Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂമുത്തോളെ... ഷൂട്ടിനു ശേഷം പിറന്ന പാട്ട്: സംവിധായകൻ പത്മകുമാർ

joseph-song

താരാട്ടും പ്രണയവും മഴയും പുഴയും പോലെ ജലകണികകളാൽ കോർത്തു വച്ചൊരു അനുഭവമാണ് ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനം സമ്മാനിക്കുന്നത്. വിജയ് യേശുദാസിന്റെ ശബ്ദത്തിൽ പാട്ടൊഴുകുമ്പോൾ പശ്ചാത്തലത്തിൽ ജോസഫിന്റെ സംഭാഷണങ്ങളുണ്ട്. അയാളുടെ ജീവിതവും പ്രണയവുമുണ്ട്. സിനിമയിൽ ഒരു സീക്വൻസ് ആയി ചിത്രീകരിച്ച് പിന്നീട് പാട്ടിലേക്ക് കൂട്ടിചേർക്കപ്പെട്ട രംഗങ്ങളാണ് ആ ഗാനമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ എം.പത്മകുമാർ. "സിനിമയുടെ ചിത്രീകരണവും എഡിറ്റിങ്ങും പൂർത്തിയായതിനു ശേഷമാണ് ആ പാട്ട് ജനിക്കുന്നത്,"- പത്മകുമാർ പറയുന്നു

"തിരക്കഥ അനുസരിച്ച് ചിത്രത്തിൽ ഒരു പാട്ടു മാത്രമാണ് പ്ലാൻ ചെയ്തിരുന്നത്. അത് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ജോസഫിന്റെ ജീവിതസാഹചര്യങ്ങൾ മാറി മറിയുന്ന സാഹചര്യത്തിലാണ് വരുന്നത്. ആ ഒറ്റ ഗാനം മാത്രമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട്, ഞാനും തിരക്കഥാകൃത്ത് ഷാഹി കബീറും നായകനും നിർമാതാവുമായ ജോജുവുമൊക്കെയായി നടന്ന ചർച്ചകളിലൂടെ മൂന്നു പാട്ടുകൾ കൂടി ജനിക്കുകയായിരുന്നു. ഇപ്പോൾ സൂപ്പർഹിറ്റായ പൂമുത്തോളെ എന്നു തുടങ്ങുന്ന ഗാനം അപ്പോഴും ഞങ്ങളുടെ ചിന്തയിലുണ്ടായിരുന്നില്ല," പത്മകുമാർ ഓർത്തെടുത്തു.  

ആ പാട്ടു പിറന്ന കഥ സംവിധായകൻ തന്നെ പറയുന്നു, അതിങ്ങനെ: "ചിത്രത്തിന്റെ ഏറ്റവും നിർണായകമായ ഘടകമെന്നു പറയുന്നത് ജോസഫും അയാളുടെ മരിച്ചുപോയ ഭാര്യയുമായുള്ള ഹൃദയബന്ധമാണ്. സിനിമ തുടങ്ങുമ്പോൾ തന്നെ ജോസഫ് വിവാഹമോചിതനാണെന്നു പറയുന്നുണ്ട്. എന്നാൽ ജോസഫിന്റെ പൂർവകാലം വ്യക്തമായി പറയാനുള്ള സമയം സിനിമയിലില്ല. ഒന്നാമത് ഇതൊരു കുറ്റാന്വേഷണ സിനിമ ആയതുകൊണ്ട് നീട്ടിപ്പറയാൻ കഴിയില്ല. ജോസഫിന്റെ ജീവിതം കുറച്ചു സമയത്തിനുള്ളിൽ വ്യക്തമായി എങ്ങനെ ചിത്രീകരിക്കണമെന്ന ആശയക്കുഴപ്പം ഞങ്ങൾക്കുണ്ടായി. ജോസഫും ഭാര്യയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസിലായെങ്കിൽ മാത്രമേ ഇവരുടെ വിരഹവും ജോസഫിന്റെ ഭാര്യയുടെ മരണവും പ്രേക്ഷകർക്ക് ഫീൽ ചെയ്യാൻ കഴിയൂ. എങ്കിൽ മാത്രമേ, മരണത്തിന്റെ കാരണം തേടിയുള്ള ജോസഫിന്റെ അന്വേഷണങ്ങളുടെ തീവ്രത പ്രേക്ഷകർക്ക് മനസിലാകൂ. ഈ ആഴം വ്യക്തമാക്കാൻ കുറച്ചൂകൂടി ഡീറ്റെയിലിങ് വേണമെന്നു തോന്നി. അങ്ങനെയാണ് ജോസഫിന്റെ ഭാര്യയുടെ പ്രസവവും അതിനുശേഷമുള്ള അവരുടെ ബന്ധവും ചിത്രീകരിക്കാൻ തീരുമാനിക്കുന്നത്."

