ഡബിള്‍ സന്തോഷത്തിലാണ് രഞ്ജിന്‍ രാജ്. ജീവിതത്തിലാദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രവും രണ്ടാം ചിത്രവും ഒരുമിച്ചു പുറത്തിറങ്ങുന്നു. ചിത്രങ്ങളിലെ എട്ടു പാട്ടുകളും കേള്‍വിക്കാര്‍ക്ക് ഏറെ പ്രിയതരമായി മാറുകയും ചെയ്തു. ഒരു നവാഗത സംഗീത സംവിധായകനെ സംബന്ധിച്ച് ഇതിലും മികച്ചൊരു തുടക്കമെന്താണ്.
ജോസഫ്, നിത്യഹരിത നായകന്‍ എന്നീ ചിത്രങ്ങള്‍ക്കാണ് രഞ്ജിന്‍ ഈണമിട്ടത്. തീര്‍ത്തും വ്യത്യസ്തമായ രണ്ടു തലങ്ങളില്‍ നില്‍ക്കുന്ന ചിത്രങ്ങളില്‍ അത്രതന്നെ സമ്മിശ്രമായ ഈണങ്ങള്‍ ഒരുക്കാനായതിന്റെ ത്രില്‍ ഇനിയും വിട്ടുമാറിയിട്ടില്ല രഞ്ജിനെ.
റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് രഞ്ജിന്‍. പക്ഷേ നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറം നിന്ന്, ഗായകനെന്ന വേഷത്തിനു മനഃപൂർവം ഇടവേള നല്‍കി സംഗീത സംവിധാനത്തിനാണ് രഞ്ജിന്‍ മനസ്സില്‍ ഇടം നല്‍കിയത്. അഞ്ചു വര്‍ഷത്തോളമായി ഗായകനെന്ന നിലയില്‍ ഒരിടത്തു പോലും എത്താതിരുന്നത്, ഈണങ്ങള്‍ തീര്‍ക്കുകയെന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായാണ്. അത് ഇപ്പോള്‍ ഗംഭീരമായി സാധിക്കുകയും ചെയ്തു. അഞ്ഞൂറിലധികം ജിംഗിളുകള്‍ തീര്‍ത്തിട്ടുള്ള രഞ്ജിന്റെ എന്നത്തേയും സ്വപ്‌നം സിനിമ തന്നെയായിരുന്നു.
'നമ്മള്‍ ഒരു സംഗീത സംവിധായകനെന്ന നിലയില്‍ അടയാളപ്പെടുന്നത് സിനിമയുടെ ഭാഗമാകുമ്പോള്‍ മാത്രമാണ്. നമ്മള്‍ തിരിച്ചറിയപ്പെടുന്നത് അപ്പോള്‍ മാത്രമാണ്. കുഞ്ഞിലേ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചുമ്മാതെ ഓരോ വരികള്‍ക്ക് ഈണമൊരുക്കി അത് എഴുതി വച്ചിട്ട്, സംഗീത സംവിധാനം രഞ്ജിന്‍ രാജ് എന്ന് എഴുതി വയ്ക്കുമായിരുന്നു. അത്രയ്ക്കിഷ്ടമായിരുന്നു എനിക്ക് സംഗീത സംവിധാനം.' രഞ്ജിന്‍ പറയുന്നു.
'നിത്യഹരിത നായകന്‍ ആണ് എന്റെ ആദ്യ ചിത്രം. രണ്ടാമത്തേതാണ് ജോസഫ്. പക്ഷേ ജോസഫിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തെ തീര്‍ന്നതോടെ രണ്ടും ഒരുമിച്ചെത്തി. ആകെ എക്‌സൈറ്റഡ് ആണ് ഞാന്‍. ഒരു ചാനലിന്റെ ടൈറ്റില്‍ ഗാനങ്ങള്‍ ഞാനാണു തീര്‍ത്തത്. അവിടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്താണ് നിത്യഹരിത നായകന്റെ സംവിധായകന്‍ ബിനുരാജിന് എന്നെ പരിചയപ്പെടുത്തുന്നത്. ആ ടൈറ്റില്‍ ഗാനങ്ങള്‍ക്ക് അസുരവാദ്യമാണ് ഉപയോഗിച്ചത്. ആ ടൈറ്റില്‍ ഗാനങ്ങളും ഞാന്‍ ചെയ്ത ജിംഗിളുകളും അദ്ദേഹത്തിന് ഇഷ്ടമായതോടെയാണ് ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. ധര്‍മജന്‍ ചേട്ടന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. അതു മറ്റൊരു സന്തോഷം.
