സൽമാൻ ഖാൻ ചിത്രങ്ങൾക്കു വേണ്ടി ഇനിയൊരിക്കലും പാടേണ്ടെന്നാണോ അരിജിത് സിങിന്റെ തീരുമാനം? അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ ഒരു ഓൺലൈന് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജഗ് ഗൂമെയാ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണു ഈ തീരുമാനത്തിലേക്കു അരിജിത്തിനെ എത്തിച്ചതെന്നാണു വിവരം.
മൂന്നൂറു കോടി രൂപ തീയറ്ററുകളിൽ നിന്നു നേടിയ സല്‍മാൻ ചിത്രമായ സുൽത്താനിലെ ഒരു ഗാനത്തെ ചൊല്ലി വലിയ വിവാദമായിരുന്നു. ചിത്രത്തിലെ ജഗ് ഗൂമെയാ എന്ന പാട്ട് ആദ്യം അരിജിത് സിങ് ആണു പാടിയിരുന്നത്. എന്നാൽ സൽമാൻ എതിരഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും രാഹത് ഫതേ അലീ ഖാനെ കൊണ്ടു പാടിക്കുകയായിരുന്നു. സൽമാനും ഇതേ ഗാനം പാടി വിഡിയോ പുറത്തിറക്കിയിരുന്നു. അരിജിത് സിങുമായി സൽമാന് ഒരു അവാർഡ് ഷോയിൽ വച്ചുണ്ടായ അസ്വാരസ്യങ്ങളായിരുന്നു ഇതിലേക്കു നയിച്ചത്. വിഷയത്തിൽ സൽമാനെ നേരിൽ കണ്ട് മാപ്പു പറയുവാൻ അരിജിത് ശ്രമിക്കുകയുണ്ടായി. അതു നടക്കാതെ വന്നപ്പോൾ പിന്നാലെ മാപ്പു പറഞ്ഞ് ഫേസ്ബുക്കിൽ തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു. എന്നാലിതു രണ്ടും സൽമാൻ ചെവി കൊണ്ടില്ലെന്നു മാത്രമല്ല, പിന്നീട് ഈ വിഷയത്തെ കുറിച്ചു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ സ്മാർട്ട് എന്നു മാത്രമായിരുന്നു സൽമാന്റെ പ്രതികരണവും.
എന്തായാലും സൽമാനു വേണ്ടി ഇനി പാടേണ്ടതില്ലെന്നു മാത്രമല്ല, വിഷയത്തിൽ മാപ്പപേക്ഷയോ മറ്റെന്തിങ്കിലും കാര്യങ്ങളോ ഇനി ചെയ്യേണ്ടതില്ലെന്നാണു അരിജിത് തീരുമാനിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ട്.