എഡിറ്റിങ് ടേബിളിൽ പിറന്ന പാട്ട്

ഭാര്യയുടെ ഡെലിവറിക്ക് കാത്തു നിൽക്കുന്ന ജോസഫിൽ നിന്നാണ് ആ സീക്വൻസിന്റെ തുടക്കം. ജോസഫിന്റെ ഭാര്യ അപകടത്തിൽപ്പെട്ട് ഐസിയുവിൽ കിടക്കുന്ന രംഗത്തിൽ നിന്ന് കട്ട് ചെയ്യുന്നത് ലേബർ റൂമിന് പുറത്തു നിൽക്കുന്ന ജോസഫിലേക്കാണ്. അതിന്റെ ചിത്രീകരണ സമയത്ത് ജനിച്ചയുടനെയുള്ള കുഞ്ഞിനെ വേണമായിരുന്നു. പ്രസവിച്ചുടനെയുള്ള കുഞ്ഞിനെ കിട്ടാൻ ബുദ്ധിമുട്ടായതുകൊണ്ട് രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ വച്ചാണ് ഷൂട്ട് ചെയ്തത്. ഷൂട്ടിങ് നടന്ന ആശുപത്രിയുടെ അടുത്തുള്ള വീട്ടിലെ കുഞ്ഞായിരുന്നു അത്. ചിത്രത്തിലെ മനോഹരമായ രംഗമാണ് ആ ആശുപത്രി സീക്വൻസ്. അതിനുശേഷം ഭാര്യയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടു വരുന്നതും കുഞ്ഞിന്റെ വളർച്ചയും ഭാര്യയുമായുള്ള ജോസഫിന്റെ പ്രണയവും ചിത്രീകരിച്ചു. പല രംഗങ്ങളായി തന്നെയാണ് അത് ഷൂട്ട് ചെയ്തത്. ചിത്രീകരണവും എഡിറ്റിങ്ങും കഴിഞ്ഞതിനു ശേഷമാണു സത്യത്തിൽ ആ പാട്ടു ജനിക്കുന്നത്. 

കൊച്ചു കൊച്ചു രംഗങ്ങൾ ചേർത്തു വച്ചപ്പോൾ അവിടെ സംഭാഷണത്തേക്കാൾ നല്ലതു പശ്ചാത്തല സംഗീതമാണെന്നു തോന്നി. പശ്ചാത്തല സംഗീതത്തേക്കാൾ പശ്ചാത്തല ഗാനമായിരിക്കും മികച്ചതെന്ന അഭിപ്രായം വന്നു. ഉടനെ സംഗീത സംവിധായകനായ രഞ്ജിൻ രാജിനെ വിളിച്ചു കാര്യം പറഞ്ഞു. സത്യത്തിൽ അപ്പോഴേക്കും ചിത്രത്തിലെ പാട്ടുകളുടെയൊക്കെ റെക്കോർഡിങ്ങും ഷൂട്ടും എഡിറ്റും ഒക്കെ കഴിഞ്ഞിരുന്നു. അങ്ങനെയുള്ള സമയത്താണ് രഞ്ജിനെ വിളിച്ചു പെട്ടെന്നൊരു പാട്ടു വേണമെന്നു പറയുന്നത്. വളരെ കുറഞ്ഞ സമയത്തിൽ തന്നെ രഞ്ജിൻ ഒരു ഈണം കേൾപ്പിച്ചു തന്നു. എല്ലാവർക്കും അത് ഇഷ്ടമായി. 

പാട്ടിൽ ലയിച്ചു പോകുന്ന സംഭാഷണങ്ങൾ

സ്വാഭാവികമായി ഒരു സീൻ ഷൂട്ട് ചെയ്യുന്ന രീതിയും അത് പാട്ടായി മാറുന്ന രീതിയും വ്യത്യാസമുണ്ട്. പാട്ടു ചിത്രീകരിക്കുമ്പോൾ അതിന്റെ താളത്തിന് അനുസരിച്ചായിരിക്കും ഓരോ ചലനങ്ങളും പ്ലാൻ ചെയ്യുക. ഇതൊന്നും സാധാരണ ഒരു സീൻ ചിത്രീകരിക്കുമ്പോൾ ശ്രദ്ധിക്കില്ല. പശ്ചാത്തല സംഗീതത്തെക്കുറിച്ച് നമുക്കുണ്ടാകുന്ന ഏകദേശ ധാരണയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സാധാരണ ഒരു രംഗത്തിന്റെ ചിത്രീകരണം. എന്നാൽ പശ്ചാത്തല സംഗീതവും പാട്ടും രണ്ടും രണ്ടാണ്. ഇതാണ് ഞങ്ങൾ നേരിട്ട പ്രശ്നവും. ഷൂട്ട് ചെയ്തു വച്ചിരിക്കുന്ന രംഗങ്ങൾ പാട്ടിലേക്കു ചേർക്കുമ്പോൾ എങ്ങനെ യോജിച്ചു പോകും എന്ന സംശയം. സംഭാഷണങ്ങളൊക്കെയുള്ള രംഗങ്ങളാണ്. സാന്ദർഭികവശാൽ ഷൂട്ട് ചെയ്ത രംഗങ്ങളും പാട്ടും കൃത്യമായി യോജിച്ചു. ഇപ്പോൾ ആലോചിക്കുമ്പോൾ അദ്ഭുതം തോന്നുന്നു. പാട്ടു കാണുന്ന ആർക്കും ഇതിനു പിന്നിൽ ഇങ്ങനെയൊക്കെ സംഭവിച്ചെന്നു തോന്നുക പോലുമില്ല, പത്മകുമാർ പറഞ്ഞു.  

"സിനിമ റിലീസ് ചെയ്തതിനു ശേഷം മലയാളികൾ ഞങ്ങളോടു പറയുന്നു, ഈ സിനിമയിലെ ഏറ്റവും മികച്ച ഗാനം 'പൂമുത്തോളെ' എന്നതാണെന്ന്!-" നിറഞ്ഞ ചിരിയോടെ സംവിധായകൻ പറഞ്ഞു നിറുത്തി.