Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടുകാരി ആകണമെന്നത് അച്ഛന്റെ സ്വപ്നം : ഇന്ദുലേഖ വാര്യർ

indulekha-song-1

സ്കൂൾ കലോത്സവം തൃശൂർ വന്നപ്പോൾ തൃശൂരിലെ ഗഡീസ് ഒരു പാട്ട് അങ്ങിട്ടാ ഇറക്കി. നല്ല തൃശൂര് ഭാഷേല് ഒരു പാട്ട്. 'മാഷേ മാഷേ കണ്ടോട്ടാ പൂരം' എന്നു തുടങ്ങുന്ന ആ പാട്ട് വൈറലായി. മലയാളികളെ തൃശൂരിന്റെ കലോത്സവ വേദിയിലേക്ക് കാഴ്ചയുടെ പൂരം കാണാൻ ക്ഷണിച്ച ഇന്ദുലേഖ വാര്യർ എന്ന ആ പെൺകുട്ടി മറ്റൊരു നാടൻശീലുമായി വീണ്ടും എത്തുകയാണ്. അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സുജിത് വാസുദേവൻ സംവിധാനം ചെയ്യുന്ന ഓട്ടർഷ എന്ന ചിത്രത്തിലാണ് ഇന്ദുലേഖയുടെ പുതിയ പാട്ട്. 

പാട്ടും പറച്ചിലും ജീവശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒരു വീട്ടിൽ നിന്നാണ് ഇന്ദുലേഖയുടെ വരവ്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ജയരാജ് വാര്യരുടെ മകളാണ് ഇന്ദുലേഖ. പാട്ടിന്റെ വഴികളെക്കുറിച്ചും പുതിയ പാട്ടിനെക്കുറിച്ചും ഇന്ദുലേഖ മനോരമ ഓൺലൈനിനോട് മനസു തുറന്നു. 

ഓട്ടർഷയിലേക്ക്

ചിത്രത്തിന്റെ സംവിധായകൻ സുജിത് വാസുദേവ് വഴിയാണ് പാടാൻ അവസരം ലഭിക്കുന്നത്. അദ്ദേഹം എന്റെ പാട്ടുകൾ മുൻപ് കേട്ടിട്ടുണ്ട്. ഓട്ടർഷയിൽ തന്നെ പാട്ടെഴുതിയിട്ടുള്ള രാജീവ് നായരാണ് സുജിത്തേട്ടനെ എന്റെ പാട്ടുകൾ കേൾപ്പിച്ചത്. നേരത്തെ അച്ഛനും സുജിത്തേട്ടന് ഞാൻ പാടിയിട്ടുള്ള പാട്ടുകൾ കേൾപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ഈ പാട്ടിലേക്കെത്തിച്ചു. 

Puthu Chemba | Song Making Video | Autorsha | Sujith Vasudev | Sharreth | Anusree

ആദ്യം ടെൻഷൻ, പിന്നെ കൂൾ

ശരത് സാറാണ് സംഗീത സംവിധായകൻ എന്ന് അറിഞ്ഞപ്പോൾ നല്ല പേടിയായി. ആകെ ടെൻഷൻ അടിച്ചാണ് ചെന്നൈയിലെ സ്റ്റുഡിയോയിലേക്ക് പോയത്. എന്റെ കണക്കുക്കൂട്ടലുകൾ തെറ്റിച്ച് വളരെ കൂളായ ഒരു ശരത് സാറിനെയാണ് സ്റ്റുഡിയോയിൽ കണ്ടത്. എന്റെ ശബ്ദത്തിന് കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ക്ഷമയോടെ സമയമെടുത്ത് പാട്ടൊക്കെ പറഞ്ഞു തന്നു പാടിച്ചെടുത്തു. അദ്ദേഹത്തിന്റെ പിന്തുണ മൂലമാണ് എനിക്ക് ടെൻഷനൊക്കെ മാറ്റി വച്ച് പാടാനായത്. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്. 

സിനിമയിലെ ആദ്യ പാട്ടല്ല ഇത്

ഓട്ടർഷയ്ക്കു മുൻപും സിനിമയിൽ പാടിയിട്ടുണ്ട്. അപ്പോത്തിക്കിരിയിലെ ശീർഷക ഗാനവും തമിഴിൽ വിദ്യാസാഗർ സാറിനു വേണ്ടിയും. എങ്കിലും ഓട്ടർഷയിലെ പാട്ടാണ് ആളുകൾ ശ്രദ്ധിച്ചത്. പാട്ടിന്റെ മെയ്ക്കിങ് വിഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിൽ പാടിത്തുടങ്ങിയിട്ട് നാലു വർഷമായെന്ന് പറയാമെങ്കിലും പുതുചെമ്പാ എന്ന ഈ പാട്ടാണ് ഒരു ഗായിക എന്ന നിലയിൽ എന്നെ അടയാളപ്പെടുത്തിയത്. എന്റെ ആദ്യത്തെ സോളോ ഗാനം കൂടിയാണ് ഇത്. 

indulekha-song-2

പാട്ടു തന്നെ കൂട്ട് 

തൃശൂരിലെ പാട്ടുകൂട്ടങ്ങളിൽ പലർക്കും എന്നെ അറിയാം. 2009 മുതൽ സ്റ്റേജുകളിൽ ഞാൻ പാടാറുണ്ട്. റെക്കോർഡിംഗും ചെയ്തിട്ടുണ്ട്. എന്നാൽ അതിന് പുറത്തേക്ക് എന്നെ ആളുകൾ തിരിച്ചറിയാൻ സഹായിച്ചത് ഈ പാട്ടാണ്. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ പൂർത്തിയാക്കി ജോലിക്കായുള്ള അന്വേഷണത്തിലാണ് ഇപ്പോൾ. പാട്ടും ജോലിയും ഒക്കെ ഒരുമിച്ച് കൊണ്ടു പോകണം. മങ്ങാട് നടേശൻ മാഷുടെ കീഴിലാണ് ഇപ്പോൾ പാട്ടു പഠിക്കുന്നത്. 

