണങ്ങളായിരുന്നു.
പാട്ട് വന്ന വഴി
വീണ്ടും സംഗീതരംഗത്തെത്തി. പക്ഷേ, സിനിമയിൽ പാടിയതു തികച്ചും അപ്രതീക്ഷിതമായി സംഭവിച്ചതാണ്. രണ്ടു വര്‍ഷം മുന്‍പു ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ സാറിന്റെ വീട്ടില്‍ നടന്നൊരു പരിപാടിയില്‍ സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു ഞാന്‍. അന്ന് അദ്ദേഹം പാട്ടുകേട്ടു സിനിമയില്‍ എന്തെങ്കിലുമൊരു അവസരം വരുന്നെങ്കില്‍ നോക്കാം എന്നു പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതേയില്ല അദ്ദേഹം ഓര്‍ത്തിരിക്കും എന്റെ കാര്യമൊക്കെയെന്ന്. എന്തായാലും കുറച്ചു നാള്‍ മുന്‍പ് അദ്ദേഹം തന്നെ വിളിച്ചിട്ടു പറഞ്ഞു, ബിജിബാലിന്റെ സ്റ്റുഡിയോയിലേക്കു ചെല്ലൂ...വോയ്‌സ് ഒന്നു നോക്കാം എന്ന്. അങ്ങനെയാണു പാട്ടു പാടാനായത്. തീരെ വിചാരിച്ചിരുന്നേയില്ല സര്‍ എന്റെ സ്വരവും പേരും ഓര്‍ത്തുവയ്ക്കും എന്ന്. ആ മനസ്സിനെ ഈ നിമഷം ഓര്‍ക്കുന്നു.
ചിത്രത്തിൽ ബിജിബാൽ സാർ ചിട്ടപ്പെടുത്തിയ ഒരു പാട്ടേയുള്ളൂ. അതാണ് ഇത്. അദ്ദേഹത്തിന്റെ പാട്ടുകളുടെ ഒരു ഭംഗിയുണ്ടല്ലോ ആ മാജിക് ഉള്ള ഗാനമാണിതും. അതുകൊണ്ടു തന്നെയാകും പാട്ടിനെ കുറിച്ച് കുറേ നല്ല വാക്കുകള്‍ കിട്ടി. സോഷ്യല്‍ മീഡിയയിലും നല്ല കാഴ്ചക്കാരുണ്ട് പാട്ടിന്.
പാടണം പഠിക്കണം
സ്റ്റേജില്‍ നിന്നു പാടുന്നതാണു കുട്ടിക്കാലം മുതല്‍ക്കേയുള്ള സ്വപ്നം. മനസ്സു നിറഞ്ഞ് പാടുക....കേള്‍ക്കാനെത്തുന്നവരുടെ മനസ്സും നിറയ്ക്കുക. അവരില്‍ നിന്നു കേള്‍ക്കുന്ന വാക്കുകളും കയ്യടികളും എന്നെന്നും സ്വപ്‌നമാണ്. ഇപ്പോള്‍ കുറേ കൂടി ഗൗരവത്തോടെ പാട്ടിനെ സമീപിക്കുമ്പോള്‍ വേറെയും കുറേ സ്വപ്‌നങ്ങള്‍. ഇപ്പോള്‍ ഒരു സംഗീത സംഘത്തിന്റെ ഭാഗമാണ്. ധ്രുവ എന്നാണു പേര്. ബാന്‍ഡ് ലോഞ്ച് കഴിഞ്ഞു. ഞങ്ങളുടേതായ കുറേ കമ്പോസിഷനുകളും അണ്‍പ്ലഗ്ഡ് വേര്‍ഷനുകളുമുണ്ട്. എല്ലാം കേള്‍വിക്കാരിലേക്ക് നന്നായി എത്തിക്കാനാകണം എന്നൊരു സ്വ്പനമുണ്ട്. പിന്നെ കര്‍ണാടക സംഗീതത്തില്‍ ഡിപ്ലോമയോ ഡിഗ്രിയോ നേടണം എന്നൊരു ചിന്തയും.
