'ഒരാടിനെ പോലും വെറുതെ വിടാത്ത കാപാലികൻ' എന്നു പറഞ്ഞു കൊണ്ട് ഷാജി പാപ്പനെ പിടിച്ചു കൊണ്ടു പോകുന്ന പൊലീസും അവരെ വെടിവയ്ക്കുന്ന വിനായകനും. ജയസൂര്യ നായകനായ ആട് എന്ന ചിത്രത്തിലെ ഈ രംഗം സിനിമകളിൽ കണ്ട ഏറ്റവും രസകരമായ കോമഡി സീനുകളിലൊന്നാണ് . രണ്ടു കയ്യിലും തോക്കും പിടിച്ചു നിന്ന് അവരെ വെടിവയ്ക്കുന്ന വിനായകനേയും പേടിച്ചോടുന്ന ഷാജി പാപ്പനേയും സംഘത്തേയും കണ്ട് ചിരിച്ച് ചിരിച്ച് മതിയായിട്ടില്ല ഇനിയും. ഇവര്‍ ഇതെല്ലാം ചെയ്യുന്നത് ദോ നൈന എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണെങ്കിലോ. ഒന്നു കണ്ടു നോക്കൂ. കിടിലനാണ് സംഗതി. അരുൺ പി.ജി ആണ് ഈ വിഡിയോ തയ്യാറാക്കിയത്. എഡിറ്റിങ് എന്നു പറഞ്ഞാൽ ഇതൊക്കെയാണ്.
ചുണ്ടോരത്തങ്ങനെ തങ്ങി നിൽക്കുകയാണ് ദോ നൈന എന്ന പാട്ട്. അങ്കമാലി ഡയറീസ് എന്ന ലിജോ പെല്ലിശേരി ചിത്രത്തിലെ ഈ പാട്ട് ആദ്യം കേട്ടു തൊട്ട അന്നുമുതല്‍ക്കേ ഇങ്ങനെയാണ്. ചിത്രത്തിലെ പ്രമേയത്തിനോടു തോന്നിയ അതേയിഷ്ടം പാട്ടിനോടുമുണ്ട്. പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കുന്ന ആ ഗാനത്തിന് ആട് എന്ന ചിത്രത്തിലെ വിനായകനിലൂടെ തയ്യാറാക്കിയ വിഡിയോയോടും പ്രിയമേറുന്നു. ദോ നൈന എന്ന പാട്ട് എഴുതിയ പ്രീതി പിള്ളയാണ്. സംഗീതം പ്രശാന്ത് പിള്ളയും. ശ്രീകുമാർ വാക്കിയിലാണു പാടിയിരിക്കുന്നത്.