ഇന്ത്യ തന്നെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നൊരു സിനിമയാണു ട്യൂബ് ലൈറ്റ്. സിനിമയുടെ ട്രെയിലറിനും പോസ്റ്ററിനും ഏറെ ശ്രദ്ധ നേടിയെടുക്കാനുമായിരുന്നു. സിനിമ കാണാൻ ഒരുപാട് ആകാംഷയാണെങ്കിൽ പാട്ടിനോടും അതുപോലെ തന്നെയാകുമല്ലോ. സിനിമയിൽ നിന്ന് ആദ്യമെത്തിയ റേഡിയോ സോങ് എന്ന് തലക്കെട്ടിട്ട പാട്ടും ആ പ്രതീക്ഷയെ നിലനിർത്തുന്നതായിരുന്നു. ആദ്യ ഗാനത്തിനു ആഘോഷത്തിന്റെ ഛായയായിരുന്നെങ്കിൽ ഈ പുതിയ ഗാനം കണ്ടാൽ അറിയാതെ കണ്ണുനിറഞ്ഞു പോകും.
ഇന്ത്യ-ചൈന യുദ്ധത്തിൽ പ്രവർത്തിക്കാൻ പോകുന്ന സൈനികനായ സഹോദരനെ യാത്രയാക്കുന്നതും സഹോദരനോടൊപ്പം ചെലവിട്ട കുറേ നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നതുമാണു പാട്ടിലുള്ളത്. സൽമാന്റെ സ്വന്തം സഹോദരനായ സൊഹൈൽ ഖാൻ തന്നെയാണു സിനിമയിലും സൽമാന്റെ സഹോദരനാകുന്നത് എന്നത് മറ്റൊരു പ്രത്യേകതയും. എന്തായാലും സഹോദരനോടുള്ള സ്നേഹവും അദ്ദേഹത്തെ എന്നന്നേയ്ക്കുമായി നഷ്ടപ്പെടുമ്പോഴുള്ള ദുംഖവും ഹൃദയം തൊടുന്ന രീതിയിൽ സൽമാൻ അവതരിപ്പിച്ചിട്ടുണ്ട്. അന്തരിച്ച നടൻ ഓം പുരിയും ഇഷാ തൽവാറും പാട്ടിൽ ഒരു രംഗത്തിൽ വന്നു പോകുന്നുണ്ട്.
കൗസർ മുനീറിന്റെ വരികൾക്ക് പ്രിതം ഈണമിട്ട് രാഹെത് ഫത്തേ അലീ ഖാന്‍ ആണു പാടിയിരിക്കുന്നത്. യുദ്ധങ്ങൾ എപ്പോഴും സാധാരണക്കാരനു നൊമ്പരം മാത്രമാണല്ലോ സമ്മാനിക്കാറ്. ആ നൊമ്പരത്തെ ഭാവാര്‍ദ്രമായി രാഹെത് പാടിയിട്ടുമുണ്ട്.