അച്ഛന്റെ സ്വപ്നം

എന്നേക്കാളും സന്തോഷത്തിലാണ് അച്ഛൻ. എനിക്ക് നല്ലൊരു പാട്ടു കിട്ടണമെന്ന് അച്ഛനും അമ്മയും വളരെയേറെ ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അവരുടെ ആഗ്രഹം സഫലമായത്. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. പാട്ടുകേട്ട് അച്ഛന്റെ ഒരുപാടു സുഹൃത്തുക്കൾ വിളിച്ചു. സുരേഷ് ഗോപി അങ്കിൾ, മാധവ് രാംദാസേട്ടൻ (അപ്പോത്തിക്കിരി സംവിധായകൻ), നാദിർഷക്ക, ജയേട്ടൻ (ജയസൂര്യ) അങ്ങനെ കുറെ പേർ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. ഞാൻ പാടുമെന്ന് അവർക്ക് അറിയാമെങ്കിലും ഒരു പാട്ടു കേൾക്കുന്നത് ഇപ്പോഴാണ്.  

indulekha-song

സിനിമയിൽ ഒരു സമയമുണ്ട്

അച്ഛൻ പ്രശസ്തനായതുകൊണ്ട് സിനിമയിൽ പാട്ടു കിട്ടണമെന്നില്ല. ധാരാളം സ്റ്റേജുകൾ ലഭിക്കാൻ സഹായിക്കും. പക്ഷേ, സിനിമയിൽ പാടുക പ്രയാസമേറിയ കാര്യം തന്നെയാണ്. നമ്മുടെ സമയം, കഴിവ് അതൊക്കെ ഘടകങ്ങളാണ്. ഭാഗ്യം എന്നു പറയുന്നതും നിർണായകമാണ്. നമ്മുടെ ശബ്ദം ഇഷ്ടമായെങ്കിലേ അത് സിനിമയിലൂടെ പുറത്തു വരൂ. ഓട്ടർഷയിലെ പാട്ടിനു ശേഷം വീണ്ടും ഒരു സിനിമയ്ക്കു വേണ്ടി പാടി. രാം സുരേന്ദ്രൻ എന്ന സംഗീത സംവിധായകനു വേണ്ടിയാണ് പാടിയത്. ഫ്രാങ്കോ ചേട്ടനൊപ്പമാണ് ആ പാട്ട്. ചെന്നൈയിൽ വച്ചായിരുന്നു റെക്കോർഡിങ്.  

മഞ്ജു പിള്ളയുടെ ആരാ?

പാട്ടിന്റെ മെയ്ക്കിങ് വിഡിയോടെ കമന്റുകളിൽ ഞാൻ മഞ്ജു പിള്ളയുടെ ആരാണ് എന്ന ചോദ്യങ്ങൾ കണ്ടു. മഞ്ജു ചേച്ചി (മഞ്ജു പിള്ള) ചിത്രത്തിന്റെ നിർമാതാവാണ്. ഈ പാട്ടിന്റെ ഭാഗമായാണ് അടുത്തു പരിചയപ്പെടുന്നത്. അച്ഛനുമായി ചേച്ചിക്ക് മുൻപേ പരിചയമുണ്ട്. ആ ഒരു അടുപ്പം എന്നോടുമുണ്ടായിരുന്നു. ചെന്നൈയിലേക്കുള്ള യാത്രയും റെക്കോർഡിങും കഴിഞ്ഞപ്പോൾ ഞങ്ങൾ വളരെ അടുത്ത കൂട്ടുകാരായി. മെയ്ക്കിങ് വിഡിയോയിൽ കാണുന്ന ഹഗ് സ്വാഭാവികമായി സംഭവിച്ചതാണ്. 

ഇതെന്റെ വിവാഹസമ്മാനം

അച്ഛൻ പറയുന്നത് ഈ പാട്ട് എന്റെ കല്ല്യാണ സമ്മാനം ആണെന്നാണ്. ഈ ജനുവരിയിലാണ് എന്റെ വിവാഹം. ആനന്ദ് അച്യുതൻകുട്ടി എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം സിവിൽ സർവീസിലാണ്. വിവാഹത്തിനു മുൻപുള്ള വലിയൊരു സന്തോഷമാണ് ഈ പാട്ട്. ആനന്ദ് ചെന്നൈയിലാണുള്ളത്. അതുകൊണ്ട് വിവാഹത്തിനു ശേഷം സംഗീതത്തിൽ കൂടുതൽ സജീവമാകാനാണ് പരിപാടി.