പിന്നെ ജോസഫ് എന്ന ചിത്രം തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് എന്നിലേക്കെത്തുന്നത്. ചിത്രത്തിന്റെ സംവിധായകനുമായി അവിചാരിതമായൊരു കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു അത്. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. വേറെ ഒരുപാട് പരിചയ സമ്പത്തുള്ള സംഗീത സംവിധായകരെ അദ്ദേഹത്തിന് ചിത്രത്തിലേക്കു പരിഗണിക്കാമായിരുന്നു. പക്ഷേ ഞാന്‍ മതി എന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. പാട്ടുകളും പശ്ചാത്തല സംഗീതവും അദ്ദേഹത്തിനും ടീമിനും ഇഷ്ടമായി എന്നറിഞ്ഞപ്പോഴാണ് സമാധാനമായത്. പല കാലഘട്ടങ്ങളില്‍ നടക്കുന്ന ചിത്രമായിരുന്നു. അതുകൊണ്ടു തന്നെ സംഗീതമൊരുക്കിയതും പല തലമുറകളിലെ സംഗീതോപകരണങ്ങളിലൂടെ ആയിരുന്നു. അത് എനിക്കും തീര്‍ത്തും വേറിട്ടൊരു അനുഭവമായിരുന്നു.' രഞ്ജിന്‍ പറഞ്ഞു.
റിയാലിറ്റി ഷോയില്‍ രഞ്ജിന്റെ ജഡ്ജുമാരില്‍ ഒരാളായിരുന്നു എം.ജി.ശ്രീകുമാര്‍. 'നിത്യ ഹരിത നായകനില്‍ അല്ലിമലര്‍ക്കാവില്‍...പോലെയുള്ള പാട്ടുകളായിരുന്നു സംവിധായകനു വേണ്ടിയിരുന്നത്. അങ്ങനെ പറഞ്ഞപ്പോഴേ ഞാന്‍ ഉറപ്പിച്ചതാണ് എംജി സാറിന്റെ പേര്. പണ്ടേ ഞാന്‍ തീരുമാനിച്ചിരുന്നതാണ് എന്നെങ്കിലും സിനിമയിലെത്തിയാല്‍ അദ്ദേഹത്തിനെക്കൊണ്ടൊരു പാട്ട് പാടിക്കണം എന്ന്. എന്റെ ജഡ്ജും എനിക്കേറ്റവും പ്രിയപ്പെട്ടൊരു ഗായകനുമായ ആള്‍ പാടാന്‍ എത്തിയപ്പോള്‍ എനിക്ക് സന്തോഷവും ടെന്‍ഷനും ഒരുപോലെയായിരുന്നു. എംജി സാറും സുജാത ചേച്ചിയും ചേര്‍ന്നുള്ള ഡ്യുയറ്റ് ആയിരുന്നു ആ പാട്ട്. രണ്ടു പേരും വളരെ സീനിയര്‍, തൊണ്ണൂറുകളില്‍ ഒട്ടേറെ ഹിറ്റുകള്‍ തീര്‍ത്തൊരു ജോഡി ആണ് അവര്‍. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. പക്ഷേ വളരെ അനായാസകരമായി അവര്‍ റെക്കോഡിങും ഈണവും കൈകാര്യം ചെയ്തപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി. ആ പാട്ട് യുട്യൂബിലെത്തിയപ്പോള്‍ ആളുകള്‍ നല്‍കിയ അഭിപ്രായവും ഞാന്‍ ആഗ്രഹിച്ചതു പോലെ ആയിരുന്നു.' രഞ്ജിന്‍ പറഞ്ഞു.