സ്റ്റേജ് പ്രോഗ്രാമുകള്‍ ഒത്തിരി ചെയ്യാറുണ്ട് ഇപ്പോള്‍. അതു വലിയ സന്തോഷമാണ്. പിന്നെ അടുത്തിടെ ഗിത്താറിസ്റ്റ് സുമേഷ് പരമേശ്വറിനോടൊപ്പം ഒരു കവർ സോങ് ചെയ്തിരുന്നു. ഡിവോഷണല്‍ ആല്‍ബങ്ങളിലും നാടകങ്ങളിലുമൊക്കെ പാടാറുണ്ട്.
കണ്ടിട്ടില്ല...
ഞാന്‍ മണി ചേട്ടനെ നേരിട്ടു കണ്ടിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ നാടിന് അടുത്താണ് എന്റെ വീട്, കൊരട്ടിയില്‍. നാടിനോടും ആ നാട്ടില്‍ നിന്നു വളര്‍ന്നു വന്ന ഒരു കലാകാരനോടും തോന്നുന്നൊരു വൈകാരിക ബന്ധമുണ്ടല്ലോ അതായിരുന്നു പാട്ടു പാടുമ്പോഴും അത് പിന്നീടു കേള്‍ക്കുമ്പോഴുമൊക്കെ മനസ്സില്‍ നിറയെ. പാട്ടിനെ കുറിച്ച് നല്ല വാക്കു കേള്‍ക്കുമ്പോള്‍ ഒരുപാടു സന്തോഷം തോന്നുന്നത് അതുകൊണ്ടു കൂടിയാണ്. ഈ സിനിമയില്‍ പതിവിനു വിപരീതമായി പാട്ടുകാരുടെ പേരാണ് ആദ്യം എഴുതിക്കാണിച്ചത്. അതൊക്കെ ഒരു പ്രത്യേക സന്തോഷമല്ലേ. ഞാനൊരുപാട് ആകാംക്ഷയോടെയും സന്തോഷത്തോടെയുമാണ് സിനിമ കണ്ടുതുടങ്ങിയത്. പക്ഷേ, അവസാനമായപ്പോള്‍ കരഞ്ഞുപോയി. ക്ലൈമാക്‌സ് ഒക്കെ അത്രമേല്‍ ഹൃദയസ്പര്‍ശി ആയിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. ഒത്തിരി സങ്കടം വന്നു. അദ്ദേഹം മരിച്ച സമയത്തൊക്കെ മനസ്സിലൊരു വല്ലാത്ത സങ്കടമായിരുന്നു. അതുപോലെ തന്നെയായിരുന്നു സിനിമ കണ്ടിറങ്ങിയപ്പോഴും. സിനിമയെ കുറിച്ച് ഒന്നും സംസാരിക്കാനാകാത്ത അവസ്ഥ. ആ മനുഷ്യനോട് മനസ്സിനുള്ളിലുള്ള ഇഷ്ടം പിന്നെയും ഒത്തിരിയാകും സിനിമ കണ്ടു കഴിയുമ്പോള്‍.
ചിത്രാമ്മയുടെ പാട്ടുകള്‍
കേട്ടു വളര്‍ന്നതും എപ്പോഴും കേള്‍ക്കാന്‍ ഇഷ്ടമുള്ളതും ചിത്രാമ്മയുടെ(കെഎസ് ചിത്ര) പാട്ടുകളാണ്. വലിയ ആരാധികയാണ്. ചിത്രാമ്മയെ കാണാനൊക്കെ പോയിട്ടുണ്ട്. എപ്പോഴും പാടാനിഷ്ടമുള്ളതും അവരുടെ പാട്ടുകള്‍ തന്നെയാണ്.
വീട്ടില്‍
ഭര്‍ത്താവ് ശൈലേഷ് നായറിനു ബിസിനസാണ്. ഐശ്വര്യയും അനന്തിതയുമാണ് മക്കള്‍. അവര്‍ സ്‌കൂളില്‍ പഠിക്കുന്നു. എല്ലാവര്‍ക്കും ഒത്തിരി സന്തോഷമാണ് ഞാന്‍ പാട്ടിലേക്കു വന്നതില്‍.