കല്യാണ ദിനം പാടിയ പാട്ട് റിലീസ്; അതിഥിയായി എ.ആർ.റഹ്മാനും

എപ്പോഴും നല്ല പാട്ടുകൾ പാടണം, എന്നും ആളുകളുടെ മനസിൽ തങ്ങി നിൽക്കുന്ന ഈണങ്ങൾ പാടണം എന്നൊക്കെയാണ് ഏതൊരു പാട്ടുകാരും ആഗ്രഹിക്കുക. ഗായിക ശരണ്യ ശ്രീനിവാസിന് അങ്ങനെയൊരു പാട്ടാണ് ലഭിച്ചത്. ആ പാട്ടിന്റെ റിലീസ് ദിനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഗായിക. പക്ഷേ പാട്ടിന്റെ റിലീസ് എത്തിയതാകട്ടെ ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷത്തിലും. അതിഥിയായി ആ പാട്ടിന്റെ സംഗീത സംവിധായകനുമെത്തി. ഗായകന്‍ ശ്രീനിവാസന്റെ മകൾ കൂടിയായ ശരണ്യയ്ക്കാണ് ഈ ഇരട്ടിമധുരം കിട്ടിയത്. കാരണം എ.ആർ.റഹ്മാനായിരുന്നു ആ അതിഥി. വിജയ് ചിത്രം മെർസലിലെ ഒരു ഗാനമാണ് ശരണ്യ ശ്രീനിവാസനൊപ്പം പാടിയത്. 

ശ്രീനിവാസ് ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹ മണ്പത്തിലെത്തിയ റഹ്മാൻ ഇരുവരെയും അനുഗ്രഹിച്ചു. ഇതിനേക്കാൾ വലിയൊരു വിവാഹ സമ്മാനം മകൾക്ക് കിട്ടാനില്ലെന്നും ശ്രീനിവാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഗായിക കൂടിയായ ശരണ്യ ശ്രീനിവാസ് മലയാളിയായ നാരായണന്‍ കുമാറിനെയാണ് വിവാഹം കഴിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കല്യാണം. ശരണ്യയും റഹ്മാനും ചേര്‍ന്നു പാടിയ മെർസൽ മെർസൽ എന്ന പാട്ടും ഏറെ ശ്രദ്ധ നേടുന്നു ഇപ്പോൾ. 

2000ൽ തെനാലിയിൽ റഹ്മാൻ ഈണമിട്ട 'ആലങ്ങാട്ടി മഴൈ' എന്ന പ്രശസ്ത ഗാനം പാടിക്കൊണ്ടാണ് ശരണ്യ പിന്നണി ഗാന രംഗത്തെത്തിയത്. റഹ്മാൻ ഈണമിട്ട അംബികാപതി എന്ന ചിത്രത്തിലും രണ്ടു ഗാനങ്ങൾ ആലപിച്ചു. ശ്രീനിവാസ് ഈണമിട്ട ദി ട്രെയിൻ, കംഗാരു എന്നീ ചിത്രങ്ങളിലും ശരണ്യ ആലപിച്ചിട്ടുണ്ട്.