താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ വേദികളിൽ ആലപിക്കരുതെന്ന വാദത്തിനു പിന്നാലെ സ്മ്യൂൾ ഗായകർക്കെതിരായും രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഇളയരാജ. കരോക്കെ മൊബൈൽ ആപ്ലിക്കേഷനായ സ്മ്യൂളിൽ നിന്നു തന്റെ ഗാനങ്ങൾ നീക്കണമെന്നു സംഗീതസംവിധായകൻ ഇളയരാജ ആവശ്യപ്പെട്ടു. അനുവാദം കൂടാതെയാണു സ്മ്യൂളിൽ തന്റെ ഗാനങ്ങളുടെ കരോക്കെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും പകർപ്പവകാശ ലംഘനമാണിതെന്നും അദ്ദേഹം അയച്ച ഇമെയിലിൽ പറയുന്നു.
യുഎസ് കമ്പനിയാണു സ്മ്യൂൾ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഇതു സൗജന്യമല്ലെന്നും പാടുന്നവരിൽ നിന്നു പണം ഈടാക്കാറുണ്ടെന്നും ഇളയരാജയുടെ കോപ്പിറൈറ്റ് കൺസൽട്ടന്റ് ഇ. പ്രദീപ്കുമാർ ചൂണ്ടിക്കാട്ടി. ‘‘മൈക്കിൾ ജാക്സന്റെ പാട്ടുകൾക്ക് അവർ പണം നൽകുന്നുണ്ട്. എന്നാൽ ഇളയരാജയ്ക്കു നൽകുന്നില്ല. കമ്പനിക്ക് അയച്ച ഇമെയിലിനു മറുപടി ലഭിച്ച ശേഷം തുടർനടപടികൾ ആലോചിക്കും’’– പ്രദീപ്കുമാർ പറഞ്ഞു.
താൻ ചിട്ടപ്പെടുത്തിയ പാട്ടുകൾ ഗാനമേളകളിൽ പാടാൻ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് എസ്.പി. ബാലസുബ്രഹ്മണ്യത്തോടും കെ.എസ്. ചിത്രയോടും ഇളയരാജ മുൻപ് ആവശ്യപ്പെട്ടിരുന്നു. ‘എസ്പിബി 50’ എന്ന പരിപാടിയിൽ ഇളയരാജയുടെ സംഗീതത്തിൽ സിനിമകളിൽ താൻ പാടിയ ഗാനങ്ങളും എസ്.പി. ബാലസുബ്രഹ്മണ്യം ഉൾപ്പെടുത്തിയിരുന്നു. വക്കീൽ നോട്ടിസ് ലഭിച്ചതോടെ ഇവ ഒഴിവാക്കി.
തന്റെ അനുമതി കൂടാതെ സാമ്പത്തിക ലാഭത്തോടെ തന്റെ പാട്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെ പലവട്ടം ഇളയരാജ നിയമ നടപി സ്വീകരിച്ചിട്ടുണ്ട്. 2015ൽ റേഡിയോകൾക്കും ടെലിവിഷൻ ചാനലുകൾക്കും അദ്ദേഹം താക്കീത് നൽകിയിരുന്നു. താൻ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം തനിക്കു മാത്രമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ഇളയരാജ.