ലോകം യുട്യൂബ് വഴി ഏറ്റവുമധികം പ്രാവശ്യം കേട്ട പാട്ട് ഏതാണ്. ഗണ്ണം സ്റ്റൈൽ എന്നോ സീ യു എഗെയ്ൻ എന്നോ പറയാനാണ് വരുന്നതെങ്കിൽ ഉത്തരം തെറ്റാണ്. ആ ക്രെഡിറ്റ് ഇനി ഡെസ്പാസീറ്റോ എന്ന പാട്ടിനാണ്. പ്ല്യൂറട്ടോറിക്ക എന്ന നാടിന്റെ തീരങ്ങളുടെയും ആഘോഷ ജീവിതത്തിന്റെയും ഭംഗിയ്ക്കൊപ്പമെത്തിയ ചന്തമുള്ള ഈ പാട്ട് 300 കോടിയിലധികം പ്രാവശ്യമാണു ലോകം വീക്ഷിച്ചത്. ലോക സംഗീത ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പാട്ട് ഇത്രയധികം കാണികളെ യുട്യൂബിൽ നേടുന്നത്. ലോകത്തുള്ള എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും കൂടി ഏറ്റവുമധികം ഏറ്റവുമധികം പ്രാവശ്യം പ്ലേ ചെയ്യപ്പെട്ട വിഡിയോ എന്ന അപൂർവ്വ റെക്കോഡിനു പിന്നാലെയാണ് ഈ സ്വപ്ന തുല്യമായ നേട്ടം. ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ടു എന്നു മാത്രമല്ല യുട്യൂബിൽ 300 കോടി കാണികൾ എന്ന വലിയ നാഴികക്കല്ല് പിന്നിടുകയും ചെയ്തു ഈ വിഡിയോ.
ദിവസങ്ങൾ ഇടവിട്ട് റെക്കോർഡുകൾ മാറിമറിയുന്ന ഡിജിറ്റൽ ലോകത്ത് ഈ നേട്ടത്തിന് പ്രസക്തിയുണ്ടോയെന്ന് എന്ന് സംശയിക്കുന്നത് സ്വാഭാവികം. പക്ഷേ ഡെസ്പാസീറ്റോ സ്പാനിഷ് ജനതയുടെ ആത്മാവിലെ താളലയങ്ങൾ കോർത്തിണക്കിയ ഒരു പാട്ടാണ്. സ്പാനിഷ് സംഗീതത്തെ കുറിച്ചോർക്കുമ്പോൾ ഓർമ വരുന്ന താളമാണ് ഡെസ്പാസീറ്റോ. അങ്ങനെയുള്ളൊരു പാട്ട് പോപ്-റോക്ക് സംഗീതത്തിന്റെ ആധിപത്യമുള്ള ലോക ചാർട്ബീറ്റുകളിലും ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലും മുന്നിലെത്തുകയെന്നത് ഒരു സംസ്കാരത്തിന്റെ കൂടി വിജയമാണ്. സംഗീത ലോകത്തെ ഇംഗ്ലിഷ് മേൽക്കോയ്മയ്ക്ക് മീതെ സഞ്ചരിക്കുകയാണ്. ഈ പാട്ടിന് ജസ്റ്റിൻ ബീബർ ചെയ്ത കവർ വേർഷനും ഇതുപോലെ ശ്രദ്ധേയമായിരുന്നു.
പ്യൂറട്ടോറിക്കൻ റാപ്പർ ലൂയി ഫോൺസിയുടെ സംഗീതമാണ് ഡെസ്പാസീറ്റോയുടേത്. വിഡിയോയിൽ ലൂയി ഫോൺസിയ്ക്കുമൊപ്പം പാടി അഭിനയിക്കുന്നത് മറ്റൊരു റാപ്പറായ ഡാഡി യാങ്കീയും. 2006ലെ മിസ് യൂണിവേഴ്സ് സുലെയ്ക റിവേറയും വിഡിയോയിലുണ്ട്.
പ്യൂറട്ടോറിക്കയെന്ന കുഞ്ഞു രാജ്യത്തിന് പുതു ജീവൻ നൽകിയെന്ന പ്രത്യേകതയും ഡെസ്പാസീറ്റോയ്ക്കുണ്ട്. പൊതുകടത്തിൽ മുങ്ങിയ രാജ്യത്തെ ഡെസ്പാസീറ്റോ കൈപിടിച്ചുയർത്തുകയായിരുന്നു. പാട്ടിലെ രംഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ട ലോകം ഇവിടം തേടിയിറങ്ങിയത് ഈ രാജ്യത്തിന്റെ ടൂറിസത്തിന് കുതിപ്പേകി. അതുവഴി പ്യൂറട്ടോറിക്കയ്ക്കും.
ലോക സംഗീതത്തിന്റെ നാഴികക്കല്ലുകൾ എടുത്തു നോക്കിയാൽ മിക്ക റെക്കോഡുകളും ഇംഗ്ലിഷ് ഗാനങ്ങളുടെ പേരിലാണ്. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിലും വേദിയിലും ഇത്ര വലിയൊരു ആദ്യം നേടിയത് ഒരു ഇംഗ്ലിഷ് ഗാനത്തിനല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. വെറും ആറു മാസവും 23 ദിവസവും കൊണ്ടാണ് ഈ പാട്ട് ഈ വലിയ നേട്ടം സ്വന്തമാക്കിയത്.